Advertisment

ബിജെപി പരാജയപ്പെട്ട രാഷ്ട്രീയ ഗോദയില്‍ പകരക്കാരന്‍റെ റോളിലാണോ ഗവര്‍ണര്‍ ? കേരളത്തില്‍ പുത്തന്‍ രാഷ്ട്രീയവുമായി ജനങ്ങളെ അഭിമുഖീകരിക്കുമോ ആരിഫ് മുഹമ്മദ് ഖാന്‍ ? ആര്‍എസ്എസ് നേതാവുമായുണ്ടായ കൂടിക്കാഴ്ചയും അജണ്ടയുടെ പുറത്തോ ? ഗവര്‍ണര്‍ക്ക് ഇങ്ങനെയൊക്കെ ആകാമോ ? - മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

പല രേഖകളും പത്രസമ്മേളനത്തില്‍ പുറത്തു വിടുമെന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നത്. കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനം സംബന്ധിച്ച് മുഖ്യമന്ത്രി ഗവര്‍ണര്‍ക്കെഴുതിയ കത്തുകളും പുറത്തുവിടുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ ആകാംഷയോടെ കാത്തിരുന്നു.


പക്ഷെ തിങ്കളാഴ്ച രാജ്ഭവനില്‍ പത്രസമ്മേളനം നടത്തിയ ഗവര്‍ണര്‍ക്ക് തീപിടിക്കുന്ന രഹസ്യ രേഖകളോ വിവാദമുയര്‍ത്തുന്ന കത്തുകളോ മാധ്യമ പ്രവര്‍ത്തകരുടെ മുമ്പില്‍ ഹാജരാക്കാനായില്ല.


കണ്ണൂര്‍ സര്‍വകലാശാല 2019 ഡിസംബര്‍ 28 -നു സംഘടിപ്പിച്ച ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുത്ത തനിക്കു നേരേ വധശ്രമമുണ്ടായെന്നു നേരത്തെ ഗവര്‍ണര്‍ ആരോപണമുന്നയിച്ചെങ്കിലും തിങ്കളാഴ്ചത്തെ പത്രസമ്മേളനത്തില്‍ അതിനത്ര പ്രാധാന്യം നല്‍കിയില്ല. അതൊക്കെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അന്വേഷിക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്.

publive-image

തെറ്റുപറ്റിയാല്‍ അത് സമ്മതിച്ച് ഏറ്റുപറയാന്‍ താന്‍ എപ്പോഴും തയ്യാറാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കുന്ന ഫയലില്‍ ഒപ്പുവെച്ച സ്വന്തം നടപടി തെറ്റായിപ്പോയെന്ന് അദ്ദേഹം സമ്മതിച്ചു.

കണ്ണൂര്‍ കാരനായ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടു കാണുകയും അഡ്വക്കെറ്റ് ജനറലിന്‍റെ കത്ത് ഹാജരാക്കുകയും ചെയ്തതുകൊണ്ട് ഫയലില്‍ ഒപ്പുവെയ്ക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


പിന്നീട് ഈ പുനര്‍ നിയമനം വിവാദമാവുകയും ഹൈക്കോടതി മുമ്പാകെ പരാതി എത്തുകയും ചെയ്തപ്പോള്‍ കോടതിവിധി നിയമനത്തിനനുകൂലമായിരുന്നുവെന്ന കാര്യം അദ്ദേഹം പരാമര്‍ശിച്ചുമില്ല. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും ഫുള്‍ബെഞ്ചും നിയമനം ശരിവെച്ചുകൊണ്ടാണ് ഉത്തരവിട്ടത്.


കണ്ണൂര്‍ സര്‍വകലാശാലയില്‍ മൂന്നു വര്‍ഷം മുമ്പുണ്ടായ സംഭവം തനിക്കുനേരേ നടന്ന വധശ്രമമായിട്ടായിരുന്നു ഗവര്‍ണര്‍ കണ്ടത്. പ്രസംഗിച്ചുകൊണ്ടു നില്‍ക്കെ, വേദിയിലുണ്ടായിരുന്ന പ്രസിദ്ധ ചരിത്രകാരനും മാര്‍ക്സിസ്റ്റ് ചിന്തകനുമായ ഡോ. ഇര്‍ഫാന്‍ ഹബീബ് തനിക്കെതിരെ നീങ്ങിയത് വധശ്രമമാണെന്നായിരുന്നു ഇതുവരെ അദ്ദേഹം പറഞ്ഞിരുന്നത്.

വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രനെയും അദ്ദേഹം ഇതില്‍ പ്രതിസ്ഥാനത്തു നിര്‍ത്തിയിരുന്നു. ഇര്‍ഫാന്‍ ബഹീബിനെ ഗുണ്ട എന്നു വിളിച്ചാക്ഷേപിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. പക്ഷെ തിങ്കളാഴ്ചത്തെ പത്രസമ്മേളനത്തില്‍ ഗവര്‍ണര്‍ പ്രദര്‍ശിപ്പിച്ച വിഡിയോയില്‍ കാണുന്ന ദൃശ്യങ്ങള്‍ മറിച്ചൊരു ചിത്രമാണു നല്‍കിയത്.

ഇര്‍ഫാന്‍ ഹബീബ് പ്രതിഷേധവുമായി എഴുന്നേല്‍ക്കുമ്പോള്‍ത്തന്നെ നാലുപേര്‍ ഗവര്‍ണര്‍ക്കു സംരക്ഷണമൊരുക്കി ചുറ്റും നില്‍ക്കുന്നതും വൈസ് ചാന്‍സലര്‍ ഇര്‍ഫാന്‍ ഹബീബിനെ തടയുന്നതുമായ ദൃശ്യങ്ങളാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിച്ചത്.

publive-image

കൊലപാതക ശ്രമത്തെപ്പറ്റി പത്രസമ്മേളനത്തില്‍ ഗവര്‍ണര്‍ പറഞ്ഞില്ല. തന്നെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താനുള്ള ശ്രമത്തിന്‍റെ തുടക്കമായിരുന്നു അതെന്നാണ് അദ്ദേഹം പത്ര സമ്മേളനത്തില്‍ വിവരിച്ചത്.

സര്‍ക്കാരിനെയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെയും കമ്മ്യൂണിസത്തെത്തന്നെയും ശക്തമായ ഭാഷയില്‍ ആക്ഷേപിച്ചുകൊണ്ടായിരുന്നു അദ്ദേഹം പത്രസമ്മേളനത്തില്‍ കത്തിക്കയറിയത്. മാര്‍ക്സിസ്റ്റ് തത്വശാസ്ത്രം വരത്തന്മാരുടെ സിദ്ധാന്തമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ ആര്‍.എസ്.എസിനെ ഏറെ പുകഴ്ത്തുകയും ചെയ്തു.

1986 മുതല്‍ തന്നെ ആര്‍.എസ്.എസിനെയും അതിന്‍റെ പ്രവര്‍ത്തനങ്ങളെയും നേരിട്ടറിയാമെന്ന് അദ്ദേഹം വിശദീകരിച്ചു. തൃശൂരില്‍ ഒരു സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ വിശ്രമിക്കാനെത്തിയ ആര്‍.എസ്.എസ് സര്‍സംഘ ചാലക് മോഹന് ഭഗവതിനെ സന്ദര്‍ശിക്കാന്‍ പോയതിനെ ഗവര്‍ണര്‍ ന്യായീകരിക്കുകയും ചെയ്തു.


എന്താണ് ഗവര്‍ണറുടെ പുതിയ ലക്ഷ്യം ? ഇതുവരെ സംസ്ഥാന സര്‍ക്കാരുമായും മുഖ്യമന്ത്രി പിണറായി വിജയനുമായും അങ്ങേയറ്റം യോജിപ്പില്‍ കഴിഞ്ഞിരുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പെട്ടെന്നു മനസു മാറിയതാണോ ?


ഇതൊക്കെയും കേരളത്തിലെ ജനങ്ങളോടു വിളിച്ചു പറയാന്‍ പോവുകയാണെന്നാണ് ഗവര്‍ണര്‍ ഉറപ്പിച്ചു തന്നെ പറ‍ഞ്ഞുവെച്ചത്. ലോകായുക്ത, സര്‍വകലാശാലാ ബില്ലുകളുടെ നിയമവിരുദ്ധത ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

publive-image

ജനങ്ങള്‍ക്കിടയിലേക്കിറങ്ങുമോ ഗവര്‍ണര്‍ ? ബി.ജെ.പി രാഷ്ട്രീയമായി പരാജയപ്പെട്ട കേരളത്തില്‍ പുതിയ രാഷ്ട്രീയവുമായി ജനങ്ങളെ അഭിമുഖീകരിക്കാനാണോ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒരുങ്ങുന്നത് ? ആര്‍.എസ്.എസ് നേതാവിനെ കണ്ടു സംസാരിച്ചതെല്ലാം പുതിയ അജണ്ടയുടെ വെളിച്ചത്തിലായിരുന്നോ ?

ഗവര്‍ണര്‍ സ്ഥാനത്തിരുന്ന് ഒരാള്‍ ഇങ്ങനെ രാഷ്ട്രീയം പറയാമോ ? രാഷ്ട്രീയ പ്രവര്‍ത്തനം നടത്താമോ ? കേരള ജനത അതെങ്ങനെ കാണും ? ഉയരുന്ന ചോദ്യങ്ങള്‍ നിരവധി.

-ചീഫ് എഡിറ്റര്‍

Advertisment