നിയമസഭയെ തെരഞ്ഞെടുക്കുന്നത് ജനങ്ങളാണ്. ജനപ്രതിനിധികളാണ് മന്ത്രിമാരാകുന്നത്. അതേസമയം ഗവര്‍ണറെ ആരും തെരഞ്ഞെടുത്തിട്ടില്ല. കേന്ദ്രം നാമനിര്‍ദേശം ചെയ്യുന്ന ആളാണ് ഗവര്‍ണര്‍. ജനാധിപത്യത്തിന്‍റെ ഈ സവിശേഷതകള്‍ കേരള ഗവര്‍ണര്‍ക്കും ബാധകമാണ്. സര്‍വ്വാധികാരികള്‍ ജനങ്ങളാണ്, ഗവര്‍ണറല്ല - മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

ധനകാര്യമന്ത്രി കെ.എന്‍ ബാലഗോപാലിനു നേരേ തിരിഞ്ഞിരിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മന്ത്രിയില്‍ തനിക്കുള്ള പ്രീതി നഷ്ടമായിരിക്കുന്നുവെന്നും കാര്യം ഗൗരവമായിത്തന്നെ കണ്ട് മന്ത്രിക്കെതിരെ നിയമപരമായും ഭരണഘടനാപരമായും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു കത്തെഴുതിയിരിക്കുകയാണ്.

മന്ത്രിയില്‍ തനിക്കുള്ള പ്രീതി നഷ്ടമായിട്ടില്ലെന്നും അതുകൊണ്ട് ഒരു നടപടിയും സാധ്യമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചടിക്കുകയും ചെയ്തിരിക്കുന്നു. ഗവര്‍ണറും ഗവണ്‍മെന്‍റും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന രൂക്ഷമായ പോരിന് ഒരു വാതില്‍കൂടി തുറന്നിരിക്കുകയാണ് ഗവര്‍ണര്‍.

ബാലഗോപാല്‍ ഈ മാസം 18 -ാം തീയതി കേരള സര്‍വകലാശാലയില്‍ ചെയ്ത ഒരു പ്രസംഗമാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. ഉത്തര്‍പ്രദേശിനെയും കേരളത്തെയും തമ്മില്‍ താരതമ്യപ്പെടുത്തിയത് പ്രാദേശിക വാദമായാണ് ഗവര്‍ണര്‍ കണ്ടത്. ദേശീയതയെക്കെതിരാണ് ആ പ്രസംഗമെന്നും അദ്ദേഹം കണ്ടു. രാജ്യത്തിന്‍റെ ഐക്യത്തെ തകര്‍ക്കുന്ന ബോധപൂര്‍വമായ പരാമര്‍ശമാണ് ബാലഗോപാലിന്‍റേതെന്നും ഗവര്‍ണര്‍ മുഖ്യമന്ത്രിക്കുള്ള കത്തില്‍ ചൂണ്ടിക്കാട്ടി.

publive-image

എസ്.എഫ്.ഐ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട സമയത്ത് ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ഒരു വെടിവെയ്പുണ്ടായതും ഉടനെ അങ്ങോട്ടു തിരിച്ചതും വിവരിച്ചുകൊണ്ടാണ് ബോലഗോപാല്‍ പ്രസംഗം തുടങ്ങിയത്. വെടിവെയ്പ്പില്‍ അഞ്ചു വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. വൈസ് ചാന്‍സലറുടെ സുരക്ഷാ ഭടന്മാരാണ് വെടിയുതിര്‍ത്തത്. യു.പിയില്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍ക്കൊക്കെയും അമ്പതും നൂറും സുരക്ഷാ ഭടന്മാര്‍ എപ്പോഴും ഒപ്പമുണ്ടാവുമെന്ന് ബാലഗോപാല്‍ വിശദീകരിച്ചു.

ഇത്തരം സര്‍വകലാശാലകളുള്ള ഒരു സംസ്ഥാനത്തുനിന്നു വരുന്ന ഒരാള്‍ക്ക് കേരളത്തിലെ സര്‍വകലാശാലകളുടെ പ്രവര്‍ത്തന രീതി പെട്ടെന്നു മനസിലാവില്ലെന്ന് ബാലഗോപാല്‍ ചൂണ്ടിക്കാട്ടി. ഇതാണ് ഗവര്‍ണര്‍ക്ക് പിടിക്കാതെ പോയത്.

എല്ലാ മേഖലകളില്‍ നിന്നുമുള്ള ആളുകള്‍ പങ്കെടുക്കുന്ന, വളരെ ജനാധിപത്യപരമായി അക്കാദമിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്ചുന്ന, വലിയ മാറ്റങ്ങളുണ്ടാക്കുന്ന ജനകീയ സംവിധാനങ്ങളാണ് കേരളത്തിലെ സര്‍വകലാശാലകളെന്നും ബാലഗോപാല്‍ പറഞ്ഞു. ഇതിലെല്ലാം പ്രാദേശിക വാദമാണുയര്‍ത്തുന്നതെന്നാണ് ഗവര്‍ണറുടെ ആക്ഷേപം.

ബാലഗോപാലിന്‍റെ പ്രസംഗത്തില്‍ ഏതെങ്കിലും തരത്തിലുള്ള പ്രാദേശികവാദമോ ദേശീയ ബോധത്തെ വെല്ലുവിളിക്കുന്ന ഏതെങ്കിലും സൂചനകളോ ഉള്ളതായി നിഷ്പക്ഷമതിയായ ഒരാള്‍ക്കും കാണാന്‍ കഴിയില്ലെന്നതാണു വസ്തുത.


മന്ത്രി ബാലഗോപാല്‍ നടത്തിയ പ്രസംഗം ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തി ശരിക്കു വായിച്ച് അതിന്‍റെ ഉള്ളിന്‍റെ ഉള്ളില്‍ ചില ദുരുദ്ദേശങ്ങളുണ്ടെന്നു വരുത്തി, മന്ത്രിയെ പിരിച്ചുവിടണമെന്നാവശ്യപ്പെടുകയായിരുന്നു ഗവര്‍ണര്‍. അതിലേക്ക് ഒരു പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ വ്യാഖ്യാനിച്ച് രാജ്യദ്രോഹക്കുറ്റത്തിലേക്കെത്തിക്കാനുമാണ് അദ്ദേഹം ശ്രമിച്ചത്.


ഭരണഘടനാപരമായും നിയമപരമായും ഒരു ഗവര്‍ണര്‍ക്ക് ഇങ്ങനെയൊരധികാരമില്ല. ഇന്ത്യയിലെ പ്രമുഖ നിയമവിദഗ്ദ്ധര്‍ ഇതു സംബന്ധിച്ച് ശക്തമായ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗവണ്‍മെന്‍റ് രൂപീകരിക്കുന്നതിന്‍റെ ഭാഗമായി മന്ത്രിമാരെ നിയമിക്കുന്നത് മുഖ്യമന്ത്രിയാണ്. അത് മുഖ്യമന്ത്രിയുടെ അവകാശവും അധികാരവുമാണ്. ആ അവകാശത്തെ ചോദ്യം ചെയ്യാന്‍ ഗവര്‍ണര്‍ക്കധികാരമില്ലെന്നര്‍ത്ഥം.

സത്യപ്രതിജ്ഞ ചെയ്യിച്ച് അധികാരത്തിലേറുന്ന ആള്‍ എന്ന നിലയ്ക്ക് മന്ത്രിയുടെ സ്ഥാനവും ഗവര്‍ണറുടെ പ്രീതി നിലനില്‍ക്കുവോളം മാത്രമാണെന്ന ഗവര്‍ണറുടെ വ്യാഖ്യാനത്തില്‍ ഒട്ടു അര്‍ത്ഥമില്ലെന്നും നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഒരു മന്ത്രിയെ പിരിച്ചുവിടണമെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിയോടാവശ്യപ്പെടുന്നതുതന്നെ ഇതാദ്യം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനു ശക്തമായ ഉത്തരം അപ്പോള്‍ത്തന്നെ നല്‍കുകയും ചെയ്തു. മന്ത്രിയില്‍ എനിക്കു അചഞ്ചലമായ വിശ്വാസമുണ്ട് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.


ജനാധിപത്യ വ്യവസ്ഥിതിയില്‍ ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന പ്രതിനിധികളാണ് മന്ത്രിമാരാകുന്നതെന്ന കാര്യം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മറന്നിരിക്കുന്നു. ജനപ്രതിനിധികളാണ് നിയമസഭാംഗങ്ങളാകുന്നത്. നിയമമുണ്ടാക്കാന്‍ നിയമസഭയ്ക്കാണ് അധികാരം.


ഭൂപരിഷ്കരണ നിയമം മുതല്‍ കേരളത്തിന്‍റേതായി നിലവിലുള്ള നിയമങ്ങളൊക്കെയും രൂപംകൊണ്ടത് നിയമസഭയില്‍ നടന്ന ചര്‍ച്ചകളിലൂടെയും തീരുമാനങ്ങളിലൂടെയുമാണ്. കേരളത്തിലെ ഓരോ സര്‍വകലാശാലയും രൂപം കൊണ്ടത് ഇത്തരം നിയമങ്ങളിലൂടെയാണ്. ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലറാക്കിയതും ഇത്തരം നിയമങ്ങള്‍ തന്നെയാണ്.

അതെ. കേരളത്തിലെ ജനങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധികള്‍ അംഗങ്ങളായ നിയമസഭ വേണ്ടും വണ്ണം ചര്‍ച്ചകള്‍ നടത്തിയും പഠനങ്ങള്‍ നടത്തിയും തയ്യാറാക്കിയ നിയമങ്ങളാണ് ഓരോ സര്‍വകലാശാലയുടെയും രൂപീകരണത്തിന് അടിസ്ഥാനമായിരിക്കുന്നത്. അതില്‍ ചാന്‍സലറുടെ സ്ഥാനവും ഉള്‍പ്പെടും.

ഗവര്‍ണറെ ആരും തെരഞ്ഞെടുത്തിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത ഒരു ഭരണഘടനാ സ്ഥാനം മാത്രമാണത്. ജനാധിപത്യത്തില്‍ സര്‍വാധികാരം ജനപ്രതിനിധികള്‍ക്കാണ്. അവരെ തെരഞ്ഞെടുത്ത ജനങ്ങള്‍ക്കാണ്.

-ചീഫ് എഡിറ്റര്‍

Advertisment