കേരളത്തെ പിടിച്ചു കുലുക്കിയ നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നപ്രഭാ സുരേഷ്, പി.എസ് സരിത് എന്നിവര്‍ക്കെതിരെയുള്ള യുഎപിഎ കേസ് നിലനില്‍ക്കില്ലെന്ന ഹൈക്കോടതി വിധി ഏറെ ശ്രദ്ധേയമാണ്. പ്രോസിക്യൂഷന്‍ ചുമത്തിയ രാജ്യദ്രോഹക്കേസ് നിലനില്‍ക്കില്ലെന്ന വിധി വന്നതോടെ സ്വപ്നയും സരിത്തും ജയില്‍ മോചിതരാവുകയാണ്.
മുംബൈയില്‍ ലഹരിമരുന്നു കേസില്‍ നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്ത ആര്യന്‍ ഖാനെ 25 ദിവസത്തെ കസ്റ്റഡിക്കു ശേഷം ഹൈക്കോടതി ജാമ്യം നല്‍കി വിട്ടയച്ചിരിക്കുന്നു. രണ്ടു സുഹൃത്തുക്കളോടൊപ്പമാണ് ആര്യന്‍ ഖാനെ എന്‍സിബി മുംബൈയ്ക്കടുത്ത് കടലില്‍ ഒരു ആഡംബരക്കപ്പലിലെ ആഘോഷത്തിനിടെ പിടികൂടിയത്.
സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കൊടിയേരിയെ ഇ.ഡി ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ പാര്‍പ്പിച്ചത് ഒരു വര്‍ഷം. അവസാനം ബാംഗ്ളൂരിലെ ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
ഈ മൂന്നു കേസിനും അതിന്‍റേതായ രാഷ്ട്രീയ പശ്ചാത്തലമുണ്ടെന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് സര്‍ക്കാരിനെയും സിപിഎമ്മിനെയും പ്രതിക്കൂട്ടിലാക്കിയ കേസായിരുന്നു സ്വര്‍ണക്കടത്തു കേസ്. തിരുവനന്തപുരത്തെ ദുബായ് കോണ്‍സുലേറ്റിലെ നയതന്ത്ര ഉദ്യോഗസ്ഥന്‍റെ നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തി എന്നതായിരുന്നു സ്വപ്ന, സരിത് തുടങ്ങിയവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം.
സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഈ ബാഗ് തടഞ്ഞുവച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ കസ്റ്റംസിലേയ്ക്കു ഫോണ്‍ വിളിച്ച് ബാഗ് വിട്ടുനല്‍കാന്‍ ശുപാര്‍ശ നല്‍കിയതായും ആരോപണമുയര്‍ന്നു. അങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വിളിയൊന്നും വന്നില്ലെന്ന് അന്നത്തെ തിരുവനന്തപുരം കസ്റ്റംസ് കളക്ടര്‍ മാധ്യമപ്രവര്‍ത്തകരോടു പറയുകയും ചെയ്തു. ആ ഉദ്യോഗസ്ഥനെ നാഗപൂരിലേയ്ക്ക് സ്ഥലം മാറ്റുകയാണു ചെയ്തത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും ഇടതു മുന്നണിക്കെതിരെ ഉയര്‍ത്തിയ പ്രധാന ആരോപണങ്ങളിലൊന്ന് നയതന്ത്ര ബാഗിലൂടെയുള്ള സ്വര്‍ണ കള്ളക്കടത്തു തന്നെയായിരുന്നു. സ്വപ്നയും സരിതും ഉള്‍പ്പെടെയുള്ള പ്രതികളും ജയിലില്‍ കിടന്നു. ഏറ്റവുമൊടുവിലാണ് സ്വപ്നയും സരിതും ജയില്‍ വിമോചിതരാകുന്നത്.
ശിവശങ്കറിനെയും പല കുറ്റങ്ങള്‍ ചുമത്തി കസ്റ്റംസും ഇ.ഡിയും അറസ്റ്റ് ചെയ്തിരുന്നു. ലൈഫ് പദ്ധതിയില്‍ ഉയര്‍ന്ന ആരോപണങ്ങളുടെ പേരിലും ശിവശങ്കര്‍ കുരുക്കിലായി. അതിലാണ് ഗള്‍ഫ് നാടുകളിലേയ്ക്കു ഡോളര്‍ കടത്തി എന്ന കേസ് ഉണ്ടായത്. 90 ദിവസത്തിനു ശേഷം ശിവശങ്കറിന് ഹൈക്കോടതി ജാമ്യം നല്‍കി. ഇ.ഡിയുടെ കേസില്‍ ശിവശങ്കര്‍ പ്രതിയല്ല താനും.
ബോളിവുഡിലെ താരരാജാവെന്നറിയപ്പെടുന്ന ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍റെ അറസ്റ്റും വലിയ വിവാദമുണ്ടാക്കി. ആഡംബര കപ്പലില്‍ നിന്ന് ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തിന്‍റെ കൈയില്‍ നിന്ന് ലഹരി വസ്തുക്കളൊന്നും പിടിച്ചെടുത്തിരുന്നില്ല. സുഹൃത്ത് അര്‍ബാസ് മെര്‍ച്ചന്‍റിന്‍റെ പക്കല്‍ നിന്ന് ആറു ഗ്രാം കൊകെയിന്‍ പിടികൂടിയിരുന്നു. ഇതു രണ്ടുപേര്‍ക്കും കൂടി ഉപയോഗിക്കാനുള്ളതായിരുന്നുവെന്നാണ് എന്‍സിബി മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കടെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം വാദിച്ചത്.
ആര്യന്‍ ഖാന്‍ ബോളിവുഡ് നടി അനന്യ പാണ്ഡെയുമായി നടത്തിയ ചില വാട്സാപ്പ് സന്ദേശങ്ങള്‍ മാത്രമാണ് എന്‍സിബി തയ്യാറാക്കിയ കുറ്റപത്രത്തിലുള്ളത്. വാട്സാപ്പ് സന്ദേശങ്ങളുടെ പേരില്‍ കുറ്റപത്രം ചുമത്താനാവില്ലെന്ന് ആര്യന്‍റെ അഭിഭാഷകര്‍ വാദിച്ചു. ആര്യന്‍ ലഹരി വസ്തുക്കളെന്തെങ്കിലും ഉപയോഗിച്ചതായും തെളിവില്ല. 24 കാരനായ ആര്യന്‍റെ വൈദ്യ പരിശോധന നടത്തിയതുമില്ല. കുറ്റങ്ങളോ തെളിവുകളോ കാണാതെയായിരുന്നു ആര്യന്‍റെ അറസ്റ്റെന്ന് അര്‍ത്ഥം.
സ്വര്‍ണക്കടത്തുവഴി കിട്ടിയ പണം പ്രതികള്‍ രാജ്യദ്രോഹക്കുറ്റങ്ങള്‍ക്ക് ഉപയോഗിച്ചുവെന്നായിരുന്നു എന്‍ഐഎയുടെ ആരോപണം. അനധികൃതമായി സ്വര്‍ണം കടത്തിയെന്ന് കസ്റ്റംസും ആരോപിച്ചു. 30.422 കിലോഗ്രാം സ്വര്‍ണമാണ് നയതന്ത്ര ബാഗേജില്‍ കടത്താന്‍ ശ്രമിച്ചത്. സ്വപ്നയ്ക്കും സരിത്തിനും തിരുവനന്തപുരത്തെ ദുബായ് കോണ്‍സുലേറ്റില്‍ ഉണ്ടായിരുന്ന ബന്ധം ഉപയോഗിച്ചു കള്ളക്കടത്തു നടത്തിയെന്നായിരുന്നു കേസ്. പിടിച്ചെടുത്ത സ്വര്‍ണത്തിന് 14.82 കോടി രൂപാ വില മതിക്കും. ഇങ്ങനെ പല തവണ പ്രതികള്‍ സ്വര്‍ണം കടത്തിയിട്ടുമുണ്ട്.
പക്ഷെ ഇങ്ങനെ കടത്തിയ സ്വര്‍ണം വിറ്റുകിട്ടിയ തുകകൊണ്ട് പ്രതികളാരും രാജ്യ ദ്രോഹ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നാണ് ഹൈക്കോടതി കണ്ടെത്തിയത്. സാക്ഷി മൊഴികളും പ്രോസിക്യൂഷന്‍ നിരത്തിയ വാദങ്ങളും വിശദമായി പഠിച്ചിട്ടും സ്വപ്നയ്ക്കും കൂട്ടര്‍ക്കുമെതിരെ തെളിവൊന്നും കണ്ടെത്താനായില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നു.
സ്വപ്നാ സുരേഷും ആര്യന്‍ ഖാനും ബിനീഷ് കൊടിയേരിയും ഉള്‍പ്പെട്ട കേസുകള്‍ വിരല്‍ ചൂണ്ടുന്നത് ഓരോന്നിനും പിന്നിലെ രാഷ്ട്രീയ താല്‍പ്പര്യങ്ങളിലേയ്ക്കാണ്. ഓരോ കേസിനും പിന്നില്‍ ഓരോ തരം രാഷ്ട്രീയ താല്‍പ്പര്യം കാണാനാകും.
ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തതിനു കാരണം അദ്ദേഹത്തിന്‍റെ പേരിനൊപ്പമുള്ള ഖാന്‍ എന്ന പേരാണെന്ന് ജമ്മു-കാഷ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്തി ആരോപിച്ചു. ലക്ഷ്യം പ്രധാനമായും ഷാരൂഖ് ഖാനാണെന്നും ബോളിവുഡിലെ മുസ്ലിം മേധാവിത്വത്തിനെതിരായ നീക്കമാണിതെന്നും പൊതുവായ ആരോപണം ഉയരുന്നു.
തന്‍റെ പേരിനൊപ്പമുള്ള കൊടിയേരി എന്ന പേരാണ് തനിക്ക് ഒരു വര്‍ഷക്കാലം ജാമ്യം കിട്ടാതിരുന്നതെന്ന് സിപിഎം നേതാവ് കൊടിയേരി ബാലകൃഷ്ണന്‍റെ മകനായ ബിനീഷും പറയുന്നു. മകന്‍റെ അറസ്റ്റിനെ തുടര്‍ന്ന് കൊടിയേരി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് അവധിയെടുത്ത് മാറി നില്‍ക്കുകയായിരുന്നു.
രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുവേണ്ടി കേന്ദ്ര ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുന്നു എന്ന് കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ഉയര്‍ത്തിക്കൊണ്ടിരുന്ന ആരോപണങ്ങളോടു ചേര്‍ത്തു വായിക്കേണ്ടതാണ് ഈ മൂന്നു കേസുകളിലും അതതു ഹൈക്കോടതി സ്വീകരിച്ച നിലപാടുകള്‍. നിയമത്തിനു മുമ്പില്‍ ഇത് വളരെ പ്രധാനം തന്നെ.
-ചീഫ് എഡിറ്റര്‍