സര്‍വകലാശാലകളുടെ കാര്യത്തിലുള്‍പ്പെടെ ഗവര്‍ണറുടെ അധികാരങ്ങള്‍ ഒരു രാഷ്ട്രീയ തര്‍ക്കമെന്നതിനപ്പുറം നിയമവിഷയം കൂടിയാണ്. എല്ലാ നിയമനങ്ങള്‍ക്കും ഒരു വ്യവസ്ഥയുണ്ട്. എല്ലാ അധികാരങ്ങള്‍ക്കും പരിധിയുമുണ്ട്. അതിനപ്പുറം ഗവര്‍ണര്‍ക്കുമാത്രമെന്ത് ? - മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

ഗവര്‍ണറുടെ പോര് ഇനി കേരളത്തിലെ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരോടാണ്. ഒമ്പതു വൈസ് ചാന്‍സലര്‍മാര്‍ തിങ്കളാഴ്ച ഉച്ചയ്ക്കു തന്നെ രാജിവെച്ചൊഴിയാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കല്‍പ്പന പുറപ്പെടുവിച്ചിരിക്കുകയായിരുന്നു. വിസിമാര്‍ നിയമവഴികള്‍ തേടിയിരിക്കുകയാണ്.

യു.ജി.സി ചട്ടം പാലിക്കാതെ നടത്തിയ നിയമനമെന്നു കണ്ട് കേരള സാങ്കേതിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.എസ് രാജശ്രീയെ നിയമിച്ച നടപടി സുപ്രീംകോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് കേരളത്തിലെ ഒമ്പതു സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ രാജി വയ്ക്കാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടത്.

കേരള സര്‍വകലാശാല, മഹാത്മാഗാന്ധി സര്‍വകലാശാല, കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാല, കൊച്ചിയിലെ തന്നെ ഫിഷറീസ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, സാങ്കേതിക സര്‍വകലാശാല, ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല, കാലിക്കട്ട് സര്‍വകലാശാല, മലയാളം സര്‍വകലാശാല എന്നീ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരോടാണ് രാജി വെയ്ക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കെ.ടി.യു വൈസ് ചാന്‍സലര്‍ നിയമനത്തിനു വേണ്ടി സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് ചട്ടപ്രകാരമല്ലെന്നാണ് സുപ്രീംകോടതി കണ്ടെത്തിയത്.

വൈസ് ചാന്‍സലറെ കണ്ടുപിടിക്കാന്‍ സേര്‍ച്ച് കമ്മിറ്റിയെ നിയോഗിച്ചുവെങ്കിലും കമ്മിറ്റി മൂന്നു മുതല്‍ അഞ്ചു വരെ പേരുകളുള്ള ഒരു പാനല്‍ കൊടുക്കുന്നതിനു പകരം ഡോ. എം.എസ്. രാജശ്രീയുടെ പേരു മാത്രം ഗവര്‍ണറുടെ പരിഗണനയ്ക്കയക്കുകയായിരുന്നുവെന്നും അതനുസരിച്ച് ചാന്‍സലര്‍ നിയമനം നടത്തുകയായിരുന്നുവെന്നുമാണ് പരാതിക്കാരനായ മുന്‍ കൊച്ചി സര്‍വകലാശാലാ ഡീന്‍ പി.എസ് ശ്രീജിത് പരാതി നല്‍കിയത്. യു.ജി.സി ചട്ടം പാലിച്ചല്ലായിരുന്നു നിയമനമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

യു.ജി.സി ചട്ടങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലാത്തതിനാല്‍ അവ ബാധകമല്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചത്. 2010 -ലെ യു.ജി.സി ചട്ടങ്ങള്‍ കേരളം അംഗീകരിച്ചിരുന്നുവെങ്കിലും 2013 -ല്‍ കൊണ്ടുവന്ന ഭേദഗതികള്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. സംസ്ഥാനം അംഗീകരിക്കാത്ത ചട്ടങ്ങള്‍ക്കനുസരിച്ചല്ല നിയമനം നടന്നതെന്ന വാദം ശരിയല്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്വീകരിച്ചത്.

ഡോ. എം.എസ് രാജശ്രീയുടെ നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിയുടെ വെളിച്ചത്തില്‍ കേരളത്തിലെ ഒമ്പതു സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെയും പിരിച്ചുവിടാനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നീക്കം. നിയമപരമായ നടപടിയല്ല ഇതെന്നതാണു വസ്തുത.


കെ.ടി.യു സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ നിയമനം സുപ്രീംകോടതി റദ്ദാക്കിയത് മാസങ്ങള്‍ നീണ്ടുനിന്ന വിചാരണയ്ക്കും കോടതി നടപടികള്‍ക്കും ശേഷമാണ്. പരാതിക്കാരന്‍ നല്‍കിയ പരാതി ആദ്യം പരിശോധിച്ച കേരള ഹൈക്കോടതി നിയമനത്തില്‍ അപാകതയില്ലെന്നാണു വിധിച്ചത്. ഇതിനെതിരെ പരാതിക്കാരന്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് സുപ്രീംകോടതി ഡോ. രാജശ്രീയുടെ നിയമനം റദ്ദാക്കിയത്.


എന്നാല്‍ ഇതിന്‍റെ പേരില്‍ കേരളത്തിലെ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരെയെല്ലാം പുറത്താക്കാന്‍ സംസ്ഥാന ഗവര്‍ണര്‍ക്കെന്തധികാരം ? ഈ തീരുമാനത്തിന് നിയമപരമായി എന്തു പിന്‍ബലമാണുള്ളത് ? ഓരോ വൈസ് ചാന്‍സലറുടെയും നിയമനം ഓരോ രീതിയിലാണ്. ഓരോ സര്‍വകലാശാലയുടെയും രൂപീകരണം ഓരോ നിയമപ്രകാരമാണെന്നതുകൊണ്ടാണിത്.

വ്യക്തമായ നിയമങ്ങളനുസരിച്ചു രൂപംകൊണ്ട ഒരു സര്‍വകലാശാല, അതിന്‍റേതായ ചട്ടങ്ങള്‍ പ്രകാരം നിയമിക്കുന്ന വൈസ് ചാന്‍സലറെ, ഒരു കാരണവും കാണിക്കാതെ, ഒരു നോട്ടീസ് പോലും നല്‍കാതെ, വെറുതെയങ്ങു പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടോ ?

ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരാണ് സംസ്ഥാനങ്ങള്‍ ഭരിക്കുന്നത്. പൊതുജനങ്ങളുടെ മാന്‍ഡേറ്റ്, അവര്‍ തെരഞ്ഞെടുക്കുന്ന സര്‍ക്കാരിനു തന്നെ. ജനങ്ങളുടെ പ്രതിനിധികളടങ്ങുന്ന സംസ്ഥാന നിയമസഭയാണ് ഓരോ സര്‍വകലാശാലയുടെയും രൂപീകരണത്തിന് നിയമമുണ്ടാക്കിയിരിക്കുന്നത്. അതില്‍ സംസ്ഥാന ഗവര്‍ണറെ ചാന്‍സലറാക്കണമെന്ന നിര്‍ദേശം ചേര്‍ത്തിരിക്കുന്നത്.

വൈസ് ചാന്‍സലര്‍മാരെ പിരിച്ചുവിട്ട് സ്വന്തം നിലയ്ക്ക് പുതിയ വി.സിമാരെ നേരിട്ടു നിയമിക്കാനാണോ ഗവര്‍ണറുടെ നീക്കമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഭയക്കുന്നുണ്ട്. അതില്‍ ഗവര്‍ണറുടെ രാഷ്ട്രീയം കടന്നുവരില്ലേയെന്നും സര്‍ക്കാര്‍ കരുതുന്നു. സുപ്രീംകോടതി വിധി വന്നതു കണ്ടയുടനേ ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ തിടുക്കപ്പെട്ട് ഇത്തരമൊരു തീരുമാനമെടുത്തതിനു പിന്നിലെ ലക്ഷ്യം സ്വന്തം നിലയ്ക്കുള്ള വി.സി നിയമനം തന്നെയാണെന്നു സര്‍ക്കാര്‍ കണക്കാക്കുന്നു.

വിദ്യാഭ്യാസപരമായി മറ്റു സംസ്ഥാനങ്ങളെക്കാള്‍ വളരെ മുന്നില്‍ നില്‍ക്കുന്ന കേളത്തിലെ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരെ നിയമപരമായ ഒരു നടപടിയും കൂടാതെ ഒരു നോട്ടീസ് പോലും നല്‍കാതെ പിരിച്ചുവിടാന്‍ ചാന്‍സലര്‍ പദവിയിലിരിക്കുന്ന ഗവര്‍ണര്‍ക്ക് അന്തധികാരമെന്ന ചോദ്യം കനപ്പെട്ടതു തന്നെ. ഒരു രാഷ്ട്രീയ വിഷയമെന്നതിനുമപ്പുറത്ത്, ഒരു നിയമവിഷയം കൂടിയാണിതെന്നതാണു വസ്തുത.

Advertisment