മുസ്ലീംലീഗിന്റെ അധ്യക്ഷ പദവിയിലിരിക്കുന്നവരാരും മുന്‍നിരയിലേയ്ക്കിറങ്ങി രാഷ്ട്രീയം കളിക്കാറില്ല ! പഴയ രീതികള്‍ തിരുത്തുകയാണ് പുതിയ അധ്യക്ഷന്‍ സാദിഖലി തങ്ങള്‍. സാദിഖലി തങ്ങള്‍ വെറുമൊരു റബര്‍സ്റ്റാമ്പല്ല ! 20 ദിവസത്തെ കേരള പര്യടനം സാദിഖലി തങ്ങളെ യുഡിഎഫിന്റെ മുന്‍ നിരയിലെത്തിച്ചിരിക്കുന്നു. മുന്നണിക്കു പഴയ പ്രതാപം കൊണ്ടുവരണമെങ്കില്‍ അതിന് വേണ്ടത് അടിത്തറയില്‍ ഒരു നേതൃത്വമാണ് ! പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഇപ്പോഴുണ്ട്. സാദിഖലി തങ്ങളാവും അടുത്തത്. ഇനി മൂന്നാമനാര് ? - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

കെട്ടുറപ്പുള്ള പാര്‍ട്ടിയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്. ഐക്യ ജനാധിപത്യ മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷി. മുസ്ലിം സമുദായത്തെ കേന്ദ്രീകരിച്ചുള്ള പാര്‍ട്ടിയാണെങ്കിലും കേരളത്തിന്‍റെ മതേതര സ്വഭാവത്തോട് എപ്പോഴും ചേര്‍ന്നു നില്‍ക്കുന്ന പാര്‍ട്ടി.

Advertisment

നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം തവണയും നേരിട്ട പരാജയം യു.ഡി.എഫിനെ മാത്രമല്ല, മുസ്ലിം ലീഗിനെയും ഏറെ തളര്‍ത്തിക്കളഞ്ഞു. കേരള രാഷ്ട്രീയത്തിന്‍റെ ഗതിയനുസരിച്ച് ഒന്നിടവിട്ട ഇടവേളകളില്‍ ഭരണം കൈയാളിയിരുന്നതാണ് യു.ഡി.എഫും മുസ്ലിം ലീഗും. രണ്ടാമതും കൈവന്ന പരാജയം വലിയ തിരിച്ചടിയായിപ്പോയി. അധികാരമില്ലാതെ ഇനിയും കഴിയണം പൊരിവെയിലത്ത് നാലു വര്‍ഷം.

തൃക്കാക്കര തെരഞ്ഞെടുപ്പു വിജയം കോണ്‍ഗ്രസിനും ഘടകകക്ഷികള്‍ക്കൊക്കെയും നല്‍കിയ ഉണര്‍വു ചില്ലറയല്ല. മുസ്ലിം ലീഗിന്‍റെ പുതിയ അധ്യക്ഷനായി സാദിഖലി തങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടതും ഈ സാഹചര്യത്തില്‍ ശ്രദ്ധേയം തന്നെ.

സ്ഥാനമേറ്റ് അധികം കഴിയും മുമ്പുതന്നെ ഒരു കേരള പര്യടനം നടത്തി തന്‍റെ വരവറിയിച്ച സാദിഖലി തങ്ങള്‍ കേരള രാഷട്രീയത്തിന്‍റെ മുന്‍നിരയില്‍ നിന്നു കളിക്കാന്‍ തന്നെയാണ് ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുകയാണ്.

സാധാരണ ഗതിക്ക് മുസ്ലിം ലീഗിന്‍റെ മുന്‍നിര നേതാക്കള്‍ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, എം.കെ മുനീര്‍ എന്നിങ്ങനെയുള്ള മുതിര്‍ന്ന നേതാക്കന്മാരാണ്. അധ്യക്ഷ പദവിയിലിരിക്കുന്നവരാരും മുന്‍നിരയിലേയ്ക്കിറങ്ങി രാഷ്ട്രീയം കളിക്കാറുമില്ല.

publive-image

പഴയ രീതികള്‍ തിരുത്തുകയാണ് പുതിയ അധ്യക്ഷന്‍ സാദിഖലി തങ്ങള്‍. 20 ദിവസത്തെ കേരള പര്യടനം സാദിഖലി തങ്ങളെ യു.ഡി.എഫിന്‍റെ തന്നെ മുന്‍ നിരയിലെത്തിച്ചിരിക്കുന്നു. ഓരോ ജില്ലയിലും വിവിധ സമുദായ നേതാക്കളെയും മുസ്ലിം സമുദായത്തിലെ തന്നെ വിവിധ സംഘടനകളെയും വിവിധ ക്രൈസ്തവ സഭാ നേതാക്കളെയും എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി, കെ.പി.എം.എസ് എന്നിങ്ങനെ വിവിധങ്ങളായ സമുദായ സംഘടനകളെയും ക്ഷണിച്ചു വരുത്തി അവരുമായി ആശയവിനിമയം നടത്താനും തയ്യാറാവുക വഴി, സാദിഖലി തങ്ങള്‍ തന്‍റെ മുന്‍ഗാമികളുടെ പാതയില്‍ നിന്നു മാറി പുതിയൊരു പാത വെട്ടിത്തെളിക്കുകയാണ്.

സാദിഖലി തങ്ങള്‍ക്ക് ലീഗിന്‍റെ അധ്യക്ഷസ്ഥാനം വെറുമൊരു അലങ്കാരം മാത്രമാവില്ലെന്നുതന്നെ സൂചന. കാറ്റും കോളും നിറഞ്ഞ കേരള രാഷ്ട്രീയത്തിന്‍റെ നടുത്തളത്തില്‍ മുന്‍നിരയില്‍ത്തന്നെ നിന്നു കളിക്കാനാണ് അദ്ദേഹം ശ്രമം തുടങ്ങിയിരിക്കുന്നതെന്നു വ്യക്തം.

publive-image

യു.ഡി.എഫും ഘടകകക്ഷികളും കനത്ത വെല്ലുവിളികള്‍ നേരിടുന്ന ഘട്ടത്തിലാണ് സാദിഖലി തങ്ങള്‍ ലീഗിന്‍റെ അധ്യക്ഷ പദവി ഏറ്റെടുത്തത്. രണ്ടാം തവണയും നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതു തന്നെയാണ് ഇതില്‍ പ്രധാനം.

മുന്നണിയുടെ നേതൃപാര്‍ട്ടിയായ കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ ഉണ്ടായിരുന്ന പ്രഭാവം ഇല്ലാതായിക്കൊണ്ടിരിക്കുന്നതും പ്രധാനം. കേരളത്തിലും കോണ്‍ഗ്രസ് സംഘടനാപരമായി വളരെ ദുര്‍ബലാവസ്ഥയില്‍ത്തന്നെ. കോണ്‍ഗ്രസ് നേരിടുന്ന ക്ഷീണം ലീഗിനും ക്ഷീണം തന്നെ.

മുസ്ലിം ലീഗിന്‍റെ വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫും വനിതാ സംഘടനയായ ഹരിതയും തമ്മില്‍ നടന്ന ഏറ്റുമുട്ടലും മുസ്ലിം ലീഗിനെ സാരമായി ബാധിച്ചു. ക്രിസ്ത്യന്‍ സമുദായം, പ്രത്യേകിച്ച് കത്തോലിക്കാ സമുദായം മുസ്ലിം സമുദായത്തില്‍ നിന്ന് അകലാന്‍ തുടങ്ങിയത് സാമുദായികമായും രാഷ്ട്രീയമായും വെല്ലുവിളികളുയര്‍ത്തി.

കേരളത്തിന്‍റെ പൊതു സമൂഹത്തിലേയ്ക്കിറങ്ങിച്ചെല്ലുക എന്ന ലക്ഷ്യം തന്നെയായിരുന്നു സാദിഖലി ശിഹാബ് തങ്ങള്‍ക്കുണ്ടായിരുന്നതെന്നു വ്യക്തം. ഓരോ ജില്ലയിലും വിവിധ മത-സമുദായ നേതാക്കളുമായുള്ള സൗഹൃദ സംഗമമായിരുന്നു അദ്ദേഹത്തിന്‍റെ കേരളയാത്രയിലെ പ്രധാന ഇനം. മുസ്ലിം സമുദായത്തില്‍ത്തന്നെ ഭിന്ന ധ്രുവങ്ങളില്‍ നില്‍ക്കുന്ന വിഭാഗങ്ങളുടെ നേതാക്കളെയും പ്രതിനിധികളെയും ഒന്നിച്ചു കൊണ്ടുവരാന്‍ അദ്ദേഹത്തിനു കഴിയുകയും ചെയ്തു.

മുസ്ലിം ലീഗിന്‍റെ മതേതര സ്വഭാവത്തിന്‍റെ മേന്മ ഉയര്‍ത്തിക്കാട്ടാന്‍ ഓരോ കേന്ദ്രത്തിലും സാദിഖലി തങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചു. ഓരോ ജില്ലയിലും നടന്ന ഇത്തരം സംഗമങ്ങളില്‍ അവിടുത്തെ വ്യവസായ പ്രമുഖരെയും സാംസ്കാരിക പ്രവര്‍ത്തകരെയും കലാകാരന്മാരെയുമെല്ലാം ഉള്‍പ്പെടുത്താനും അവരുമായെല്ലാം സംവദിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.

കോഴിക്കോട്ടു നടന്ന സമാപന സമ്മേളന ദിവസം കാലത്തു ചേര്‍ന്ന സംഗമത്തില്‍ സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളെയും കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാരെയും തന്‍റെ ഇടത്തും വലത്തും ഇരുത്തി ചരിത്രം സൃഷ്ടിച്ചു സാദിഖലി തങ്ങള്‍.

publive-image

ഇതിന്‍റെയൊക്കെ പിന്നാമ്പുറത്ത് വലിയ പഠനങ്ങളും തന്ത്രപരമായ നീക്കങ്ങളും നടന്നിട്ടുണ്ടെന്നത് വ്യക്തം. മുസ്ലിം ലീഗ് രാഷ്ട്രീയത്തിന് പുതിയൊരു മാനം ഉണ്ടാക്കുകയാണ് സാദിഖലി തങ്ങള്‍.

പാര്‍ട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും വലിയൊരു ശക്തികേന്ദ്രമായി മാറുകയാണ് സാദിഖലി തങ്ങള്‍. പാര്‍ട്ടിയില്‍ ഇതുവരെ അധികാരം കൈയാളിയിരുന്ന നേതാക്കളുടെ വെറുമൊരു റബര്‍ സ്റ്റാമ്പായി കഴിയാന്‍ തന്നെ കിട്ടില്ലെന്നു വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.

1967 - 69 കാലത്തെ ഇ.എം.എസ് സര്‍ക്കാരിന്‍റെ കാലത്ത് വെറും ഒമ്പതംഗ ഗ്രൂപ്പിന്‍റെ നേതാവായി വന്ന കെ. കരുണാകരന്‍ വളരെ പ്രയാസപ്പെട്ടുതന്നെയാണ് ഐക്യജനാധിപത്യ മുന്നണിക്കു രൂപം നല്‍കിയത്. ഭരണപക്ഷത്തെ ഉന്നത നേതാക്കളായ എം.എന്‍ ഗോവിന്ദന്‍ നായരെയും സി.എച്ച് മുഹമ്മദ് കോയയെയുമൊക്കെ അന്ന് കരുണാകരന്‍ കൂട്ടുപിടിച്ചു.

1991 -ല്‍ കരുണാകരന്‍ മുഖ്യമന്ത്രിയായപ്പോള്‍ ഐക്യജനാധിപത്യ മുന്നണിക്ക് കെ. കരുണാകരന്‍, കെ.എം മാണി, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ ശക്തമായ നേതൃത്വം ഉറപ്പുള്ള അടിത്തറയ്ക്കു രൂപം നല്‍കി.

കരുണാകരനെ പുറത്താക്കി എ.കെ ആന്‍റണി മുഖ്യമന്ത്രിയായപ്പോള്‍ മുന്നണി നേതൃത്വം ഉമ്മന്‍ ചാണ്ടിയുടെ ചുമലിലായി. അപ്പോഴും ഒരു വശത്ത് കെ.എം മാണിയും മറുവശത്ത് പി.കെ കുഞ്ഞാലിക്കുട്ടിയും തല ഉയര്‍ത്തി നിന്നു.

പിന്നെ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ്. കെ.എം മാണിയുടെ നിര്യാണത്തിനു ശേഷം പാര്‍ട്ടി നേതാവായ മകന്‍ ജോസ് കെ. മാണിക്ക് മുന്നണിയില്‍ പിതാവിന്‍റെ സ്ഥാനം ആര്‍ജിക്കാന്‍ കഴിഞ്ഞില്ല.

കുഞ്ഞാലിക്കുട്ടി ഇടയ്ക്ക് ലോക്സഭാംഗമായി ഡല്‍ഹിക്കു പോവുകയും ചെയ്തു. ജോസ് കെ. മാണിയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഇടതുപക്ഷത്തേയ്ക്കു പോവുകയും പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ഇടതുപക്ഷം ഭരണത്തുടര്‍ച്ച നേടുകയും ചെയ്തപ്പോള്‍ ശിഥിലമായത് യു.ഡി.എഫ് നേതൃത്വം.

ഇനിയിപ്പോള്‍ മുന്നണിക്കു പഴയ പ്രതാപം കൊണ്ടുവരണമെങ്കില്‍ അതിന് വേണ്ടത് അടിത്തറയില്‍ ഒരു നേതൃത്വമാണ്. പാറപോലെ ഉറച്ച ഒരു നേതൃത്വം. അവിടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഇപ്പോഴുണ്ട്. സാദിഖലി തങ്ങളാവും അടുത്തത്. ഇനി മൂന്നാമനാര് ?

-ചീഫ് എഡിറ്റര്‍

Advertisment