Advertisment

സര്‍ക്കാര്‍ ഭാഗത്ത് കെ-റെയിലിന്‍റെ പ്രചാരണ നേതൃത്വം പിണറായിക്കുതന്നെ ! മറുവശത്ത് കെപിസിസിയും പ്രതിപക്ഷവും പരിസ്ഥിതിക്കാരും മറ്റു വിദഗ്ദ്ധരും. കെ-റെയില്‍ പദ്ധതിക്കനുകൂലമായും പ്രതികൂലമായും രണ്ടു വശത്തായി രണ്ടു നിര. കളം തയ്യാര്‍. ഇനി കാണാനിരിക്കുന്നത് കെ റെയില്‍ യുദ്ധമോ ? - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

കെ-റെയിലിന്‍റെ പേരില്‍ പോരു മുറുകുകയാണ്. ഒരു വശത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ സര്‍ക്കാരും ഭരണപക്ഷവം. മറുവശത്ത് കെ.പി.സി.സി നേതൃത്വവും പ്രതിപക്ഷവും. ഒപ്പം പരിസ്ഥിതിക്കാരും മറ്റു വിദഗ്ദ്ധരും.

നാലാം തീയതി കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്തു വിളിച്ചു കൂട്ടിയ കെ-റെയില്‍ വിശദീകരണ യോഗം ഒരു വിധത്തില്‍ ഒരു യുദ്ധപ്രഖ്യാപനം തന്നെയായി. സര്‍ക്കാര്‍ എന്തു പദ്ധതി കൊണ്ടുവന്നാലും അത് സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും പ്രശ്നങ്ങള്‍ കണക്കിലെടുത്തു കൊണ്ടുതന്നെയായിരിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. എല്ലാ ജില്ലകളിലും വിവിധ സംഘടനകളെയും പ്രമുഖ വ്യക്തികളെയും വിളിച്ചു ചേര്‍ത്തു ഇത്തരം സമ്മേളനം നടത്താനാണ് പരിപാടി.

മുഖ്യമന്ത്രിയുടെ യോഗങ്ങള്‍ക്കു ബദലായി പ്രാദേശിക യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ പ്രതിപക്ഷവും ഒരുങ്ങുകയാണ്. പദ്ധതിക്കെതിരെ കൊല്ലം, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ സ്ഥിരം സമരവേദികള്‍ തുടങ്ങുകയും ചെയ്യും. സില്‍വര്‍ ലൈന്‍ പദ്ധതി ചര്‍ച്ച ചെയ്യാന്‍ ഉടന്‍ നിയമസഭ വിളിച്ചുകൂട്ടണമെന്നും യു.ഡി.എഫ് നേതൃത്വം തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ഭാഗത്ത് കെ-റെയിലിന്‍റെ പ്രചാരണ നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഏറ്റെടുത്തു കഴിഞ്ഞു. തിരുവനന്തപുരത്തെ യോഗത്തില്‍ അദ്ദേഹത്തിന്‍റെ പ്രസംഗവും ആ വഴിക്കുതന്നെയായിരുന്നു. കേരളത്തില്‍ നടക്കില്ലെന്നു കരുതി കൈവിട്ട രണ്ടു കേന്ദ്ര പദ്ധതികള്‍ ഇടതുമുന്നണി സര്‍ക്കാരിന്‍റെ നിശ്ചയദാര്‍ഢ്യം മൂലം പൂര്‍ത്തിയാക്കിയ കാര്യം അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.

ഇതില്‍ ആദ്യത്തേത് ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയായിരുന്നു. ഒന്നാം പിണറായി സര്‍ക്കാര്‍ 2016 -ല്‍ അധികാരമേറ്റയുടനെ നേരിട്ട ഏറ്റവും പ്രധാന വെല്ലുവിളി. പ്രധാനമായും ചില തീവ്രവാദ സംഘടനകളുമായിരുന്നു ഗെയില്‍ പൈപ്പ് ലൈന്‍ വിരുദ്ധ സമരത്തിനെതിരെ സമര രംഗത്തുണ്ടായിരുന്നത്.

മുഖ്യമന്ത്രി സ്ഥാനമേറ്റ ശേഷം നടത്തിയ ആദ്യ ഡല്‍ഹി യാത്രയില്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച പിണറായി വിജയനോട് നരേന്ദ്രമോദി എടുത്തു പറഞ്ഞ വിഷയം കൊച്ചി-മംഗലാപുരം ഗെയില്‍ പൈപ്പ് ലൈനിന്‍റെ കാര്യം തന്നെയാണ്. കൊച്ചിയില്‍ നിന്ന് പാചക വാതകം മംഗലാപുരത്തെത്തിക്കാനുള്ള ഈ വലിയ പദ്ധതി വര്‍ഷങ്ങളായി മുടങ്ങി കിടക്കുകയായിരുന്നു. പദ്ധതി എത്രയും വേഗം പൂര്‍ത്തിയാക്കാമെന്ന് പ്രധാന മന്ത്രിക്ക് ഉറപ്പു നല്‍കിയാണ് മുഖ്യമന്ത്രി മടങ്ങിയത്.

ഭൂമിക്കടിയില്‍ ഏതു സമയത്തും പൊട്ടിത്തെറിക്കാവുന്ന ഒരു ബോംബായിരിക്കും ഗെയില്‍ പൈപ്പ് ലൈന്‍ എന്ന നുണ പ്രചാരണമാണ് സമരക്കാര്‍ വ്യാപകമായി അഴിച്ചുവിട്ടത്. സമരത്തെ ശക്തമായ ബലപ്രയോഗത്തിലൂടെ സര്‍ക്കാര്‍ നേരിട്ടു. സമരം പെട്ടെന്നു തന്നെ ഒതുങ്ങി. മാസങ്ങള്‍ കൊണ്ട് പൈപ്പ് ലൈന്‍ വഴി പാചക വാതകം നീങ്ങിത്തുടങ്ങുകയും ചെയ്തു.

തമിഴ് നാട്ടിലെ കൂടംകുളം പദ്ധതിയില്‍ നിന്നു കേരളത്തിലേയ്ക്കു വൈദ്യുതി കൊണ്ടുവരാനുള്ള പദ്ധതിയും ഇതുപോലെ മുടങ്ങികിടക്കുകയായിരുന്നു. മുഖ്യമന്ത്രി നേരിട്ടിടപെട്ട് പ്രതിഷേധം പറഞ്ഞു തീര്‍ത്തു. വളരെ വേഗം പണി തീര്‍ക്കുകയും ലൈനിലൂടെ വൈദ്യുതി എത്തിതുടങ്ങുകയും ചെയ്തു.

ഗെയില്‍ പൈപ്പ് ലൈനും കൂടംകുളം വൈദ്യുതി ലൈനുമാണ് മുഖ്യമന്ത്രിക്ക് പുതിയ ആത്മവിശ്വാസം നല്‍കുന്നത്. നിശ്ചയദാര്‍ഢ്യത്തോടെ ഇറങ്ങിയാല്‍ ഏതു പ്രതിസന്ധിയും മറികടന്ന് കെ-റെയില്‍ പദ്ധതിയും നടപ്പിലാക്കാമെന്ന് സര്‍ക്കാര്‍ കണക്കാക്കുന്നു.

പ്രതിപക്ഷം പക്ഷെ പദ്ധതിക്കെതിരെ സമരം പ്രഖ്യാപിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്ന കെ-റെയില്‍ പോലെയുള്ള പദ്ധതികളെ എതിര്‍ത്തില്ലെങ്കില്‍ അതു ഇടതുമുന്നണിക്കു വലിയ നേട്ടമുണ്ടാക്കി കൊടുക്കുമെന്ന് യു.ഡി.എഫ് ഭയപ്പെടുന്നു.

publive-image

തിരുവനന്തപുരത്തെ കെ-റെയില്‍ പ്രചാരണ യോഗത്തില്‍ അതു പ്രകടമായി. വ്യാപാരി വ്യവസായി ഏകോപന സമിതി, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് തുടങ്ങിയ പ്രമുഖ സംഘടനകളുടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. ടെക്നോപാര്‍ക്കില്‍ നിന്ന് ഒരു സംഘം തന്നെ എത്തിയിരുന്നു. ചെങ്ങന്നൂര്‍ വരെയുള്ള ജോലിക്കാര്‍ക്ക് ദിവസേന ടെക്നോപാര്‍ക്കില്‍ വന്നു ജോലി ചെയ്ത് മടങ്ങാനാവുമെന്ന് അവരുടെ പ്രതിനിധി ചൂണ്ടിക്കാട്ടി.

കെ-റെയിലിനെതിരെ പ്രതിപക്ഷത്തോടൊപ്പം ശാസ്ത്ര സാഹിത്യ പരിഷത്തിനേപ്പോലെ ചില സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ഇടതുപക്ഷത്തോടു ചേര്‍ന്നു നിന്നിരുന്ന ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ നിലപാട് പരിസ്ഥിതിയില്‍ മാത്രം ഊന്നിയുള്ളതല്ലെന്നും ശ്രദ്ധേയമാണ്.

പരിഷത്തിന്‍റെ പ്രധാന വാദം നിലവിലുള്ള റെയില്‍ പാതയുടെ തിരുവനന്തപുരം - കാസര്‍കോടു ലൈനില്‍ മൂന്നാമത്തെയും നാലാമത്തെയും ട്രാക്കുകള്‍ ബ്രോഡ് ഗേജില്‍ത്തന്നെ നിര്‍മിക്കുകയാണ് ഉചിതം എന്നതാണ്. ഇപ്പോള്‍ മുന്‍ഗണന നല്‍കേണ്ട പദ്ധതിയല്ല കെ-റെയില്‍ എന്നും ഇന്ത്യന്‍ റെയില്‍വേ ബ്രോഡ് ഗേജിലായതുകൊണ്ട് സ്റ്റാന്‍ഡേര്‍ഡ് ഗേജിലുള്ള കെ-റെയില്‍ നിര്‍മാണത്തോടു യോജിക്കാനാവില്ലെന്നും പരിഷത്തിന്‍റെ വാദങ്ങള്‍ നീളുന്നു.

പരിഷത്തിന്‍റെ വാദങ്ങളെയൊക്കെ ചവിട്ടി മെതിച്ച് കമ്യൂണിക്കേഷന്‍ വിദഗ്ദ്ധന്‍ പ്രേംകുമാര്‍ രംഗത്തുവന്നു. മൂന്നും നാലും ലൈനുകള്‍ റെയില്‍വേയ്ക്കു പണിയാനാവില്ലെന്ന കാര്യം കേന്ദ്രം തന്നെ അറിയിച്ചുകഴിഞ്ഞതല്ലേ എന്ന് പ്രേംകുമാറിന്‍റെ ഒരു ചോദ്യം. അങ്ങനെ ചെയ്താലും അതിനും വേണ്ടേ മണ്ണും കല്ലും മണലുമെന്ന് അടുത്ത ചോദ്യം. അങ്ങനെ ലൈന്‍ ഉണ്ടായാലും പരമാവധി രാജധാനി എക്സ്പ്രസിന്‍റെ വേഗതയല്ലേ കിട്ടൂ എന്ന് പിന്നെയും ചോദ്യം.

പരിഷത്ത് ഉന്നയിക്കുന്ന മുന്‍ഗണനാ പ്രശ്നത്തെ പ്രേംകുമാര്‍ നിശിതമായി പരിഹസിക്കുന്നു. അപ്പോള്‍ ഏതു പദ്ധതിക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്ന വിനീതമായ ചോദ്യമാണ് അദ്ദേഹം ഉന്നയിക്കുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് എപ്പോഴാണു മുന്‍ഗണന നല്‍കേണ്ടതെന്ന ഉപചോദ്യവും ഉന്നയിക്കുന്നുണ്ട് അദ്ദേഹം.

സ്റ്റാന്‍ഡേര്‍ഡ് ഗേജിനേപ്പറ്റി പരിഷത്ത് ഉന്നയിക്കുന്ന ചോദ്യത്തിനുമുണ്ട് കൃത്യമായ മറുചോദ്യം. അതിവേഗ തീവണ്ടികള്‍ ലോകമെങ്ങും ഓടുന്നത് സ്റ്റാന്‍ഡേര്‍ഡ് ഗേജിലല്ലേ എന്ന് പ്രേംകുമാര്‍ ചോദിക്കുന്നു. ഇന്ത്യയിലും എല്ലാ മെട്രോ തീവണ്ടികളും സ്റ്റാന്‍ഡേര്‍ഡ് ഗേജിലല്ലേ എന്ന് ഉപചോദ്യവും.

പരിഷത്ത് ഉന്നയിക്കുന്ന ഓരോ ചോദ്യത്തിനും പ്രേംകുമാറിന് കുറിക്കുകൊള്ളുന്ന മറുപടിയോ മറുചോദ്യമോ ഉണ്ട്. പ്രേംകുമാറിന്‍റെ വക ഒരു പൊളിച്ചടുക്കല്‍ തന്നെയാണിത്.

പ്രശസ്ത സാമ്പത്തിക വിദഗ്ദ്ധന്‍ ഡോ. കെ.പി. കണ്ണന്‍ രംഗത്തു വന്നത് സാമ്പത്തിക മേഖല കൈകാര്യം ചെയ്യുന്ന രീതിയെ വിമര്‍ശിച്ചുകൊണ്ടാണ്. സംസ്ഥാനം കടക്കെണിയിലാകുമെന്നു പലരും പറഞ്ഞു കഴിഞ്ഞിട്ടുള്ള പല്ലവി അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്യുന്നു.

പൊതു ഖജനാവു കാലിയാക്കി കടം വാങ്ങി ചെലവഴിക്കുന്ന ഒരു ശൈലിയാണ് കേരളത്തിലെ ഗവണ്‍മെന്‍റുകള്‍ കുറേ കാലമായി തുടരുന്നതെന്നാണ് അദ്ദേഹത്തിന്‍റെ ആക്ഷേപം.

ഖജനാവു കാലിയാക്കാനുള്ളതാണെന്നും അല്ലാതെ പണം സമ്പാദിച്ചു സൂക്ഷിച്ചു വെയ്ക്കാനുള്ളതല്ലെന്നുമുള്ള വാദവുമായി ശക്തമായി തിരിച്ചടിച്ചുകൊണ്ട് സാമ്പത്തിക വിഗ്ദ്ധനും മുന്‍ ധനകാര്യ മന്ത്രിയുമായ ഡോ. തോമസ് ഐസക്കും രംഗത്തു വന്നു. കോവിഡ് കാലത്ത് ജനം ആഹാരവും മരുന്നുമില്ലാതെ കഷ്ടപ്പെട്ടു കഴിഞ്ഞപ്പോള്‍ വിവിധ സംസ്ഥാനങ്ങള്‍ തങ്ങളുടെ ഖജനാവുകളില്‍ സൂക്ഷിച്ചുവെച്ചിരുന്ന പണം രണ്ടര ലക്ഷം കോടിയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതല്ല കേരളത്തിന്‍റെ നയമെന്ന് അദ്ദേഹം ഡോ. കെ.പി. കണ്ണനെ ഓര്‍മിപ്പിക്കുയും ചെയ്യുന്നു.

ഏറ്റവുമൊടുവിലിതാ മെട്രോമാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇ. ശ്രീധരനും രംഗത്ത്. കെ-റെയില്‍ പദ്ധതി വലിയ പരിസ്ഥിതി ദുരന്തം വരുത്തിവെയ്ക്കുമെന്നാണ് അദ്ദേഹത്തിന്‍റെ ആരോപണം. പാതയുടെ രണ്ടു ഭാഗത്തും സുരക്ഷാ ഭിത്തി കെട്ടുമ്പോള്‍ വെള്ളം ഒഴുക്കു തടസപ്പെടുത്തുമെന്നാണ് അദ്ദേഹത്തിന്‍റെ ആശങ്ക.

ഇങ്ങനെ സുരക്ഷാഭിത്തി കെട്ടുന്ന കാര്യം കെ-റെയില്‍ പദ്ധതിയുടെ നടത്തിപ്പുകാരാരും പറഞ്ഞിട്ടില്ലെന്ന കാര്യം ഓര്‍ക്കണം. പദ്ധതിയിലില്ലാത്ത കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്‍റെ ആരോപണങ്ങള്‍.

കെ-റെയില്‍ പദ്ധതിക്കനുകൂലമായും പ്രതികൂലമായും വാദഗതികള്‍ ഉയര്‍ന്നുകഴിഞ്ഞു. രണ്ടു വശത്തായി രണ്ടു നിര. രാഷ്ട്രീയം മാത്രമല്ല, പരിസ്ഥിതി, സാമ്പത്തികം തുടങ്ങി പല വിഷയങ്ങളും ഉയര്‍ന്നിരിക്കുന്നു. കളം തയ്യാര്‍. പോരു തുടങ്ങുകയായി.

Advertisment