Advertisment

കർണ്ണാടകപ്പോരിൽ ആര് നേടും ? മിന്നും വിജയം മാത്രമാണ് കോൺഗ്രസിന് പോംവഴി ? കാരണം തെരെഞ്ഞെടുപ്പിനു മുൻപും പിൻപും കളിക്കാനറിയുന്ന പാർട്ടിയാണ് ബിജെപി. ഏത് കളിക്കൊപ്പവും കൂട്ടുകൂടാൻ റെഡിയായി കുമാരസ്വാമിയും - മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോർജ്

New Update

publive-image

Advertisment

കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജയിക്കുമോ ? അഴിമതിയാരോപണങ്ങളില്‍ മുങ്ങിക്കുളിച്ച സംസ്ഥാന ബി.ജെ.പി ഭരണം കടുത്ത പ്രതിസന്ധിയിലാണ്. കോണ്‍ഗ്രസ് ജയിക്കുമെന്ന സംസാരം സംസ്ഥാനത്തെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ പലര്‍ക്കുമുണ്ട്.

പക്ഷെ, മത്സരിക്കുന്നതു ബി.ജെ.പിയോടാണ്. തെരഞ്ഞെടുപ്പിലും അതിനു ശേഷവും എന്തു കളിയും കളിക്കാന്‍ കെല്‍പ്പുള്ള പാര്‍ട്ടിയാണു ബി.ജെ.പിയെന്നു കോണ്‍ഗ്രസിനു നന്നായറിയാം.

പോരാത്തതിന് ഒറ്റയ്ക്കു മത്സരിക്കാന്‍ ജനതാദള്‍ (എസ്) രംഗത്തിറങ്ങുകയും ചെയ്തിരിക്കുന്നു. തനിച്ചു ഭൂരിപക്ഷം കിട്ടില്ലെന്നറിയാമെങ്കിലും ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതി വന്നാല്‍ ഏതു വശത്തോട്ടും ചരിഞ്ഞ് ഭരണത്തില്‍ കയറാനാകും ജെ.ഡി.എസിന്‍റെ കളി.

മുമ്പ് കോണ്‍ഗ്രസിന്‍റെയും ബി.ജെ.പിയുടെയും കൂടെ കൂടി മുഖ്യമന്ത്രിയായിട്ടുണ്ട് മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ മകന്‍ എച്ച്.ഡി കുമാരസ്വാമി.

publive-image

2018 -ല്‍ തൃകക്ഷി മത്സരമായിരുന്നു നടന്നത്. ഏറ്റവും വലിയ കക്ഷി ബി.ജെ.പിയും. കോണ്‍ഗ്രസ് ജെ.ഡി.എസുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കി. കുമാരസ്വാമി മുഖ്യമന്ത്രി. 2019 ജൂലൈയില്‍ കോണ്‍ഗ്രസില്‍ നിന്ന് 14 എം.എല്‍.എമാരെയും ജെ.ഡി.എസില്‍ നിന്ന് മൂന്ന് എം.എൽ.എമാരെയും ബി.ജെ.പിയോടൊപ്പം കൂട്ടി ബി.എസ് യെദിയൂരപ്പ മുഖ്യമന്ത്രിയായി.

കൂറുമാറിയ എം.എല്‍.എമാരില്‍ 14 പേരെ മന്ത്രിമാരുമാക്കി. 2021 ജൂലൈയില്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം യെദിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റി പകരം ബസവരാജ് ബൊമ്മെയെ മുഖ്യമന്ത്രിയാക്കി. ലിംഗയത്ത് സമുദായക്കാരനായ ബൊമ്മെയാണ് ഇപ്പോഴും മുഖ്യമന്ത്രി.


കര്‍ണാടകയില്‍ വളരെ പ്രബലമായ ലിംഗായത്ത്, വൊക്കലിംഗ സമുദായങ്ങള്‍ രാഷ്ട്രീയമായ രണ്ടു ശക്തികളാണ്. ബൊമ്മെയുടെ മന്ത്രിസഭാ കാലത്ത് സംസ്ഥാനം അഴിമതിയില്‍ മുങ്ങിയെന്ന ആരോപണം ശക്തമാണ്.


ബി.ജെ.പിയുടെ ഒരു എംഎല്‍എയെയും മകനെയും എട്ടുകോടി രൂപയുമായി ലോകായുക്ത പോലീസ് പിടികൂടിയത് അടുത്ത കാലത്താണ്. എം.എല്‍.എയുടെ വീട്ടില്‍ നിന്നും ഓഫീസില്‍ നിന്നുമാണ് ഇത്രയും തുക പിടിച്ചെടുത്തത്.

സര്‍ക്കാര്‍ പണികള്‍ക്കു കരാര്‍ കിട്ടണമെങ്കില്‍ ആകെ തുകയുടെ 40 ശതമാനവും കൈക്കൂലി കൊടുക്കേണ്ടിവരുന്നുവെന്ന് കര്‍ണാടകയിലെ കരാറുകാരൊക്കെയും പരസ്യമായിത്തന്നെ പരാതിപ്പെട്ടതാണ്.

ഇതു '40 ശതമാനം കമ്മീഷന്‍ സര്‍ക്കാര്‍' എന്നായിരിക്കുന്നു സംസ്ഥാന സര്‍ക്കാരിനു കരാറുകാര്‍ നല്‍കിയ വിശേഷണം. അവര്‍ ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കത്തെഴുതിയിട്ടുണ്ട്.

രാഹുല്‍ ഗാന്ധിക്കെതിരായ സൂറത്ത് കോടതി വിധി, തുടര്‍ന്ന് അദ്ദേഹത്തെ അയോഗ്യനാക്കിയ നടപടി എന്നീ വിഷയങ്ങളിലൂന്നി പ്രതിപക്ഷ ഐക്യം രൂപപ്പെടുകയും രാഹുല്‍ ഗാന്ധിക്കു പിന്തുണയുമായി പ്രതിപക്ഷ നിര വളരുകയും ചെയ്തെങ്കിലും കര്‍ണാടകയില്‍ ജെ.ഡി.എസ് കോണ്‍ഗ്രസുമായി കൂട്ടിനില്ലെന്നാണ് കൗതുകകരമായ കാര്യം.


2024 -ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പു നടക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പ് ബി.ജെ.പിക്കും കോണ്‍ഗ്രസിനും വളരെ പ്രധാനം തന്നെയാണ്. കര്‍ണാടക കോണ്‍ഗ്രസ് പിടിച്ചെടുത്താല്‍ അതു ബി.ജെ.പിക്കു വലിയ തിരിച്ചടിയാകും.


ആന്ധ്രാപ്രദേശ്, തെലുഗുദേശം, തമിഴ്‌നാട്, കേരളം എന്നീ തെക്കന്‍ സംസ്ഥാനങ്ങളിലൊന്നും ബി.ജെ.പിക്കു ഭരണമില്ല. കര്‍ണാടകയും മുഖം തിരിച്ചാല്‍ അതു ബി.ജെ.പിക്കു വലിയ തിരിച്ചടിയാകും. പുതുതായി രൂപംകൊണ്ട പ്രതിപക്ഷ ഐക്യത്തിന്‍റെ കരുത്തു പരീക്ഷിക്കുന്നതുമാകും ഈ തെരഞ്ഞെടുപ്പ്. കര്‍ണാടക കോണ്‍ഗ്രസിനു വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്.

-ചീഫ് എഡിറ്റര്‍

Advertisment