സിപിഎം ഏറെ ദുര്‍ബലമായിട്ടുള്ളത് എറണാകുളം ജില്ലയാണ് ! അടവുകള്‍ പലതു പയറ്റിയിട്ടും എറണാകുളം സിപിഎമ്മിനു വഴങ്ങിയിട്ടില്ല. സിപിഎം കണക്കുകള്‍ കൂട്ടിയും കുറച്ചും തന്ത്രങ്ങള്‍ മെനയുകയാണ് ! മനുഷ്യ ഹൃദയത്തിന്‍റെ ഉള്ളറകളിലേയ്ക്ക് കടന്നു ചികിത്സിക്കാന്‍ കഴിവും മികവും നേടിയ ഡോ. ജോ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കിയതും നീണ്ട കണക്കു കൂട്ടലിനു ശേഷമാണെന്നതു വ്യക്തം. തൃക്കാക്കരയിലെ കണക്കുകള്‍ പറയുന്നത് - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

തൃക്കാക്കരയില്‍ കൗതുകമുയര്‍ത്തുന്ന പോരാട്ടം. ഒരു വശത്ത് മുന്‍ എം.എല്‍.എ പി.ടി തോമസിന്‍റെ ഭാര്യ ഉമാ തോമസ്. എതിര്‍ക്കാന്‍ ഇടതുമുന്നണി നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥി പ്രശസ്ത ഹൃദ്രോഗ വിദഗ്ദ്ധന്‍ ഡ‍ോ. ജോ ജോസഫ്.

തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം തന്നെ ഉമാ തോമസിനെ സ്ഥാനാര്‍ത്ഥിയാക്കി ഒരു പടി മുന്നിലെത്താന്‍ കോണ്‍ഗ്രസിനു കഴിഞ്ഞുവെങ്കില്‍ സി.പി.എം തുടക്കത്തില്‍ തെല്ലു പതറി. ആദ്യം കേട്ട പേരുവെച്ച് പ്രവര്‍ത്തകര്‍ ചുവരെഴുത്തു തുടങ്ങിയെങ്കിലും അരുണ്‍ കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയിട്ടില്ലെന്നു മുതിര്‍ന്ന നേതാക്കള്‍ക്കു തന്നെ അറിയിക്കേണ്ടി വന്നു.

അവസാനം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് പാര്‍ട്ടി നഗരത്തിലെ ലിസി ആശുപത്രിയിലെ പ്രമുഖ ഹൃദ്രോഗ വിദഗ്ദ്ധനായ ഡോ. ജോ ജോസഫിന്‍റെ പേരു പുറത്തു വിട്ടത്. സര്‍ജന്‍റെ വേഷത്തില്‍ത്തന്നെ ഡോ. ജോ മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോള്‍ ജനങ്ങള്‍ അന്തം വിട്ടു ടെലിവിഷന്‍ സ്ക്രീനുകള്‍ക്കു മുന്നില്‍ കൂടി.

എന്താണു സി.പി.എം മുന്നോട്ടുവെയ്ക്കുന്ന രാഷ്ട്രീയം ? എക്കാലവും സി.പി.എമ്മിനു ബാലികേറാ മലയായിരുന്നു എറണാകുളം ജില്ല. ജില്ലയിലെ ഹൃദയ സ്ഥാനമാണ് തൃക്കാക്കരയ്ക്കുള്ളത്. ജില്ലയുടെ ഹൃദയം പിടിക്കാന്‍ പ്രമുഖ ഹൃദ്രോഗ വിദഗ്ദ്ധനെത്തന്നെ കൊണ്ടു വരികയാണ് സി.പി.എം.

കേരളത്തിന്‍റെ രാഷ്ട്രീയം ജില്ലാടിസ്ഥാനത്തില്‍ നോക്കിയാല്‍ സി.പി.എമ്മിന്‍റെ ശക്തി എത്രയുണ്ടെന്നറിയാനാവും. സി.പി.എം ഏറെ ദുര്‍ബലമായിട്ടുള്ളത് എറണാകുളം ജില്ലയാണ്. അടവുകള്‍ പലതു പയറ്റിയിട്ടും എറണാകുളം സി.പി.എമ്മിനു വഴങ്ങിയിട്ടില്ല. കേരളത്തിന്‍റെ വാണിജ്യ തലസ്ഥാനമാണ് എറണാകുളം എന്നോര്‍ക്കുക.

പത്തനംതിട്ട, തൃശൂര്‍ ജില്ലകള്‍ മുമ്പ് ഇതുപോലെയായിരുന്നു. ഇടതുപക്ഷത്തെ അങ്ങനെയങ്ങു വരവേല്‍ക്കാന്‍ കൂട്ടാക്കാതിരുന്ന ജില്ലകള്‍. രണ്ടു ജില്ലകളിലും സി.പി.എം ആഞ്ഞു പണിയെടുത്തു. രണ്ടിടത്തും ഇടതിനു വന്‍ നേട്ടം.

പത്തനംതിട്ട ജില്ലയില്‍ ആകെ നിയമസഭാ സീറ്റുകള്‍ അഞ്ചെണ്ണം. അഞ്ചും ഇന്ന് ഇടതു മുന്നണിയുടെ കീശയില്‍. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും തുടര്‍ച്ചയായി.

എന്നിട്ടും എറണാകുളം പിടികൊടുത്തില്ല. ഇന്നിപ്പോള്‍ തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പു വരുമ്പോള്‍ സി.പി.എം പുതിയ പരീക്ഷണത്തിലാണ്. മധ്യ തിരുവിതാംകൂറിലെ പ്രധാന ആശുപത്രികളിലൊന്നായ ലിസി ആശുപത്രിയിലെ പ്രമുഖ ഹൃദ്രോഗ വിദഗ്ദ്ധന്‍ ഡോ. ജോ ജോസഫ് സ്ഥാനാര്‍ത്ഥിയായി വരുമ്പോള്‍ അതിനു പിന്നില്‍ സി.പി.എമ്മിന്‍റെ രാഷ്ട്രീയ പരീക്ഷണങ്ങളില്ലേ എന്ന ചോദ്യം സ്വാഭാവികം. സോഷ്യല്‍ എഞ്ചിനീയറിങ്ങ് കേന്ദ്രീകരിച്ചുള്ള തന്ത്രങ്ങളുമില്ലേ എന്ന ഉപചോദ്യവും.

കാലങ്ങളായി ക്രിസ്ത്യന്‍ സമുദായമാണ് കോണ്‍ഗ്രസിന്‍റെ അടിസ്ഥാനം. തൃശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട, ഇടുക്കി എന്നീ മേഖലകള്‍ എപ്പോഴും കോണ്‍ഗ്രസിനു ശക്തി പകര്‍ന്നുകൊണ്ടിരുന്നു. അതുവഴി ഐക്യ ജനാധിപത്യ മുന്നണിക്കും.

കുറെ വര്‍ഷങ്ങളായി ക്രിസ്ത്യന്‍ മനസ് ഇടത്തോട്ടു ചരിയുന്നു. തൃശൂരിലും പത്തനംതിട്ടയിലും ഇതു പ്രകടമായിരിക്കുന്നു. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ഇടതു പക്ഷത്തേക്കു നീങ്ങിയത് കോട്ടയത്തു വലിയ രാഷ്ട്രീയ മാറ്റമുണ്ടാക്കി. അതും ഇടതിനനുകൂലമായി. ഭരണത്തുടര്‍ച്ചയുമായി പിണറായി വിജയന്‍ വീണ്ടും മുഖ്യമന്ത്രി പദത്തിലെത്തുകയും ചെയ്തു. മുസ്ലിം സമുദായത്തിലുമുണ്ട് മാറ്റങ്ങള്‍ ഏറെ.

ഈ എഞ്ചിനീയറിങ്ങ് പാഠമാണോ സി.പി.എം തൃക്കാക്കരയില്‍ പുറത്തെടുത്തിരിക്കുന്നതെന്നാണു ചോദ്യം. കോണ്‍ഗ്രസില്‍ എ.കെ ആന്‍റണി പ്രായാധിക്യം മൂലം സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നു പിന്‍വാങ്ങിയിരിക്കുന്നു. ഉമ്മന്‍ ചാണ്ടി ക്ഷീണിതന്‍. പി.സി ചാക്കോ നേരത്തെ തന്നെ കോണ്‍ഗ്രസ് വിട്ട് എന്‍.സി.പിയില്‍ ചേര്‍ന്നു.

പത്തനംതിട്ട ജില്ലയില്‍ നീണ്ട കാലം കോണ്‍ഗ്രസിന്‍റെ കോട്ട കാത്ത പീലിപ്പോസ് തോമസ് ഇന്നു സി.പി.എം നേതാവാണ്. പ്രൊഫ. പി.ജെ കുര്യന്‍ നേതൃത്വത്തിനെതിരെ ശക്തമായ വിമര്‍ശനമുന്നയിച്ച് ഇടറി നില്‍ക്കുന്നു. എല്ലാറ്റിനുമപ്പുറത്ത് പ്രൊഫ. കെ.വി തോമസ് ഐ.ഐ.സി.സി അംഗമായി തുടരുന്നുവെങ്കിലും വികസന രാഷ്ട്രീയത്തിനു വേണ്ടി പ്രത്യേക നിലപാടെടുക്കാന്‍ തൃക്കാക്കരയില്‍ ഒരുങ്ങി നില്‍ക്കുന്നു.

സി.പി.എം കണക്കുകള്‍ കൂട്ടിയും കുറച്ചും തന്ത്രങ്ങള്‍ മെനയുകയാണ്. മനുഷ്യ ഹൃദയത്തിന്‍റെ ഉള്ളറകളിലേയ്ക്ക് കടന്നു ചികിത്സിക്കാന്‍ കഴിവും മികവും നേടിയ ഡോ. ജോ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കിയതും നീണ്ട കണക്കു കൂട്ടലിനു ശേഷമാണെന്നതു വ്യക്തം.

-ചീഫ് എഡിറ്റര്‍

Advertisment