Advertisment

1967 ല്‍ ഒമ്പത് അംഗങ്ങളുമായി നിയമസഭയിലെത്തിയ കെ. കരുണാകരന്‍ തുന്നിക്കൂട്ടിയ ഐക്യ ജനാധിപത്യ മുന്നണി ഇന്ന് തകര്‍ച്ചയുടെ വക്കില്‍. കോണ്‍ഗ്രസ് ശിഥിലമായിക്കൊണ്ടിരിക്കുന്നു. എന്നിട്ടും നേതാക്കള്‍ പിടിവാശിയോടെ പോര്‍മുഖത്ത്. കോണ്‍ഗ്രസുകാര്‍ പോരു നടത്തുന്നത് കോണ്‍ഗ്രസുകാരോടുതന്നെ ! കോണ്‍ഗ്രസുകാരെ ചരിത്രം ഓര്‍മിപ്പിക്കുന്നത് - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

1960 -ലെ കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ കാലം. പി.എസ്.പിക്കാരനായ പട്ടം താണുപിള്ളയായിരുന്നു മുഖ്യമന്ത്രി. കോണ്‍ഗ്രസിനായിരുന്നു ഭൂരിപക്ഷമെങ്കിലും പാര്‍ട്ടി നേതാവ് ആര്‍. ശങ്കര്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഒതുക്കപ്പെടുകയായിരുന്നു. അവസാനം പട്ടത്തിന്‍റെ മേല്‍ക്കോയ്മ സഹിക്കാന്‍ വയ്യാതെ കോണ്‍ഗ്രസ് ഹൈക്കമാന്‍റ് ഇടപെട്ട് പട്ടത്തെ പഞ്ചാബ് ഗവര്‍ണറാക്കി അയച്ചു. ശങ്കര്‍ മുഖ്യമന്ത്രിയുമായി.

അധികം താമസിയാതെ പ്രതിപക്ഷം ശങ്കറിനെതിരെ അഴിമതിയാരോപണം കൊണ്ടുവന്നപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ അതേറ്റുപിടിച്ചു. പ്രമുഖ നേതാവ് സി.കെ ഗോവിന്ദന്‍ നായരായിരുന്നു ശങ്കറിനെതിരായ നീക്കത്തിനു മുന്നില്‍. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ആരോപണം അപ്പാടെ തള്ളിക്കളഞ്ഞു.

മുഖ്യമന്ത്രി ശങ്കറും ആഭ്യന്തരമന്ത്രി പി.ടി ചാക്കോയും ഒറ്റക്കെട്ടായി നിലകൊണ്ട കാലം. നിയമസഭാകക്ഷി ഇവര്‍ക്കൊപ്പം. സംഘടനയാവട്ടെ എതിരും.

അങ്ങനെയിരിക്കെ കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്തേക്കു തെരഞ്ഞെടുപ്പു വന്നു. ശങ്കര്‍-ചാക്കോ അച്ചുതണ്ട് കൊണ്ടുപിടിച്ചു പ്രചാരണം നടത്തി. തെരഞ്ഞെടുപ്പ് നിര്‍ണായകമാണെന്നവര്‍ കണ്ടു. തങ്ങളുടെ രണ്ടു പേരുടെയും നിലനില്‍പ്പിനെ അപകടത്തിലാക്കുന്ന തെരഞ്ഞെടുപ്പ്.

publive-image

കോണ്‍ഗ്രസ് പ്രസിഡ‍ന്‍റ് കെ. കാമരാജും കേന്ദ്ര ആഭ്യന്തരമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയും തിരുവനന്തപുരത്തെത്തി സമവായ നീക്കം നടത്തി. രണ്ടു കൂട്ടരും വഴങ്ങിയില്ല. കാമരാജിനും ശാസ്ത്രിക്കും ശങ്കര്‍-ചാക്കോ കൂട്ടുകെട്ടിനോടായിരുന്നു താല്‍പര്യമെന്ന് അന്നത്തെ 'ടൈംസ് ഓഫ് ഇന്ത്യാ' ലേഖകന്‍ കെ.സി. ജോണ്‍ 'ദ മെള്‍ട്ടിങ്ങ് പോട്ട് ' എന്ന ഗ്രന്ധത്തില്‍ വിവരിക്കുന്നുണ്ട്.

കെ.സി. ജോണിന്‍റെ വാക്കുകള്‍: "കെ.പി.സി.സി നേതൃത്വം അര്‍ഹതയില്ലാത്തവരുടെ കൈയിലേക്കു പോയാല്‍ കോണ്‍ഗ്രസ് ഗവണ്‍മെന്‍റിന്‍റെ ഭാവി അപകടത്തിലാകുമെന്ന് കാമരാജിനും ശാസ്ത്രിക്കുമറിയാമായിരുന്നു." ('ദ മെള്‍ട്ടിങ്ങ് പോട്ട്': പുറം: 77).

1963 നവംബര്‍ 30 -ാം തീയതി വാശിയേറിയ തെരഞ്ഞെടുപ്പു നടന്നു. സി.കെ ഗോവിന്ദന്‍ നായര്‍ ഗ്രൂപ്പിന്‍റെ സ്ഥാനാര്‍ത്ഥി കെ.പി മാധവന്‍ നായരായിരുന്നു. എ.ഐ.സി.സിയുടെ മുന്‍ ജനറല്‍ സെക്രട്ടറി. ഒരിക്കലും ഒരു ജനനായകനായിരുന്നില്ല അദ്ദേഹമെന്ന് കെ.സി. ജോണ്‍ ചൂണ്ടിക്കാട്ടുന്നു. ശങ്കര്‍-ചാക്കോ വിഭാഗത്തിന്‍റെ സ്ഥാനാര്‍ത്ഥി എം.സി. ചാക്കോയും.

തെരഞ്ഞെടുപ്പില്‍ ജയിച്ചത് മാധവന്‍ നായര്‍. ചാക്കോയും ശങ്കറും നിരാശയോടെയാണ് കൊച്ചിയിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്നിറങ്ങിയത്.

എട്ടു ദിവസത്തിനു ശേഷം തൃശൂരില്‍ പി.ടി. ചാക്കോ ഓടിച്ചിരുന്ന കാര്‍ ഒരു പിടിവണ്ടിയിലിടിച്ചു. ആഭ്യന്തര മന്ത്രിയുടെ ഔദ്യോഗിക കാര്‍ ചാക്കോതന്നെയാണ് ഓടിച്ചിരുന്നത്. കാറില്‍ ഒരു വനിതാ കോണ്‍ഗ്രസ് നേതാവുമുണ്ടായിരുന്നത് വലിയ വിവാദമായി. കോണ്‍ഗ്രസിലെ പ്രബല വിഭാഗം ചാക്കോയ്ക്കെതിരെ തിരിഞ്ഞു.

അവസാനം മുഖ്യമന്ത്രി ശങ്കറും ചാക്കോയ്ക്കെതിരെയായി. ചാക്കോ വിരുദ്ധ വിഭാഗം സമ്മര്‍ദം മുറുക്കി. അദ്ദേഹം രാജിവെച്ചു. ചാക്കായുടെ അനുയായികള്‍ രോഷംകൊണ്ടു.

വീണ്ടും 1964 ജൂണ്‍ 14 ന് കെ.പി.സി.സി തെരഞ്ഞെടുപ്പ്. പാര്‍ട്ടിയില്‍ കരുത്തു തെളിയിക്കണമെന്ന് കാമരാജ് ചാക്കോയ്ക്കു നിര്‍ദേശം നല്‍കി. ചാക്കോ മത്സരിച്ചു. ശങ്കറും ചാക്കോ വിരുദ്ധ ഗ്രൂപ്പിനൊപ്പം ചേര്‍ന്നു. ചാക്കോ ദയനീയമായി പരാജയപ്പെട്ടു. ചാക്കോയോടൊപ്പം കോണ്‍ഗ്രസ് നിയമസഭാ കക്ഷിയിലെ 24 പേര്‍ നിലയുറപ്പിച്ചു.

കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നും മന്ത്രിസഭയില്‍ നിന്നും പുറത്തായ ചാക്കോ രാഷ്ട്രീയത്തില്‍ നിന്നകന്ന് വക്കീല്‍ പണിയിലേയ്ക്കു തിരിഞ്ഞു. കോഴിക്കോട് ഒരു കക്ഷിയെ കാണാന്‍ പോകുന്ന വഴി ഹൃദയം സ്തംഭിച്ച് മരണമടഞ്ഞു. 1964 ആഗസ്റ്റ് ഒന്നാം തീയതി.

ചാക്കോയുടെ അനുയായികളായ 15 എം.എല്‍.എമാര്‍ ഒത്തു ചേര്‍ന്നു. കെ.എം. ജോര്‍ജ്, ആര്‍. ബാലകൃഷ്ണപിള്ള എന്നിങ്ങനെ 15 പേര്‍. ഇവര്‍ കോണ്‍ഗ്രസ് വിട്ട് നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരുന്നു.

അവസരം മുതലാക്കാനുറച്ച് പി.എസ്.പിയിലെ പി.കെ കുഞ്ഞ് നിയമസഭയില്‍ ശങ്കര്‍ ഗവണ്‍മെന്‍റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നു. കോണ്‍ഗ്രസിലെ ശങ്കര്‍ വിരുദ്ധര്‍ കുഞ്ഞിനെ പ്രോത്സാഹിപ്പിച്ചു. ഇ.എം.എസിന്‍റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം പിന്തുണ നല്‍കി.

ലീഗിനെതിരായ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്‍റെ കടുംപിടുത്തം സഹിക്കാനാവാതെ സി.എച്ച്. മുഹമ്മദ് കോയ നേരത്തേ സ്പീക്കര്‍ പദം രാജിവെച്ചിരുന്നു. മുസ്ലിം ലീഗ് മുന്നണി വിടുകയും ചെയ്തു. പട്ടത്തെ ഗവര്‍ണറാക്കിയതിനെ തുടര്‍ന്ന് പി.എസ്.പിയും മുന്നണി വിട്ടു. കോണ്‍ഗ്രസില്‍ നിന്ന് 15 എം.എല്‍.എമാരും വിട്ടു നില്‍ക്കുന്നു.

publive-image

കുഞ്ഞിന്‍റെ അവിശ്വാസ പ്രമേയം 73 - 50 വോട്ടിനു പാസായി. ഐക്യ കേരളത്തിലെ ആദ്യത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അങ്ങനെ നിലംപതിച്ചു. അതില്‍ കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളുടെ പങ്ക് വലുതായിരുന്നു. കോണ്‍ഗ്രസ് വിട്ട 15 എം.എല്‍.എമാര്‍ പിന്നീട് കേരളാ കോണ്‍ഗ്രസുണ്ടാക്കി. പുതിയ പാര്‍ട്ടിക്ക് കോട്ടയത്ത് ഒരു വലിയ സമ്മേളനത്തില്‍ നാമകരണം നടത്തിയത് മന്നത്ത് പത്മനാഭന്‍.

വിമോചന സമരം നടത്തി കമ്യൂണിസ്റ്റ് ഗവണ്‍മെന്‍റിനെ തള്ളിയിട്ട ശേഷം പി.എസ്.പിയെയും മുസ്ലിം ലീഗിനെയും കൂട്ടി കോണ്‍ഗ്രസ് ഉണ്ടാക്കിയ മുന്നണിയാണ് തകര്‍ന്നത്. സര്‍ക്കാരും താഴെ വീണു. 1967 ല്‍ മുസ്ലിം ലീഗ് ഉള്‍പ്പെടെ ഏഴു കക്ഷികളുടെ സപ്തകക്ഷി മുന്നണിയുണ്ടാക്കി ഇ.എം.എസ് വീണ്ടും അധികാരത്തില്‍.

1967 ല്‍ ഒമ്പത് അംഗങ്ങളുമായി നിയമസഭയിലെത്തിയ കെ. കരുണാകരന്‍ തുന്നിക്കൂട്ടിയ ഐക്യ ജനാധിപത്യ മുന്നണി ഇന്ന് തകര്‍ച്ചയുടെ വക്കില്‍. കോണ്‍ഗ്രസ് ശിഥിലമായിക്കൊണ്ടിരിക്കുന്നു. എന്നിട്ടും നേതാക്കള്‍ പിടിവാശിയോടെ പോര്‍മുഖത്ത്. കോണ്‍ഗ്രസുകാര്‍ പോരു നടത്തുന്നത് കോണ്‍ഗ്രസുകാരോടുതന്നെ. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ അറിയാനാണ് ഈ കുറിപ്പ്.

Advertisment