മൂന്നു സംസ്ഥാനങ്ങളിൽ ഭരണം പിടിക്കാൻ കഴിഞ്ഞെങ്കിലും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് എങ്ങോട്ട് എന്നതുതന്നെയാണ് വലിയ ചോദ്യം ? ബി.ജെ.പിയ്ക്കെതിരെ പ്രതിപക്ഷ കക്ഷികളുടെ ഐക്യനിര കെട്ടിപ്പടുക്കാന്‍ കോണ്‍ഗ്രസിനാകുമോ ? മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോർജ്

New Update

publive-image

Advertisment

ഗുജറാത്തില്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ് ഹിമാചല്‍പ്രദേശില്‍ നല്ല ഭുരിപക്ഷത്തോടെ അധികാരത്തില്‍. രാജസ്ഥാനും ഛത്തീസ്‌ഗഢിനും പിന്നാലേ കോണ്‍ഗ്രസിന്‍റെ പിടിയില്‍ ഒരു സംസ്ഥാനം കൂടി.

പക്ഷെ ഗുജറാത്തില്‍ കോണ്‍ഗ്രസിന്‍റെ പരാജയം അതിദയനീയമായി. 2017 -ല്‍ 77 സീറ്റുമായി തല ഉയര്‍ത്തി പ്രതിപക്ഷത്തിരുന്ന കോണ്‍ഗ്രസ് അ‍ഞ്ചു വര്‍ഷത്തിനു ശേഷം വെറും 17 സീറ്റിലേക്കൊതുങ്ങി. പ്രതിപക്ഷ നേതൃസ്ഥാനം പോലും കിട്ടാത്ത സ്ഥിതി.

ഗുജറാത്തില്‍ വന്‍ സന്നാഹങ്ങളുമായി പരീക്ഷണത്തിനിറങ്ങിയ ആം ആദ്‌മി പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ തകര്‍ച്ചയ്ക്കു ചുക്കാന്‍ പിടിച്ചു എന്നല്ലാതെ സ്വന്തമായി നേട്ടമൊന്നും കൈക്കലാക്കിയില്ല. ആകെ കിട്ടിയത് നാലു സീറ്റ് മാത്രം. എങ്കിലും ഗുജറാത്തിലെ ചൂടറിയാനിറങ്ങിയ ആം ആദ്‌മി പാര്‍ട്ടി 5 സീറ്റുമായി ചുവടുറപ്പിച്ചു വെന്നു പറയാം. ഗുജറാത്തില്‍ ആകെയുള്ളത് 182 സീറ്റ്.


ഹിമാചല്‍ പ്രദേശ് വീണ്ടും കോണ്‍ഗ്രസിന്‍റെ കൈയിലെത്തി എന്നതാണ് ഏറ്റവും വലിയ വാര്‍ത്ത. ആകെയുള്ള 68 സീറ്റില്‍ 40 ല്‍ വിജയമുറപ്പിച്ച് കോണ്‍ഗ്രസ് ഭരണത്തിലേറുകയാണ്. ഭരണകക്ഷിയായ ബി.ജെ.പിയെ തുരത്തിയാണ് ഈ നേട്ടമെന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വലിയ കാര്യം തന്നെ.


ഡബില്‍ എഞ്ചിന്‍ സര്‍ക്കാരാണു ബി.ജെ.പിയുടേതെന്ന അവകാശവാദവുമായി പ്രചാരണം നടത്തിയ നരേന്ദ്ര മോദി - അമിത് ഷാ കൂട്ടുകെട്ടിന്‍റെ പരാജയമാണിത്. പാര്‍ട്ടി പ്രസിഡന്‍റ് ജെ.പി നദ്ദയാകട്ടെ, സ്വന്തം തെരഞ്ഞെടുപ്പായിത്തന്നെയാണ് ഈ തെര‍ഞ്ഞെടുപ്പിനെ കണ്ടത്.

ഭരണകക്ഷിയായ ബി.ജെ.പിക്കു കിട്ടിയത് 25 സീറ്റ് മാത്രം. ആം ആദ്‌മി പാര്‍ട്ടിക്ക് ഒരു സീറ്റും കിട്ടിയില്ല. സി.പി.എം കൈയില്‍ വെച്ചിരുന്ന തിയോഗ് സീറ്റ് ഇത്തവണ പാര്‍ട്ടിക്കു നഷ്ടമായി. അവിടെ ജയിച്ചത് കോണ്‍ഗ്രസ്.


ഗുജറാത്തില്‍ ആം ആദ്‌മി പാര്‍ട്ടി ജയിച്ചെങ്കിലും കോണ്‍ഗ്രസിനെ ബഹുദൂരം പിന്നിലാക്കാന്‍ ആ പാര്‍ട്ടിക്കു കഴിഞ്ഞു. കോണ്‍ഗ്രസ് വോട്ടുകളിലേയ്ക്കാണ് ആം ആദ്‌മി പാര്‍ട്ടി കടന്നു കയറിയത്. ബി.ജെ.പിയുടെ ചരിത്ര വിജയത്തിനു കാരണമായത് ആം ആദ്‌മി പാര്‍ട്ടിയുടെ വരവുതന്നെയാണെന്ന് വ്യക്തം.


എവിടെ തെരഞ്ഞെടുപ്പുണ്ടായാലും കുറെ സ്ഥാനാര്‍ത്ഥികളുമായി രംഗത്തെത്തുന്ന എ.ഐ.എം.ഐ.എം (ആള്‍ ഇസാ മജ്ലിസെ ഇത്തിഹാദുള്‍ മുസ്ലിമീന്‍) നേതാവ് അസറുദീന്‍ ഒവൈസിക്ക് ഗുജറാത്തിലും ഹിമാചലിലും നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല.

publive-image

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ പയറ്റി ജയിച്ച കളി ഇത്തവണ രണ്ടു സ്റ്റേറ്റിലും വിലപ്പോയില്ല. തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ മുസ്ലിം വോട്ടു ഭിന്നിപ്പിച്ച് തൃണമൂല്‍ കോണ്‍ഗ്രസിനെ ഒതുക്കാന്‍ ഇറങ്ങിയ ഒവൈസിയെ ജനങ്ങള്‍ തന്നെ നേരിടുകയായിരുന്നു. പശ്ചിമബംഗാളില്‍ 30 ശതമാനമാണ് മുസ്ലിം വോട്ട്.

37 വര്‍ഷമായി ഹിമാചല്‍പ്രദേശിലെ ജനങ്ങള്‍ ഒരിക്കലും ഒരു പാര്‍ട്ടിക്കു ഭരണത്തുടര്‍ച്ച നല്‍കിയിട്ടില്ല. തങ്ങളുടെ രാഷ്ട്രീയ പാരമ്പര്യം ഇത്തവണയും ഹിമാചല്‍പ്രദേശിലെ ജനങ്ങള്‍ കൃത്യമായി പാലിച്ചു. അഞ്ചു വര്‍ഷം ഇവര്‍ ഭരിച്ചില്ലേ, ഇനി അടുത്ത അഞ്ചു വര്‍ഷം മറ്റേ പാര്‍ട്ടി ഭരിക്കട്ടെ എന്നതാണ് ഇവിടുത്തെ ജനങ്ങളുടെ ഭാവം. ബി.ജെ.പിയെ മാറ്റിനിര്‍ത്തി കോണ്‍ഗ്രസിനെ അധികാരത്തിലേറ്റുകയാണ് ജനങ്ങള്‍.


മൂന്നു സംസ്ഥാനങ്ങളുണ്ട് ഇപ്പോള്‍ കോണ്‍ഗ്രസ് ഭരണത്തില്‍, ഹിമാചലില്‍ ബി.ജെ.പി പതിവ് അട്ടിമറി രാഷ്ട്രീയം കളിച്ചില്ലെങ്കില്‍. മുഖ്യമന്ത്രിസ്ഥാനത്തിന് നാലു നേതാക്കളെങ്കിലുമുണ്ട് ഹിമാചല്‍ കോണ്‍ഗ്രസില്‍ എന്ന കാര്യവും ഓര്‍ക്കണം.


ബി.ജെ.പിയ്ക്കെതിരെ പ്രതിപക്ഷ കക്ഷികളുടെ ഒരു ഐക്യനിര കെട്ടിപ്പടുക്കാന്‍ കോണ്‍ഗ്രസിനാകുമോ എന്നതാണ് ഈ തെരഞ്ഞെടുപ്പ് മുന്നോട്ടു വയ്ക്കുന്ന ചോദ്യം. പക്ഷെ ഇവിടെയും കണ്ടത് പ്രതിപക്ഷ കക്ഷികള്‍ തന്നെ പലേടത്തും ഏറ്റുമുട്ടുന്നതാണ്.

ഗുജറാത്തില്‍ ആം ആദ്‌മി പാര്‍ട്ടി കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും എതിര്‍ക്കുകയായിരുന്നു. വിരലിലെണ്ണാവുന്ന സീറ്റികളിലേക്കൊതുങ്ങിയെങ്കിലും കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ വഴിയൊരുക്കിയത് ആം ആദ്‌മി പാര്‍ട്ടി. ഹിമാചലില്‍ ഒന്നും ഫലിച്ചില്ലെങ്കിലും, പക്ഷെ അവിടെ തിയോഗ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സി.പി.എമ്മിനെ പരാജയപ്പെടുത്തുകയായിരുന്നു.

2002 -ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ 127 സീറ്റ് നേടിയ ബി.ജെ.പി സൃഷ്ടിച്ച ചരിത്രമാണ് ഇപ്പോള്‍ ബി.ജെ.പി തന്നെ തിരുത്തുന്നത്. 1985 -ല്‍ 149 സീറ്റ് നേടിയ കോണ്‍ഗ്രസ് ഇപ്പോഴിതാ തകര്‍ന്നടിഞ്ഞുകിടക്കുന്നു. അന്ന് മാധവ് സിങ്ങ് സോളങ്കിയായിരുന്നു കോണ്‍ഗ്രസ് മുഖ്യമന്ത്രി.

publive-image


പട്ടേല്‍ വിഭാഗത്തിന്‍റെ യുവനേതാവായി കുതിച്ചുയര്‍ന്ന ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് വലിയൊരു കുതിപ്പിനു തുടക്കം കുറിച്ചതായിരുന്നു. പക്ഷേ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഹര്‍ദിക് പട്ടേലിനെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.


ഗുജറാത്തില്‍ പ്രബലമായ പട്ടേല്‍ സമുദായത്തിന്‍റെ പിന്തുണയുമായി വന്ന ഹര്‍ദിക് പട്ടേല്‍ പിന്നെ ബി.ജെ.പിയില്‍ ചേര്‍ന്നു. ഹര്‍ദിക് ഇത്തവണ നിയമസഭയിലേക്കു ജയിച്ചു. വലിയ പ്രതീക്ഷളോടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന ജിഗ്നേഷ് മേവാനിയും ഒടുവിൽ കഷ്ടിച്ചു ജയിച്ചു .

അതെ, ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസിന് ആശ്വാസ വിജയം. രാഹുല്‍ ഗാന്ധിക്കും ഭാരത് ജോഡോ യാത്രയ്ക്കുമൊന്നും ഗുജറാത്ത് പിടിക്കാന്‍ സഹായിക്കാനായില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് എങ്ങോട്ട് എന്നതുതന്നെയാണ് വലിയ ചോദ്യം.

Advertisment