Advertisment

രാജ്യത്തെ പ്രതിപക്ഷ കക്ഷികൾ വീണ്ടും ഒന്നിച്ചത് ബിജെപിക്കും നരേന്ദമോദിക്കും നൽകുന്ന സന്ദേശം  ചെറുതല്ല. മോദിക്കെതിരെ കൈകോർക്കാൻ എല്ലാവരും കൂടി തീരുമാനിച്ചാൽ രാജ്യത്തിന്റെ ചരിത്രം മറ്റൊന്നാകും. കോൺഗ്രസും ചരിത്രം വിലയിരുത്തണം - മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ  ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

അവസാനം ഒരിക്കല്‍ കൂടി ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യം. പുതിയ പാര്‍ലമെന്‍റിന്‍റെ ഉല്‍ഘാടന ചടങ്ങില്‍ നിന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് ഈ പ്രതിപക്ഷ ഐക്യം. രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയതിനെതിരെ രൂപപ്പെട്ട പ്രതിപക്ഷ ഐക്യത്തിന്‍റെ ചുവടുപിടിച്ച് വീണ്ടും ഒരു ഐക്യനിര.

കോണ്‍ഗ്രസ്, സിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആത്മി പാര്‍ട്ടി, ശിവസേന (ഉദ്ധവ് താക്കറെ), സമാജ് വാദി പാര്‍ട്ടി, സിപിഎം, സിപിഐ, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, കേരള കോണ്‍ഗ്രസ് എം, ആര്‍ജെഡി, എന്‍സിപി, മുസ്ലിം ലീഗ്, നാഷണല്‍ കോണ്‍ഫ്രന്‍സ്, ആർഎസ്‌പി, എംഡിഎംകെ എന്നീ പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ച് ചടങ്ങു ബഹിഷ്കരിക്കുകയായിരുന്നു.


എല്ലാം കൂടി 19 പാര്‍ട്ടികള്‍. ചടങ്ങു ബഹിഷ്കരിച്ചുകൊണ്ട് ഒറ്റയ്ക്കൊറ്റയ്ക്കു നിലപാടെടുക്കാതെ ഒന്നിച്ചാലോചിച്ച് സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുകയാണു ചെയ്തത്. 2024 ലോക്സഭാ തെരഞ്ഞെടുപ്പിലേയ്ക്കു രാജ്യം നീങ്ങുമ്പോള്‍ ഈ നീക്കം വളരെ പ്രധാനം തന്നെയാണ്.


അസറുദീന്‍ ഒവൈസിയുടെ എഐഎംഐഎം, കെ ചന്ദ്രശേഖര റാവുവിന്‍റെ ബിആര്‍എസ് എന്നീ കക്ഷികള്‍ പ്രതിപക്ഷ ചേരിയില്‍ നിന്നു വിട്ടു നില്‍ക്കുന്നു. തെലുങ്കുദേശം സംസ്ഥാനത്ത് ഈ വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പാണ് ബിആര്‍എസിനു പ്രശ്നം.

അവിടെ കോണ്‍ഗ്രസാണ് മുഖ്യ എതിരാളി. കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും എന്നതുപോലെയുള്ള ശത്രുതയാണ് ബിആര്‍എസും കോണ്‍ഗ്രസും തമ്മില്‍. കേന്ദ്രം ഭരിക്കുന്ന ബിജെപി ചന്ദ്രശേഖര റാവുവിനെയും മകള്‍ കെ കവിതയെയും വേണ്ടുവോളം ഉപദ്രവിക്കുന്നുണ്ടെങ്കിലും ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി കൂട്ടുകെട്ടിനു ബിആര്‍എസ് ഒരുക്കമല്ല.

തെലുഗുദേശം പാര്‍ട്ടി, ആന്ധ്രാപ്രദേശിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ്, അകാലി ദള്‍, ബിജെഡി എന്നീ കക്ഷികള്‍ ഉല്‍ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ദേശീയ തലത്തില്‍ എവിടെ നിലയുറപ്പിക്കുന്നു എന്നു വ്യക്തമാക്കുകയാണ് ഈ കക്ഷികള്‍.


രാഷ്ട്രപതിയും ലോക്സഭയും രാജ്യസഭയും ചേര്‍ന്നതാണ് പാര്‍ലമെന്‍റ് എന്ന് ഭരണഘടന വ്യക്താമാക്കുന്നുണ്ടെന്ന് പ്രതിപക്ഷ കക്ഷികളുടെ സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ഉല്‍ഘാടന ചടങ്ങില്‍ നിന്ന് ഒഴിവാക്കി ഉല്‍ഘാടന കര്‍മം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നിര്‍വഹിക്കുന്നതില്‍ പ്രസ്താവന പ്രതിഷേധം രേഖപ്പെടുത്തുന്നു.


publive-image

മോദിയുടെ ഏകാധിപത്യ രീതികളോട് പ്രതിഷേധമുണ്ടായിരുന്നുവെങ്കിലും ചടങ്ങില്‍ പങ്കെടുക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെന്നു പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെയൊരു ചടങ്ങില്‍ നിന്ന് രാഷ്ട്രപതിയെ ഒഴിവാക്കിയതിനോടു യോജിക്കാനാവില്ലെന്നും പ്രസ്താവന എടുത്തു പറയുന്നു.

ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന പ്രതിപക്ഷാംഗങ്ങളെ അയോഗ്യരാക്കുന്ന ഭരണകര്‍ത്താക്കളുടെ ഭാഗത്തുനിന്നാണ് ഒരു പ്രധാന ചടങ്ങില്‍ നിന്ന് രാഷ്ട്രപതിയെത്തന്നെ ഒഴിവാക്കുന്ന നടപടിയുണ്ടായതെന്നും പ്രസ്താവനയില്‍ ആക്ഷേപിക്കുന്നു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്റിവാള്‍ കോണ്‍ഗ്രസിന്‍റെ ശത്രുവാണെങ്കിലും കോണ്‍ഗ്രസ് ഉള്‍പ്പെട്ട പ്രതിപക്ഷത്തോടു ചേര്‍ന്നിരിക്കുകയാണിപ്പോള്‍. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലും ഏറ്റവുമൊടുവില്‍ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനെ തോല്‍പ്പിച്ചാണ് ആം ആത്മി പാര്‍ട്ടി അധികാരത്തിലെത്തിയത്.

പക്ഷെ കേന്ദ്ര സര്‍ക്കാര്‍ ആം ആത്മി പാര്‍ട്ടി ഭരണത്തെ വല്ലാതെ ഞെരുക്കുകയാണിപ്പോള്‍. ഡല്‍ഹി ഗവണ്‍മെന്‍റിനനുകൂലമായി സുപ്രീം കോടതി പുറപ്പെടുവിച്ച വിധി മറികടക്കാന്‍ അര്‍ദ്ധരാത്രി കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡ‍ിനന്‍സ് പുറപ്പെടുവിച്ചത് ഏറ്റവും ഒടവിലത്തെ ഉദാഹരണം. കെജ്റിവാള്‍ മന്ത്രിസഭയിലെ മുതിര്‍ന്ന അംഗം മനോജ് സിസോദിയ മാസങ്ങളായി ഇഡി കേസില്‍ ജയിലില്‍ കഴിയുകയാണ്.

തെലുങ്കു ദേശത്തും ഭരണകക്ഷിയായ ബിആര്‍എസ് കോണ്‍ഗ്രസിനെതിരാണ്. അവിടെ ചന്ദ്രശേര റാവുവിനു തലവേദനയായ വൈഎസ് ഷര്‍മിളയെ കൈയിലെടുക്കാനുള്ള ശ്രമം കോണ്‍ഗ്രസ് തുടങ്ങുകയും ചെയ്തിരിക്കുന്നു.

മുന്‍ ആന്ധ്രാ മുഖ്യമന്ത്രി വൈഎസ്ആര്‍ റെഡ്ഡിയുടെ മകളും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമായ വൈഎസ് ഷര്‍മിള തെലുങ്കുദേശത്ത് ചന്ദ്രശേഖര റാവുവിനെതിരെ കനത്ത പ്രചാരണം അഴിച്ചുവിട്ടിരിക്കുകയാണ്.

publive-image


ഷര്‍മിളയെ കൂട്ടുപിടിച്ചാല്‍ തെലുങ്കു ദേശത്ത് വേരുറപ്പിക്കാനാകുമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്കുകൂട്ടല്‍. ഷര്‍മിളയുടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിച്ചാല്‍ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം അപ്പാടേ ഷര്‍മിളയ്ക്കു നല്‍കാമെന്നാണ് പ്രിയങ്കയുടെ വാഗ്ദാനം. പക്ഷേ ഷര്‍മിള വഴങ്ങിയിട്ടില്ല.


വൈഎസ്ആറിന്‍റെ മരണത്തിനു ശേഷം അദ്ദേഹത്തിന്‍റെ ഭാര്യയും മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയും ഡല്‍ഹിയില്‍ സോണിയാ ഗാന്ധിയെ കാണാനെത്തിയതാണ്. ആന്ധ്രാപ്രദേശിലെ കോണ്‍ഗ്രസ് രാഷ്ട്രീയം സംസാരിക്കാനായിരുന്നു ഈ യാത്ര. പക്ഷെ രണ്ടു പേരെയും കാണാന്‍ പോലും സോണിയാ ഗാന്ധി കൂട്ടാക്കിയില്ല.

ആന്ധ്രയിലെ കോണ്‍ഗ്രസ് നേതൃത്വം കിരണ്‍ റെഡ്ഡിയെ ഏല്‍പ്പിക്കുകയാണ് ഹൈക്കമാന്‍റ് ചെയ്തത്. കിരണ്‍ റെഡ്ഡി മുഖ്യമന്ത്രിയുമായി. പക്ഷെ അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നു. പിതാവിന്‍റെ പേരില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് രൂപീകരിച്ചു മത്സരിക്കാനിറങ്ങിയ വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി ഇന്നവിടെ മുഖ്യമന്ത്രി. കോണ്‍ഗ്രസ് എന്നേ ശിഥിലമായി കഴിഞ്ഞു.

ചരിത്രം ഓര്‍ത്തുകൊണ്ടു വേണം കോണ്‍ഗ്രസ് പുതിയ നീക്കം നടത്താന്‍. ലോക്സഭാ തെരഞ്ഞെടുപ്പ് അകലെയല്ല.

Advertisment