പാഠങ്ങള്‍ ശരിക്കു പഠിച്ച് പാര്‍ട്ടി ലൈനില്‍ വന്നില്ലെങ്കില്‍ തരൂര്‍ പാര്‍ട്ടിക്കു പുറത്ത് ! ഇത്രയും കൃത്യമായ വഴിയേതെന്നുകൂടി പരിശോധിക്കാം. കുറെ ദിവസം മുമ്പ് ജെയ്പ്പൂരില്‍ കോണ്‍ഗ്രസ് ഒരു മഹാറാലി സംഘടിപ്പിച്ചു. വേദിയിലെ നേതാക്കള്‍ക്കു ജനം സിന്ദാബാദ് വിളിച്ചു. ആരൊക്കെയാണു നേതാക്കള്‍ എന്നല്ലേ ? സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി വദ്ര. അമ്മയും മകനും മകളും ! തരൂരും കൂട്ടരും പറയുന്ന വഴിയേ തിരിയാന്‍ കഴിഞ്ഞില്ലെങ്കില്‍ കൂടുതല്‍ ദുരന്തമാകും കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

"ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ കൃത്യമായ വഴിയിലൂടെ സഞ്ചരിച്ചില്ലെങ്കില്‍" ശശി തരൂര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ടാവുകയില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍റെ മുന്നറിയിപ്പ്. കൃത്യമായ വഴിയെന്നാല്‍, സില്‍വര്‍ ലൈന്‍ പദ്ധതിയെ അനുകൂലിക്കുന്ന നിലപാടുമാറ്റി തരൂര്‍ കോണ്‍ഗ്രസ് ലൈന്‍ സ്വീകരിക്കണമെന്നര്‍ത്ഥം.

ലോകത്തെയും ലോക രാഷ്ട്രീയത്തെയും അടുത്തുനിന്നു കണ്ടറിഞ്ഞ, വിദ്യാഭ്യാസവും വിജ്ഞാനവും ഏറെ കൈയിലുള്ള ശശി തരൂരിന് ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ കൃത്യമായ വഴികളറിഞ്ഞില്ലെങ്കില്‍ അതു പഠിപ്പിച്ചുകൊടുക്കാന്‍ ഒരുങ്ങുകയാണ് കെ.പി.സി.സി നേതൃത്വം. പാഠങ്ങള്‍ ശരിക്കു പഠിച്ച് പാര്‍ട്ടി ലൈനില്‍ വന്നില്ലെങ്കില്‍ തരൂര്‍ പാര്‍ട്ടിക്കു പുറത്ത്. തീര്‍ച്ച.

എന്താണീ "കൃത്യമായ ഇന്ത്യന്‍ രാഷ്ട്രീയ വഴി" ? അങ്ങനെയുള്ള കൃത്യമായ വഴിയിലൂടെയാണ് ഇന്ത്യയില്‍ കോണ്‍ഗ്രസ് സഞ്ചരിക്കുന്നതെന്നും കെ. സുധാകരന്‍ ഉദ്ദേശിക്കുന്നുണ്ട്. ആ വഴികളിലൂടെ കൃത്യമായ ചുവടുകള്‍ വെച്ചാണ് അദ്ദേഹം ഉള്‍പ്പെടെയുള്ള നേതാക്കളും ദേശീയ നേതൃത്വവും സഞ്ചരിക്കുന്നതെന്ന കാര്യവും വ്യക്തം.

ഇത്രയും കൃത്യമായ വഴിയേതെന്നുകൂടി പരിശോധിക്കാം. കുറെ ദിവസം മുമ്പ് ജെയ്പ്പൂരില്‍ കോണ്‍ഗ്രസ് ഒരു മഹാറാലി സംഘടിപ്പിച്ചു. വലിയ ജനക്കൂട്ടം പങ്കെടുത്തു. വേദിയിലെ നേതാക്കള്‍ക്കു ജനം സിന്ദാബാദ് വിളിച്ചു. ആരൊക്കെയാണു നേതാക്കള്‍ എന്നല്ലേ ? സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി വദ്ര. അമ്മയും മകനും മകളും !

publive-image

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ഏറ്റവും പ്രായം ചെന്ന പാര്‍ട്ടിയുടെ ഗതിയാണിത്. നേതാക്കളെ തെരഞ്ഞെടുക്കാന്‍ ജനാധിപത്യ രീതിയില്‍ ഒരു തെരഞ്ഞെടുപ്പു പോലും നടത്താന്‍ കഴിവില്ലാത്ത പാര്‍ട്ടി.

തെരഞ്ഞെടുപ്പു നടത്താന്‍ കഴിവില്ലാഞ്ഞിട്ടല്ല. കുടുംബാധിപത്യം തകരുമോ എന്നു പേടിച്ചാണ് തെരഞ്ഞെടുപ്പു നടത്താത്തത്. ഇങ്ങനെ പോയാല്‍ ബി.ജെ.പിക്കെതിരെ പ്രതിരോധം സൃഷ്ടിക്കാനാവില്ലെന്നു പറഞ്ഞ് 22 മുതിര്‍ന്ന നേതാക്കള്‍ മാറി നില്‍ക്കുന്നു. ഗുലാം നബി ആസാദ്, കപില്‍ സിബല്‍, ജയറാം രമേശ് എന്നു തുടങ്ങി കോണ്‍ഗ്രസിലെ പ്രമുഖര്‍.

പക്ഷെ ഇവരോടു മുഖം തിരിച്ചു നില്‍ക്കുകയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍റ്. ഹൈക്കമാന്‍റ് എന്നാല്‍ ഒരമ്മയും രണ്ടു മക്കളും. ഇവര്‍ പറയുന്നതാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ കൃത്യമായ വഴി എന്നു സാരം. ഈ 22 പേരിലൊരാളാണ് ശശി തരൂര്‍. തിരുവനന്തപുരത്തുള്ള ലോക്സഭാംഗം.

കൃത്യമായ വഴികള്‍ കോണ്‍ഗ്രസിനെ എവിടെ കൊണ്ടെത്തിച്ചുവെന്നതുകൂടി നോക്കാം. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം നേടിത്തന്ന ജവഹര്‍ലാല്‍ നെഹ്റുവും സര്‍ദാര്‍ വല്ലഭായ് പട്ടേലും പോലെയുള്ള ഉന്നതരായ നേതാക്കള്‍ നയിച്ച പാര്‍ട്ടിയുടെ ഇന്നത്തെ സ്ഥിതി തികച്ചും ദയനീയമാണ്.

ലോക്സഭയില്‍ ഇന്നു കോണ്‍ഗ്രസിനുള്ളത് വെറും 53 സീറ്റ് ! ആകെയുള്ള 545 സീറ്റുകളിലാണ് കോണ്‍ഗ്രസ് പത്തു ശതമാനത്തില്‍ പോലും എത്താതെ നില്‍ക്കുന്നത്. ഇനി കേരളത്തിലോ ? തുടര്‍ച്ചയായി രണ്ടാം നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. നേരത്തേ കിട്ടിയതിനേക്കാള്‍ ഒമ്പതു സീറ്റ് കുറവാണ് ഇത്തവണ എന്ന കാര്യവും ഓര്‍ക്കണം.

ഇനി കൃത്യമായ പാത പിന്തുടരാനറിയാത്ത ശശി തരൂരിന്‍റെ കാര്യം നോക്കാം. തിരുവനന്തപുരം ലോക്സഭാ സീറ്റില്‍ തരൂര്‍ ജയിക്കുന്നത് ഇതു മൂന്നാം തവണ. രണ്ടു തവണയും ഭൂരിപക്ഷം ഒരു ലക്ഷം കടന്നു. സഞ്ചരിക്കുന്ന വഴി അത്ര കൃത്യമല്ലെങ്കിലും തരൂരിനെ തിരുവനന്തപുരത്തുകാര്‍ ഇഷ്ടപ്പെടുന്നു. അദ്ദേഹത്തിന്‍റെ ചിന്തകളെയും നിലപാടുകളെയും പിന്തുണയ്ക്കുന്നു.

ഇനി ദേശീയ തലത്തില്‍ നോക്കിയാലോ ? നരേന്ദ്രമോദിക്കെതിരെ കുറിക്കുകൊള്ളുന്ന വര്‍ത്തമാനം പറയാന്‍ ശേഷിയുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ മുന്‍നിരയില്‍ നില്‍ക്കുന്നു ശശി തരൂര്‍. രാഹുല്‍ഗാന്ധി അവിടെയെങ്ങുമില്ലെന്നോര്‍ക്കണം. ശശി തരൂര്‍ ഒന്നു മിണ്ടിയാല്‍ വലിയ വാര്‍ത്തയാകും. ലോകമെങ്ങും പരക്കും.

publive-image

ഏറ്റവുമൊടുവില്‍ നീതി ആയോഗിന്‍റെ ദേശീയ ആരോഗ്യ വികസന സൂചികയില്‍ കേരളം ഒന്നാമതെത്തിയതിനു തൊട്ടു പിന്നാലെ കേരളത്തെ അഭിനന്ദിച്ചും ഉത്തര്‍പ്രദേശിനെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും കണക്കിനു പരിഹസിച്ചും ശശി തരൂര്‍ ട്വിറ്ററില്‍ ഇറക്കിയ സന്ദേശം ലോകമെങ്ങും പ്രചരിച്ചത് നിമിഷങ്ങള്‍ക്കുള്ളില്‍.

സദ്ഭരണം നടപ്പിലാക്കാനും എല്ലാവരെയും ഉള്‍ക്കൊണ്ടു ഭരണം നടത്താനും യോഗി ആദിത്യനാഥ് കേരളത്തെ കണ്ടുപഠിക്കണമെന്ന ഉപദേശവും തരൂര്‍ നല്‍കുന്നുണ്ട്. "എങ്കില്‍ രാജ്യത്തിനു മുഴുവന്‍ ഗുണമുണ്ടാകും. അല്ലെങ്കില്‍ മറ്റു സംസ്ഥാനങ്ങളെയെല്ലാം അവരുടെ നിലവാരത്തിലേക്കു താഴെയിടും" കുറിക്കുകൊള്ളുന്ന ആക്ഷേപവും തരൂര്‍ കുറിച്ചിട്ടുണ്ട്.

ആരോഗ്യസുരക്ഷ എന്തെന്നു കേരളം യു.പിയെ കണ്ടുപഠിക്കണമെന്ന യോഗി ആദിത്യനാഥിന്‍റെ 2017 -ലെ പരാമര്‍ശവും തരൂര്‍ തന്‍റെ സന്ദേശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് നിയന്ത്രിക്കുന്നതില്‍ യു.പി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും കൈവരിച്ച നേട്ടങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു യോഗി ആദിത്യനാഥിന്‍റെ പ്രസ്താവന. ഇതിനെയെല്ലാം ഒറ്റ ട്വിറ്റര്‍ സന്ദേശത്തിലൂടെ പൊളിച്ചടുക്കുകയാണു തരൂര്‍.

ബി.ജെ.പി സര്‍ക്കാര്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ ചെറുതാക്കാനും ചരിത്രത്തില്‍ നിന്നും മായിച്ചുകളയാനും ആകുന്നതു ശ്രമിക്കുമ്പോഴും നെഹ്റുവിനെപ്പറ്റി പറയാനും കാമ്പുള്ള പുസ്തകങ്ങളെഴുതാനും ശശി തരൂര്‍ മുമ്പിലുണ്ടെന്ന കാര്യവും കൃത്യമായ വഴിയേ നടക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കറിയില്ലെന്നു തോന്നുന്നു.

ശശി തരൂരിനെതിരായ നീക്കത്തിന് ഹൈക്കമാന്‍റിന്‍റെ പിന്തുണയുമുണ്ടെന്ന് ചില പത്രങ്ങളില്‍ റിപ്പോര്‍ട്ടുകളുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം ഹൈക്കമാന്‍റ് എന്നാല്‍ കെ.സി വേണുഗോപാല്‍ തന്നെയാണ്.

നേതൃത്വത്തില്‍നിന്നു മാറി നില്‍ക്കുന്ന ഗ്രൂപ്പ് 22 -വിന് കെ.സി വേണുഗോപാലുമായി യോജിക്കാനാവാത്ത അകല്‍ച്ചയുണ്ടെന്ന കാര്യവും ശ്രദ്ധിക്കണം. രാഹുല്‍ ഗാന്ധിയോട് ഏറ്റവുമടുപ്പമുള്ള നേതാവാണ് വേണുഗോപാല്‍. വേണുഗോപാല്‍ ഉയര്‍ന്ന സ്ഥാനം വഹിക്കുന്നതും മാറി നില്‍ക്കുന്ന നേതാക്കള്‍ക്കിഷ്ടമല്ല. ഈ വിഭാഗത്തെ ഹൈക്കമാന്‍റ് തിരികെ കൊണ്ടുവന്നാല്‍ വേണുഗോപാലിന്‍റെ സ്ഥാനങ്ങള്‍ ചോദ്യം ചെയ്യപ്പെടാനും ഇടയുണ്ട്.

ശശി തരൂരിനെതിരെ കെ.പി.സി.സി അധ്യക്ഷന്‍ ആദ്യം കടുത്ത നിലപാടെടുക്കാതിരുന്നതും ദിവസങ്ങള്‍ക്കു ശേഷം നിലപാടു കടുപ്പിക്കുന്നതും സംശയമുണ്ടാക്കുന്നത് ഇതുകൊണ്ടാണ്. ഹൈക്കമാന്‍റിന്‍റെ പിന്തുണ കിട്ടിയതിനേ തുടര്‍ന്നാണിതെന്ന റിപ്പോര്‍ട്ടുകളുടെ പൊരുള്‍ ഇതുതന്നെ.

കെ. സുധാകരന്‍ പറയുന്ന കൃത്യമായ രാഷ്ട്രീയ വഴി ഏതാണ് ? തരൂരും കൂട്ടരും പറയുന്ന വഴിയേ തിരിയാന്‍ കഴിഞ്ഞില്ലെങ്കില്‍ കൂടുതല്‍ ദുരന്തമാകും കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത്.

Advertisment