Advertisment

കേരള ജനതയും പൊതു സമൂഹവും ഈ വിധിയാണോ പ്രതീക്ഷിച്ചത് ? ഈ കേസ് ഇവിടെ തീരുന്നില്ല. നാട്ടിലെ പള്ളിയില്‍ കുര്‍ബാന അര്‍പ്പിച്ച് ബിഷപ്പ് കോടതി വിധി ആഘോഷിക്കട്ടെ - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

ജലന്ധര്‍ കത്തോലിക്കാ രൂപതയുടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റക്കാരനല്ലേ ? തന്നെ പല തവണ ബിഷപ്പ് ബലാല്‍സംഗം ചെയ്തുവെന്ന കന്യാസ്ത്രീയുടെ പരാതിയിന്മേല്‍ കോട്ടയം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ജി. ഗോപകുമാര്‍ പ്രതി കുറ്റക്കാരനല്ലെന്ന് വിധിച്ചു. ബിഷപ്പിനും കൂട്ടര്‍ക്കും അതിയായ സന്തോഷവും പരാതിക്കാരിയായ കന്യാസ്ത്രീക്കും സംഘത്തിനും അങ്ങേയറ്റം നിരാശയും ഉണ്ടാക്കിയ വിധി.

സെഷന്‍സ് കോടതി വിധി പ്രോസിക്യൂഷനെയും വളരെയധികം ഞെട്ടിച്ചു. ഒരു ബിഷപ്പ് കോടതി മുമ്പാകെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന കേസാണിത്. ബിഷപ്പിനു പിന്നില്‍ ഇന്ത്യയിലെ കത്തോലിക്കാ സഭ ഒന്നടങ്കം ഉറച്ചു നിന്നു. പ്രതിയുടെ സാമൂഹ്യ ബന്ധങ്ങളും സ്വാധീനവും എത്രയധികമെന്നു ശരിക്കും മനസിലാക്കിക്കൊണ്ടു തന്നെയാണ് പ്രോസിക്യൂഷന്‍ കേസുമായി മുന്നോട്ടു നീങ്ങിയത്.

കേരളം മുഴുവന്‍ ഉറ്റുനോക്കിക്കൊണ്ടിരുന്ന വിചാരണയായിരുന്നു ഇത്. ഒരു ബിഷപ്പിനെതിരെയാണ് കേസ് എന്നതു മാത്രമല്ല ഈ കേസിനെ ശ്രദ്ധേയമാക്കിയത്. പരാതിക്കാരി ഒരു കന്യാസ്ത്രീയാണെന്നതാണു പ്രധാന കാരണം.

അതുകൊണ്ടുതന്നെ പ്രോസിക്യൂഷന്‍ അതീവ ശ്രദ്ധയോടെയാണ് കേസിന്‍റെ ഓരോ ഘട്ടത്തിലും അദ്ധ്വാനിച്ചത്. ആകെയുണ്ടായിരുന്നത് 39 സാക്ഷികള്‍. ഇവരിലാരും കൂറുമാറാതെ കാത്തു സൂക്ഷിക്കുകയായിരുന്നു പ്രോസിക്യൂഷന്‍റെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി. ഒരു ഘട്ടത്തിലും ഒരു സാക്ഷിയും കൂറുമാറിയില്ല എന്നത് പ്രോസിക്യൂഷനെ സംബന്ധിച്ച് ഏറ്റവും വലിയ വിജയം.

പോലീസും അതുപോലെ തന്നെ ശുഷ്കാന്തി കാണിച്ചു. എസ്.പി ഹരിശങ്കറിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു അന്വേഷണ ചുമതല. ഒരു സാഹചര്യത്തിലും ജാഗ്രത വിടാതെ തന്നെയായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍ കേസിന്‍റെ ഓരോ കണ്ണിയും കൂട്ടിയിണക്കിയത്. പോലീസ് അന്വേഷണത്തില്‍ ഒരു പിഴവും പറ്റിയില്ല. ഒരു സാക്ഷിയും പ്രതിഭാഗം ചേര്‍ന്നില്ല. അത് പോലീസിന്‍റെയും വിജയമാണ്.

സാധാരണ ഗതിക്ക് താന്‍ ബലാല്‍സംഗം ചെയ്യപ്പെട്ടു എന്ന് ഒരു സ്ത്രീ കോടതിയില്‍ പരാതി ബോധിപ്പിച്ചാല്‍ അത് മുഖവിലയ്ക്കു തന്നെ സ്വീകരിക്കുക എന്നതാണ് ഇന്ത്യയിലെ കോടതികളുടെ പതിവ്. ഒരു സ്ത്രീയും സ്വന്തം കന്യകാത്വത്തിന്‍റെ പേരില്‍ വിലപേശാന്‍ തയ്യാറാവില്ലെന്ന സാമാന്യ ബോധത്തിലാണ് കോടതികളിലെ ഈ കീഴ്വഴക്കം.

ബലാല്‍സംഗക്കേസുകളില്‍ രാജ്യത്തെ കോടതികളൊക്കെയും ശക്തമായ നിലപാടുകള്‍ തന്നെയാണു സ്വീകരിച്ചിട്ടുള്ളത്. എന്നിട്ടും കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിട്ടതെന്തിന് ? എങ്ങനെ ? പല മാനങ്ങളുള്ളതാണ് ഈ ചോദ്യം. ഏഴ് കുറ്റങ്ങളാണ് പ്രോസിക്യൂഷന്‍ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ ഉന്നയിച്ചിട്ടുള്ളത്.

ഈ ഏഴ് കുറ്റാരോപണങ്ങളില്‍ ഒന്നുപോലും തെളിയിക്കാനുള്ള പ്രസക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ല എന്നു സാരം.

അപ്പോള്‍ പരാതിക്കാരിയുടെ മൊഴിയോ ? ഒമ്പത് ദിവസമാണ് കോടതിയില്‍ കന്യാസ്ത്രീയെ വിസ്തരിച്ചത്. കന്യാസ്ത്രീക്കനുകൂലമായ ഒരു തെളിവും കോടതിക്കു കിട്ടിയില്ലെന്നാണോ ? പ്രതിക്കനുകൂലമായി സംശയത്തിന്‍റെ ഒരാനുകൂല്യവും ഉണ്ടായിരുന്നില്ലെന്നാണോ ?

ബിഷപ്പ് ഫ്രാങ്കോ അങ്ങേയറ്റം ആഗ്രഹിച്ച വിധിയാവാം ഇത്. കത്തോലിക്കാ സഭയും ഇത് ഏറെ ആഗ്രഹിച്ചിരുന്നു. ദൈവത്തിന്‍റെ കോടതിയിലെ വിധി ഭൂമിയിലും നടപ്പിലായെന്നായിരുന്നു ബിഷപ്പ് ഫ്രാങ്കോയുടെ വാക്കുകള്‍. വിധികേട്ട് പൊട്ടിക്കരഞ്ഞുകൊണ്ട് ബിഷപ്പ് പറഞ്ഞ വാക്കുകള്‍.

കേരള ജനതയും പൊതു സമൂഹവും ഈ വിധിയാണോ പ്രതീക്ഷിച്ചത് ? തീര്‍ച്ചയായും അതായിരിക്കില്ല. വിചാരണ വേളയില്‍ കോടതി കണ്ടെത്തിയ സൂഷ്മമായ കാര്യങ്ങള്‍ ഈ കേസില്‍ വളരെ പ്രധാനമാണ്. അങ്ങേയറ്റം രഹസ്യമായി നടന്ന വിചാരണ വേളയില്‍ പത്രപ്രവര്‍ത്തകരെ എവിടെയും അടുപ്പിച്ചില്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു വിവരവും ലഭിച്ചിരുന്നില്ല.

ഈ കേസ് ഇവിടെ തീരുന്നില്ലെന്നതാണ് പ്രധാനം. അപ്പീല്‍ പോവുകയാണെന്ന് വാദിയുടെ സഹപ്രവര്‍ത്തക സിസ്റ്റര്‍ അനുപമയുടെ നേതൃത്വത്തിലുള്ള കന്യാസ്ത്രീ സംഘം ഉറപ്പിച്ചു പറയുന്നു. പ്രോസിക്യൂഷനും പൂര്‍ണ വിധി കൈയില്‍ കിട്ടാന്‍ കാക്കുകയാണ്.

എന്തായാലും തല്‍ക്കാലം ബിഷപ്പ് ഫ്രാങ്കോ ബലാല്‍സംഗക്കേസില്‍ പ്രതിയല്ലാതായിരിക്കുന്നു. നാട്ടിലെ പള്ളിയില്‍ കുര്‍ബാന അര്‍പ്പിച്ച് ബിഷപ്പ് കോടതി വിധി ആഘോഷിക്കുന്നു.

Advertisment