ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ പ്രമുഖ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കേരളത്തിലൂടെയുള്ള പ്രയാണത്തിലാണ്. കന്യാകുമാരിയില്‍ നിന്നു തുടങ്ങി കളീക്കവിള എന്ന അതിര്‍ത്തി പ്രദേശം വഴി കേരളത്തിലേക്ക് കടന്ന് ജനങ്ങളുടെ ആവേശഭരിതമായ സ്വീകരണം ഏറ്റുവാങ്ങി നടന്നു നീങ്ങുകയാണ് രാഹുല്‍ ഗാന്ധിയും കൂട്ടരും.
കോണ്‍ഗ്രസ് നേതാക്കളാരും ചെയ്തിട്ടില്ലാത്ത ഒരു സാഹസത്തിനാണ് രാഹുല്‍ ഗാന്ധി മുതിര്‍ന്നിരിക്കുന്നത്. ദേശീയ തലത്തില്‍ ബി.ജെ.പിക്കെതിരെ കനത്ത ഒരു വെല്ലുവിളി ഉയര്‍ത്താനാവും വിധം പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്നതു തന്നെയാണ് ഈ യാത്രയുടെ ലക്ഷ്യം.
കന്യാകുമാരി ജില്ലയിലുടനീളം വലിയ ജനക്കൂട്ടം തന്നെയാണ് രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ പാതയോരത്തു തടിച്ചുകൂടിയത്. കേരളാ അതിര്‍ത്തി പിന്നിട്ടപ്പോഴും ഇതേ ജനപിന്തുണയും വലിയ ആരവവും ആവര്‍ത്തിച്ചു.
ജനങ്ങള്‍ ഉത്സാഹത്തോടെ തന്നെ രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചുവെന്നര്‍ത്ഥം. കേരളത്തിലെല്ലായിടത്തും ഇതേ തരത്തിലുള്ള സ്വീകരണം തന്നെയാവും കിട്ടുക.
ദക്ഷിണേന്ത്യയില്‍ കര്‍ണാടകയൊഴികെയുള്ള സംസ്ഥാനങ്ങളിലൊക്കെ ബി.ജെ.പിയുടെ ചൊല്‍പ്പടിക്കു നില്‍ക്കാത്ത പാര്‍ട്ടികളും സര്‍ക്കാരുകളുമാണുള്ളതെന്ന കാര്യവും പ്രധാനമാണ്. ദക്ഷിണേന്ത്യയില്‍ പരക്കെ രാഹുല്‍ ഗാന്ധിക്കു നല്ല പിന്തുണ കിട്ടാന്‍ തന്നെയാണു സാധ്യത.
വടക്കാണു പ്രശ്നം. ഏറ്റവുമധികം എം.പിമാരെ സംഭാവന ചെയ്യുന്ന ഉത്തര്‍പ്രദേശ് മുതല്‍ മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, ബീഹാര്‍ എന്നിങ്ങനെ പരന്നു കിടക്കുകയാണ് ഇന്ത്യാ മഹാരാജ്യം. ഒരു യാത്രകൊണ്ട് ഇതെല്ലാം ബി.ജെ.പിയുടെ കൈയില്‍ നിന്നു വെട്ടിപ്പിടിക്കണമെന്നല്ല ഇവിടെ സൂചിപ്പിക്കുന്നത്. ഈ സംസ്ഥാനങ്ങളിലൊക്കെയും കോണ്‍ഗ്രസുണ്ട്.
ഗുജറാത്തില്‍ പോലും കോണ്‍ഗ്രസുണ്ട്. മഹാരാഷ്ട്രയിലും മദ്ധ്യപ്രദേശിലുമെല്ലാം കോണ്‍ഗ്രസുണ്ട്. ഇവിടെയെല്ലാം സംഘടനയെ ശക്തിപ്പെടുത്താന്‍ ഭാരത് ജോഡോ യാത്ര എന്തൊക്കെ പരിപാടികള്‍ ആവിഷ്കരിച്ചിട്ടുണ്ട് ?
മിക്ക സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് ഘടകങ്ങള്‍ക്കു പ്രഗത്ഭരായ നേതാക്കന്മാരില്ല. ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ കാലത്ത് വളരെ മികവുള്ള നേതാക്കന്മാരായിരുന്നു സംസ്ഥാന ഘടകങ്ങള്‍ നയിച്ചിരുന്നത്.
തമിഴ്നാട്ടിലെ കോണ്‍ഗ്രസും അതിനു നേതൃത്വം കൊടുത്ത കെ. കാമരാജും ഐതിഹാസികമായ ഉദാഹരണം. ഉച്ചക്കഞ്ഞി ഏര്‍പ്പെടുത്തിയും കാലോചിതമായ പരിഷ്കാരങ്ങള്‍ അവതരിപ്പിച്ചും വിദ്യാഭ്യാസ രംഗത്തു വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന നേതാവായിരുന്നു കാമരാജ്.
കാമരാജിന്‍റെ മിടുക്കും കഴിവും കണ്ടറിഞ്ഞ് നെഹ്റു അദ്ദേഹത്തെ ഡല്‍ഹിക്കു കൊണ്ടുപോയി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയാദ്ധ്യക്ഷ സ്ഥാനം കാമരാജിനു നല്‍കുകയാണ് നെഹ്റു ചെയ്തത്. കോണ്‍ഗ്രസിന്‍റെ ദേശീയാദ്ധ്യക്ഷ സ്ഥാനത്തേക്കുയര്‍ന്ന ഒരു സംസ്ഥാന നേതാവായിരുന്നു കെ. കാമരാജ് എന്നു ചുരുക്കം.
ഇതുപോലെ എത്രയെത്ര നേതാക്കളെ നെഹ്റു വളര്‍ത്തിക്കൊണ്ടുവന്നു ? ഇന്ദിരാ ഗാന്ധിയുടെ കാലത്തും സംസ്ഥാനങ്ങളില്‍ തലയെടുപ്പുള്ള ധാരാളം നേതാക്കളുണ്ടായിരുന്നു. വളരെ തലയെടുപ്പുള്ള മുഖ്യമന്ത്രിമാരുമുണ്ടായിരുന്നു. പില്‍ക്കാലത്തു കണ്ടത് സംസ്ഥാനങ്ങളിലൊക്കെ കോണ്‍ഗ്രസിന്‍റെ ശക്തി ക്ഷയിക്കുന്നതാണ്. ഇത് ഇന്നും തുടരുന്നു എന്നതാണ് വസ്തുത.
ഇക്കഴിഞ്ഞ പഞ്ചാബ് ഉപതെരഞ്ഞെടുപ്പു തന്നെ ഉദാഹരണം. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങായിരുന്നു പഞ്ചാബ് മുഖ്യമന്ത്രി. വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ അവിടെ ഭരണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു അമരീന്ദര്‍ സിങ്ങ്.
ആദ്യം നവജ്യോത് സിദ്ദിവിനെ ഹൈക്കമാന്‍റ് മുന്‍കൈ എടുത്തു പി.സി.സി പ്രസിഡന്‍റാക്കുന്നു. പിന്നീട് അമരീന്ദര്‍ സിങ്ങിനെതെരെ സിദ്ദു സമ്മര്‍ദം കടുപ്പിക്കുന്നു.
അമരീന്ദര്‍ രാജിവയ്ക്കുകയും പുതിയ മുഖ്യമന്ത്രി സ്ഥാനമേല്‍ക്കുകയും ചെയ്യുന്നു. അഞ്ചു സംസ്ഥാനങ്ങളോടൊപ്പം പഞ്ചാബിലും തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും തുരത്തി ആം ആത്മി പാര്‍ട്ടി ഭരണം പിടിച്ചടക്കുന്നു.
രാഹുല്‍ ഗാന്ധിയുടെ സംഘടനാ പ്രവര്‍ത്തന രീതി ഇങ്ങനൊക്കെയാണ്. ആന്ധ്രാ മുഖ്യമന്ത്രി വൈ. രാജശേഖര റെഡ്ഡി സംസ്ഥാനത്ത് വളരെ ജനപ്രീതി നേടിയ നേതാവായിരുന്നു. ഭരണത്തിലിരിക്കെ അദ്ദേഹം ഒരു ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണമടഞ്ഞു.
കുറെ ദിവസം കഴിഞ്ഞ് വൈ.എസ്.ആറിന്‍റെ ഭാര്യ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയൊടൊപ്പം ഡല്‍ഹിയില്‍ ചെന്നു. രാഹുല്‍ ഗാന്ധിയെ നേരിട്ടു കണ്ട് രാഷ്ട്രീയോപദേശം തേടുകയായിരുന്നു ലക്ഷ്യം. ഒരാഴ്ച ഡല്‍ഹിയില്‍ താമസിച്ചിട്ടും രണ്ടു പേര്‍ക്കും രാഹുല്‍ ഗാന്ധി സന്ദര്‍ശനാനുമതി നല്‍കിയില്ല. ജഗ് മോഹന്‍ റെഡ്ഡി ഇപ്പോള്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയാണ്. കോണ്‍ഗ്രസ് തീരെ ഇല്ലെന്നായി.
ഇപ്പോഴും രാഹുല്‍ ഗാന്ധിയോടൊപ്പം തലയെടുപ്പുള്ള ദേശീയ നേതാക്കളാരുമില്ല. ഗ്രൂപ്പ് 23 എന്ന പേരില്‍ ഏറ്റവും മുതിര്‍ന്ന നേതാക്കള്‍ വളരെ നേരത്തെ തന്നെ മാറി നില്‍ക്കുകയാണ്.
ഇവരില്‍ത്തന്നെ രണ്ടു പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിട്ടു പുറത്തുപോയിരിക്കുന്നു - കപില്‍ സിബലും ഗുലാം നബി ആസാദും. കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്കു തെരഞ്ഞെടുപ്പു നടന്നാല്‍ മത്സരത്തിനൊരുങ്ങി മറ്റൊരു നേതാവ് ശശി തരൂര്‍ കാത്തിരിക്കുന്നു.
പ്രമുഖ നേതാക്കളൊന്നും കൂടെയില്ലാതെ ഭാരത് ജോഡോ യാത്ര നടത്തിയാല്‍ എന്താവും ഫലം ? കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയെ ഞെട്ടിപ്പിക്കാനാവുമോ ? ബി.ജെ.പിക്കെതിരെ ദേശീയ തലത്തില്‍ കനത്ത വെല്ലുവിളി ഉയര്‍ത്താനാവും വിധം കരുത്തു നേടുമോ കോണ്‍ഗ്രസ് ?
അകന്നു നില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളെയും കൂടെ കൂട്ടി, കോണ്‍ഗ്രസിന് പുതിയ ആലോചന നടത്താനും അതിലൂടെ പുതിയ തന്ത്രങ്ങളും ആശയങ്ങളും മെനയാനും കഴിയുമായിരുന്നുവെങ്കില്‍ പാര്‍ട്ടി ബഹുദൂരം മുമ്പിലെത്തുമായിരുന്നു. നല്ല നേതാക്കള്‍ ഒപ്പമില്ലാതെ എന്തു ജോഡോ യാത്ര, രാഹുല്‍ ജീ...