ചുട്ട കോഴിയെ പറപ്പിക്കുന്ന മന്ത്രവാദി എന്നത് പണ്ടുകാലത്തെ ഒരു പറച്ചില്‍ മാത്രമായിരുന്നു. ബാധയൊഴിപ്പിക്കാനും ശത്രു സംഹാരത്തിനുമൊക്കെ ജനങ്ങള്‍ മന്ത്രവാദികളെ സമീപിക്കുന്ന ആ കാലത്തെ പ്രയോഗങ്ങള്‍. മാടനും യക്ഷിയും നാട്ടിന്‍പുറങ്ങളിലെ രാവുകളില്‍ വിളയാടിയിരുന്ന കാലം. ദുര്‍മന്ത്രവാദികളുടെ സുവര്‍ണ കാലം.
അക്കാലമൊക്കെ എന്നേ കടന്നുപോയി. വിദ്യാഭ്യാസം നേടിയ പുതു തലമുറ മലയാളികള്‍ നാഗരിക ജീവിതത്തിലേയ്ക്കു കടന്നു. മുക്കിനും മൂലയിലും വൈദ്യുതി എത്തിയതോടെ യക്ഷിയും മാടനും വിളയാടി നടക്കാന്‍ ഇരുട്ടിന്‍റെ മറയില്ലാതായി. ഓം ഹ്രീം സ്വാഹ: മന്ത്രങ്ങള്‍ എങ്ങും കേള്‍ക്കാതായി.
പക്ഷെ ഇലന്തൂരില്‍ രണ്ടു സ്ത്രീകളെ അതിദാരുണമായി കഴുത്തറുത്ത് ബലി നല്‍കിയ വാര്‍ത്ത കേരളത്തില്‍ ഒരു സംഭവമായിരിക്കുന്നു.
നൂറു ശതമാനം സാക്ഷരത കൈവരിച്ച കേരളത്തില്‍ ഇങ്ങനെയൊരു കാര്യം സംഭവിക്കാമോ എന്ന ചോദ്യം ഉയരുന്നു. മന്ത്രവാദത്തിലും മന്ത്രവാദികളിലും വിശ്വസിക്കുന്നവരാര് എന്ന ചോദ്യത്തിനു മുന്നിലാണ് ഇലന്തൂര്‍ സംഭവം ഉയര്‍ന്നു നില്‍ക്കുന്നത്.
പോരാത്തതിന് തൊട്ടടുത്ത മലയാലപ്പുഴയില്‍ ഒരു മന്ത്രവാദിനിയുടെ മന്ത്രവാദ കേന്ദ്രം നാട്ടുകാര്‍ തകര്‍ത്തുവെന്നും മന്ത്രവാദിനിയെ പോലീസ് കസ്റ്റഡിയിലെടുത്തുവെന്നുമുള്ള വാര്‍ത്ത വരുന്നു.
ഇലന്തൂരില്‍ നിന്ന് മലയാലപ്പുഴയിലേയ്ക്ക് അല്‍പ്പദൂരമേയുള്ളു. രണ്ടു ഗ്രാമങ്ങളും പത്തനംതിട്ട പട്ടണത്തിനു തൊട്ടടുത്ത്. സാക്ഷരതയിലും ജീവിത നിലവാരത്തിലും വിദ്യാഭ്യാസ നിലവാരത്തിലുമെല്ലാം മുന്‍പന്തിയില്‍ നില്‍ക്കുന്ന ജില്ലയാണ് പത്തനംതിട്ടയെന്നും ഓര്‍ക്കണം.
മലയാലപ്പുഴയില്‍ വാസന്തി മഠം എന്ന പേരില്‍ മന്ത്രവാദ കേന്ദ്രം നടത്തിയിരുന്ന ശോഭനയെന്ന സ്ത്രീയെയാണ് പോലീസ് പിടികൂടിയത്. ഒരു ബാലനെ മുമ്പിലിരുത്തി മന്ത്രവാദവും പൂജാകര്‍മ്മങ്ങളും നടത്തുന്നതിനിടയ്ക്ക്, ബാലന്‍ മയങ്ങി താഴെ വീഴുന്ന വിഡിയോദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നാട്ടുകാര്‍ സംഘടിച്ചെത്തുകയായിരുന്നു.
ഒപ്പം വിവിധ യുവജനസംഘടനകളും സംഘടിച്ചെത്തി. കേന്ദ്രത്തിനു നേരേ അക്രമണം നടന്നതോടെ പോലീസെത്തി ശോഭനയെന്ന മന്ത്രവാദിനിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. നാട്ടുകാരെ ഭിഷണിപ്പെടുത്തിയാണ് മന്ത്രവാദിനി ഈ കേന്ദ്രം നടത്തിയിരുന്നതെന്ന് ജനങ്ങള്‍ പറയുന്നു.
ദുര്‍മന്ത്രവാദത്തിനെതിരെ സമൂഹമനസാക്ഷി ഉണര്‍ന്നിരിക്കുന്നുവെന്നര്‍ത്ഥം. മന്ത്രവാദത്തിനും ആഭിചാരത്തിനുമെതിരെ ഒരു നിയമമുണ്ടാക്കാന്‍ പറ്റിയ അവസരം.
കേരളം പോലെയൊരു സംസ്ഥാനത്തിന് ഇത്തരം നിയമങ്ങളുടെ ആവശ്യമില്ലെങ്കിലും ഇവിടെപ്പോലും ഒറ്റപ്പെട്ട നിലയ്ക്കു വളര്‍ന്നുവരുന്ന ദുഷിച്ച ആചാരങ്ങള്‍ക്കു തടയിടേണ്ടത് അത്യാവശ്യം തന്നെയാണ്. അതിനു നിയമം കൂടിയേ തീരൂ.
സംസ്ഥാന നിയമ പരിഷ്കാര കമ്മീഷന്‍ ഈ വഴിക്ക് ഒരു ബില്‍ മൂന്നു വര്‍ഷം മുമ്പുതന്നെ തയ്യാറാക്കിയിരുന്നു. 'ദ കേരള പ്രിവന്‍ഷന്‍ ആന്‍റ് ഇറാഡിക്കേഷന്‍ ഓഫ് ഇന്‍ഹ്യൂമന്‍ ഈവില്‍ പ്രാക്ടീസസ്, സോര്‍സെറി ആന്‍റ് ബ്ലാക്ക് മാജിക്ക് ബില്‍' എന്ന പേരിലുള്ള ബില്ലാണ് ജസ്റ്റിസ് കെ.ടി തോമസ് അധ്യക്ഷനായ കമ്മീഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ചത്. 2019 ഒക്ടോബറില്‍.
അദ്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പ്രോത്സാഹിപ്പിക്കുകയും അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ആരെയെങ്കിലും ചൂഷണം ചെയ്യുകയും ചെയ്യുന്നവര്‍ക്ക് ഏഴു വര്‍ഷം വരെ തടവും 500 രൂപ മുതല്‍ 50,000 രൂപ വരെ പിഴയും ശിക്ഷ നല്‍കാനായിരുന്നു ഈ ബില്ലിലെ ശുപാര്‍ശ.
കേരള ശാസ്ത്രസാഹിത്യ പരിഷത്തും മുന്‍ ഡി.ജി.പി എ. ഹേമചന്ദ്രനുമെല്ലാം ഈ വഴിക്ക് സര്‍ക്കാരിന് പല ശുപാര്‍ശകളും നല്‍കിയിരുന്നതാണ്. മുന്‍ എം.എല്‍.എ പി.ടി തോമസും കെ.ഡി പ്രസേനനും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള സ്വകാര്യ ബില്ലുകള്‍ കേരള നിയമസഭയില്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഇലന്തൂര്‍ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ നിയമം ഉണ്ടാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കൈ എടുത്തിട്ടുണ്ട്. ചുട്ട കോഴിയെ പറപ്പിക്കുന്ന ദുര്‍മന്ത്രവാദികള്‍ ഇനി കേരളത്തിന്‍റെ പ്രാചീന കഥകളില്‍ മാത്രമേ ഉണ്ടാകാവൂ.