ഗാനഗന്ധര്‍വ്വന്റെ ആലാപന ജീവിതത്തിന് അറുപതാണ്ട് തികയുമ്പോള്‍ ഇങ്ങകലെ പാലായില്‍ ഗായകനായ പടിഞ്ഞാറേമുറി ബേബി വര്‍ഗ്ഗീസിന്റെ ഡയറിക്കും പ്രായമാകുന്നതേയില്ല.! ഈ ഡയറിയിലെ ഒരേ പേജില്‍ 1970-ലും 2010-ലും അടുത്തടുത്തായി ഗാനഗന്ധര്‍വ്വന്‍ യേശുദാസ് തുല്യം ചാര്‍ത്തിയിട്ടുണ്ട്.; ബേബിയ്ക്കുള്ള അതുല്യ പുരസ്ക്കാരമായി!
1970-ലാണ് അന്ന് 20-കാരനായിരുന്ന ബേബി വര്‍ഗീസ് അന്ന് 30-കാരനായിരുന്ന യേശുദാസിനെ ആദ്യം കാണുന്നത്. എറണാകുളത്തെ ക്രിസ്ത്യന്‍ ആര്‍ട്‌സ് ക്ലബ്ബില്‍ (പിന്നീട് കലാഭവന്‍) വച്ചായിരുന്നു ഈ കൂടിക്കാഴ്ച. ദാസ് അന്നേ മലയാളത്തിന്റെ ഗാനലഹരി. ബേബി ദാസേട്ടന്റെ കടുത്ത ആരാധകനും. അന്നത്തെ പുതുപുത്തന്‍ ഡയറി കൊടുത്ത് ബേബി, യേശുദാസിനോട് ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടു.
കൃത്യമായി പറഞ്ഞാല്‍ 1970 ഓഗസ്റ്റ് 5-ാം തീയതി. നിറയെ പാട്ടെഴുതിയ ഡയറി മറിച്ച് നോക്കി പാട്ടുമൂളിക്കൊണ്ട് യേശുദാസ് ഇതിന്റെ ആദ്യപേജില്‍ തൻ്റെ ഒപ്പും തീയതിയും ചാര്‍ത്തി. കാലം പിന്നെയും നാലു പതിറ്റാണ്ടു കൂടി കടന്നു. പാട്ടിന്റെ പാലാഴി തീര്‍ത്ത് യേശുദാസ് ലോകഗായകനായപ്പോള്‍ സംഗീതം വിടാതെ തന്നെ ബേബി വര്‍ഗീസ് പാലായില്‍ ചെറുകിട ബിസിനസുകാരനായി.
അപ്പോഴും പ്രിയപ്പെട്ട ദാസേട്ടന്റെ കയ്യൊപ്പ് പതിഞ്ഞ ഡയറി ബേബി ഹൃദയത്തോട് ചേര്‍ത്തുവച്ചു. 2010-ലേക്ക് ദാസേട്ടന്‍ വളര്‍ന്നപ്പോള്‍ ബേബി നാട്ടിലെ അറിയപ്പെടുന്ന പാട്ടുകാരനായി. അങ്ങനെയെരിക്കെ യേശുദാസ് അന്നൊരിക്കല്‍ പാലായില്‍ വന്നു. പഴയ ഡയറിയുമായി മാധ്യമ പ്രവര്‍ത്തകനായ സുഹൃത്ത് സുനിലിനൊപ്പം ബേബി ദാസേട്ടനെ കാണാന്‍ ചെന്നു. നിറംമങ്ങി പേജുകള്‍ ചുരുണ്ട പഴയ ഡയറി കണ്ടപ്പോള്‍ ഗാനഗന്ധര്‍വ്വന് അതിശയം; "'40-കൊല്ലം മുമ്പ് ഞാനിട്ട ഒപ്പല്ലേ ഇത്... ഇത്രകാലം ഇത് സൂക്ഷിച്ചുവച്ചോ... അതിശയം...'' സ്വരങ്ങള്‍ വിടരുന്ന ചുണ്ടിലും മുഖത്തും വിസ്മയങ്ങളുടെ രാഗപ്രവാഹം.....
പ്രിയപ്പെട്ട ദാസേട്ടന്‍ ഇതുകണ്ട് സന്തോഷിച്ചപ്പോള്‍ ബേബി വര്‍ഗീസിന് മനംനിറഞ്ഞ ആഹ്ലാദം, അഭിമാനം. ''ദാസേട്ടാ, ഒരു 20 കൊല്ലം കഴിഞ്ഞ് ഒരിക്കല്‍ക്കൂടി അങ്ങ് ഈ ഡയറിയില്‍ ഒപ്പിടണം'' ബേബി വര്‍ഗീസിന്റെ കമന്റിന് യേശുദാസിന്റെ ചുണ്ടില്‍ പൊട്ടിച്ചിരി ഉച്ചസ്ഥായിയിലായി.
അടുത്തിടെ യേശുദാസ് ഫാന്‍സ് അസോസിയേഷന്‍കാര്‍ ബേബി വര്‍ഗീസിന്റെ ചരിത്ര ഡയറിയെക്കുറിച്ച് അവരുടെ സമൂഹമാധ്യമ ഗ്രൂപ്പില്‍ പങ്കുവച്ചു. ദാസേട്ടനും ഇതറിഞ്ഞു. ജനുവരിയില്‍ കേരളത്തില്‍ വരുമ്പോള്‍ ബേബിയെ വിളിക്കുമെന്ന അറിയിപ്പുണ്ടായി.
പുതുവര്‍ഷത്തിലെ പ്രതീക്ഷയുടെ നാളുകളില്‍ തന്റെ പഴയ ഡയറിയില്‍ ദാസേട്ടന്റെ മൂന്നാമത് കൈയ്യൊപ്പും പതിയുമെന്ന ആഗ്രഹത്താല്‍ മറ്റൊരു ആഹ്ലാദഗാനം മൂളുകയാണ് പുലിയന്നൂരിലെ പടിഞ്ഞാറേമുറി വീടിന്റെ പൂമുഖത്തിരുന്ന് ബേബി വര്‍ഗീസ്. കൂട്ടുചേരാൻ ഭാര്യ റീത്തയും മക്കൾ ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപിക പഞ്ചമിയും ഒമാൻ ആർമി ഉദ്യോഗസ്ഥൻ ഡോ. ബെഞ്ചമിനുമുണ്ട്