156 സീറ്റുമായി ബി.ജെ.പി ഗുജറാത്തില്‍ തകര്‍ത്താടിയപ്പോഴും കോണ്‍ഗ്രസിന് 27.28 ശതമാനം ജനങ്ങളുടെ പിന്തുണ അവിടെയുമുണ്ട്. രാജ്യത്ത് മിക്ക സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് ജനങ്ങള്‍ക്കിടയില്‍ ഈ രീതിയില്‍ പിന്തുണയുണ്ട്. അതുപയോഗപ്പെടുത്താൻ നിലവിലെ നേതൃത്വത്തിന് കഴിയുന്നില്ലെന്നാണ് പ്രശ്നം. ഇങ്ങനെ പോയാൽ പ്രതിപക്ഷ ഐക്യം എത്ര അകലെ ? മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

'കോണ്‍ഗ്രസ് മുക്ത ഭാരതം' എന്ന് ബി.ജെ.പി നേതാക്കള്‍ ഇടയ്ക്കിടെ പറയുമായിരുന്നു. കോണ്‍ഗ്രസ് ഇല്ലാത്ത ഇന്ത്യ എന്നര്‍ത്ഥം. ഇപ്പോഴിതാ, ഗുജറാത്തില്‍ കോണ്‍ഗ്രസ് എന്നല്ല, പ്രതിപക്ഷം തന്നെ ഇല്ലാതായിരിക്കുന്നു.

182 - അംഗ നിയമസഭയില്‍ 156 സീറ്റുമായി ചരിത്ര വിജയം നേടിയാണ് ബി.ജെ.പി ഗുജറാത്തില്‍ ഏഴാം തവണയും തുടര്‍ച്ചയായി അധികാരത്തിലെത്തുന്നത്. കോണ്‍ഗ്രസ് 17 സീറ്റിലേക്കൊതുങ്ങി. ആം ആദ്‌മി പാര്‍ട്ടിക്ക് അഞ്ചു സീറ്റ് മാത്രം.


ഹിമാചല്‍ പ്രദേശില്‍ ബി.ജെ.പിയെ തകര്‍ത്ത് കോണ്‍ഗ്രസ് നേടിയ വിജയം തിളക്കമേറിയതാണെങ്കിലും ഗുജറാത്തിലെ ബി.ജെ.പിയുടെ മുന്നേറ്റത്തിന് മാനങ്ങളേറെ.


1995 മുതല്‍ ബി.ജെ.പിയുടെ ഭരണ കുത്തക നിലനില്‍ക്കുന്ന ഗുജറാത്ത് ഇക്കാലമത്രയും ഹിന്ദുത്വത്തിന്‍റെ പരീക്ഷണശാലയായിരുന്നു. 1985 -ല്‍ മാധവ് സിങ്ങ് സോളങ്കിയുടെ നേതൃത്വത്തില്‍ 149 സീറ്റുമായി അധികാരത്തിലെത്തിയ കോണ്‍ഗ്രസിന്‍റെ എല്ലാ പ്രമാണിത്തവും അവസാനിപ്പിച്ചാണ് ബി.ജെ.പി 156 സീറ്റ് ഉയരത്തില്‍ നില്‍ക്കുന്നത്. 2024 -ലേക്ക് ഉറ്റു നോക്കുന്ന ബി.ജെ.പിക്ക് ഇതു നല്‍കുന്ന ശക്തി വളരെ വലുതാണ്.

കോണ്‍ഗ്രസ് സംസ്ഥാനത്ത് വളരെ ദുര്‍ബലമാണെന്ന് അറിയാമായിരുന്നുവെങ്കിലും പ്രചാരണരംഗത്ത് ബി.ജെ.പി ഒട്ടും കുറവു വരുത്തിയില്ല. 30 ലേറെ റാലികളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചത്. മൂന്നു റോഡ്ഷോകളിലും പങ്കെടുത്തു.

അമിത്ഷാ വളരെ നേരത്തേതന്നെ ഗുജറാത്തിലെത്തി പ്രചാരണ പരിപാടികളുടെ നേതൃത്വം കൈയിലെടുത്തു. ഗ്രാമ ഗ്രാമാന്തരങ്ങളിലേക്കു പ്രവ‍ര്‍ത്തനം വ്യാപിപ്പിച്ചു. പ്രചാരണയന്ത്രം ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ബി.ജെ.പി നേതാക്കളും സജീവമായി പങ്കെടുത്തു.


ആം ആദ്മി പാര്‍ട്ടിയും വലിയ ഉത്സാഹത്തോടെയാണ് ഗുജറാത്തിലെത്തിയത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയെ അവരുടെ തട്ടകത്തില്‍ത്തന്നെ വെല്ലുവിളിക്കുക നിസാരകാര്യമൊന്നുമല്ലെന്ന് അരവിന്ദ് കെജ്റിവാളിനു നന്നായറിയാമായിരുന്നു.


പക്ഷേ പ്രചാരണത്തില്‍ അവര്‍ അതിവേഗം മുന്നേറി. നിയമസഭയില്‍ അഞ്ചു സീറ്റിലൊതുങ്ങിയ പോരാട്ടമായിരുന്നു അതെങ്കിലും ദേശീയ പാര്‍ട്ടി എന്ന അംഗീകാരം നേടാന്‍ ആം ആദ്മി പാര്‍ട്ടിക്കു കഴിഞ്ഞു. ഒപ്പം ഗുജറാത്ത് എന്ന ബി.ജെ.പി തറവാട്ടില്‍ വേരുറപ്പിക്കാനും.

ഗുജറാത്തില്‍ ബി.ജെ.പിയും ആം ആദ്മി പാര്‍ട്ടിയും കാണിച്ച അത്യുത്സാഹമൊന്നും കോണ്‍ഗ്രസിനുണ്ടായിരുന്നതേയില്ല. സംസ്ഥാന നേതൃത്വം തന്നെ തീരെ ദുര്‍ബലാവസ്ഥയിലായിരുന്നു. രാഹുല്‍ ഗാന്ധി ഒരേയൊരു ദിവസമാണ് സംസ്ഥാനത്ത് പര്യടനം നടത്തിയത്. സംഘടനാശേഷി വര്‍ദ്ധിപ്പിക്കാനോ മികവുള്ള നേതാക്കളെ കണ്ടെത്തി മുന്നോട്ടു കൊണ്ടുവരാനോ ഒരു ശ്രമവും ഉണ്ടായില്ല.

സംഘടനയുടെയും ഗവണ്‍മെന്‍റിന്‍റെയും തലപ്പത്ത് പല മാറ്റങ്ങള്‍ വരുത്തി പാര്‍ട്ടിയുടെയും സര്‍ക്കാരിന്‍റെയും മുഖഛായ മിനുക്കിയെടുക്കാനും ബി.ജെ.പി കേന്ദ്ര നേതൃത്വം ശ്രദ്ധിച്ചു. നിലവിലുണ്ടായിരുന്ന നിയമസഭയിലെ 41 എം.എല്‍.എമാരെ മാറ്റി പകരം പുതുമുഖങ്ങളെ അവതരിപ്പിക്കാനും ബി.ജെ.പിക്കു കഴിഞ്ഞു. പരമാവധി സീറ്റ് വാങ്ങി വിജയിക്കുക എന്നതു മാത്രമായിരുന്നു ബി.ജെ.പിയുടെ ലക്ഷ്യം.


കാരണം 2024 -ല്‍ ഡല്‍ഹി ഭരണം വീണ്ടും കൈക്കലാക്കാനുള്ള പ്രയാണത്തിന്‍റെ തുടക്കം കുറിക്കുന്നത് ഗുജറാത്തിലാണെന്ന കാര്യം ബി.ജെ.പി നേതാക്കള്‍ക്കറിയാം. ബി.ജെ.പിയുടെ പരീക്ഷണങ്ങളൊക്കെ തുടങ്ങിയത് ഗുജറാത്തിലാണ്. അതുകൊണ്ടുതന്നെ ഒരു പഴുതുമില്ലാത്ത പ്രചാരണത്തിനാണ് ബി.ജെ.പി ഇറങ്ങിത്തിരിച്ചത്.


ഹിമാചല്‍പ്രദേശ് കൈയടക്കിയെങ്കിലും ദേശീയതലത്തില്‍ ബി.ജെ.പിക്കെതിരെ ഒരു പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കാനുള്ള ശേഷി ഇനിയും കോണ്‍ഗ്രസിനു കൈവന്നിട്ടില്ല. കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ പാപ്പരത്തം തന്നെ കാരണം. കോണ്‍ഗ്രസ് നേതാക്കള്‍ ക്ഷണിച്ചാല്‍ മമതാ ബാനര്‍ജിയോ കെ. ചന്ദ്രശേഖര്‍ റാവുവോ അരവിന്ദ് കെജ്റിവാളോ എത്തില്ല.

കെജ്റിവാളാകട്ടെ, ഗുജറാത്തില്‍ വേരുറപ്പിച്ച് ദേശീയ പാര്‍ട്ടിയുമായിരിക്കുന്നു. പഞ്ചാബില്‍ കോണ്‍ഗ്രസിനെ തുരത്തി ഭരണം പിടിച്ചശേഷമാണ് ആം ആദ്മി പാര്‍ട്ടി ഗുജറാത്തിലെത്തിയതെന്നും കാണണം.

ഗുജറാത്തിലെ പ്രശ്നം കോണ്‍ഗ്രസിനു നേതാക്കളില്ലെന്നതായിരുന്നു. സംഘടനക്കു ശക്തിയില്ലെന്നതായിരുന്നു. ഇതുതന്നെയാണ് ദേശീയ തലത്തിലും കോണ്‍ഗ്രസ് നേരിടുന്ന പ്രശ്നം. ഒരു പ്രതിപക്ഷ ഐക്യനിരയ്ക്കുള്ള സാധ്യതകള്‍ തല്ലിക്കെടുത്തുകയുമാണ് ഗുജറാത്തിലെ കോണ്‍ഗ്രസ് പരാജയം.

ഇനി ഒരു കാര്യം കൂടി. 156 സീറ്റുമായി ബി.ജെ.പി ഗുജറാത്തില്‍ തകര്‍ത്താടിയപ്പോഴും കോണ്‍ഗ്രസിന് 17 സീറ്റ് കിട്ടി. ആം ആദ്മി പാര്‍ട്ടി കുറെ കോണ്‍ഗ്രസ് വോട്ട് കൊണ്ടുപോയി. ബി.ജെ.പിക്ക് 52.5 ശതമാനം വോട്ടു കിട്ടിയപ്പോള്‍ കോണ്‍ഗ്രസിന് 27.28 ശതമാനം ജനങ്ങളുടെ പിന്തുണ കിട്ടിയെന്നതും പ്രധാനമാണ്.


രാജ്യത്ത് മിക്ക സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് ജനങ്ങള്‍ക്കിടയില്‍ ഈ രീതിയില്‍ പിന്തുണയുണ്ട്. പക്ഷേ പ്രശ്നം സംസ്ഥാനങ്ങളില്‍ സംഘടനാപ്രവര്‍ത്തനം ശരിക്കു നടക്കുന്നില്ല. സംസ്ഥാനതലത്തില്‍ മികവുള്ള നേതാക്കളുമില്ല. ഇത്തരം ഇല്ലായ്മകളുടെ ആകെത്തുക കേന്ദ്ര നേതൃത്വത്തിലും കാണാം.


ഭരണത്തുടര്‍ച്ച നേടാന്‍ ബി.ജ.പി കാണിക്കുന്ന ആവേശവും ശുഷ്കാന്തിയും കോണ്‍ഗ്രസ് കാണിക്കുന്നില്ല. പ്രശ്നം നേതൃത്വം തന്നെ.

Advertisment