ഡൽഹി: വിവാദ പരാമര്‍ശത്തില്‍ നടി കങ്കണാ റണാവത്തിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നു. നടിയെ അറസ്റ്റ് ചെയ്യണമെന്നും പത്മശ്രീ പുരസ്‌കാരം തിരിച്ചെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. 2014ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായപ്പോഴാണ് യഥാര്‍ഥത്തില്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടയതെന്നും 1947ല്‍ കിട്ടിയ സ്വാതന്ത്ര്യം ഭിക്ഷയായിരുന്നെന്നുമാണ് കങ്കണാ റണാവത്ത് ടിവി അഭിമുഖത്തില്‍ പറഞ്ഞത്.
തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടി, ബിജെപി നേതാവ് വരുണ്‍ ഗാന്ധി, കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ എന്നവര്‍ നടിക്കെതിരെ രംഗത്തെത്തി. രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ടാഗ് ചെയ്തായിരുന്നു ആനന്ദ് ശര്‍മയുടെ ട്വീറ്റ്. കങ്കണക്ക് നല്‍കിയ പത്മശ്രീ പുരസ്‌കാരം തിരിച്ചെടുക്കണമെന്നും സിവിലിയന്‍ പുരസ്‌കാരം നല്‍കും മുമ്പ് മാനസിക നില പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെയും മഹാന്മാരെയും അവമതിക്കുന്നവര്‍ക്ക് പുരസ്‌കാരം നല്‍കാതെ നോക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ വല്ലഭായി പട്ടേല്‍ തുടങ്ങിയ ഉന്നത നേതാക്കളെയും ഭഗത് സിങ്, ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയ രക്തസാക്ഷികളെ അപമാനിക്കുന്നതുമാണ് നടിയുടെ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു.
രാജ്യദ്രോഹമെന്നാണ് കങ്കണയുടെ പ്രസ്താവനയെ കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. മയക്കുമരുന്ന് ഉപയോഗിച്ച ശേഷമാണ് കങ്കണ വിവാദ പരാമര്‍ശം നടത്തിയതെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് ആരോപിച്ചു. മലാന ക്രീം എന്ന മയക്കുമരുന്ന് ഉപയോഗിച്ച ശേഷമാണ് നടിയുടെ പ്രസ്താവനയെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
കങ്കണയുടെ പ്രസ്താവനയെ അപലപിക്കുന്നു. സ്വാതന്ത്ര്യ സമര പോരളികളെ അവര്‍ അപമാനിച്ചു. അവരില്‍ നിന്ന് പത്മ പുരസ്‌കാരം തിരിച്ചുവാങ്ങി അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കങ്കണക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ആംആദ്മി പാര്‍ട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ മുംബൈ പൊലീസിനോട് ആവശ്യപ്പെട്ടു.