മാധ്യമപ്രവര്‍ത്തകരുടെ ജോലി ജനങ്ങള്‍ക്ക് വാര്‍ത്തകള്‍ എത്തിച്ചു കൊടുക്കുക എന്നതാണ്. അതറിയാനുള്ള അവകാശം ജനങ്ങൾക്കുമുണ്ട്. ചില മാധ്യമങ്ങൾ മാത്രം ആ ജോലി ചെയ്‌താൽ മതിയെന്ന് ഒരു ഗവർണർ രാജ്ഭവനിലിരുന്ന് പറഞ്ഞാൽ അത് ജനങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ്. ജനായത്ത ഭരണത്തോടൊപ്പം തന്നെയാണ് ഇവിടെ മാധ്യമങ്ങളും വളര്‍ന്നു വന്നത്. അതിനു മുമ്പ് രാജഭരണത്തെ ചോദ്യം ചെയ്യാനും ഇവിടെ പത്രങ്ങളുണ്ടായിരുന്നു. ഗവർണർക്കറിയാത്ത കാര്യങ്ങളും കേരളത്തിലുണ്ട് - മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോർജ്

New Update

publive-image

Advertisment

കേരളത്തിലെ വാര്‍ത്താ മാധ്യമങ്ങള്‍ക്ക് ഒരു വലിയ ചരിത്രവും പാരമ്പര്യവുമുണ്ട്. അതുകൊണ്ടുതന്നെ കേരള സമൂഹത്തില്‍ വാര്‍ത്താ മാധ്യമങ്ങളുടെ സ്ഥാനവും വലുതാണ്.

മാധ്യമങ്ങള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരം നടക്കുമ്പോഴും അവ തമ്മില്‍ ഒരു വലിയ സൗഹൃദം നിലനില്‍ക്കുന്നുണ്ട്. വിവിധ മാധ്യമങ്ങളിലെ വാര്‍ത്താ ലേഖകര്‍ തമ്മിലും ഈ സൗഹൃദം ശക്തമായിത്തന്നെ നിലനില്‍ക്കുന്നു.

അതുകൊണ്ടുതന്നെ, കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു സംഘടനയേ ഉള്ളു - കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യു.ജെ).

കേരളത്തില്‍ വിവിധ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാഷ്ട്രീയ കക്ഷികള്‍ നിയന്ത്രിക്കുന്ന ദേശാഭിമാനി, കൈരളി, വീക്ഷണം, ജയ്ഹിന്ദ്, ജന്മഭൂമി, ജനം, ചന്ദ്രിക എന്നിങ്ങനെ പലതരം മാധ്യമങ്ങള്‍ അതിലുള്‍പ്പെടുന്നു. ചില സമുദായങ്ങളുടെ നിയന്ത്രണമുള്ള മാധ്യമങ്ങളുമുണ്ട്. ഇതെല്ലാം കേരള സമൂഹത്തില്‍ വളരെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നു. ഇവ കേരള സമൂഹത്തിന്‍റെ തന്നെ ഭാഗമാണെന്നതാണു വസ്തുത.

ഈ സ്ഥാപനങ്ങളിലെ പ്രവര്‍ത്തകരൊക്കെയും കേരള പത്രപ്രവര്‍ത്തക യൂണിയനില്‍ അംഗങ്ങളും നേതാക്കളുമൊക്കെയാണ്. സമഭാവനയോടെ തന്നെ ഇവര്‍ ഒരു സംഘടനയുടെ കീഴില്‍ ഒന്നിച്ചു നിന്നു പ്രവര്‍ത്തിക്കുന്നു.

ഇതില്‍ നിന്നും തികച്ചും വിഭിന്നമായ ഒരു നിലപാടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിലെ മാധ്യമ സമൂഹത്തോടു കാട്ടിയത്. എറണാകുളത്ത് പത്രസമ്മേളനം നടത്തിയ ഗവര്‍ണര്‍ കൈരളി, മീഡിയാ വണ്‍ എന്നീ ചാനലുകളെ ചടങ്ങില്‍ നിന്ന് ഇറക്കിവിട്ടു.


ഈ ചാനലുകളുടെ പേരെടുത്തു പറഞ്ഞു 'ഗെറ്റ് ഔട്ട്' എന്ന് ആക്രോശിക്കുകയായിരുന്നു ഗവര്‍ണര്‍. ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി ഒരിക്കലും ചെയ്യരുതായിരുന്നു ഇത്തരമൊരു കൃത്യം.


മുമ്പൊരിക്കല്‍ രാജ്ഭവനില്‍ ഗവര്‍ണര്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ നിന്ന് നാലു ചാനലുകളെ ഒഴിവാക്കിയിരുന്നു. കൈരളി, മീഡിയാ വണ്‍, റിപ്പോര്‍ട്ടര്‍, ജയ്ഹിന്ദ് എന്നീ ചാനലുകളെയാണ് അന്നു ക്ഷണിക്കാതിരുന്നത്.

തിങ്കളാഴ്ച കൊച്ചിയില്‍ നടന്ന പത്രസമ്മേളനത്തിന് അനുമതി തേടി ജയ്ഹിന്ദ് ടി.വി കത്തു നല്‍കിയിരുന്നുവെങ്കിലും മറുപടി നല്‍കിയില്ല. അവര്‍ പത്രസമ്മേളനത്തിനെത്തിയുമില്ല. കൈരളി, മീഡിയാ വണ്‍ എന്നീ ചാനലുകളെ പത്രസമ്മേളനത്തില്‍ നിന്ന് ഇറക്കിവിട്ടതില്‍ പ്രതിഷേധിച്ച് റിപ്പോര്‍ട്ടര്‍ ടി.വി ഗവര്‍ണറുടെ പത്രസമ്മേളനം ബഹിഷ്കരിക്കുകയും ചെയ്തു.


കേരളത്തില്‍ ജനായത്ത ഭരണത്തോടൊപ്പം തന്നെയാണ് മാധ്യമങ്ങളും വളര്‍ന്നു വന്നത്. അതിനു മുമ്പ് രാജഭരണത്തെ ചോദ്യം ചെയ്യാനും ഇവിടെ പത്രങ്ങളുണ്ടായി.


ജനാധിപത്യ ഭരണത്തിന്‍റെ ആദ്യ ഘട്ടത്തില്‍ അച്ചടി മാധ്യമങ്ങളും പില്‍ക്കാലത്ത് ടെലിവിഷനും ഏറ്റവുമൊടുവില്‍ സമൂഹ മാധ്യമങ്ങളും വളര്‍ന്നു വന്നു. അവയൊക്കെ കേരള സമൂഹത്തില്‍ പടര്‍ന്നു പന്തലിച്ചു. എല്ലാം സമൂഹത്തിന്‍റെ ഭാഗമായി.

തന്നെയും തന്‍റെ സ്ഥാനത്തെയും വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് ഗവര്‍ണര്‍ പത്രസമ്മേളനത്തില്‍ത്തന്നെ പറ‍ഞ്ഞു. ജനാധിപത്യത്തില്‍ അധിഷ്ഠിതമായ ഭരണത്തില്‍ മാധ്യമങ്ങള്‍ക്കും വലിയ പങ്കുണ്ട്. മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിങ്ങിലും എഴുത്തിലും ചിത്രീകരണത്തിലുമെല്ലാം വിമര്‍ശനങ്ങളുണ്ടാവാം. വിമര്‍ശനങ്ങളും ചോദ്യം ചെയ്യലുകളും മാധ്യമങ്ങളുടെ അവകാശമാണ്.

ഗവര്‍ണറുടെ സ്ഥാനം ഒരു വലിയ ഭരണഘടനാ പദവിയാണ്. തെരഞ്ഞെടുക്കപ്പെട്ട ഒരു ഗവണ്‍മെന്‍റിന്‍റെ ഉപദേശ പ്രകാരം പ്രവര്‍ത്തിക്കേണ്ട സ്ഥാനമാണത്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ അടങ്ങുന്ന നിയമസഭ പാസാക്കുന്ന നിയമങ്ങള്‍ക്ക് അംഗീകാരം നല്‍കുക എന്ന വലിയ ചുമതലയും ഭരണഘടന അദ്ദേഹത്തിനു നല്‍കുന്നു.

ഗവര്‍ണര്‍ക്ക് കാര്യങ്ങള്‍ വിശദീകരിക്കാന്‍ പത്രസമ്മേളനം നടത്താന്‍ അവകാശമുണ്ട്.


പക്ഷെ, ഔദ്യോഗിക പത്രസമ്മേളനം നടത്തുമ്പോള്‍ ചില സ്ഥാപനങ്ങളുടെ പ്രതിനിധികളെ കാണാനാവില്ലെന്നു ഗവര്‍ണര്‍ ശഠിക്കുന്നതും അവയുടെ ലേഖകരെ പത്രസമ്മേളനത്തില്‍ നിന്നുതന്നെ നാണംകെടുത്തി പുറത്താക്കുന്നതും തീരെ ശരിയല്ല. അദ്ദേഹം ഇരിക്കുന്ന വലിയ സ്ഥാനത്തിന് ഒട്ടും യോജിച്ചതല്ല.


മാധ്യമപ്രവര്‍ത്തകരുടെ ജോലി ജനങ്ങള്‍ക്ക് വാര്‍ത്തകള്‍ എത്തിച്ചു കൊടുക്കുക എന്നതാണ്. അതറിയാനുള്ള അവകാശവും സ്വാതന്ത്ര്യവും ജനാധിപത്യ വ്യവസ്ഥിതിയില്‍ ജനങ്ങള്‍ക്കുമുണ്ട്. ഇതൊക്കെ ഇന്ത്യന്‍ ഭരണഘടന ജനങ്ങള്‍ക്കു നല്‍കിയിട്ടുള്ള അവകാശങ്ങള്‍ തന്നെയാണ്. ഈ വിലപ്പെട്ട കാര്യങ്ങളാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മറന്നുപോകുന്നത്.

Advertisment