പ്രതി സ്ഥാനത്തു നില്‍ക്കുന്നയാൾ എത്ര പ്രധാനപ്പെട്ടവനായാലും നിയമത്തിനു മുന്നില്‍ കുറ്റവാളിയാണ്. ലോക കായിക വേദികളില്‍ ഇന്ത്യയുടെ ത്രിവർണ പതാകയേന്തി രാജ്യത്തിനുവേണ്ടി മെഡല്‍ വാങ്ങി നാടിന് നേട്ടവും അഭിമാനവും നേടിക്കൊടുത്ത ഗുസ്തി താരങ്ങള്‍ നൽകിയ പരാതിയിൽ ഡല്‍ഹി പോലീസിന്റേത് നിരുത്തരവാദപരമായ നിസംഗത. ഈ കായിക താരങ്ങളോട് രാഷ്ട്രം കാണിക്കുന്നത് നന്ദികേട് - മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

ഇന്ത്യന്‍ കായിക താരങ്ങളോട് രാഷ്ട്രം കാണിക്കുന്നത് അരുതാത്ത കാര്യങ്ങള്‍ തന്നെയാണ്. ലൈംഗികാതിക്രമത്തിനെതിരെ പരാതി നല്‍കിയ ഇന്ത്യന്‍ വനിതാ ഗുസ്തി താരങ്ങളുടെ ആവശ്യങ്ങള്‍ക്കു നേരേ ഈ രാജ്യം പറംതിരിഞ്ഞു നില്‍ക്കുന്നു.

ഏറ്റവുമൊടുവില്‍ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലേയ്ക്കു മാര്‍ച്ച് നടത്താനൊരുങ്ങിയ അവര്‍ക്കുനേരെ പോലീസ് ബലപ്രയോഗം നടത്തുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു.


സാധാരണ ഗതിക്ക് ഇന്ത്യന്‍ ശിക്ഷാനിയമമനുസരിച്ച് ഒരു സ്ത്രീ ലൈംഗികാരോപണം ഉന്നയിച്ചാല്‍ ബന്ധപ്പെട്ടയാള്‍ക്കെതിരെ പോലീസ് കര്‍ശനമായ നടപടി സ്വീകരിക്കണം. ഇവിടെ പരാതി കൊടുത്തത് ഇന്ത്യ എന്ന വലിയ രാജ്യത്തിന്‍റെ കായിക താരങ്ങളാണ്.


ഒളിംപിക്സ് ഉള്‍പ്പെടെ ലോക കായിക വേദികളില്‍ ഇന്ത്യയ്ക്കു വേണ്ടി പോരാടി ഇന്ത്യന്‍ പതാകയും പിടിച്ച് ഇന്ത്യയുടെ പേരില്‍ മെഡല്‍ വാങ്ങി രാജ്യത്തിനു നേട്ടവും അഭിമാനവും നേടിക്കൊടുത്ത ഗുസ്തി താരങ്ങള്‍. പക്ഷെ അവരുടെ പരാതി കേള്‍ക്കാന്‍ ഇവിടെ അധികൃതര്‍ തയ്യാറായില്ല.

കാരണം ഗുസ്തി താരങ്ങള്‍ പ്രതിയായി ചൂണ്ടിക്കാട്ടിയ ആള്‍ ഭരണകക്ഷി രാഷ്ട്രീയത്തിന്‍റെ ഭാഗമാണ്, ബിജെപി എംപിയാണ്, ഇന്ത്യന്‍ റെസ്‌ലിങ്ങ് ഫെഡറേഷന്‍ മുന്‍ പ്രസിഡന്‍റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങ് എന്ന കരുത്തൻ.

ബ്രിജ് ഭൂഷണെതിരെ ഗുസ്തി താരങ്ങള്‍ പരാതി നല്‍കിയിട്ട് അഞ്ചുമാസം കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ ഏപ്രിലില്‍ താരങ്ങള്‍ ഡല്‍ഹി കൊണാട്ട് പ്ലേസ് പോലീസ് സ്റ്റേഷനില്‍ നേരിട്ടു പരാതി നല്‍കി.

publive-image


പരാതിക്കാരിലൊരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടുമില്ല. എന്നിട്ടും കേസെടുക്കാതെ പോലീസ് അനങ്ങാതിരുന്നു. ഗുരുതരമായ ലൈംഗികാരോപണം ഉന്നയിച്ചിട്ടും പോലീസ് ഒരു നടപടിയും സ്വീകരിക്കാതിരുന്നതില്‍ പ്രതിഷേധിച്ചാണ് ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്തറില്‍ സമരം തുടങ്ങിയത്. ഏപ്രില്‍ 23 -നാരംഭിച്ച സമരം ഇപ്പോള്‍ ഒരു മാസം പിന്നിട്ടിരിക്കുന്നു.


ഗുസ്തി താരങ്ങളുടെ പരാതിയിന്മേല്‍ കേസെടുക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് പോലീസ് കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പരാതിപ്രകാരം പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയെങ്കിലും അന്വേഷണം മുന്നോട്ടു നീങ്ങിയതേയില്ല.

നേരത്തേയെന്നപോലെ മൗനം അവലംബിക്കുകയാണു പോലീസ് ചെയ്തത്. ഇതേ തുടര്‍ന്നാണ് ഗുസ്തി താരങ്ങള്‍ സഹ താരങ്ങളുടെയും സമൂഹത്തിലെ പ്രധാനികളുടെയും പിന്തുണയോടെ സമരം കടുപ്പിക്കാനൊരുങ്ങിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്‍റെ പുതിയ പാര്‍ലമെന്‍റ് മന്ദിരം ഉല്‍ഘാടനം ചെയ്ത ഞായറാഴ്ച ദിവസം താരങ്ങള്‍ പുതിയ മന്ദിരത്തിലേയ്ക്കു പ്രകടനം നടത്താനൊരുങ്ങുമ്പോഴാണ് പോലീസ് ഇവരെ അതിശക്തമായി നേരിട്ടത്. വനിതാ പോലീസുകാരുള്‍പ്പെടെ രണ്ടായിരത്തോളം പോലീസുകാരാണ് സമരത്തെ നേരിടാനെത്തിയത്.

publive-image


സമരത്തെ അമിതമായ ബലപ്രയോഗത്തിലൂടെത്തന്നെ നേരിട്ടു. പ്രമുഖ ഗുസ്തി താരങ്ങളെ പോലീസ് റോഡിലൂടെ വലിച്ചിഴച്ചു പോലീസ് വാഹനങ്ങളില്‍ കയറ്റി. സമരം നടത്തിയ ഗുസ്തി താരങ്ങള്‍ക്കെതിരെ നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപമുണ്ടാക്കല്‍ എന്നിങ്ങനെയുള്ള കടുത്ത വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.


അതേസമയം ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ലൈംഗികാരോപണങ്ങളിന്മേല്‍ പോലീസ് ഇതുവരെ നടപടിയൊന്നും എടുത്തിട്ടുമില്ല. ഗുസ്തി താരങ്ങളുടെ സമരം രാഷ്ട്രീയമാണെന്നും അതു തങ്ങള്‍ക്കെതിരായ സമരമാണെന്നും ബിജെപി സര്‍ക്കാരും ഭരണകക്ഷി നേതൃത്വവും ചിന്തിക്കുന്നതാണ് പോലീസിന്‍റെ നിസംഗതയ്ക്കു കാരണം.

ഗുസ്തി താരങ്ങളുടെ സമരത്തിന് പൊതുസമൂഹത്തില്‍ പിന്തുണ ഏറിക്കൊണ്ടിരിക്കുമ്പോഴാണ് രാജ്യത്തിന്‍റെ ഭരണ സിരാകേന്ദ്രമായ ഡല്‍ഹിയില്‍ പോലീസ് നിരുത്തരവാദപരമായ ഈ നിസംഗത തുടരുന്നതെന്ന് രാജ്യത്തിന് ഒട്ടും ഭൂഷണമല്ല തന്നെ.

ഇന്ത്യന്‍ ഗുസ്തി രംഗത്തെ ഏറ്റവും പ്രമുഖരായ വനിതാ താരങ്ങളുടെ പരാതി ശരിയാം വണ്ണം അന്വേഷിക്കുകയും പ്രതി സ്ഥാനത്തു നില്‍ക്കുന്നയാളെ, അയാള്‍ എത്ര പ്രധാനപ്പെട്ടവനായാലും, നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും ചെയ്യുക എന്നത് പോലീസിന്‍റെ ഏറ്റവും മിതമായ കടമ മാത്രമാണ്. രാജ്യം ഭരിക്കുന്ന സര്‍ക്കാരിന്‍റെയും.

Advertisment