പൊതുപ്രവര്‍ത്തകര്‍ ജനങ്ങളോടു സംസാരിക്കുമ്പോള്‍ ഓരോ വാക്കും അളന്നു മുറിച്ചു സംസാരിക്കണമെന്ന് സജി ചെറിയാന്‍റെ വീഴ്ച പഠിപ്പിക്കുന്നു. വാക്കുകളുടെ കാര്യത്തില്‍ പൊതുപ്രവര്‍ത്തകര്‍ നിലവിട്ടുകൂടാ. വീഴ്ച ഭയങ്കരമായിരിക്കും. സ്വയം കുഴിച്ച കുഴിയില്‍ സജി ചെറിയാന്‍ - മുഖപ്രസംഗത്തിൽ ജേക്കബ് ജോർജ്

New Update

publive-image

സ്വന്തം കുരുക്കിലകപ്പെട്ടിരിക്കുന്നു മന്ത്രി സജി ചെറിയാന്‍. ഭരണഘടനയെ അപമാനിക്കുന്ന തരത്തിലുള്ള പ്രസംഗത്തിലൂടെ അദ്ദേഹം സ്വന്തം പാര്‍ട്ടിയെയും മുന്നണിയെയും കൂടി കുരുക്കിലാക്കിയിരിക്കുകയാണ്. രക്ഷപെടാനാവാത്ത വണ്ണം കുരുക്ക് മുറുകുകയും ചെയ്തു. സജി ചെറിയാനു മുന്നില്‍ രാജിയല്ലാതെ വേറെ വഴിയേതുമില്ലായിരുന്നു.

Advertisment

പൊതുപ്രവര്‍ത്തകര്‍ ജനങ്ങളോടു സംസാരിക്കുമ്പോള്‍ ഓരോ വാക്കും അളന്നു മുറിച്ചു സംസാരിക്കണമെന്ന് സജി ചെറിയാന്‍റെ വീഴ്ച പഠിപ്പിക്കുന്നു. വാക്കുകളുടെ കാര്യത്തില്‍ പൊതുപ്രവര്‍ത്തകര്‍ നിലവിട്ടുകൂടാ. വീഴ്ച ഭയങ്കരമായിരിക്കും.

വിദ്യാര്‍ത്ഥി-യുവജന സംഘടനകളിലൂടെ വളരെ കഷ്ടപ്പെട്ടു പ്രവര്‍ത്തിച്ചു വളര്‍ന്നു വന്ന നേതാവാണു സജി ചെറിയാന്‍. ദശകങ്ങളോളം നീണ്ട കഠിനാദ്ധ്വാനം, ജനങ്ങളോടൊപ്പം നിന്നുള്ള അശ്രാന്ത പരിശ്രമങ്ങള്‍.

2018 -ലെ പ്രളയ കാലത്ത് കെടുതിയനുഭവിച്ച ജനങ്ങള്‍ക്കു വേണ്ടി നടത്തിയ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം. ആലപ്പുഴ ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ സി.പി.എമ്മിന്‍റെ സംസ്ഥാന നേതൃത്വത്തിലേയ്ക്കുള്ള വളര്‍ച്ച. പിന്നെ സംസ്ഥാന കമ്മിറ്റിയംഗം.

യു.ഡി.എഫിന് മുന്‍തൂക്കമുള്ള ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ നിന്നു വിജയം കൈവരിച്ച് കേരള നിയമസഭയിലേയ്ക്ക്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിസ്ഥാനം. പിന്നെ പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലേയ്ക്ക്.

ഇതൊക്കെ സ്വന്തം മികവുകൊണ്ടും കഠിനാധ്വാനം കൊണ്ടും ഏറെ നാളത്തെ പ്രവര്‍ത്തനം കൊണ്ടും നേടിയെടുത്തതാണ് സജി ചെറിയാന്‍. എല്ലാം ഒരൊറ്റ പ്രസംഗത്തിലൂടെ കൊഴിഞ്ഞു വീണു.

സി.പി.എം മല്ലപ്പള്ളി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ഒരു യോഗത്തില്‍ പ്രസംഗിക്കുമ്പോഴാണ് മന്ത്രി സജി ചെറിയാനു വാക്കുകള്‍ കൈവിട്ടു പോയത്. ഭരണഘടനയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതായിരുന്നു പ്രസംഗം.

തൊഴിലാളി ചൂഷണം ഏറ്റവുമധികം നടക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് സജി ചെറിയാന്‍ പ്രസംഗത്തില്‍ പറഞ്ഞു. അതിനു കാരണം ഇന്ത്യന്‍ ഭരണഘടനയാണ്. അംബാനിയും അദാനിയുമെല്ലാം ശതകോടീശ്വരന്മാരായി വളരുന്നതിനു കാരണവും ഭരണഘടന തന്നെ.

ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യന്‍ ഭരണഘടനയെന്ന് പറഞ്ഞു വെച്ചു സജി ചെറിയാന്‍. ഭരണഘടനയോടു കൂറു പുലര്‍ത്തുമെന്നു സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിതന്നെ ഭരണഘടനയെ ആക്ഷേപിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന തരത്തില്‍ പെരുമാറിയാല്‍ അതു രാഷ്ട്രീയത്തിലുണ്ടാക്കുന്ന പ്രതിസന്ധി ചില്ലറയല്ല.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ മുതലേ പലതരം വിവാദങ്ങളും പ്രതിസന്ധികളും സര്‍ക്കാരിനെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ആളെണ്ണത്തില്‍ തീരെ കുറവാണെങ്കിലും പ്രതിപക്ഷത്തിന് നിയമസഭയില്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്താന്‍ നിരന്തരമായി അവസരങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു.

കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ഏറെ പ്രതിസന്ധി സൃഷ്ടിച്ച സ്വര്‍ണക്കടത്തു വിവാദത്തെ സി.പി.എം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിഷ്പ്രയാസം അതിജീവിച്ചെങ്കിലും ആ വിവാദത്തിലെ നായിക ഈ സര്‍ക്കാരിനെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്ത് നില്‍ക്കുകയാണ്. ഏറ്റവുമൊടുവില്‍ മന്ത്രി സജി ചെറിയാന്‍റെ ഭരണഘടനാ വിവാദം.

1985 മെയ് 25 ന് അന്നത്തെ മന്ത്രി ആര്‍ ബാലകൃഷ്ണപിള്ള കൊച്ചിയില്‍ നടത്തിയ പ്രസംഗമാണ് ഇതേ തരത്തില്‍ വിവാദമായ മറ്റൊരു രാഷ്ട്രീയ സംഭവം. 1982 - 87 കാലത്തെ കെ. കരുണാകരന്‍ സര്‍ക്കാരിന്‍റെ കാലം, കേരളാ കോണ്‍ഗ്രസ് യു.ഡി.എഫിലെ ശക്തമായൊരു ഘടകകക്ഷിയാണ്. കേരളത്തിനു കിട്ടേണ്ട പദ്ധതി വിഹിതവും അവകാശങ്ങളും മുന്നണിക്കകത്തു നിന്നു കൊണ്ടുതന്നെ സമരം ചെയ്തു നേടിയെടുക്കണമെന്നു കേരളാ കോണ്‍ഗ്രസ് വാദിക്കുന്ന സമയം.

ഈ ലക്ഷ്യം മുന്‍നിര്‍ത്തി കൊച്ചിയില്‍ രാജേന്ദ്രമൈതാനിയില്‍ ചേര്‍ന്ന സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു വലിയ വാഗ്മിയായ ബാലകൃഷ്ണപിള്ള. "കേരളത്തിനു നീണ്ട കടല്‍ത്തീരമുണ്ട്. നല്ല തുറമുഖമുണ്ട്. സമൃദ്ധമായ മഴക്കാലമണ്ട്. ധാരാളം നദികളുണ്ട്. ജല സ്രോതസുകളുമുണ്ട്" - പിള്ള കത്തിക്കയറി. വിഘടനവാദം മൂത്തുനിന്ന പഞ്ചാബിന് കൂടുതല്‍ പദ്ധതികള്‍ അനുവദിക്കുന്ന കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ സമരം നടത്തണമെന്ന ആഹ്വാനമാണ് ബാലകൃഷ്ണപിള്ള നടത്തിയത്.

'മാതൃഭൂമി' ദിനപത്രത്തില്‍ അന്നത്തെ കൊച്ചി റിപ്പോര്‍ട്ടര്‍ സണ്ണിക്കുട്ടി എബ്രഹാം ആ പ്രസംഗം റിപ്പോര്‍ട്ട് ചെയ്തത് "വേണമെങ്കില്‍ പഞ്ചാബിന്‍റെ വഴി തേടാം" എന്ന തലക്കെട്ടില്‍. ഈ തരത്തില്‍ റിപ്പോര്‍ട്ട് വന്നത് 'മാതൃഭൂമി'യില്‍ മാത്രം. ടെലിവിഷന്‍ യുഗം ആരംഭിക്കുന്നതിന് എത്രയോ കാലം മുമ്പു നടന്ന സംഭവം.

സത്യപ്രതിജ്ഞ ലംഘിക്കുന്ന ആള്‍ക്ക് മന്ത്രിസ്ഥാനത്തിരിക്കുന്നതിന് അവകാശമില്ലെന്ന് പിള്ളയെക്കെതിരായ പരാതി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി അഭിപ്രായപ്പെട്ടതാണ് ബാലകൃഷ്ണപിള്ളയുടെ രാജിക്കു കാരണമായത്. അന്നത്തെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് ജി. കാര്‍ത്തികേയന്‍ ബാലകൃഷ്ണപിള്ള രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രസ്താവന ഇറക്കുകയും ചെയ്തു. അതുപോലെ സ്വയം കുഴിച്ച കുഴിയില്‍ വീഴുകയായിരുന്നു സജി ചെറിയാന്‍.

-ചീഫ് എഡിറ്റര്‍

Advertisment