സ്വര്‍ണക്കടത്തു കേസിലെ രണ്ടാം പ്രതി സ്വപ്നാ സുരേഷ് തീ കത്തുന്ന ആരോപണങ്ങളുമായി വീണ്ടും രംഗത്ത്. തനിക്കെതിരെ ചുമത്തിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍, മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ എന്നിങ്ങനെ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്‍റെ ഓഫീസിനെ ഉന്നതര്‍ക്കുമെതിരെയാണ് ഇത്തവണ ആരോപണങ്ങളുടെ മുന നീളുന്നത്.
ഒന്നാം പിണറായി സര്‍ക്കാരിനെ ഏറെ വേട്ടയാടിയ സ്വര്‍ണക്കടത്തു കേസ് പുതിയ രൂപത്തില്‍ ആഞ്ഞടിക്കുകയാണ്. സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസനും പങ്ക് എന്നായിരുന്നു അന്നു ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്‍റെയും ആരോപണം.
ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ ദിവസേന ആരോപണങ്ങളുമായി രംഗത്തെത്തി. സുരേന്ദ്രന്‍ ആരോപണങ്ങളുന്നയിക്കുന്നതിനു പിന്നാലേ അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപണങ്ങളുമായി മുന്നോട്ടുവരിക പതിവായി.
ശക്തനായി ഉറച്ചുനിന്നുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ ആരോപണങ്ങളെയൊക്കെ അന്നു നേരിട്ടത്. സ്വര്‍ണക്കടത്തു സംബന്ധിച്ച കാര്യങ്ങളൊക്കെയും കേന്ദ്ര ഏജന്‍സികളെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമായിത്തന്നെ കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെടുകയും ചെയ്തു.
പിന്നെ കേന്ദ്ര ഏജന്‍സികളുടെ വ്യാപകമായ അന്വേഷണമായി കേരളത്തില്‍. സ്വര്‍ണക്കടത്തും ഡോളര്‍ കടത്തും എന്തിന് റംസാന്‍ കാലത്തു വിതരണം ചെയ്യാന്‍ കൊണ്ടുവന്ന ഖുറാനില്‍ സ്വര്‍ണം ഒളിപ്പിച്ചിരുന്നുവെന്ന ആരോപണം പോലും കേന്ദ്ര ഏജന്‍സികള്‍ വശദമായിത്തന്നെ അന്വേഷിച്ചു. ശിവശങ്കറിനെ നാടകീയമായി അറസ്റ്റ് ചെയ്തു. മൂന്നുമാസത്തോളം കാലം ജെയിലിലിട്ടു.
ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനെയും അന്വേഷണ ഏജന്‍സികള്‍ പ്രതിക്കൂട്ടിലാക്കി. അദ്ദേഹത്തിന്‍റെ വരുമാനവും സമ്പത്തുമൊക്കെയും പരിശോധിച്ചു. എം.എല്‍.എ എന്ന നിലയ്ക്കും മന്ത്രിയെന്ന നിലയ്ക്കുമുള്ള വരുമാനമല്ലാതെ ചില്ലിക്കാശുപോലും ജലീലിന്‍റെ ബാങ്ക് അക്കൗണ്ടിലേയ്ക്കു വന്നിട്ടില്ലെന്ന് ഏജന്‍സികള്‍ സ്ഥിരീകരിച്ചു. അദ്ദേഹത്തിന്‍റെ ഭാര്യയ്ക്ക് സ്കൂള്‍ അധ്യാപിക എന്ന നിലയ്ക്കുള്ള വരുമാനം മാത്രമേ കിട്ടിയിട്ടുള്ളുവെന്നും ഉദ്യോഗസ്ഥര്‍ക്കു ബോധ്യമായി.
ക്രമേണ എല്ലാ അന്വേഷണങ്ങളുടെയും മൂര്‍ച്ച കുറഞ്ഞുവന്നു. ശിവശങ്കറും സ്വപ്നാ സുരേഷും ജയില്‍ വിമോചിതരായി. സ്വര്‍ണക്കടത്തു കേസ് ഒന്നുമല്ലാതായി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പിന്നാലേ വന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതുപക്ഷം വന്‍ വിജയം നേടി. പിണറായി വിജയന്‍ ഭരണത്തുടര്‍ച്ച നേടി രണ്ടാമതും മുഖ്യമന്ത്രിയായി.
ഇനിയിപ്പോള്‍ സ്വപ്നാ സുരേഷിന്‍റെ പുറപ്പാടെന്തിന് ? ഇടുക്കിയില്‍ സംഘപരിവാര്‍ സംഘടന നടത്തുന്ന ഒരു ആദിവാസി സേവന കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വപ്നാ സുരേഷ് സ്ഥാപനത്തിന്‍റെ ഔദ്യോഗിക വാഹനത്തിലാണ് എറണാകുളത്ത് കോടതിയില്‍ മൊഴി കൊടുക്കാനെത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ യു.എ.ഇ സര്‍ക്കാരിന്‍റെ പ്രതിനിധിയുടെ വീട്ടില്‍ നിന്ന് ബിരിയാണി വെച്ചു കൊടുത്തയച്ചിരുന്നുവെന്നാണ് സ്വപ്നയുടെ ആരോപണം. ചെമ്പിനുള്ളിലെ ബിരിയാണിക്ക് സാധാരണയില്‍ കവിഞ്ഞ ഭാരമുണ്ടായിരുന്നുവെന്നാണ് സ്വപ്ന പറയുന്നത്. കോമണ്‍ സെന്‍സ് കൊണ്ടായിരുന്നു സംശയം തോന്നിയതെന്നും സ്വപ്ന പറയുന്നു.
അങ്ങനെ കോമണ്‍ സെന്‍സ് കൊണ്ട് അനുമാനിച്ചാണ് ബിരിയാണി ചെമ്പില്‍ സ്വര്‍ണമുണ്ടായിരുന്നുവെന്ന് കരുതിയതെന്നും സ്വപ്ന പറയുന്നു. ഇതില്‍ എത്രകണ്ടു സത്യമുണ്ട് ? കോടതിയില്‍ സ്ഥിരീകരിക്കാന്‍ എന്തുമാത്രം തെളിവുണ്ട് ? ഇതൊക്കെ ഇപ്പോള്‍ പറയാന്‍ കാരണമെന്ത് ?
കേരളത്തില്‍ ആരു മുഖ്യമന്ത്രിയായാലും ബിരിയാണി ചെമ്പില്‍ സ്വര്‍ണം ക്ലിഫ് ഹൗസിലെത്തിക്കാന്‍ വഴിയൊരുക്കുമെന്നു കരുതാനാവില്ല. പ്രത്യേകിച്ച് പിണറായി വിജയന്‍. ഭരണത്തില്‍ അങ്ങേയറ്റം സൂഷ്മതയും സുതാര്യതയും പാലിക്കുന്ന രാഷ്ട്രീയ നേതാവാണു പിണറായി വിജയന്‍.
ഭാര്യ കമല, മകള്‍ വീണ എന്നിവരെ ഭരണവുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും ഇടപെടാന്‍ അദ്ദേഹം സമ്മതിക്കുകയുമില്ല. സര്‍ക്കാരിന്‍റെ കാര്യങ്ങള്‍ സര്‍ക്കാരിന്‍റെ വഴിക്കുതന്നെ നയിക്കുന്ന ഭരണാധികാരിയാണ് പിണറായി. അതില്‍ ഒരൊത്തുതീര്‍പ്പും കാണിക്കാത്ത കാര്‍ക്കശ്യക്കാരന്‍.
164 വകുപ്പ് പ്രകാരം സ്വപ്ന കോടതി മുമ്പാകെ സാക്ഷിമൊഴി നല്‍കുകയും അതു മാധ്യമങ്ങളോടു പറയുകയും ചെയ്ത സ്വപ്നാ സുരേഷ് രണ്ടും കല്‍പ്പിച്ചാണു നീങ്ങുന്നതെന്നു വ്യക്തം. ലക്ഷ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ. ഇതില്‍ സ്വപ്ന ഒറ്റയ്ക്കല്ലെന്നതും വ്യക്തം. സ്വപ്നയുടെ പിന്നിലെ ശക്തി ഏതാണെന്നു മനസിലാക്കാന്‍ ആര്‍ക്കും ബുദ്ധിമുട്ടുണ്ടെന്നു തോന്നുന്നില്ല.
-ചീഫ് എഡിറ്റര്‍