കേരളത്തിന്‍റെ അഭിമാനമാണ് എം.എ യൂസഫലി. വിദേശ മലയാളികളുടെ കൂട്ടത്തിലെ പ്രമുഖരില്‍ പ്രമുഖന്‍. കഠിന പ്രയത്നത്തിലൂടെ ലോക ബിസിനസ് രംഗത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചയാള്‍.
നോക്കുകൊണ്ടോ വാക്കുകൊണ്ടോ ആരെയും നോവിക്കാത്തയാള്‍ കൂടിയാണ് യൂസഫലി. രാഷ്ട്രീയ ഭേദമില്ലാതെ വ്യാപകമായ സൗഹൃദവും പുലര്‍ത്തുന്നു. കേരള നിയമസഭയില്‍ നടന്ന ലോക കേരള സഭാ സമ്മേളനത്തില്‍ യൂസഫലി പ്രതിപക്ഷത്തിനു നേരേ ആഞ്ഞടിച്ചു. പ്രതിപക്ഷം ലോക കേരള സഭയുടെ സമ്മേളനം ബഹിഷ്കരിച്ചതിനെ അപലപിച്ചു.
ധൂര്‍ത്ത് ആരോപിച്ച് പ്രതിപക്ഷം ലോക കേരള സഭ ബഹിഷ്കരിച്ച പശ്ചാത്തലത്തിലാണ് ലോക കേരള സഭയുടെ ആദ്യ സമ്മേളനത്തില്‍ പ്രസംഗിച്ച യൂസഫലി കേരളത്തെ ഞെട്ടിച്ചത്.
രണ്ടു കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി. മുന്നണിക്കു നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് സമ്മേളന നടത്തിപ്പിലെ ധൂര്‍ത്ത് ചൂണ്ടിക്കാട്ടിയാണ് ബഹിഷ്കരണം പ്രഖ്യാപിച്ചത്. ഇതിലെന്താണു ധൂര്‍ത്ത് എന്നുന്നയിച്ച് യൂസഫലി സമ്മേളനത്തിന്‍റെ തന്നെ ശ്രദ്ധാകേന്ദ്രമായി.
"സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഓരോ പ്രതിനിധിയും സ്വന്തം പോക്കറ്റില്‍ നിന്നു പണം കൊടുത്തു വിമാന ടിക്കറ്റെടുത്താണ് ഇങ്ങോട്ടു വരുന്നത്. ഇവിടെ എന്താണു ധൂര്‍ത്ത് ? സമ്മേളനത്തിനു വരുന്ന പ്രതിനിധികള്‍ക്ക് താമസ സൗകര്യവും ആഹാരവും നല്‍കുന്നുണ്ട്. അതാണോ ധൂര്‍ത്തെന്നു വിശേഷിപ്പിക്കുന്നത് ?" യൂസഫലിയുടെ ചോദ്യം നിയമസഭാ മന്ദിരത്തിലെ ഹാളില്‍ മുഴങ്ങി.
യൂസഫലിക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നതില്‍ അദ്ദേഹത്തിന് രാഷ്ട്രീയ വിവേചനം ഏതുമില്ല താനും.
രാഷ്ട്രീയ നേതാക്കള്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ അതതു രാജ്യങ്ങളിലെ പ്രവാസി മലയാളികള്‍ അങ്ങേയറ്റത്തെ സൗഹൃദത്തോടെയാണ് അവരെ സ്വീകരിക്കുന്നതെന്ന് യൂസഫലി ചൂണ്ടിക്കാട്ടി.
"അവരുടെയൊക്കെ യാത്രകളുടെയും താമസത്തിന്‍റെയും ഭക്ഷണത്തിന്‍റെയും ചുമതല നോക്കുന്നത് ഈ പ്രവാസികള്‍ തന്നെയാണ്. അതെല്ലാം അവര്‍ ഒരു മടിയുമില്ലാതെ സ്വീകരിക്കുകയും ചെയ്യുന്നു" - യൂസഫലിയുടെ വാക്കുകളില്‍ പരിഹാസവും ആക്ഷേപവുമെല്ലാം നിറഞ്ഞു നിന്നു.
ഇതേ രാഷ്ട്രീയക്കാരാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ക്ഷണ പ്രകാരം കേരളത്തിലെത്തുന്ന പ്രവാസികളെ ഭക്ഷണത്തിന്‍റെ പേരില്‍ അധിക്ഷേപിക്കുന്നതെന്ന് അദ്ദേഹം വേദനയോടെതന്നെ കുറ്റപ്പെടുത്തി.
മുന്നണി രാഷ്ട്രീയം ബലപ്പെടുത്തുകയും ജനാധിപത്യ മൂല്യങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്തിട്ടും കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടല്‍ അതി രൂക്ഷമാണ്. സര്‍ക്കാരിനെയും സര്‍ക്കാര്‍ നടപടികളെയും എപ്പോഴും എതിര്‍ക്കുക എന്നതാണ് പ്രതിപക്ഷത്തിന്‍റെ കടമ എന്ന് പ്രതിപക്ഷ നേതാക്കള്‍ കരുതുന്നു. പ്രതിപക്ഷം പറയുന്നതൊന്നും അംഗീകരിക്കേണ്ടതില്ലെന്ന നിലപാട് ഭരണപക്ഷവും പുലര്‍ത്തുന്നു.
കേരളം ഇന്നുവരെ നേടിയിട്ടുള്ള വളര്‍ച്ചയ്ക്കു പിന്നിലെ പ്രധാന ശക്തി വിദേശ മലയാളികളാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഗള്‍ഫ് രാജ്യങ്ങളില്‍ കുടിയേറിയിട്ടുള്ള മലയാളികള്‍ കാലാകാലങ്ങളായി നാട്ടിലെത്തിക്കുന്ന സമ്പാദ്യമാണ് ഇന്നു കേരളത്തില്‍ അങ്ങോളമിങ്ങോളം കാണുന്ന പച്ചപ്പിന്‍റെ പിന്നാമ്പുറത്തുള്ളത്. ഇക്കാര്യം ഇവിടുത്തെ രാഷ്ട്രീയക്കാര്‍ തന്നെയാണ് എപ്പോഴും ഓര്‍മിച്ചിരിക്കേണ്ടത്.
ലോക കേരള സഭയില്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ കുടിയേറിയിട്ടുള്ള മലയാളികളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. പ്രവാസികള്‍ക്ക് കേരളം നല്‍കുന്ന വലിയൊരംഗീകാരമാണിത്. അവിടെയെല്ലാം വിവിധ മേഖലകളില്‍ അധ്വാനിച്ച് ഉണ്ടാക്കുന്ന സമ്പത്തിന്‍റെ നല്ലൊരു പങ്കും അവര്‍ കേരളത്തിലേയ്ക്കയക്കുന്നു.
നാടിന്‍റെ നിര്‍മ്മിതിക്കാണ് ഈ പണം വിനിയോഗിക്കുന്നത്. അതിനു പകരമായിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാന നിയമസഭയുടെ തന്നെ ഭാഗമായി ലോക കേരള സഭയ്ക്കു രൂപം നല്‍കിയിരിക്കുന്നതെന്നും കാണണം.
ലോകമെമ്പാടുമുള്ള മലയാളി പ്രവാസികളെ ഏഴു ഭൂമിശാസ്ത്ര മേഖലകളാക്കി തിരിച്ചാണ് പ്രതിനിധികളെ നിശ്ചയിച്ചിരിക്കുന്നത്. കേരള നിയമസഭാംഗങ്ങളോടൊപ്പമിരുന്ന് പ്രവാസികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നതാണ് ഇതിന്‍റെ പ്രത്യേകത.
കരളത്തിന്‍റെ പുതിയ വികസനത്തിന് ആക്കം കൂട്ടുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നതോടൊപ്പം പ്രവാസികളുടെ സ്വന്തം പ്രശ്നങ്ങള്‍ കേളത്തിന്‍റെ, പ്രത്യേകിച്ച് സംസ്ഥാനത്തെ നിയമസഭാ സാമാജികരുടെ ശ്രദ്ധയില്‍ കൊണ്ടുവരിക എന്നതാണ് ഈ സമ്മേളനത്തിന്‍റെ പരമമായ ലക്ഷ്യം.
സംസ്ഥാന നിയമസഭയിലെ അംഗങ്ങളും പാര്‍ലമെന്‍റംഗങ്ങളുമായി 169 പേരും പ്രവാസി പ്രതിനിധികളായി 182 പേരും ഉള്‍പ്പെടെ ആകെ 351 അംഗങ്ങളുള്ളതാണ് ഇപ്പോഴത്തെ ലോക കേരള സഭ. ഇപ്പോള്‍ നടക്കുന്നത് മൂന്നാം സമ്മേളനം.
കേരളത്തെ സംബന്ധിച്ച് വലിയ പ്രാധാന്യമുള്ള ഈ സമ്മേളനം ഭക്ഷണത്തിന്‍റെ പേരിലുള്ള ധൂര്‍ത്ത് ആരോപിച്ച് പ്രതിപക്ഷം ബഹിഷ്കരിച്ചത് തീരെ ശരിയായില്ലെന്നു തന്നെയാണ് യൂസഫലിയുടെ കുറിക്കു കൊള്ളുന്ന വാക്കുകള്‍ ഓര്‍മിപ്പിക്കുന്നത്. പ്രവാസികളില്‍ പ്രമുഖനായ യൂസഫലി സമ്മേളന വേദിയില്‍ത്തന്നെ ഇക്കാര്യം ഉന്നയിച്ചു എന്നത് ഈ നിലപാടിന്‍റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു.
കേരളത്തിന്‍റെ പൊതുവായ വിഷയങ്ങളില്‍ ഭരണപക്ഷ-പ്രതിപക്ഷ വ്യത്യാസങ്ങള്‍ കടന്നുവന്നുകൂടാ എന്ന വലിയ പാഠമാണ് യൂസഫലിയുടെ വാക്കുകള്‍ കേരളത്തിലെ രാഷ്ട്രീയ കക്ഷികള്‍ക്കു നല്‍കുന്നത്. രാഷ്ട്രീയ നേതാക്കള്‍ ഈ പാഠം ഉള്‍ക്കൊള്ളുമോ ?
- ചീഫ് എഡിറ്റര്‍