Advertisment

സിപിഎമ്മിന്‍റെ കളരിയില്‍ രാഷ്ട്രീയത്തിന്‍റെ ബാലപാഠങ്ങള്‍ പഠിച്ച സിപി ജോണിന് മുന്നണി രാഷ്ട്രീയത്തില്‍ പ്രയോഗിക്കേണ്ട തന്ത്രങ്ങളെക്കുറിച്ചു നല്ല ബോധമുണ്ട്. ലക്ഷ്യം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ നേട്ടം. നേരത്തെ ഈ സ്ഥാനത്തിരുന്നത് ജോണി നെല്ലൂര്‍. പക്ഷെ ആ ജോണിയല്ല, ഈ ജോണ്‍. ഇതു സിപി ജോണ്‍. സിഎംപി നേതാവ് സിപി ജോണ്‍ യുഡിഎഫ് സെക്രട്ടറിയാകുമ്പോള്‍ - മുഖപ്രസംഗത്തിൽ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

സിഎംപി നേതാവ് സിപി ജോണ്‍ യുഡിഎഫ് സെക്രട്ടറി പദത്തിലേയ്ക്ക്. രാഷ്ട്രീയം നന്നായി അറിയുന്ന സിപി ജോണ്‍ മുന്നണി നേതൃത്വത്തിലേയ്ക്കു വരുന്നത് ഐക്യ മുന്നണി രാഷ്ട്രീയത്തിന് ഏറെ ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല.

കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുന്ന രണ്ടു മുന്നണികളാണ് ഐക്യ ജനാധിപത്യ മുന്നണി എന്ന യുഡിഎഫും ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന എല്‍ഡിഎഫും. രണ്ടും ഉയരമുള്ള രണ്ടു കൊടുമുടികളായി നില്‍ക്കുമ്പോള്‍ അല്പം ഇടം കണ്ടെത്താന്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി ശ്രമം തുടങ്ങിയിട്ടു കാലം കുറെയായെങ്കിലും ഇനിയും ഫലം കണ്ടിട്ടില്ല. കേരള രാഷ്ട്രീയം രണ്ടു മുന്നണികള്‍ പകുത്തെടുത്തിരിക്കുന്നുവെന്നര്‍ത്ഥം.

ഏറെക്കുറെ തുല്യ ശക്തികളായ യുഡിഎഫും എല്‍ഡിഎഫും കൃത്യമായ ഇടവേളകളില്‍ ഭരണം പങ്കിടുകയും ചെയ്യുകയായിരുന്നു 2021 വരെ. 2021 -ല്‍ ഇടതുപക്ഷം ഭരണത്തുടര്‍ച്ച നേടി. പിണറായി വിജയന്‍ തുടര്‍ച്ചയായി രണ്ടാം തവണയും മുഖ്യമന്ത്രിയായി.

അതിനര്‍ത്ഥം യുഡിഎഫിന് തുടര്‍ച്ചയായി രണ്ടു തവണ അധികാരം നഷ്ടപ്പെട്ടു എന്നതുതന്നെ. ഇനി 2024 -ലെ ലോക്സഭാ തെരഞ്ഞെടുപ്പ്. 2026 -ല്‍ നിയമസഭാ തെരഞ്ഞെടുപ്പ്. രണ്ടിനുമിടയ്ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പ്. ഐക്യ ജനാധിപത്യ മുന്നണി മുമ്പത്തെക്കാളും ശക്തമായി പ്രവര്‍ത്തിക്കേണ്ട സമയം. ഘടകകക്ഷികളെയെല്ലാം കൂട്ടിയിണക്കി മുന്നോട്ടു കൊണ്ടുപോകേണ്ട സമയം.


പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് മുന്നണി ചെയര്‍മാന്‍. എംഎം ഹസന്‍ കണ്‍വീനറും. കേരള കോണ്‍ഗ്രസ് നേതാവ് ജോണി നെല്ലര്‍ രാജിവെച്ച് സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് സിപി ജോണിനെ സെക്രട്ടറിയായി മുന്നണി നിയോഗിക്കുന്നത്.


ഐക്യ ജനാധിപത്യ മുന്നണിയിലെ സിഎംപി എന്ന ഇടതപക്ഷ കക്ഷിയുടെ ജനറല്‍ സെക്രട്ടറിയാണ് സിപി ജോണ്‍. സിപിഎമ്മില്‍ പ്രവര്‍ത്തിച്ചു രാഷ്ട്രീയം പഠിച്ചവന്‍. എസ്എഫ്ഐയിലായിരുന്നു തുടക്കം. സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റും സെക്രട്ടറിയുമായി ഏറെക്കാലം പ്രവര്‍ത്തിച്ചു. പിന്നീട് സിപിഎമ്മില്‍.

പാര്‍ട്ടിയില്‍ വിദ്യാര്‍ത്ഥി - യുവജന സംഘടനകളുടെ മേല്‍നോട്ടം വഹിച്ചിരുന്നത് തീപ്പൊരി നേതാവായിരുന്ന എംവി രാഘവനായിരുന്നു. കേരളത്തിലെ കലാലയങ്ങളില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന കെഎസ്‌യുവിനെ തോല്‍പ്പിച്ച് എസ്എഫ്ഐ മുന്നേറിയ എഴുപതുകളും എണ്‍പതുകളും സംഭവബഹുലം തന്നെയായിരുന്നു.

publive-image

1980 -ല്‍ വിഎസ് അച്യുതാനന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയാകുകയും എംവി രാഘവന്‍ പാര്‍ട്ടി കേരള ഘടകത്തില്‍ കരുത്തനാകുകയും ചെയ്ത കാലം. ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടും എംവിആറും തമ്മില്‍ ഏറ്റുമുട്ടാന്‍ തുടങ്ങിയതും അക്കാലത്തായിരുന്നു.

മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകളെകൂടി ഇടതു മുന്നണിയില്‍ ചേര്‍ത്ത് കോണ്‍ഗ്രസിനും അതു നേതൃത്വം കൊടുക്കുന്ന യുഡിഎഫിനുമെതിരെ പൊരുതുന്ന ഇടതു മുന്നണിയുടെ ശക്തി വര്‍ദ്ധിപ്പിക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു എംവിആര്‍. വര്‍ഗീയ-സമുദായ രാഷ്ട്രീയത്തെ ഇടതുമുന്നണിയുമായി അടുപ്പിക്കരുതെന്നായിരുന്നു ഇഎംഎസിന്‍റെ ഉറച്ച നിലപാട്.

അവസാനം 1985 നവംബര്‍ 20 മുതല്‍ 24 വരെ എറണാകുളത്തു നടന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ എംവിആര്‍ ബദല്‍ രേഖ അവതരിപ്പിച്ചതും അതിനെതിരെ ഇഎംഎസ് വികാരാധീനനായി പ്രസംഗിച്ചതും സമ്മേളനം ബദല്‍ രേഖ തള്ളിക്കളഞ്ഞതും തുടര്‍ന്നുണ്ടായ സംഘര്‍ഷഭരിതമായ സംഭവവികാസങ്ങള്‍ക്കൊടുവില്‍ എംവി രാഘവനെ സിപിഎം പുറത്താക്കിയതും രാഷ്ട്രീയ ചരിത്രം.

1986 ജൂണ്‍ 23 -നായിരുന്നു എംവിആര്‍ പാര്‍ട്ടിയില്‍ നിന്നു പുറത്തായത്. മുതിര്‍ന്ന കുറെ നേതാക്കളും അണികളും യുവ നേതാക്കളായ സിപി ജോണും കെആര്‍ അരവിന്ദാക്ഷനും സിഎംപി എന്ന പാര്‍ട്ടി രൂപീകരിച്ച് എംവിആറും കൂട്ടരും യുഡിഎഫിലേയ്ക്ക്.


സിപിഎമ്മിന്‍റെ കളരിയില്‍ രാഷ്ട്രീയത്തിന്‍റെ ബാലപാഠങ്ങള്‍ പഠിച്ച സിപി ജോണിന് മുന്നണി രാഷ്ട്രീയത്തില്‍ പ്രയോഗിക്കേണ്ട തന്ത്രങ്ങളെക്കുറിച്ചു നല്ല ബോധമുണ്ട്. അതുകൊണ്ടുതന്നെയാണ് തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പില്‍ വിഡി സതീശന്‍ മുഖ്യ ചുമതലക്കാരനായി ജോണിനെ നിയോഗിച്ചത്. അതു ഫലം കാണുകയും ചെയ്തു.


വളരെ വൈകിയാണെങ്കിലും ജോണിനെ ഒരു പ്രധാന സ്ഥാനം ഏല്‍പ്പിക്കാന്‍ യുഡിഎഫ് തയ്യാറായിരിക്കുന്നു. നേരത്തെ ഈ സ്ഥാനത്തിരുന്ന ജോണി നെല്ലൂര്‍ അത്രകണ്ട് ശോഭിച്ചില്ലെന്നതു വസ്തുതയാണ്. പക്ഷെ ആ ജോണിയല്ല, ഈ ജോണ്‍. ഇതു സിപി ജോണ്‍.

Advertisment