ലത്തീന്‍ കത്തോലിക്കാ സഭ തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ ഉള്‍പ്പെടെ പുരോഹിതര്‍ പ്രതികളായി കേസുകള്‍, വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ ആക്രമിച്ച കേസില്‍ 3000 പേര്‍ പ്രതികള്‍, എല്ലാ കേസിലും കൂടി 4000 -ലേറെ പേര്‍ പ്രതികള്‍, ആകെ കേസുകള്‍ 166 - വിഴിഞ്ഞത്ത് തുറമുഖ നിര്‍മ്മാണത്തിനെതിരെ തുടങ്ങിയ സമരം അവസാനിക്കുമ്പോള്‍ കാണുന്ന ബാക്കിപത്രമാണിത്.
138 ദിവസമായി ലത്തീന്‍ കത്തോലിക്കാ സഭയുടെ തിരുവനന്തപുരം അതിരൂപത നേതൃത്വം കൊടുത്തു നടത്തിയ വാശിയേറിയ സമരമാണ് അവസാനം സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായത്. തീരശോഷണം സംബന്ധിച്ച് പഠനം നടത്താന്‍ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്ന ആവശ്യത്തിലായിരുന്നു സമരസമിതി അവസാനനിമിഷം വരെ ഉറച്ചു നിന്നതെങ്കിലും സര്‍ക്കാരുമായി നടന്ന അന്തിമ ചര്‍ച്ചയില്‍ ഈ വിഷയത്തില്‍ അയവു വരുത്തി. തടസപ്പെട്ടിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പുനരാരംഭിക്കും.
വിമോചന സമരം മുതല്‍ ചെറുതും വലുതുമായ പലതരം സമരങ്ങള്‍ കണ്ട കേരളത്തിന് വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരം ഒരു പ്രധാന സമരമല്ല തന്നെ. പക്ഷേ വിഴിഞ്ഞത്തും ചുറ്റുപാടുമുള്ള സ്ഥലവാസികള്‍ക്ക് ഈ സമരം വലിയ പ്രശ്നമുണ്ടാക്കി. വിഴിഞ്ഞം തുറമുഖം ഈ നാടിന്‍റെ മുഖഛായതന്നെ മാറ്റുമെന്നു പ്രതീക്ഷിച്ച നാട്ടുകാര്‍ സമരത്തിനെതിരെ രംഗത്തിറങ്ങി. അവര്‍ സമരക്കാര്‍ക്കെതിരെ സമരവും തുടങ്ങി.
പെട്ടെന്ന് വിഴിഞ്ഞം പ്രദേശത്ത് സാമുദായികമായ ചേരിതിരിവും അക്രമണവും ഉണ്ടായി. സമരമായാലും പണിമുടക്കായാലും തുടങ്ങുമ്പോള്‍ത്തന്നെ എവിടെ, എങ്ങനെ അവസാനിപ്പിക്കണമെന്ന കാര്യത്തിലും സമര്‍ത്ഥരായ നേതാക്കള്‍ ഒരു ധാരണയുണ്ടാക്കിയിട്ടുണ്ടാവും. വിഴിഞ്ഞം സമരത്തിനു പിന്നില്‍ നേതൃത്വം അങ്ങനെയൊരു ധാരണ ഉണ്ടാക്കിയിരുന്നില്ല. സമരത്തിനു നേതൃത്വം വഹിച്ചത് പുരോഹിതര്‍ ആയതുകൊണ്ടാവാം ഇങ്ങനെ ഒരു ആലോചനയില്ലാതെ പോയത്.
തീരശോഷണം മത്സ്യത്തൊഴിലാളി സമരസമിതി ഉന്നയിച്ച പ്രധാന വിഷയമായിരുന്നു. ഇതു സംബന്ധിച്ചു കൂടുതല്‍ ശാസ്ത്രീയ പഠനം നടത്തണമെന്നും അതിനുവേണ്ടി തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കണമെന്നും ഏഴാമത്തെ ആവശ്യമായി സമരസമിതി ഉന്നയിച്ചു. പക്ഷെ സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ തന്നെ ഈ ആവശ്യം നിരാകരിച്ചു. ഒരു കാരണവശാലും തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു.
കേരള ഹൈക്കോടതിയും ഇതേ നിലപാടാണ് ആദ്യം മുതലേ സ്വീകരിച്ചത്. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാനാവില്ലെന്ന അഭിപ്രായം ഹൈക്കോടതി പല തവണ വ്യക്തമാക്കിയതാണ്. എന്നിട്ടും സമരസമിതി വഴങ്ങിയില്ല. സമരം 138 ദിവസം വരെയെത്തിയപ്പോഴാണ് പെട്ടെന്ന് സമവായത്തിനു നീക്കമുണ്ടായത്.
മലങ്കര സഭയുടെ തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് മാര്‍ ക്ലീമിസ് ഉള്‍പ്പെടെ വിവിധ സമുദായ നേതാക്കളും സമവായത്തിനു വേണ്ടി ഏറെ അധ്വാനിച്ചു. അവസാനം സെക്രട്ടേറിയറ്റില്‍ ചീഫ് സെക്രട്ടറി വി.പി ജോയിയുമായി സമരസമിതിയുടെ ചര്‍ച്ച. പിന്നെ മന്ത്രിസഭാ ഉപസമിതിയും ചര്‍ച്ചയില്‍ പങ്കെടുത്തു. ഒരു ധാരണ ഉണ്ടാക്കിയതിനു ശേഷം മുഖ്യമന്ത്രി പങ്കെടുത്ത അവസാനഘട്ട ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പ്. സമരം പിന്‍വലിച്ചു. തുറമുഖ നിര്‍മ്മാണം തുടങ്ങും. പക്ഷെ സമരക്കാരുടെ പേരില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കില്ല.
ഏതു സമരവും നിണ്ടു പോകുന്നത് സമരം ചെയ്യുന്നവര്‍ക്കു ഗുണകരമല്ല. നീണ്ടുപോകും തോറും സമരത്തിന്‍റെ ശക്തി കുറയും. സമരക്കാരുടെ വീര്യം കുറയും. കുറേ പേരെങ്കിലും അക്രമത്തിനു തിരിയും. സമരത്തിനെതിരെ പൊതുസമൂഹത്തില്‍ നിന്നുതന്നെ ശബ്ദമുയരും.
ഇവിടെ സമരക്കാര്‍ പോലീസ് സ്റ്റേഷനു നേരേ അതിശക്തമായ അക്രമണം നടത്തിയതാണ് വഴിത്തിരിവായത്. കേരളത്തിലായാലും ഇന്ത്യയിലെവിടെയായാലും പോലീസ് സ്റ്റേഷന്‍ അക്രമണം വളരെ ഗുരുതരമായ കുറ്റം തന്നെയാണ്. പണ്ട് നക്സല്‍ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന്‍ അക്രമിച്ച കാര്യങ്ങള്‍ മാത്രമാണ് കേരളത്തിന്‍റെ ചരിത്രത്തിലുള്ളത്. വിഴിഞ്ഞത്ത് പോലീസുകാര്‍ക്കും അക്രമണം നടത്തിയ മത്സ്യത്തൊഴിലാളകള്‍ക്കും പരിക്കേറ്റു. ഇതില്‍ കണ്ടാലറിയാവുന്ന 3000 -ലേറെ പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
സമരത്തില്‍ ചില ഗൂഢ ശക്തികള്‍ കടന്നുകൂടിയിട്ടുണ്ടെന്ന സംസാരവും സമൂഹത്തില്‍ ശക്തമായി. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കേരളത്തിലെ പ്രതിപക്ഷവും കൂട്ടാക്കിയില്ല. തുറമുഖ നിര്‍മ്മാണം ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന ശശി തരൂര്‍ കോണ്‍ഗ്രസില്‍ പുതിയൊരു ശക്തികേന്ദ്രമായതും മുസ്ലിം ലീഗ് നേതൃത്വം തുറമുഖത്തിനനുകൂലമായ നിലപാടു ശക്തിപ്പെടുത്തിയതും പ്രതിപക്ഷത്തിന്‍റെ നിലപാടിന് കൂടുതല്‍ കരുത്തു നല്‍കുകയും ചെയ്തു.
ഒപ്പം സമരം ചെയ്യുന്ന ലത്തീന്‍ കത്തോലിക്കാ സഭയ്ക്കെതിരെ സമൂഹത്തില്‍ ശബ്ദമുയര്‍ന്നു തുടങ്ങി. സഭയ്ക്കുള്ളിലും എതിര്‍ശബ്ദം ഉയര്‍ന്നു. ഇതൊരു രണ്ടാം വിമോചന സമരത്തിലേക്കാണു നീങ്ങുന്നതെന്ന തരത്തിലുള്ള പ്രചാരണം ശക്തിപ്പെട്ടു. മറ്റു ക്രിസ്ത്യന്‍ സഭകള്‍ക്കും സമരത്തെ തുറന്നു പിന്തുണയ്ക്കാന്‍ വയ്യാത്ത സ്ഥിതിയിലായി.
അവസാനം സമരം എങ്ങനെയെങ്കിലും പിന്‍വലിക്കുക എന്ന സ്ഥിതിയിലായി സമരസമിതി. അങ്ങനെ സമവായത്തിനു വഴി തുറന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ സമരം ഒത്തുതീര്‍പ്പിലെത്തി. ഒരു വലിയ സമരത്തിന്‍റെ അനിവാര്യമായ അന്ത്യം.