ഭാരതീയ വിചാര കേന്ദ്രം 2013 -ല്‍ തൃശൂര്‍ ജില്ലാ സമ്മേളനം ജില്ലാ തലസ്ഥാനത്തു നടത്തിയപ്പോള്‍ അതിന്‍റെ ഭാഗമായി നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങില്‍ വി.ഡി സതീശന്‍ പങ്കെടുത്ത കാര്യം ഇന്ന്, ഒമ്പതു വര്‍ഷത്തിനു ശേഷം ബി.ജെ.പിയും ആര്‍.എസ്.എസും കേരളത്തെ ഓര്‍മിപ്പിക്കുന്നതെന്തിന് ?
അന്ന് പറവൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ ആയിരുന്ന വി.ഡി സതീശന്‍ ഇന്ന് സംസ്ഥാനത്തെ പ്രതിപക്ഷ നേതാവാണ് എന്നതു മാത്രമോ കാരണം ?
ഭാരതീയ വിചാര കേന്ദ്രം സംഘടിപ്പിച്ച പുസ്തക പ്രകാശന ചടങ്ങില്‍ സതീശന്‍ പങ്കെടുക്കുന്ന ചിത്രവും അതേപ്പറ്റിയുള്ള വാര്‍ത്തയും പുറത്തുവിട്ടത് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി. സദാനന്ദനാണ്. 2006 -ല്‍ പറവൂര്‍ മനയ്ക്കപ്പടി സ്കൂളിലെ ആര്‍.എസ്.എസ് പരിപാടിയില്‍ സതീശന്‍ പങ്കെടുത്ത ചിത്രം പുറത്തു വിട്ടത് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി ബാബുവും.
സതീശന് ആര്‍.എസ്.എസ്സുമായി ബന്ധമുണ്ടായിരുന്നുവെന്ന സാക്ഷ്യപ്പെടുത്തലുമായി ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കള്‍ പരസ്യമായി രംഗത്തു വരുന്നത് സമകാലിക രാഷ്ട്രീയ പശ്ചാത്തലത്തിലാണെന്ന കാര്യം വസ്തുത തന്നെ. സി.പി.എം നേതാവ് സജി ചെറിയാന്‍ തന്‍റെ മന്ത്രിസ്ഥാനം രാജിവയ്ക്കാനിടയായ സംഭവം തന്നെ കാരണം.
മല്ലപ്പള്ളിയില്‍ പാര്‍ട്ടി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച യോഗത്തില്‍ ഭരണഘടനയെപ്പറ്റി നടത്തിയ പ്രസംഗം വിവാദമായതിനെ തുടര്‍ന്നായിരുന്നു രാജി. ആര്‍.എസ്.എസ് ആചാര്യന്‍ ഗോള്‍വാള്‍ക്കര്‍ പറഞ്ഞതുതന്നെയാണ് സജി ചെറിയാന്‍ പറഞ്ഞതെന്ന പ്രസ്താവനയുമായി സതീശന്‍ രംഗത്തു വരികയും ചെയ്തു.
ഇതു പക്ഷെ, ആര്‍.എസ്.എസിനെയും സംഘപരിവാറിനെയും ഏറെ ചൊടിപ്പിച്ചു. ആര്‍.എസ്.എസ് പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടെന്നു മാത്രമല്ല, നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചോദിച്ച് ആര്‍.എസ്.എസ് കാര്യാലയത്തില്‍ സതീശനെത്തിയിട്ടുണ്ടെന്നു ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കല്‍ ആരോപിച്ചു. ഗോള്‍വാള്‍ക്കറെപ്പറ്റി നടത്തിയ പ്രസ്താവനയുടെ പേരില്‍ സതീശനെതിരെ ആര്‍.എസ്.എസ് വക്കീല്‍ നോട്ടീസയയ്ക്കുകയും ചെയ്തു.
കെ.എസ്.യുവിനും യൂത്ത് കോണ്‍ഗ്രസിനും പൂര്‍ണമായ രൂപം നല്‍കിയ എം.എ ജോണ്‍ അറുപതുകളിലും എഴുപതുകളിലും വിദ്യാര്‍ത്ഥി-യുവജന പ്രവര്‍ത്തകര്‍ക്കു നല്‍കിയ വലിയ പാഠങ്ങള്‍ ഉജ്വലമായ ജനാധിപത്യ-മതേതര ചിന്തകളുടേതായിരുന്നു.
ആ ചിന്തകളാണ് എ.കെ ആന്‍റണിയെപ്പോലെ, വയലാര്‍ രവിയെപ്പോലെ, ഉമ്മന്‍ ചാണ്ടിയെപ്പോലെ, വി.എം സുധീരനെപ്പോലെ ഇന്നും കേരളത്തില്‍ തലയെടുപ്പോടെ നിലയുറപ്പിച്ചിട്ടുള്ള കോണ്‍ഗ്രസ് നേതാക്കളെ നയിച്ചത്. "ഞങ്ങളിലില്ല ക്രൈസ്തവ രക്തം, ഞങ്ങളിലില്ല ഹൈന്ദവ രക്തം, ഞങ്ങളിലില്ല മുസ്ലിം രക്തം, ഞങ്ങളിലുള്ളതു മാനവരക്തം" - അക്കാലത്ത് കെ.എസ്.യുക്കാര്‍ വിളിച്ചിരുന്ന മുദ്രാവാക്യങ്ങളായിരുന്നു ഇത്.
കെ.എസ്.യുക്കാരും യൂത്ത് കോണ്‍ഗ്രസുകാരും സമുദായ നേതാക്കന്മാരുടെ തിണ്ണ നിരങ്ങാന്‍ പോകരുതെന്നു തന്നെയാണ് എം.എ ജോണ്‍ പ്രസംഗിച്ചതും പഠിപ്പിച്ചതും. കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും ഭാവിയില്‍ എന്തുതരം സംഘടനയാകണമെന്ന് ജോണിനു വ്യക്തമായ ധാരണയുണ്ടായിരുന്നു.
അതനുസരിച്ച് വിദ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും മനസ് അദ്ദേഹം പരുവപ്പെടുത്തിയെടുത്തു. രാഷ്ട്രീയത്തിലേയ്ക്കു കാലു കുത്തുന്ന ഒരു വിദ്യാര്‍ത്ഥി സംഘടന എന്നതിനപ്പുറത്ത് കാമ്പും കാതലുമുള്ള ഒരു സംഘടനയാവണം കെ.എസ്.യു എന്ന സങ്കല്‍പ്പം അദ്ദേഹത്തിനുണ്ടായിരുന്നു.
1972 ലെ കോളജ് സമരം ഉത്തമമായ ഉദാഹരണം. സ്വകാര്യ കോളജ് മാനേജ്മെന്‍റുകള്‍ക്കെതിരെ കെ.എസ്.യു പ്രഖ്യാപിച്ച സമരം. സ്വകാര്യ കോളജുകളിലെയും സര്‍ക്കാര്‍ കോളജുകളിലെയും ഫീസ് ഏകീകരിക്കണമെന്നതായിരുന്നു ആവശ്യം. സി. അച്ച്യുത മേനോന്‍ മുഖ്യമന്ത്രിയായിരിക്കുന്ന കാലം. കെ. കരുണാകരന്‍റെ ബുദ്ധിയിലും കൗശലത്തിലും ജന്മമെടുത്ത സര്‍ക്കാരാണത്.
എ.കെ ആന്‍റണിയാണ് അപ്പോള്‍ കെ.പി.സി.സി പ്രസിഡന്‍റ്. ആദര്‍ശ ധീരതയുടെ ആള്‍രൂപം. മതത്തില്‍ നിന്നും സമുദായങ്ങളില്‍ നിന്നും വളരെ അകന്നു കഴിഞ്ഞ നേതാവ്. കെ.എസ്.യുക്കാരുടെ സമരം സമുദായങ്ങളോടാണ്. പ്രത്യേകിച്ച് ക്രൈസ്തവ സമുദായങ്ങളോട്. അതില്‍ത്തന്നെ പ്രധാനം കത്തോലിക്കാ സഭ. 1959 -ലെ വിമോചന സമരത്തെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ സര്‍ക്കാരിനും സമരത്തിനുമെതിരെ ബിഷപ്പുമാരും പുരോഹിതരും സമുദായാംഗങ്ങളും തെരുവിലിറങ്ങി.
സമരത്തെ നേരിടാന്‍ നേതൃത്വം നല്‍കിയത് എ.കെ ആന്‍റണിയാണ്. പിന്നെ വയലാര്‍ രവി, ഉമ്മന്‍ ചാണ്ടി എന്നിവരെപ്പോലെയുള്ള നേതാക്കള്‍. വി.എം സുധീരന്‍ കെ.എസ്.യു പ്രസിഡന്‍റ്. സമരത്തെ കുറുവടി കൊണ്ടല്ല, മഴുത്തായ കൊണ്ടു നേരിടുമെന്ന തൃശൂര്‍ ബിഷപ്പ് മാര്‍ ജോസഫ് കുണ്ടുകുളത്തിന്‍റെ പ്രസ്താവന കേരള സമൂഹത്തില്‍ കോളിളക്കമുണ്ടാക്കാന്‍ പോരുന്നതായിരുന്നു. "വാളെടുത്തവന്‍ വാളാലേ" എന്ന ബൈബിള്‍ വാക്യം മുന്നറിയിപ്പായി നല്‍കി ഉമ്മന്‍ ചാണ്ടി തിരിച്ചടിച്ചു.
ഒരു പോതുയോഗത്തില്‍ എ.കെ ആന്‍റണി ഇങ്ങനെ പറഞ്ഞു: "പണ്ടത്തേപ്പോലെ സമുദായ നേതാക്കളും സമ്പന്ന വര്‍ഗവും പടയൊരുക്കം നടത്തിയാല്‍ ഭയപ്പെടാത്തൊരു തലമുറ ഇന്നു കേരളത്തില്‍ ശക്തിപ്രാപിച്ചിരിക്കുന്നു. സമ്പന്ന വര്‍ഗത്തിനും സമുദായ പ്രമാണിമാര്‍ക്കും മേധാവിത്വമുള്ള ഇന്നത്തെ വ്യവസ്ഥിതി പൊളിച്ചെഴുതാന്‍ പ്രതിജ്ഞയെടുത്തിട്ടുള്ള പുതിയ ശക്തികളോടു പടയ്ക്കിറങ്ങുന്നത് സൂക്ഷിച്ചു വേണം." മാറുന്ന കോണ്‍ഗ്രസിന്‍റെ മാറിയ വശ്വാസപ്രമാണം ഉറക്കെ പ്രഖ്യാപിക്കുകയായിരുന്നു ആന്‍റണി.
ഇത്തരം പുതിയ ചിന്തകളാണ് കോണ്‍ഗ്രസിനെ കേരളത്തില്‍ നിലനിര്‍ത്തിയത്. ഇത്തരം ചിന്തകളുടെ വഴിയിലൂടെത്തന്നെയാണ് വി.ഡി സതീശനും സഞ്ചരിച്ചത്. സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങാനോ അവരുടെ ആശിര്‍വാദം വാങ്ങാനോ ഒരിക്കലും തയ്യാറായിട്ടില്ലാത്ത നേതാവ്.
ഈ നിലപാടുകള്‍ എവിടെയും പരസ്യമായി പറയാനും തയ്യാറാണ് വി.ഡി സതീശന്‍. അതുതന്നെയാണ് ഒരു കോണ്‍ഗ്രസ് നേതാവെന്ന നിലയ്ക്ക് സതീശന്‍റെ പ്രസക്തിയും.
ഏതെങ്കിലും കണക്കുകൂട്ടലൊ ആസൂത്രണമോ ആര്‍.എസ്.എസിന്‍റെ ഈ നീക്കത്തിനു പിന്നിലുണ്ടെന്നു പറയുക ബുദ്ധിമുട്ടു തന്നെയാണ്. കോള്‍വാള്‍ക്കര്‍ക്കു നേരേ വി.ഡി സതീശന്‍റെ പ്രസ്താവന വന്നപ്പോള്‍ പണ്ടു സതീശനും ആര്‍.എസ്.എസ് ഓഫീസിലും ചടങ്ങുകളിലും പങ്കെടുക്കാന്‍ വന്നിട്ടുണ്ടെന്നു കേരളത്തിനു മനസിലാക്കിക്കൊടുക്കാന്‍ നടത്തിയ ശ്രമം മാത്രമാണെന്നു പറയാം. അതൊരു വശം മാത്രം.
പക്ഷെ അതിനപ്പുറത്തും ചില രാഷ്ട്രീയ ഘടകങ്ങള്‍ സജീവമായി നിലനില്‍ക്കുന്നുണ്ട്. കേരളത്തില്‍ ബി.ജെ.പിക്കു തലപൊക്കാന്‍ ഇടം കിട്ടണമെങ്കില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് എന്നീ രണ്ടു മുന്നണികള്‍ തമ്മില്‍ ഭരണം പങ്കുവയ്ക്കുന്ന രീതി അവസാനിപ്പിക്കണം.
ഈ രണ്ടു മുന്നണികളിലൊന്നു ക്ഷയിച്ചാല്‍ മാത്രമേ ബി.ജെ.പിക്ക് കേരളത്തില്‍ ഇടം കിട്ടാനുള്ള വഴി തെളിയൂ. 'കോണ്‍ഗ്രസ് മുക്ത ഭാരതം' പണ്ടേ ലക്ഷ്യം വെച്ച ബി.ജെ.പിയ്ക്ക് കേരളത്തിലെ കോണ്‍ഗ്രസ് പിടികൊടുത്തിട്ടില്ല.
ദക്ഷിണേന്ത്യ പിടിക്കുകയാണ് ഇനി ബി.ജെ.പിയുടെ നോട്ടമെന്ന് പാര്‍ട്ടിയുടെ ഹൈദ്രബാദില്‍ ചേര്‍ന്ന ദേശീയ കൗണ്‍സില്‍ യോഗം വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ കേരളം പ്രധാനം തന്നെ. വി.ഡി. സതീശനെതിരെ പ്രചാരണം നടത്തുന്ന ബി.ജെ.പിക്കും ആര്‍.എസ്.എസ്സിനും വ്യക്തമായ ലക്ഷ്യമുണ്ടെന്നതില്‍ സംശയമില്ല. അതിനൊരു വഴി കണ്ടപ്പോള്‍ വെട്ടിത്തുറന്നുവെന്നു മാത്രം.
-ചീഫ് എഡിറ്റര്‍