/sathyam/media/post_attachments/nNLJJs7GIVjCkfsWRK75.jpg)
കലാലയത്തില്‍ വീണ്ടും കൊലപാതകം. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ഇടുക്കി പൈനാവ് എഞ്ചിനിയറിങ്ങ് കോളജിലാണ് ദാരുണമായ അരും കൊല നടന്നത്. കൊല്ലപ്പെട്ടത് തളിപ്പറമ്പു സ്വദേശി ധീരജ് രാജേന്ദ്രന്‍ എന്ന എസ്.എഫ്.ഐ പ്രവര്‍ത്തകന്‍. പോലീസ് പിടികൂടിയത് ഇടുക്കി വാഴത്തോപ്പ് മണ്ഡലം പ്രസിഡന്‍റ് നിഖില്‍ പൈലിയെ.
കേരളത്തിലെ എഞ്ചിനിയറിങ്ങ് കോളജുകളിലെല്ലാം നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി പൈനാവ് ഗവണ്‍മെന്‍റ് എഞ്ചിനിയറിങ്ങ് കോളജില്‍ നടന്ന തെരഞ്ഞെടുപ്പ് ഒരുമണിയോടെ അവസാനിച്ചിരുന്നു. ധീരജും സുഹൃത്തുക്കളും പുറത്തേക്കിറങ്ങിയപ്പോഴായിരുന്നു ആക്രമണം. നെഞ്ചിലേറ്റ കുത്തില്‍ സ്ഥലത്തു വെച്ചുതന്നെ മരിക്കുകയായിരുന്നു കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ ആ യുവാവ്. കൂടെയുണ്ടായിരുന്ന രണ്ടു വിദ്യാര്‍ത്ഥികള്‍ക്കും കുത്തേറ്റു.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോളജിനകത്തോ പരിസരത്തോ സംഘര്‍ഷമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം കമ്മിറ്റി പ്രസിഡന്‍റായ നിഖില്‍ പൈലി കോളജ് പരിസരത്തെത്തിയത് എന്തിനായിരുന്നുവെന്നത് ദുരൂഹമാണ്. എളിയില്‍ കത്തിയുണ്ടായിരുന്നുവെന്ന കാര്യം ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. എളിയില്‍ കത്തി ഒളിപ്പിച്ചുവെച്ചിരുന്നുവെന്നാണ് ധീരജിനോടൊപ്പമുണ്ടായിരുന്ന കുട്ടികള്‍ പറഞ്ഞത്.
പല കോളജുകളിലും തെരഞ്ഞെടുപ്പു വരുമ്പോള്‍ സംഘര്‍ഷമുണ്ടാവുക പതിവാണ്. ചെറിയ ഏറ്റുമുട്ടലുകളോടെ ഇതൊക്കെയും തീരുകയാണ് പതിവ്. എഞ്ചിനിയറിങ്ങ് കോളജുകളില്‍ ഇത്തരം സംഘര്‍ഷങ്ങള്‍ നടക്കാറുണ്ടെങ്കിലും വാശിയേറിയ ഏറ്റുമുട്ടലിലെത്താറില്ല.
തെരഞ്ഞെടുപ്പിന്‍റെ പേരിലുള്ള സംഘര്‍ഷമോ ഏറ്റുമുട്ടലോ കാമ്പസില്‍ ഉണ്ടായിട്ടില്ലെന്ന് പ്രിന്‍സിപ്പലും പറഞ്ഞു. കോളജില്‍ തെരഞ്ഞെടുപ്പു നടക്കുന്ന ദിവസം എളിയില്‍ പേനാക്കത്തിയും തിരുകി പ്രതി എത്തിയത് സ്വാഭാവികമായും സംശയമുണ്ടാക്കുന്നു. ആശങ്കയും.
പ്രവേശന പരീക്ഷ വഴിയാണ് എഞ്ചിനിയറിങ്ങ് കോളജുകളിലേയ്ക്കു പ്രവേശനം നടക്കുന്നത്. സ്വാഭാവികമായും കേരളത്തിലെ ഏറ്റവും പ്രഗത്ഭരായ വിദ്യാര്‍ത്ഥികള്‍ മാറ്റുരയ്ക്കുന്ന പരീക്ഷയാണിത്. അങ്ങനെ പൈനാവ് എഞ്ചിനിയറിങ്ങ് കോളജില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥിയാണ് രാഷ്ട്രീയത്തിന്‍റെ പേരില്‍ കൊലക്കത്തിക്കിരയായത്. ഇത് അത്ര ചില്ലറ കാര്യമല്ല തന്നെ.
നാലുവര്‍ഷം നീളുന്ന എഞ്ചിനിയറിങ്ങ് പഠനം ഒരു തപസ്യ തന്നെയാണ്. കേരളത്തിനും രാജ്യത്തിനും വേണ്ട എഞ്ചിനീയര്‍മാരെ സൃഷ്ടിക്കുന്ന മഹത് സ്ഥാപനങ്ങളാണ് എഞ്ചിനിയറിങ്ങ് കോളജുകള്‍. എഞ്ചിനിയറിങ്ങിനു ശേഷം ഐ.ഐ.എമ്മില്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും മാനേജ്മെന്‍റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചേര്‍ന്നു പഠിച്ച് മികച്ച ഉദ്യോഗങ്ങളിലേയ്ക്കു തിരിയുന്നവരും ഏറെ.
എഞ്ചിനിയറിങ്ങ് പാസായി വിദേശ രാജ്യങ്ങളില്‍ ഉന്നതമായ ജോലിക്കുപോകുന്നവരും ധാരാളമുണ്ട്. കേരളത്തിലെ മെച്ചപ്പെട്ട എഞ്ചിനിയറിങ്ങ് കോളജുകളില്‍ പഠിക്കുന്ന കുട്ടികളൊക്കെയും വലിയ സ്വപ്നം കണ്ടുതന്നെയാണ് പഠിക്കുന്നത്. എഞ്ചിനിയറിങ്ങ് പഠനം ഒരു വഴിത്തിരിവുതന്നെയാണ്.
വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ പേരില്‍ ഇത്രമാത്രം പകയും വൈരാഗ്യവുമുണ്ടാവാന്‍ എന്താണു കാരണം ? പ്രതി യൂത്ത് കോണ്‍ഗ്രസിന്‍റെ ഒരു പ്രധാന നേതാവാണെന്ന കാര്യവും ശ്രദ്ധേയമാണ്. കേരളത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും കൊലപാതകത്തെയോ സംഘട്ടനത്തെയോ പിന്താങ്ങുന്നുമില്ല. പിന്നെങ്ങനെ ഇതു സംഭവിച്ചു ?
/sathyam/media/post_attachments/e97kYBTTGjgTovaQDREh.jpg)
ജീവിതത്തിലെ പ്രധാന വഴിത്തിരിവിലെത്തിനില്‍ക്കുന്ന ഘട്ടത്തിലാണ് ധീരജിന്‍റെ ജീവന്‍ കൊലക്കത്തിക്കിരയായതെന്നത് ആരിലും വേദനയുണ്ടാക്കുന്ന കാര്യം തന്നെ. സാധാരണക്കാരായ മാതാപിതാക്കള്‍ക്കു തുണയാകേണ്ടയാള്‍. വലിയ കംപ്യൂട്ടര്‍ എഞ്ചിനീയറാകാന്‍ കൊതിച്ച യുവാവ്. ആ യുവാവിന്‍റെ എല്ലാ സ്വപ്നങ്ങളും ഒരു നിമിഷംകൊണ്ട് കൊലക്കത്തിയുടെ തുമ്പില്‍ പൊലിയുകയായിരുന്നു.
കൊലപാതകത്തില്‍ പ്രതിയായ യുവാവിന്‍റെ കാര്യമോ ? ഈ കൊലകൊണ്ട് അയാള്‍ എന്തെങ്കിലും നേടിയോ ? മുതിര്‍ന്നവര്‍ പറയുന്നതു കേട്ട് പേനാക്കത്തി അന്യന്‍റെ നെഞ്ചില്‍ തറയ്ക്കുന്നയാളിന്‍റെ മാനസികാവസ്ഥ നിര്‍വചിക്കാനാവില്ല.
എങ്കിലും അയാളുടെ ഭാവിയിലും ഇരുട്ടു വീണു കഴിഞ്ഞു. ഈ കേസിന്‍റെ നാള്‍വഴി നീണ്ടു നീണ്ടു പോകുമ്പോള്‍ അയാളുടെ യൗവനകാലമാവും കൊഴിഞ്ഞു പോവുക. അയാളുടെ കുടുംബത്തിന്‍റെ കാര്യമാണ് ഇതിലും കഷ്ടം.
കൊലപാതകിയായ മകന്‍റെ കേസിനു പണം കണ്ടെത്താനും അതിനു പുറകെ നടക്കാനും ഏറെ കഷ്ടപ്പെടേണ്ടിവരും പ്രതിയുടെ മാതാപിതാക്കളും ബന്ധുക്കളും. ആ കുടംബത്തിന്‍റെ ഭാവിയിലും ഇരുള്‍ പരന്നു കഴിഞ്ഞു.
ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ തന്നെയാണ് ശ്രമിക്കേണ്ടത്. അക്രമം. നടത്തുന്നവരെ, കൊല്ലുന്നവരെ പാര്‍ട്ടി സംരക്ഷിക്കുകയില്ലെന്നു വന്നാല്‍ ഇതുപോലെയുള്ള ഭീകര സംഭവങ്ങള്‍ ആവര്‍ത്തിക്കില്ല, തീര്‍ച്ച.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us