ആരുടെ സമരവും കേരളത്തില്‍ വിജയിക്കും. അത് കേരളത്തിലേ വിജയിക്കൂ. സെക്രട്ടേറിയറ്റിലെ 4800 ജീവനക്കാരില്‍ 32 പേര്‍ മാത്രമാണ് തിങ്കളാഴ്ച ജോലിക്കെത്തിയത്. പണി മുടക്കിയ സംഘടിത തൊഴിലാളി വര്‍ഗത്തിന്‍റെ സ്ഥിതിയല്ല ദിവസ വേതനക്കാരുടേത്. നിങ്ങള്‍ക്ക് ഒന്നാം തീയതി ഫുള്‍ ശമ്പളം. ദിവസക്കൂലിക്കാര്‍ക്ക് അതൊരിക്കലും നികത്താനാവാത്ത നഷ്ടമാണ്. ആഹ്വാനം ചെയ്യുന്നവര്‍ ഒരു നിമിഷം ചിന്തിക്കണം - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

രണ്ടു ദിവസത്തെ ദേശീയ പണിമുടക്ക് കേരളത്തില്‍ വലിയ വിജയമായി. പത്രഭാഷയില്‍ പറഞ്ഞാല്‍ ജനജീവിതം പാടേ സ്തംഭിച്ചു. ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ ഓടിയില്ല, ഓട്ടോറിക്ഷകളും ടാക്സികളും നിശ്ചലമായി, എന്നിങ്ങനെ തലക്കെട്ടുകള്‍ ഇഷ്ടം പോലെ.

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ബി.എം.എസ് ഒഴികെ രാജ്യത്തെ തൊഴിലാളി യൂണിയനുകളൊക്കെയും ചേര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിലാളി വരുദ്ധ നടപടികള്‍ക്കെതിരെ തിങ്കളാഴ്ച തുടങ്ങിയ രണ്ടു ദിവസത്തെ സമരം കേരളത്തില്‍ വന്‍ വിജയമാഎന്നത് എടുത്തു പറയേണ്ട കാര്യമല്ല. ഏതു സമരവും കേരളത്തില്‍ വിജയിക്കും. ആരുടെ സമരവും വിജയിക്കും. അതു കേരളത്തിലേ വിജയിക്കൂ. കേരളത്തില്‍ മാത്രം.

ഇതു സംഘടിത തൊഴിലാളി വര്‍ഗത്തിന്‍റെ വിജയമാണ്. തൊഴിലാളികളുടെ സംഘടിത ശേഷി കൊണ്ടു വിജയിക്കുന്ന സമരങ്ങള്‍. സെക്രട്ടേറിയറ്റില്‍ ജോലി ചെയ്യുന്ന 4800 -ലേറെ വരുന്ന ജീവനക്കാരില്‍ 32 പേര്‍ മാത്രമാണ് തിങ്കളാഴ്ച ജോലിക്കെത്തിയത്. ബാക്കിയെല്ലാവരും പണിമുടക്കില്‍ പങ്കെടുത്ത് വീട്ടിലിരുന്നു.

publive-image

ചിലര്‍ ഞായറാഴ്ച ഉള്‍പ്പെടെ മൂന്നു ദിവസം അവധി കിട്ടിയ തക്കത്തിന് നാട്ടില്‍ പോയി. ഇനിയും ചിലര്‍ കുടുംബ സമേതം അയല്‍ സംസ്ഥാനങ്ങളിലേക്ക് വിനോദയാത്ര തിരിച്ചു. ഇവര്‍ക്കൊക്കെയും ഒന്നാം തീയതി ഈ മാസത്തെ ശമ്പളം മുഴുവനും കിട്ടും. അണ പൈസ തെല്ലും കുറയാതെ.

രണ്ടര വര്‍ഷത്തിലേറെക്കാലം നീണ്ടു നിന്ന കൊറോണയുടെ പിടിയില്‍ നിന്നു മോചനം നേടി തുടങ്ങിയതേയുള്ളു കേരളം. തകര്‍ന്ന വ്യാപാര മേഖല ഇനിയും കാര്യമായി ഉണര്‍ന്നിട്ടില്ല. ടൂറിസം മേഖലകളില്‍ രണ്ടു വര്‍ഷമായി തുടരുന്ന സ്തംഭനാവസ്ഥ ഇനിയും തുടരുന്നു.

കോവിഡ് പാടേ തകര്‍ത്ത മേഖലകളൊന്നും കരകയറിയിട്ടില്ല. ഇവിടെ ജോലി ചെയ്യുന്ന ലക്ഷക്കണക്കിനു തൊഴലാളികള്‍ കൊറോണ വിട്ടകന്നതു പ്രതീക്ഷയോടെ കണ്ടിരുന്നപ്പോഴാണ് രണ്ടു ദിവസത്തെ പണിമുടക്ക്. ഞായറാഴ്ചകൂടിയാകുമ്പോള്‍ ഫലത്തില്‍ മുടങ്ങുന്നത് മൂന്നു ദിവസം.

publive-image

പണിമുടക്കുന്ന തൊഴിലാളികളില്‍ ബഹുഭൂരിപക്ഷം പേരും മാസശമ്പളം പറ്റുന്നവരാണ് യൂണിയനുകള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളും ന്യായം തന്നെ. പക്ഷെ പണിമുടക്ക് താഴേക്കിടയിലുള്ള തൊഴിലാളികളുടെ രണ്ടും മൂന്നും ദിവസങ്ങളിലെ വരുമാനം അപ്പാടേ ഇല്ലാതാക്കുന്നതിനേപ്പറ്റി സംഘടിത തൊഴിലാളി യൂണിയനുകള്‍ക്ക് എന്തു പറയാനുണ്ട് ?

വീട്ടുജോലിക്കാരുടെ കാര്യം മാത്രം ഉദാഹരണം. തിരുവനന്തപുരം നഗരത്തില്‍ ഉദ്യോഗസ്ഥരുടെയും വ്യാപാരികളുടെയും ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെയും മറ്റും വീടുകളില്‍ ജോലിചെയ്യുന്ന ആയിരക്കണക്കിനു വനിതകളുണ്ട്.

മലയിന്‍കീഴ്, പൊന്‍മുടി, കാട്ടാക്കട എന്നിങ്ങനെ നഗരത്തിനു ചുറ്റുമുള്ള ഗ്രാമങ്ങളില്‍ നിന്നു ദിവസേന ബസില്‍ യാത്രചെയ്ത് വീട്ടുജോലി ചെയ്തു വൈകുന്നേരത്തോടെ മടങ്ങുന്നവരാണിവര്‍.

അസംഘടിതരാണ് വീട്ടു ജോലിക്കാര്‍. കുഞ്ഞുങ്ങള്‍ക്ക് ആഹാരം കൊടുക്കാനും വീട്ടു ചലവു നടത്താനും ഏറെ കഷ്ടപ്പെടുന്നവര്‍. മിക്ക വീടുകളിലും ഭര്‍ത്താക്കന്മാര്‍ മദ്യപരായിരിക്കും. ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിച്ച സ്ത്രീകളും ഇവരില്‍ ധാരാളം പേരുണ്ട്.

ദിവസം 350 - 400 രൂപയാണ് ഇവരുടെ ശമ്പളം. രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറുവരെയാണ് സാധാരണ ജോലി സമയം. രണ്ടു ദിവസം ജോലി ചെയ്തില്ലെങ്കില്‍ ഇവര്‍ക്കുണ്ടാവുന്ന നഷ്ടം വലുത് ?

ഒരു ആശാരിക്കോ മേസ്തിരിക്കോ ദിവസം 1200 രൂപാ വരെ കൂലികിട്ടും. കേരളത്തില്‍ ഇത്തരം ജോലി ചെയ്യുന്നവര്‍ പതിനായിരങ്ങള്‍ വരും. കര്‍ഷക തൊഴിലാളികളും വിവിധങ്ങളായ മറ്റു തൊഴിലുകള്‍ ചെയ്യുന്നവരും വേറെ. ഇവരുടെയെല്ലാം രണ്ടു ദിവസത്തെ ശമ്പളം എന്നത്തേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു.

ഇതൊന്നും സംഘടിത തൊഴിലാളി സംഘടനകള്‍ക്കോ അവരുടെ നേതാക്കള്‍ക്കോ മനസിലാവുന്ന കണക്കല്ല. ഒരു ദിവസക്കൂലിക്കാരന്‍റെ ഒരു ദിവസത്തെ ശമ്പളം നഷ്ടപ്പെട്ടാല്‍ അതയാളുടെ ജീവിതത്തില്‍ത്തന്നെ ഉണ്ടാവുന്ന നഷ്ടമാണ്. എന്നന്നേക്കുമായുള്ള നഷ്ടം. ഒരിക്കലും നികത്താനാവാത്ത നഷ്ടം.

ജോലി ചെയ്ത് ആ കാശു വീണ്ടും ഉണ്ടാക്കാനാവാത്തവണ്ണം കൈവിട്ടു പോവുകയാണ് ആ കൂലി. അതാണ് സംഘടിത തൊഴിലാളി വര്‍ഗം രണ്ടു ദിവസത്തെ സമരത്തിലൂടെ നശിപ്പിച്ചിരിക്കുന്നത്.

സ്വന്തം തട്ടുകട നടത്തുന്നവര്‍, ഭാര്യയും ഭര്‍ത്താവുമൊത്ത് ചെറിയ ഹോട്ടലുകള്‍ നടത്തുന്നവര്‍, കൈത്തൊഴില്‍ ചെയ്തു ജീവിക്കുന്നവര്‍, ഓട്ടോറിക്ഷാ തൊഴിലാളികള്‍, ജീവിതം ഒരു കരയ്ക്കടുപ്പിക്കാന്‍ പെടാപാടുപെടുന്നവര്‍ അനേകരുണ്ട് കേരളത്തില്‍. അവര്‍ക്കൊക്കെയും രണ്ടു ദിവസത്തെ കൂലി നഷ്ടമായി. ഒരിക്കലും തിരിച്ചു പിടിക്കാനാവാത്ത നഷ്ടം.

കേരളീയരുടെ പൊതു ജീവിത നിലവാരം വികസിത രാജ്യങ്ങളിലേതു പോലെയാണെങ്കിലും വ്യക്തികളുടെയും കുടുംബങ്ങളുടെയും സാമ്പത്തിക ഭദ്രത ഒട്ടും മെച്ചപ്പെട്ടതല്ലെന്നോര്‍ക്കണം. കേരളത്തിലെ സാധാരണ തൊഴിലാളിയുടെ ആളോഹരി വരുമാനം തീരെ കുറവാണ്. ചെലവോ, വളരെ കൂടുതലും.

ഇടത്തരം കുടുംബത്തിലാണെങ്കിലും ആര്‍ക്കെങ്കിലുമൊരാള്‍ക്ക് കാന്‍സര്‍ പോലൊരു മഹാരോഗം പിടിപെട്ടാല്‍ കുടുംബം ആന്ധകാരത്തിലായിപ്പോകും. ഒരു പ്രകൃതിക്ഷോഭം വന്നാല്‍പ്പോലും വീട്ടുകാര്‍ പട്ടിണിയിലാവും.

കുട്ടികളുടെ പഠിത്തം, ചികിത്സ, വസ്ത്രം, പാര്‍പ്പിടം... ഓരോ കുടുംബത്തിന്‍റെയും ആവശ്യങ്ങളുടെ പട്ടിക നീണ്ടതാണ്. വരുമാനം തീരെ തുഛവും. അവരുടെയൊക്കെ രണ്ടു ദിവസത്തെ തുഛമായ വരുമാനമാണ് പണിമുടക്കു തട്ടിയെടുക്കുന്നത്. നേതാക്കള്‍ ഒരു നിമിഷം ചിന്തിക്കുമോ ?

ഇതെഴുതിക്കഴിഞ്ഞപ്പോഴേക്കും ഹൈക്കോടതി ഉത്തരവ് വന്നു. ചീഫ് സെക്രട്ടറി അതനുസരിച്ച് ഉദ്യോഗസ്ഥരോട് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. നാളെ ചൊവ്വാഴ്ച കടകള്‍ തുറക്കാനും തീരുമാനമായി. ഇതില്‍നിന്നു തന്നെ മനസിലാകും കേരളം ഈ സമരത്തില്‍ എന്തുമാത്രം എരിഞ്ഞ് അമര്‍ന്നു എന്ന്.

-ചീഫ് എഡിറ്റര്‍

Advertisment