Advertisment

ഒരിക്കല്‍ കെ.പി.സി.സി യോഗം നടക്കുമ്പോള്‍ 40-കാരന്‍ പി.ടി തോമസിന്റെ പ്രസംഗം കത്തിക്കയറി- ''ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളിയേ, എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടടീ". കരുണാകരനെതിരെ പി.ടി തോമസിന്റെ പ്രസംഗം ! ആരോടും നേര്‍ക്കുനേര്‍ നിന്നു പോരാടും. ശത്രുവിനെ നിശിതമായി ആക്രമിക്കും. മുഖം നോക്കാതെ പോരാടും. അതു കരുണാകരനായാലും പിണറായി വിജയനായാലും. നിലപാടുകളുടെ രാജകുമാരന്‍ വിട വാങ്ങുമ്പോള്‍ - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

എപ്പോഴും ഒരു തീപ്പൊരി നേതാവായിരുന്നു പുതിയ പറമ്പില്‍ തോമസ് തോമസ് (1950 - 2021). ആരോടും നേര്‍ക്കുനേര്‍ നിന്നു പോരാടും. ശത്രുവിനെ നിശിതമായി ആക്രമിക്കും. മുഖം നോക്കാതെ പോരാടും. അതു കരുണാകരനായാലും പിണറായി വിജയനായാലും.

പി.ടി തോമസിന്‍റെ വാക്കുകളുടെ ചൂടും ചൂരും നന്നായറിഞ്ഞയാള്‍ കോണ്‍ഗ്രസുകാരനായ കെ. കരുണാകരന്‍ തന്നെയാണ്. തൊണ്ണൂറുകളില്‍ അദ്ദേഹം ശക്തനും തന്ത്രശാലിയുമായ നേതാവായിരുന്നപ്പോള്‍. അന്ന് ആന്‍റണി പക്ഷത്തെ ചൂടന്‍ നേതാവാണ് പി.ടി. പ്രതിഛായാ പ്രശ്നം ഉയര്‍ത്തി ആന്‍റണി പക്ഷം കരുണാകരനെതിരെ സന്ധിയില്ലാ സമരം നടത്തിപ്പോന്ന കാലം.

ഒരിക്കല്‍ വൈകിട്ടു കെ.പി.സി.സി യോഗം നടക്കുമ്പോള്‍ 40 -കാരന്‍ പി.ടി തോമസിന്‍റെ പ്രസംഗം കത്തിക്കയറി. 'ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളിയേ, എന്‍റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടടീ' എന്ന ബിച്ചു തിരുമലയുടെ ചലച്ചിത്രഗാന വരികള്‍ ചൊല്ലിക്കൊണ്ടായിരുന്നു കരുണാകരനെതിരെ പി.ടി തോമസിന്‍റെ പ്രസംഗം.

രാഷ്ട്രീയത്തിലിറങ്ങിയ മകന്‍ കെ. മുരളീധരനെ കരുണാകരന്‍ അതിരുവിട്ടു ലാളിക്കുകയും വളര്‍ത്തുകയും ചെയ്യുന്നതിനെ രൂക്ഷമായി പരിഹസിക്കുകയായിരുന്നു പി.ടി തോമസ്. പിന്നീട് കരുണാകരന്‍ ഗ്രൂപ്പില്‍ത്തന്നെ മുരളീധരനെതിരെ കൊട്ടാര വിപ്ലവം നടത്തി തിരുത്തല്‍വാദി വിഭാഗം ഉണ്ടായത് കോണ്‍ഗ്രസിലെ മറ്റൊരു ഗ്രൂപ്പ് ചരിത്രം.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ സ്ഥാനാര്‍ത്ഥിയാകാനെരുന്നതാണ് പി.ടി. അപ്പോഴാണ് ഗാഡ്‌ഗിൽ റിപ്പോര്‍ട്ട് വന്നതും ഇടുക്കിയില്‍ പ്രതിഷേധം ഇരമ്പിയതും. ഗാഡ്‌ഗിൽ റിപ്പോര്‍ട്ടിനെതിരെ കര്‍ഷകര്‍ നടത്തിയ മുന്നേറ്റത്തെ കത്തോലിക്കാ സഭാ നേതൃത്വം തന്നെ മുന്നില്‍ നിന്നു നയിച്ചു.

കെ.പി.സി.സി അധ്യക്ഷനായിരുന്ന വി.എം സുധീരന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് അങ്കം കുറിച്ചു നില്‍ക്കുന്ന കാലം. രണ്ടു പേരും ആന്‍റണി പക്ഷത്തെ കരുത്തരായ നേതാക്കള്‍. പി.ടി തോമസ് പരിസ്ഥിതിക്കനുകൂലമായ നിലപാടു സ്വീകരിച്ചു. അതും പതിവുപോലെ ഉറച്ച നിലപാട്.

സഭ പി.ടിക്കെതിരെ ഇറങ്ങി. പുരോഹിതന്മാരും അല്‍മായക്കാരും ചേര്‍ന്ന് പി.ടി തോമസിന്‍റെ ശവ ഘോഷയാത്ര നടത്തിയാണ് പ്രതികാരം തീര്‍ത്തത്. ജീവിച്ചിരിക്കുന്ന പി.ടി തോമസിന്‍റെ ശവഘോഷയാത്ര.

സുധീരന്‍ ഇടപെട്ട് പി.ടി തോമസിനെ തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയാക്കി. ബെന്നി ബഹനാനെ അവിടെ നിന്നു മാറ്റിയാണ് പി.ടിക്കു സീറ്റ് നല്‍കിയത്.

എക്കാലത്തും കോണ്‍ഗ്രസില്‍ പാറപോലെ ഉറച്ചു നിന്ന ആന്‍റണിഗ്രൂപ്പില്‍ അതുപോലെ കരുത്തനായി ഉറച്ചു നിന്ന നേതാവാണ് പി.ടി തോമസ്. പക്ഷെ ഇതുവരെ അദ്ദേഹത്തിന് ഒരു മന്ത്രിസ്ഥാനം കിട്ടിയില്ല. 2016 ലെ സംഭവ പരമ്പരകളെ തുടര്‍ന്ന് ആന്‍റണി പക്ഷത്തുനിന്ന് അകലുകയായിരുന്നു പി.ടി.

ഏറ്റവുമൊടുവില്‍ ഹൈക്കമാന്‍റ് കെ. സുധാകരനെ കെ.പി.സി.സി അധ്യക്ഷനായി നിയോഗിക്കുകയും വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തതോടെ കോണ്‍ഗ്രസിലെ സമവാക്യങ്ങള്‍ മാറി. പുതിയ നേതൃത്വം പി.ടി തോമസിനെ കെ.പി.സി.സി വര്‍ക്കിങ്ങ് പ്രസിഡന്‍റാക്കി.

സംഘടനാ പ്രവര്‍ത്തനത്തില്‍ ഏറെ പ്രഗത്ഭനാണ് പി.ടി തോമസ്. തെരഞ്ഞെടുപ്പു പ്രചാരണത്തിലും മിടുക്കു കാട്ടിയിട്ടുണ്ട്. നിയമസഭയിലായാലും പുറത്തായാലും എതിരാളികള്‍ക്കെതിരെ വാക്കുകളുടെ കൂരമ്പുകള്‍ പ്രയോഗിക്കാനും പ്രഗത്ഭനാണദ്ദേഹം.

പി.ടി തോമസിന്‍റെ വേര്‍പാട് കോണ്‍ഗ്രസിനു മാത്രമല്ല, കേരള രാഷ്ട്രീയത്തിനു തന്നെ ഒരു തീരാ നഷ്ടമാണ്.

Advertisment