രണ്ടും വാശിയേറിയ തെരഞ്ഞെടുപ്പായിരുന്നു. രണ്ടും സഹകരണ മേഖലയില്‍. ഒന്ന് പത്തനംതിട്ട ജില്ലയിലെ തിരുവല്ലാ ഈസ്റ്റ് കോഓപ്പറേറ്റീവ് ബാങ്കില്‍. മറ്റത് തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പ്. തിരുവല്ലയില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. തലശേരിയില്‍ ഡി.സി.സി ബാങ്ക് പിടിച്ചെടുത്തു.
രണ്ടും കോണ്‍ഗ്രസിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പുകള്‍ തന്നെയായിരുന്നു. വര്‍ഷങ്ങളായി കോണ്‍ഗ്രസ് ഭരണത്തിലായിരുന്നു തിരുവല്ലാ ഈസ്റ്റ് കോഓപ്പറേറ്റീവ് ബാങ്ക്. ഒരിക്കല്‍ പോലും കോണ്‍ഗ്രസിനെ കൈവിട്ടിട്ടില്ലാത്ത ബാങ്ക്. തിരുവല്ലാ-കോഴഞ്ചേരി റോഡില്‍ ഇരവിപേരൂരിലാണ് ബാങ്കിന്‍റെ ആസ്ഥാനം.
മലയാളികളുടെ ഗള്‍ഫ് കുടിയേറ്റത്തിന്‍റെ ഗുണഫലങ്ങള്‍ ഏറെ അനുഭവിച്ച പ്രദേശമാണിവിടം. തിരുവല്ലാ, കുമ്പനാട്, കോഴഞ്ചേരി, റാന്നി, പത്തനംതിട്ട എന്നിങ്ങനെ വിശാലമായ പ്രദേശത്ത് ഇന്നു ഗള്‍ഫ് പണത്തിന്‍റെ വെട്ടിത്തിളക്കം. ദാരിദ്ര്യമോ പട്ടിണിയോ തീരെയില്ലാത്ത പ്രദേശങ്ങള്‍.
വര്‍ഷങ്ങളായി കോണ്‍ഗ്രസിന്‍റെ നെടുങ്കോട്ടയായിരുന്നു പത്തനംതിട്ട ജില്ല. അതും ആന്‍റണി പക്ഷത്തിന്‍റെ. 1995 ല്‍ പത്തനംതിട്ട ജില്ല രൂപമെടുത്തതു മുതല്‍ ആന്‍റണി പക്ഷം സ്വന്തം കോട്ടയാക്കി വളര്‍ത്തിയെടുത്തു പത്തനംതിട്ടയെ. കോഴഞ്ചേരി സെന്‍റ് തോമസ് കോളജിലെ ഫിസിക്സ് അധ്യാപകനായിരുന്ന പ്രൊഫസര്‍ പി.ജെ കുര്യന്‍ മുതല്‍ അഡ്വ. പീലിപ്പോസ് തോമസ്, അഡ്വ. കെ. ശിവദാസന്‍ നായര്‍ എന്നിങ്ങനെ പ്രമുഖ നേതാക്കള്‍ കാലാകാലങ്ങളായി കോട്ട കാത്തുപോന്നു.
പക്ഷെ സ്വന്തം കാലിനു കീഴില്‍ നിന്ന് മണ്ണൊഴുകിപ്പോകുന്നത് കോണ്‍ഗ്രസ് നേതാക്കളാരും അറിഞ്ഞതേയില്ല. ദീര്‍ഘകാലം ഡി.സി.സി പ്രസിഡന്‍റായിരുന്ന പീലിപ്പോസ് തോമസുതന്നെയായിരുന്നു ജില്ലയില്‍ കോണ്‍ഗ്രസിന്‍റെ എക്കാലത്തെയും വലിയ നേതാവ്. എന്നാല്‍ 2014 -ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പീലിപ്പോസ് പത്തനംതിട്ടയില്‍ ഇടതു പക്ഷ സ്ഥാനാര്‍ത്ഥിയാകുന്നതു കണ്ട് കോണ്‍ഗ്രസുകാര്‍ ഞെട്ടി. പീലിപ്പോസ് പരാജയപ്പെട്ടെങ്കിലും കോണ്‍ഗ്രസിന്‍റെ വീഴ്ച തുടങ്ങിയിരുന്നു.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ അഞ്ചു നിയമസഭാ സീറ്റും ഇടതു മുന്നണിക്ക്. ആറന്മുളയില്‍ മാധ്യമ പ്രവര്‍ത്തക വീണാ ജോര്‍ജ് 7000 -ലേറെ വോട്ടിനു തോല്‍പ്പിച്ചത് പ്രമുഖ കോണ്‍ഗ്രസ് നേതാവായ ശിവദാസന്‍ നായരെ. 2021 - നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതു പക്ഷം വിജയം ആവര്‍ത്തിച്ചു. അഞ്ചില്‍ അഞ്ചു സീറ്റും നേടി.
ഇത്തവണ ആറന്മുളയില്‍ വീണാ ജോര്‍ജ് വിജയിച്ചത് 19000 വോട്ടിന്. തോല്‍പ്പിച്ചത് ശിവദാസന്‍ നായരെത്തന്നെ. വീണ സംസ്ഥാന ആരോഗ്യ മന്ത്രിയുമായി. റാന്നിയില്‍ ജയിച്ചത് കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി പ്രമോദ് നാരായണന്‍. ആലപ്പുഴ ജില്ലയിലെ കായംകുളം കാരനായ പ്രമോദ് തോല്‍പ്പിച്ചത് റാന്നിയിലെ പ്രമുഖ കോണ്‍ഗ്രസ് കുടുംബത്തിലെ റിങ്കു ചെറിയാനെയും.
കോണ്‍ഗ്രസിന്‍റെ പുതിയ സംസ്ഥാന നേതൃത്വം ഡി.സി.സി പ്രസിഡന്‍റുമാരെ നിയമിച്ചപ്പോള്‍ പത്തനംതിട്ടയില്‍ സ്ഥാനം കിട്ടിയത് പ്രൊഫസര്‍ സതീശ് കൊച്ചുപറമ്പിലിന്. പുതിയ കമ്മിറ്റി ഉഷാറായി പ്രവര്‍ത്തിച്ചു തുടങ്ങുകയും ചെയ്തു. ഡി.സി.സി നേതൃത്വത്തിന്‍റെ ഒരു വിശേഷം അതില്‍ പഴയ ആന്‍റണി പക്ഷക്കാര്‍ ആരോരുമില്ലെന്നതു തന്നെ.
തിരുവല്ലാ ഈസ്റ്റ് കോ-ഓപ്പറേറ്റിവ് ബാങ്ക് ഭരണ സമിതിയിലേക്കു നടന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനു നേതൃത്വം നല്‍കിയതു പീലിപ്പോസ് തോമസായിരുന്നു. കോണ്‍ഗ്രസിനെ നയിച്ചതു പ്രൊഫ. പി.ജെ. കുര്യനും. കോണ്‍ഗ്രസിന് ഒരു സീറ്റുപോലും കിട്ടിയില്ല.
കണ്ണൂര്‍ ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായ മമ്പറം ദിവാകരനാണ് തലശേസി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി കെട്ടിപ്പടുത്തത്. വിദ്യാര്‍ത്ഥിയായിരിക്കെ കെ.എസ്.യുവിലൂടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെത്തിയ മമ്പറം പല തവണ ജയില്‍ വാസം അനുഭവിച്ചിട്ടുമുണ്ട്.
ഇന്ദിരാഗാന്ധിയുടെ വലിയൊരാരാധകനായിരുന്ന മമ്പറം ആരാധന മൂത്താണ് പ്രിയപ്പെട്ട നേതാവിന്‍റെ ഓര്‍മയ്ക്കായി ആശുപത്രി തുടങ്ങാന്‍ ഇറങ്ങിത്തിരിച്ചത്. അതിനായി ഒരു വന്‍ പദ്ധതി തന്നെ തയ്യാറാക്കി. സഹകരണ സംഘമുണ്ടാക്കി വലിയ പരിശ്രമങ്ങളിലേയ്ക്കു കടന്നു. ധാരാളം ആളുകള്‍ മമ്പറത്തോടു സഹകരിച്ചു. മമ്പറത്തിന്‍റെ സ്വപ്നം സഹകരണ ആശുപത്രിയായി വളര്‍ന്നു പൊങ്ങി.
പക്ഷെ സംസ്ഥാന പ്രസിഡന്‍റായ കെ. സുധാകരനുമായി മമ്പറം കൊമ്പുകോര്‍ത്തു. തന്‍റെ ശത്രു സ്വന്തം സാമ്രാജ്യമായ കണ്ണൂരില്‍ ഇത്ര വലിയൊരാശുപത്രിയുടെ തലപ്പത്തിരിക്കുന്നത് സുധാകരനു പിടിച്ചില്ല.
ആശുപത്രി തെരഞ്ഞെടുപ്പില്‍ മമ്പറത്തിന്‍റെ പാനലിനെതിരെ ഡി.സി.സി ഔദ്യോഗിക പാനല്‍ അവതരിപ്പിച്ചു. പാനലിനെതിരെ സ്ഥാനാര്‍ത്ഥിയായ മമ്പറത്തെ കെ.പി.സി.സി കാരണം കാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി കോണ്‍ഗ്രസിന്‍റെ കൈയില്‍. മമ്പറവും പരാജയപ്പെട്ടു.
ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെ പ്രമഖ നേതാക്കളൊക്കെയും മുഖം തിരിച്ചു നില്‍ക്കവെ, ഇവരുമായി പുതിയ നേതൃത്വത്തിന് ഒത്തുതീര്‍പ്പൊന്നും ഉണ്ടാക്കാന്‍ കഴിയാതെ നില്‍ക്കവെ, കോണ്‍ഗ്രസിനു കിട്ടിയ ഒരാശ്വാസ വിജയം തന്നെയാണ് തലശേരി ഇന്ദിരാഗാന്ധി ആശുപത്രി തെരഞ്ഞെടുപ്പില്‍ നേടിയ വിജയം.
അതേസമയം കേരളത്തിലെ തന്നെ പ്രമുഖ സഹകരണ ബാങ്കുകളിലൊന്നായ തിരുവല്ലാ ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ചരിത്രത്തിലാദ്യമായി സി.പി.എം പിടിച്ചെടുക്കുകയും ചെയ്തു. രണ്ടു സഹകരണ സ്ഥാപനങ്ങളിലേയ്ക്കു നടന്ന ഒരു സാധാരണ തെരഞ്ഞെടുപ്പല്ലേ എന്നു കരുതാമെങ്കിലും രണ്ടു തെരഞ്ഞെടുപ്പുകളും വലിയ സന്ദേശം കോണ്‍ഗ്രസിനു നല്‍കുന്നുണ്ട്. നിയമസഭയിലേക്കു തുടര്‍ച്ചയായി രണ്ടാം തവണയും തോറ്റ കോണ്‍ഗ്രസിന് പഠിക്കാനേറെയുണ്ട് ഈ രണ്ടു തെരഞ്ഞെടുപ്പുകളില്‍ നിന്ന്. കോണ്‍ഗ്രസുകാരാരെങ്കിലും ഇതു വല്ലതും പഠിക്കുമോ ആവോ.