അഭിനയപ്രതിഭ കൊണ്ടും നിത്യയൗവനം കൊണ്ടും ഇന്ത്യൻ ലോകത്തെ ഭ്രമിപ്പിച്ച അഭിനയ വിസ്മയത്തിന് ഇന്ന് 70

author-image
ഫിലിം ഡസ്ക്
New Update

publive-image

ഇന്ത്യന്‍ സിനിമ കണ്ട അതുല്യ പ്രതിഭയും മലയാളികളുടെ സ്വന്തം മെഗാസ്റ്റാറുമായ മമ്മൂട്ടിയുടെ എഴുപതാം പിറന്നാളാണ് ഇന്ന്. എഴുപതിന്റെ നിറവിനൊപ്പം മമ്മൂട്ടി തന്റെ അഭിനയ ജീവിതത്തില്‍ 50 വര്‍ഷവും പിന്നിട്ടിരിക്കുന്നു.

Advertisment

ചെറുബാല്യം വിടാത്ത കുട്ടികളുടെ അങ്കത്തിനു മുന്നിലും തോൽക്കാത്ത നടനവിസ്മയം. ശബ്ദഗാംഭീര്യത്തിനും ഭാവാഭിനയത്തിനും പകരക്കാരനില്ലാത്ത മഹാ നടൻ.. ഓരോ നിശ്വാസവും സിനിമയോടുള്ള അഭിനിവേശമാണെന്ന് തിരിച്ചറിഞ്ഞ കലാകാരൻ.. എത്ര വിശേഷണങ്ങൾ ചാർത്തിയാലും നിർവചിക്കാനാകാത്ത നടനരൂപം.. ലാലേട്ടന്റെ സ്വന്തം ഇച്ചാക്ക, മലയാളികളുടെ സ്വന്തം മമ്മൂക്ക..

publive-image

അഭിനയപ്രതിഭ കൊണ്ടും നിത്യയൗവനം കൊണ്ടും ഇന്ത്യൻ ലോകത്തെ ഭ്രമിപ്പിച്ച മറ്റൊരു താരം ഉണ്ടാകില്ല. അംബേദ്കറും, ചതിയൻ ചന്തുവും പോലുള്ള വീരനായകർ മുതൽ, പൊന്തൻ മാട പോലെ ചവിട്ടിത്തേക്കപ്പെട്ട നിസഹായക വിഭാ​ഗത്തേയും, ഭാസ്കര പട്ടേലരെ പോലെ വിഷം തുപ്പുന്ന കഥാപാത്രങ്ങളും ഒരുപോലെ കൈയടകത്തോടെ അവതരപ്പിച്ച ഇതിഹാസ നായകൻ.

വൈക്കത്തുകാരൻ മുഹമ്മദ് കുട്ടിയിൽ നിന്ന് മമ്മൂട്ടിയിലേക്കുള്ള വളർച്ച കഥാപാത്രങ്ങളോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശവും അധ്വാനവുമാണ്. എന്നാൽ മമ്മൂട്ടിയിൽ നിന്ന് മമ്മൂക്കയിലേക്കുള്ള ദൂരം മലയാളികളുടെ സ്നേഹമാണ്. സിനിമ ജീവിതലക്ഷ്യമാണെന്ന് തിരിച്ചറിഞ്ഞ് വക്കീൽ കുപ്പായം അഴിച്ചുവെച്ചെത്തിയ മമ്മൂട്ടി മൂന്ന് തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും അഞ്ച് തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ദക്ഷിണേന്ത്യൻ ഫിലിംഫെയർ പുരസ്‌കാരം 12 തവണയും നേടി.

എണ്ണിയാലൊടുങ്ങാത്ത മികവുറ്റ കഥാപാത്രങ്ങൾ.. ശബ്ദം കൊണ്ടും ഭാഷ ശൈലികളിലെ വൈവിധ്യം കൊണ്ടും വിവിധ തലമുറകളുടെ നായകനായി വെള്ളിത്തിരയിൽ നിറഞ്ഞ് നിൽക്കുകയാണ് മമ്മൂട്ടി.

publive-image

മതിലുകൾ, ഒരു വടക്കൻ വീരഗാഥ, വിധേയൻ, പൊന്തൻമാട, അംബേദ്കർ എന്നിവ ദേശീയ പുരസ്‌കാര നിറവിൽ നടനെ എത്തിച്ചപ്പോൾ ന്യൂഡൽഹിയും നിറക്കൂട്ടും സൂപ്പർ താരത്തെയാണ് മലയാളിക്ക് നൽകിയത്. അടിയൊഴുക്കുകൾ, യാത്ര, അമരം, ഭൂതക്കണ്ണാടി, അരയന്നങ്ങളുടെ വീട്, കാഴ്ച, കറുത്ത പക്ഷികൾ, പാലേരി മാണിക്യം എന്നിവയിലൂടെയും അദ്ദേഹം പുരസ്‌കാരങ്ങൾ വാരിക്കൂട്ടി. യവനിക, കോട്ടയം കുഞ്ഞച്ചൻ, സൂര്യമാനസം, മഴയെത്തും മുമ്പെ, വല്യേട്ടൻ, ദാദാസാഹിബ്, നേരറിയാൻ സിബിഐ, ബിഗ്ബി, പഴശ്ശിരാജ തുടങ്ങി പ്രേഷകരുടെ ഹൃദയങ്ങളിൽ കയ്യൊപ്പ് ചാർത്തിയ എണ്ണിയാൽ തീരാത്ത സിനിമകൾ..

publive-image

വാത്സല്യവും സൂര്യമാനസവും കാഴ്ചയും പളുങ്കുമെല്ലാം കഥാപാത്രങ്ങളോടൊപ്പം ആരാധകരെയും കരയിച്ചു. തൊമ്മനും മക്കളും, രാജമാണിക്യം, മായാവി, ചട്ടമ്പിനാട്, പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയ്ന്റ് ചിത്രങ്ങളിലൂടെ കുട്ടികളുടെ പോലും പ്രിയതാരമായി മമ്മൂക്ക മാറി. ഇത്തിരി നേരം കൊണ്ട് ഒത്തിരി ഇഫക്ടുകൾ നൽകിയ നരസിംഹം, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, കഥ പറയുമ്പോൾ, നമ്പർ 20 മദ്രാസ് മെയിൽ എന്നീ സിനിമകളുണ്ടാക്കിയ ഓളവും ചെറുതല്ല.

നിരവധി നവാഗത സംവിധായകർക്ക് പ്രചോദനവും പിന്തുണയും നൽകി സിനിമാലോകത്തിന് പിൻബലമേകിയ നടൻ കൂടിയാണ് മെഗാസ്റ്റാർ മമ്മൂട്ടി. മെത്തേഡ് ആക്ടറാണെന്ന് സ്വയം വിലയിരുത്തുന്ന അദ്ദേഹം, വൈവിധ്യമാർന്ന കഥാപാത്രങ്ങളെയാണ് ആഗ്രഹിക്കുന്നതെന്ന് പറയാറുണ്ട്. വേഷപ്പകർച്ചകൾക്കും അഭിനയമികവിനും 1998ൽ പത്മശ്രീ നൽകിയാണ് രാജ്യം മമ്മൂട്ടിയെ ആദരിച്ചത്.

അഭ്രപാളിയിൽ അഞ്ച് പതിറ്റാണ്ടുകൾ പിന്നിട്ട മെഗാസ്റ്റാറിന് എഴുപതിന്റെ പിറന്നാൾ മധുരം പകരുകയാണ് ആരാധക ലോകം. മലയാളത്തിൽ നിന്ന് മാത്രമല്ല തെന്നിന്ത്യയിൽ നിന്നും താരത്തിന് പിറന്നാൾ ആശംസകളുടെ പ്രവാഹമാണ്. പതിനേഴിന്റെ ചുറുചുറുക്കോടെ എഴുപതിന്റെ നിറവിൽ നിൽക്കുന്ന അതുല്യനടന് പിറന്നാളാശംസകൾ.

cinema
Advertisment