Advertisment

ആരാണീ കര്‍ഷകര്‍ ? അവര്‍ സാധാരണക്കാരാണ് ! നിലം ഉഴുതു മറിച്ച് വിത്തു വിതച്ച് ധാന്യം കൊയ്‌തെടുത്തു രാജ്യത്തെ കോടിക്കണക്കിനു ജനങ്ങള്‍ക്ക് നല്‍കുന്ന സാധാരണക്കാരില്‍ സാധാരണക്കാരായവര്‍. സര്‍ക്കാരിനെ വിശ്വസിക്കാന്‍ തയ്യാറാകാതിരുന്നതുതന്നെയാണ് കര്‍ഷകരുടെ വിജയ കാരണം. രാഷ്ട്രീയ പാര്‍ട്ടികളെ അടുപ്പിക്കാതിരുന്നത് സമരത്തെ രാഷ്ട്രീയവല്‍ക്കരിക്കാതിരിക്കാനും സഹായിച്ചു. ബി.ജെ.പിക്കെതിരെ പുതിയൊരു ശാക്തിക ചേരി വളര്‍ന്നു വന്നിരിക്കുന്നു ! രാഷ്ട്രീയക്കാരുടെ പിന്തുണയേതുമില്ലാതെ. കര്‍ഷകരാണ് ഇന്ത്യയിലെ യഥാര്‍ത്ഥ പ്രതിപക്ഷം, പ്രതീക്ഷ... - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

സിക്ക് മതസ്ഥാപകന്‍ ഗുരു നാനാക്കിന്‍റെ ജന്മദിനമാണ് നവംബര്‍ 19. 1604 -ല്‍ ഇതേ ദിവസമാണ് സിക്ക് മതത്തിന്‍റെ ആദ്യത്തെ നാല് ആചാര്യന്മാര്‍ രചിച്ച കീര്‍ത്തനങ്ങളഅ‍ അടങ്ങിയ ഗുരുഗ്രന്ഥ സാഹിബ് അഞ്ചാമത്തെ ഗുരു അര്‍ജുന്‍ ദേവ് അമൃത്‌സറിലെ രാംസര്‍ (RAMSAR) സാഹിബില്‍ സമര്‍പ്പിച്ചത്.

ഇതേ ദിവസം തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തികച്ചും അപ്രതീക്ഷിതമായ ഒരു നീക്കത്തിലൂടെ മൂന്നു വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്. ഒട്ടും നിനച്ചിരിക്കാതെ രാവിലെ ഒമ്പതു മണിക്ക് രാജ്യത്തോടു നടത്തിയ പ്രസംഗത്തില്‍. ഒരു കാരണവശാലും നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടെടുത്തിരുന്ന ബി.ജെ.പി സര്‍ക്കാരും അതിന്‍റെ തലവന്‍ നരേന്ദ്ര മോദിയും രാഷ്ട്രീയമായി ഒരു കരണം മറിച്ചില്‍ നടത്തുകയായിരുന്നു.

കാര്‍ഷിക നിയമങ്ങള്‍ വളരെ ആലോചിച്ചു നടപ്പാക്കിയതാണെന്നും രാജ്യത്തെ ചില കര്‍ഷക സഹോദരങ്ങള്‍ക്ക് അതു മനസിലാകാതെ പോയതാണെന്നും മോദി പറഞ്ഞു. സമരം നിര്‍ത്തി കര്‍ഷകര്‍ വീടുകളിലേയ്ക്ക് മടങ്ങാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

എല്ലാ കാര്യത്തിലും ഉറച്ച നിലപാടു സ്വീകരിക്കുന്ന സര്‍ക്കാരാണു തങ്ങളുടേതെന്നവകാശപ്പെടുന്ന ബി.ജെ.പി കര്‍ഷകര്‍ക്കു മുമ്പില്‍ മുട്ടു മടക്കുകയായിരുന്നു. 29 -ാം തീയതി തുടങ്ങുന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ഇതു സംബന്ധിച്ച ഔദ്യോഗിക നടപടി സ്വീകരിക്കും.

വര്‍ഷങ്ങളായി രാജ്യത്തെ കര്‍ഷകരും കര്‍ഷക സംഘടനകളും കര്‍ഷക വിദഗ്ദ്ധരും ഉന്നയിച്ച ആവശ്യങ്ങളാണ് കര്‍ഷക നിയമത്തിലുണ്ടായിരുന്നതെന്നും നരേന്ദ്ര മോദി വിശദീകരിച്ചു. പാര്‍ലമെന്‍റില്‍ വേണ്ടത്ര ചര്‍ച്ച നടത്തിയാണ് ബില്‍ പാസാക്കിയതെന്നു മോദി അവകാശപ്പെട്ടു.

പക്ഷെ കര്‍ഷക ബില്ലുകള്‍ നീണ്ടകാലത്തെ കര്‍ഷക സമരത്തെ തുടര്‍ന്നു പിന്‍വലിച്ചത് ബി.ജെ.പിയുടെ ഒരു വലിയ രാഷ്ട്രീയ പരാജയമായി മാത്രമേ കാണാനാകൂ. കര്‍ഷകരുടെ ഒരിക്കലും തളരാത്ത ഇച്ഛാശക്തിക്കു മുമ്പില്‍ മോദി മുട്ടുമടക്കി അടിയറവു പറയുകയായിരുന്നു എന്നു വേണം കാണാന്‍.

publive-image

രാജ്യത്തെ കര്‍ഷകരുടെ പ്രശ്നങ്ങളെ മനസിലാക്കുന്നതില്‍ മോദി സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു എന്നും പറയാം. രാജ്യത്തിന്‍റെ എല്ലാമെല്ലാമായ, ജനങ്ങള്‍ക്കു ഭക്ഷ്യ വസ്തുക്കളുണ്ടാക്കുന്ന, കര്‍ഷകരെ വിശ്വാസത്തിലെടുക്കാന്‍ കഴിയാതിരുന്നതാണ് പ്രധാനമന്ത്രിയുടെ പരാജയം. രാജ്യത്തിന്‍റെ പൊതു രാഷ്ട്രീയത്തിലാണ് ഇന്നു കര്‍ഷകര്‍ ഇടപെട്ടിരിക്കുന്നത്.

ഇന്ത്യാ മഹാരാജ്യത്തിലെ അതി സങ്കീര്‍ണമായ രാഷ്ട്രീയത്തില്‍ കര്‍ഷകര്‍ ഒരു പ്രബല ശക്തിയായി വളര്‍ന്നിരിക്കുന്നു. അവിടെ ഇടപെടാനും സര്‍ക്കാരിന്‍റെ നയപരമായ തീരുമാനങ്ങളെ സ്വാധീനിക്കാനും തങ്ങള്‍ക്കു പ്രാപ്തിയുണ്ടെന്ന് കര്‍ഷകര്‍ തെളിയിച്ചിരിക്കുന്നു. ഇന്ത്യയില്‍ രണ്ടാം വട്ടവും ഭരണം പിടിച്ചെടുത്ത് മൃഗീയ ഭൂരിപക്ഷത്തോടെ ഭരിക്കുന്ന ബി.ജെ.പിയെ അവര്‍ വരച്ച വരയില്‍ നിര്‍ത്തിയിരിക്കുന്നു.

ഇതു ചില്ലറ കാര്യമല്ല തന്നെ. കര്‍ഷകര്‍ വരച്ച വരയില്‍ നിര്‍ത്തിയത് ബി.ജെ.പി സര്‍ക്കാരിനെയാണ്. ആ രാഷ്ട്രീയ ശക്തിക്കു പിന്നില്‍ ആര്‍.എസ്.എസിന്‍റെയും സംഘപരിവാര്‍ സംഘടനകളുടെയും ആര്‍ക്കും തോല്‍പ്പിക്കാനാവില്ലെന്നു കരുതപ്പെടുന്ന പിന്തുണയുള്ള രാഷ്ട്രീയ ചേരിയെയാണ് കര്‍ഷകര്‍ പരാജയപ്പെടുത്തിയിരിക്കുന്നതെന്നും ഓര്‍ക്കണം.

അപ്പോള്‍ ആരാണീ കര്‍ഷകര്‍ ? അവര്‍ സാധാരണക്കാരാണ്. നിലം ഉഴുതു മറിച്ച് വിത്തു വിതച്ച് ധാന്യം കൊയ്തെടുത്തു രാജ്യത്തെ കോണിക്കണക്കിനു ജനങ്ങള്‍ക്ക് നല്‍കുന്ന സാധാരണക്കാരില്‍ സാധാരണക്കാരായവര്‍. തങ്ങളെ നോക്കുകുത്തികളാക്കി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ രാജ്യത്തെ വന്‍കിടക്കാര്‍ക്കും ബഹുരാഷ്ട്രകുത്തകകള്‍ക്കും വില്‍പന നടത്തുന്നതിനെയാണ് അവര്‍ ചെറുത്തു തോല്‍പ്പിച്ചത്.

എം.എസ്.പി ആയിരുന്നു അവരുടെ പ്രശ്നം. എന്നു പറഞ്ഞാല്‍ കുറഞ്ഞ താങ്ങുവില തന്നെ. കര്‍ഷകര്‍, പ്രത്യേകിച്ച് പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍, ഉല്‍പാദിപ്പിക്കുന്ന അരിയും ഗോതമ്പും നേരത്തേ പ്രഖ്യാപിക്കുന്ന താങ്ങുവിലയ്ക്ക് സര്‍ക്കാര്‍ ഏറ്റെടുത്ത് രാജ്യത്തെ റേഷന്‍ കടകളില്‍ വിതരണം ചെയ്യുന്ന പരിപാടിയുടെ ഭാഗമാണിത്. ഈ രീതിമാറ്റി രാജ്യത്തെ കാര്‍ഷിക മേഖല സ്വകാര്യ ഏജന്‍സികള്‍ക്കു തുറന്നു കൊടുക്കാനാണ് സര്‍ക്കാര്‍ നിയമം കൊണ്ടുവന്നത്. സ്വകാര്യ മേഖലയില്‍ വിശ്വാസമര്‍പ്പിക്കാന്‍ കര്‍ഷകര്‍ തയ്യാറായില്ല. പല കാലഘട്ടങ്ങളില്‍ സ്വകാര്യ മേഖലയുടെ ചുഷണവും കൊള്ളയും അനുഭവിച്ചിട്ടുള്ളവരാണ് കര്‍ഷകര്‍.

publive-image

സര്‍ക്കാരിനെ വിശ്വസിക്കാന്‍ തയ്യാറാകാതിരുന്നതു തന്നെയാണ് കര്‍ഷകരുടെ വിജയ കാരണം. രാഷ്ട്രീയ പാര്‍ട്ടികളെ അടുപ്പിക്കാതിരുന്നത് സമരത്തെ രാഷ്ട്രീയവല്‍ക്കരിക്കാതിരിക്കാനും സഹായിച്ചു. എന്‍.ഡി.എയുടെ ഘടകകക്ഷിയായിരുന്ന അകാലിദള്‍, സമരത്തിന്‍റെ ആദ്യഘട്ടത്തില്‍ത്തന്നെ മുന്നണി വിട്ടിരുന്നുവെന്ന കാര്യവും ശ്രദ്ധേയമാണ്. ഇതൊന്നും ഗൗരവത്തിലെടുക്കാന്‍ ബി.ജെ.പി ശ്രദ്ധിച്ചതുമില്ല.

പക്ഷെ രാഷ്ട്രീയം തങ്ങള്‍ക്കെതിരെ തിരിയുകയാണെന്ന് ബി.ജെ.പി നേതൃത്വം വൈകിയെങ്കിലും മനസിലാക്കി. കര്‍ഷകരുടെ ആത്മഹത്യയും സമരം ഉണ്ടാക്കുന്ന കഷ്ടപ്പാടും സമൂഹത്തില്‍ ചര്‍ച്ചാ വിഷയമാകുന്നതും ബി.ജെ.പി നേതൃത്വം കണ്ടു. ഇന്ത്യയിലെ കര്‍ഷക സമരം ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

പഞ്ചാബ്, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മാര്‍ച്ചില്‍ തെരഞ്ഞെടുപ്പു നടക്കുന്ന കാര്യം ബി.ജെ.പി നേതൃത്വത്തെ ഏറെ ഉല്‍കണ്ഠയിലാഴ്ത്തി. പടിഞ്ഞാറന്‍ യു.പിയില്‍ കര്‍ഷക സമരം വളരെ ശക്തമാണ്. ലക്കിംപൂര്‍ ഖേരിയില്‍ കര്‍ഷക സമരത്തിനു നേരേ കേന്ദ്ര ആഭ്യന്തര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ വാഹനങ്ങളോടിച്ചുകയറ്റുകയും വെടിയുതിര്‍ത്തതും മൂന്നു കര്‍ഷകര്‍ കൊല്ലപ്പെട്ടതും ഉയര്‍ത്തിവിട്ട രോഷം ഇനിയും തീര്‍ന്നിട്ടില്ല.

കര്‍ഷക സമരം ഇങ്ങനെ തുടര്‍ന്നാല്‍ രാഷ്ട്രീയമായി കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നു മനസിലാക്കുകയായിരുന്നു ബി.ജെ.പി. തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നു കിട്ടിയ രാഷ്ട്രീയ സൂചനകളും എതിരായിരുന്നു. കര്‍ഷക ബില്ലുകള്‍ പിന്‍വലിക്കുകയല്ലാതെ സര്‍ക്കാരിനു മുമ്പില്‍ വേറേ വഴിയൊന്നുമുണ്ടായിരുന്നില്ല.

അതുതന്നെയാണ് കര്‍ഷക സമരത്തെ വേറിട്ടു നിര്‍ത്തുന്നത്. സമരങ്ങളും സത്യാഗ്രഹങ്ങളും ഇഷ്ടം പോലെ നടത്തി പരിചയമുള്ള രാഷ്ട്രീയ കക്ഷികളുടെയൊന്നും പിന്തുണയില്ലാതെ നടത്തിയ സമരം. എല്ലാ കഷ്ടനഷ്ടങ്ങളും നേരിട്ടുകൊണ്ടു തന്നെ നടത്തിയ സമരം. നേതാക്കളാരും മുമ്പില്‍ നിന്നു നയിക്കാനില്ലാതെ നടത്തിയ സമരം. തങ്ങള്‍ എതിര്‍ക്കുന്ന ബി.ജെ.പി സര്‍ക്കാരിന്‍റെ ശക്തിയും കരുത്തും മനസിലാക്കിക്കൊണ്ടു തന്നെ നടത്തിയ സമരം.

ഈ സമരം അവരുടെ നിലനില്‍പ്പിനു വേണ്ടിയുള്ള സമരമായിരുന്നു. ഇവിടെ കീഴടങ്ങിയാല്‍ കുത്തകകള്‍ തങ്ങളുടെ അദ്ധ്വാനത്തെ വരുതിയിലാക്കുമെന്ന് അവര്‍ ഭയപ്പെട്ടു. സര്‍ക്കാരിന്‍റെ വാഗ്ദാനങ്ങള്‍ അവര്‍ മുഖവിലയ്ക്കെടുത്തില്ല.

ബി.ജെ.പിക്കെതിരെ പുതിയൊരു ശാക്തിക ചേരി വളര്‍ന്നു വന്നിരിക്കുന്നു. രാഷ്ട്രീയക്കാരുടെ പിന്തുണയേതുമില്ലാതെ. കര്‍ഷക ചേരിയുടെ യഥാര്‍ത്ഥ ശക്തിയും ഇതുതന്നെ. കര്‍ഷകരാണ് യഥാര്‍ത്ഥ പ്രതിപക്ഷം.

Advertisment