കേരളത്തില്‍ ആത്മീയ നേതൃത്വമുള്ള ഒരു പാര്‍ട്ടിയേ ഉള്ളു - ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് (ഐ.യു.എം.എല്‍). കാലങ്ങളായി മുസ്ലിം ലീഗിന് പാണക്കാട്ടെ തങ്ങള്‍ കുടുംബത്തില്‍ നിന്നാണ് പ്രസിഡന്‍റുമാര്‍ വരുന്നത്. പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ക്കു ശേഷം ലീഗ് നേതൃത്വത്തിലേയ്ക്ക് കടന്നു വരുന്നു, സെയ്ദ് സാദിഖലി ശിഹാബ് തങ്ങള്‍.
അന്തരിച്ച ഹൈദരാലി ശിഹാബ് തങ്ങള്‍ക്കു ശേഷം അദ്ദേഹത്തിന്‍റെ സഹോദരന്‍ സാദിഖലി തങ്ങള്‍ ലീഗ് നേതൃത്വം ഏറ്റെടുക്കുമ്പോള്‍ കനത്ത വെല്ലുവിളികളാണു മുമ്പിലുള്ളത്. അധികാരത്തിന്‍റെ ശീതളഛായയില്ലാതെ പൊരിവെയിലത്തു നില്‍ക്കുന്ന പാര്‍ട്ടിയും അണികളും തന്നെയാണു പ്രശ്നം.
യു.ഡി.എഫ് ഏറെ ക്ഷീണിച്ചിരിക്കുന്നു. യു.ഡി.എഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ ലീഗ് രാഷ്ട്രീയമായും ദുര്‍ബലമായിരിക്കുന്നു. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പിന്നെയും പിന്നെയും ക്ഷയിക്കുന്നതും ലീഗിനു ബുദ്ധിമുട്ടുണ്ടാക്കുന്നു.
പാണക്കാട് ശിഹാബ് തങ്ങളായാലും ഹൈദരാലി തങ്ങളായാലും ഇപ്പോള്‍ സാദിഖലി തങ്ങളായാലും തങ്ങള്‍ കുടുംബത്തില്‍ നിന്നു തന്നെയുള്ള വ്യക്തിയാവണം ലീഗിന്‍റെ തലപ്പത്തിരിക്കേണ്ടത് എന്നത് പാര്‍ട്ടിയുടെ ഒരു പാരമ്പര്യമാണ്. കേരളത്തിന്‍റെ പൊതു സമൂഹവും രാഷ്ട്രീയവും എന്നേ അത് അംഗീകരിച്ചു കഴിയുകയും ചെയ്തിരിക്കുന്നു.
ആത്മീയ പരിവേഷം തന്നെയാണ് തങ്ങള്‍മാരുടെയൊക്കെ മുഖമുദ്ര. മുസ്ലിം ലീഗാവട്ടെ, മുസ്ലിം സമുദായത്തില്‍ അധിഷ്ഠിതമായൊരു പാര്‍ട്ടിയുമാണ്. സ്വാഭാവികമായും ലീഗ് അണികള്‍ക്ക് ഇത് സന്തോഷകരമാണ്. ഒപ്പം തങ്ങളുടെ പ്രസിഡന്‍റ് പദവിക്ക് ഒരു ശക്തിയും. പാര്‍ട്ടി കനത്ത പ്രതിസന്ധിയിലെത്തുമ്പോഴൊക്കെ ലീഗ് നേതൃയോഗങ്ങള്‍ അന്തിമ തീരുമാനമെടുക്കാന്‍ പ്രസിഡന്‍റായിരിക്കുന്ന തങ്ങളെ ചുമതലപ്പെടുത്തുകയാണു പതിവ്.
ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയ്ക്ക് മുസ്ലിം ലീഗ് കേരളത്തില്‍ ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടു തുടങ്ങിയത് 1991 ലാണ്. ബാബറി മസ്ജിദിന്‍റെ പേരില്‍ സംഘപരിവാര്‍ സമ്മര്‍ദം മുറുകിയ സമയം. പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മൃദുസമീപനത്തില്‍ ലീഗ് അഖിലേന്ത്യാ പ്രസിഡന്‍റ് ഇബ്രാഹിം സുലൈമാന്‍ സേട്ട് പ്രതിഷേധം പ്രകടിപ്പിച്ചു തുടങ്ങി. ഇത് കേരളത്തിലെ യു.ഡി.എഫിന് ഭീഷണിയായി. കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കാന്‍ ലീഗ് ഒരുക്കമായിരുന്നില്ല. പക്ഷെ സേട്ടിന്‍റെ പ്രസംഗങ്ങള്‍ ലീഗ് അണികളില്‍ വിള്ളലുണ്ടാക്കി.
1992 ഡിസംബറില്‍ ബാബ്റി മസിജിദ് തകര്‍ത്തതിനേ തുടര്‍ന്ന് രാജ്യം മുഴുവന്‍ മുസ്ലിം സമുദായത്തില്‍ ആശങ്ക ഉയര്‍ന്നു. ഇബ്രാഹിം സുലൈമാന്‍ സേട്ട് കോണ്‍ഗ്രസ് വിരുദ്ധ നിലപാടു കടുപ്പിച്ചു. ലീഗ് നേതൃത്വം സേട്ടിനെ അഖിലേന്ത്യാ പ്രസിഡന്‍റു സ്ഥാനത്തുനിന്നു നീക്കി. സേട്ട് ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐ.എന്‍.എല്‍) രൂപീകരിച്ചു. ലീഗിന് കടുത്ത ഭീഷണിയായി ഐഎന്‍എല്‍ വളരുമെന്ന ആശങ്ക പരന്നു.
ബാബ്റി മസ്ജിദിന്‍റെ തകര്‍ച്ചയെ തുടര്‍ന്നാണ് മുസ്ലിം സമുദായത്തില്‍ ഐ.എസ്.എസ് എന്ന സംഘടന രൂപീകരിച്ചുകൊണ്ട് അബ്ദുള്‍ നാസര്‍ മഹ്ദനിയുടെ വരവ്. ഐ.എസ്.എസ് എന്നാല്‍ ഇസ്ലാമിക് സേവക് സംഘ് എന്നുതന്നെ. രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍.എസ്.എസ്) എന്ന പേരിനോടു സാമ്യം.
മഹ്ദനിയുടെ വരവ് മുസ്ലിം സമുദായത്തില്‍ വലിയ ചലനമുണ്ടാക്കി. പ്രത്യേകിച്ച് യുവാക്കളുടെയിടയില്‍. അതും ലീഗിനു ഭീഷണിയായി.
ഇക്കാലത്ത് ലീഗ് പ്രസിഡന്‍റായിരുന്ന പാണക്കാട്ടു ശിഹാബ് തങ്ങള്‍ തികഞ്ഞ സംയമനത്തോടെ പ്രശ്നങ്ങളെ നേരിട്ടു. സുലൈമാന്‍ സേട്ടിന്‍റെ ഭിഷണി ചില്ലറയായിരുന്നില്ല. ഐ.എന്‍.എല്ലിന്‍റെ വരവും ഒരു കൊടുങ്കാറ്റുപോലെയായിരുന്നു. പക്ഷെ ഒരു ശക്തിക്കും ലീഗിനെ തളര്‍ത്താന്‍ കഴിഞ്ഞില്ല. ശിഹാബ് തങ്ങള്‍ നേതൃത്വത്തില്‍ ഉറച്ചുതന്നെ ഇരുന്നു. തികഞ്ഞ സൗമ്യതയോടെ, വികാര പ്രകടനങ്ങളൊന്നുമില്ലാതെ, അങ്ങേയറ്റത്തെ മതേതര നിലപാടുമായി.
ഹൈദരാലി ശിഹാബ് തങ്ങളും അതേ നിലപാടു തുടര്‍ന്നു. അതേ സൗമ്യത, അതേ മതേതര ചിന്ത, അതേ സൗമ്യ ഭാഷണം. പാര്‍ട്ടിയില്‍ അന്തിമ തീരുമാനം ഹൈദരാലി ശിഹാബ് തങ്ങളുടേതായിരുന്നു. തര്‍ക്കങ്ങളുണ്ടാകുമ്പോള്‍, പ്രതിസന്ധികള്‍ കടുക്കുമ്പോള്‍ - എപ്പോഴും പാര്‍ട്ടി നേതൃത്വം ഹൈദരാലി ശിഹാബ് തങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചു. മൃദു ശബ്ദത്തിലുള്ള വാക്കുകള്‍ ലീഗ് എന്ന പാര്‍ട്ടിയില്‍ അവസാന വാക്കായി.
ഇനിയിപ്പോള്‍ ആ വാക്ക് സാദിഖലി ശിഹാബ് തങ്ങളുടേതാണ്. തുര്‍ക്കിയിലെ ഹാഗിയ സോഫിയ പള്ളിയുടെ കാര്യത്തില്‍ 'ചന്ദ്രിക' ദിനപത്രത്തിലെ ഒരു ലേഖനത്തില്‍ സാദിഖലി തങ്ങള്‍ നടത്തിയ പരാമര്‍ശം ക്രിസ്ത്യന്‍ സമുദായത്തെ നോവിച്ചു. ഇരു സമുദായങ്ങളും തമ്മില്‍ തര്‍ക്കങ്ങളുണ്ടായി. രണ്ടു ന്യൂനപക്ഷ സമുദായങ്ങളും യു.ഡി.എഫിലെ അടിസ്ഥാന ശക്തികളാണെന്ന കാര്യം സാദിഖലി തങ്ങളുടെ മുന്നിലെ വെല്ലുവിളിക്കു വലിയൊരു മാനം നല്‍കുന്നു.
അല്ലെങ്കില്‍ത്തന്നെ കേരള രാഷ്ട്രീയം എപ്പോഴും സംഘര്‍ഷ ഭരിതമാണ്. സംഭവബഹുലവുമാണ്. കലുഷിതമായ ഈ രാഷ്ട്രീയത്തേലേയ്ക്കാണ് സാദിഖലി തങ്ങള്‍ നേതാവായി വരുന്നത്. എക്കാലത്തും ലീഗിന് അടിസ്ഥാനമായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അടുത്തകാലത്ത് ലീഗില്‍ നിന്നകന്നതും വലിയൊരു പ്രശ്നം തന്നെയാണ്.
ഒരാളുടെ നേതൃഗുണവും പ്രതിഭയും മനസിലാക്കാന്‍ കഴിയുക ഒരു നേതൃസ്ഥാനത്തെത്തുമ്പോഴാണ്. കേരളത്തിലെ പൊതു സമൂഹത്തിന്‍റെ മുഖ്യധാരയിലെ പ്രധാന പാര്‍ട്ടികളിലൊന്നായ മുസ്ലിം ലീഗിന്‍റെ തലപ്പത്തെത്തിയിരിക്കുന്ന സാദിഖലി തങ്ങള്‍ക്ക് സ്വന്തം കഴിവും മികവും സംയമനവും തെളിയിക്കാനുള്ള അവസരമാണു കൈവന്നിരിക്കുന്നത്. മുന്‍ഗാമികളുടെ പാത അതേപടി പിന്‍തുടരുകയേ വേണ്ടൂ ഈ സ്ഥാനത്തു വിജയം കൈവരിക്കാന്‍.
-ചീഫ് എഡിറ്റര്‍