പെരുമ്പാവൂര്‍: ആലുവ തിരുവൈരാണിക്കുളത്ത് വർഷത്തിലൊരിയ്ക്കൽ പത്തു ദിനങ്ങൾ മാത്രം നടക്കുന്ന ശ്രീപാർവ്വതിദേവിയുടെ നടതുറപ്പുത്സവത്തിന് വന്ന് തൊഴുതു പോകുന്ന ഭക്തസഹസ്രങ്ങളിൽ മറ്റു പലർക്കും തോന്നാത്തൊരു ചേതോവികാരവുമായാണ് കാലടി മറ്റൂരിലെ ചേരാമ്പിള്ളിയിൽ സരസമ്മ ഇത്തവണ ക്ഷേത്രത്തിൽ തൊഴാനെത്തിയത്.
സരസമ്മയും ഇരട്ടകളായ രണ്ടു പെൺമക്കളും ഒരു മകനും അടങ്ങിയ കുടുംബത്തിന്റെ അത്താണിയായിരുന്ന ഭർത്താവ് 16 വർഷം മുമ്പ് മരിച്ചതാണ്. പിന്നീടിങ്ങോട്ട് കഷ്ടപ്പാടിന്റെ കാലമായിരുന്നു. ചുമലിൽ ജീവിതഭാരവും പേറി ജീവിയ്ക്കുമ്പോൾ ഭാഗ്യം തുണച്ച് ഒരു സർക്കാർ ജോലി കിട്ടി, ആരോഗ്യവകുപ്പിൽ അറ്റന്ററായി.
ആ വരുമാനത്തിലൊതുങ്ങി നിന്ന് ഇരട്ടക്കുട്ടികളെ കല്യാണം കഴിച്ചയച്ചു. മറ്റാരും
ആശ്രയമില്ലാതെ സാമ്പത്തിക പ്രാരബ്ദ്ധങ്ങളുടെ നടുക്കയത്തിൽ നിൽക്കുമ്പോൾ സാമ്പത്തികമില്ലാതെ കുട്ടികളെ കെട്ടിച്ചയക്കാൻ ബുദ്ധിമുട്ടുന്ന നിർദ്ധനരായ മറ്റുമാതാപിതാക്കളുടെ കഷ്ടപ്പാടുകളെക്കുറിച്ചാലോചിക്കുമായിരുന്നു.
തന്റെ പെണ്മക്കളുടെ മംഗല്യഭാഗ്യത്തിനായി തിരുവൈരാണിക്കുളത്ത് എല്ലാവർഷവും പതിവായി വന്ന് പ്രാർത്ഥിയ്ക്കുമായിരുന്ന സരസമ്മയ്ക്ക് ഇരട്ട ഭാഗ്യമാണ് കൈവന്നത്. പെണ്മക്കളെ നല്ലരീതിയിൽ കെട്ടിച്ചയക്കാൻ കഴിഞ്ഞെന്നതു മാത്രമല്ല മകന് വിദേശത്ത് തരക്കേടില്ലാത്ത ഒരു ജോലിയും തരപ്പെട്ടു. പിന്നീടുള്ള ചിന്ത മകന്റെ വിവാഹത്തെക്കുറിച്ചായി.
തിരുവൈരാണിക്കുളം ക്ഷേത്രം ട്രസ്റ്റ് നിർദ്ധനയുവതികളുടെ വിവാഹത്തിനായി സ്വരൂപിയ്ക്കുന്ന മംഗല്യനിധിയെക്കുറിച്ച് കേട്ടറിഞ്ഞ സരസമ്മ ഇത്തവണത്തെ വരവിൽ ഒന്നു തീരുമാനിച്ചുറപ്പിച്ച് നടപ്പിലാക്കുകയായിരുന്നു. കുടുംബത്തിലെ എല്ലാവരുടെയും പിന്തുണയോടെ തന്റെ മകന്റെ വിവാഹത്തിനായി ചെലവാക്കാനുദ്ദേശിച്ച തുകയുടെ പകുതി മംഗല്യനിധിയിലേക്ക് സംഭാവന ചെയ്താണ് സരസമ്മ മാതൃകയായത്.
കല്യാണച്ചെലവിലേയ്ക്കായി മകനയച്ചു കൊടുത്തതിന്റെ പാതി പങ്കാണ് ക്ഷേത്രം ട്രസ്റ്റിനു കൈമാറിയത്. രണ്ടു പെണ്മക്കളുടെ കൈപിടിച്ചു കൊടുത്ത നിർവൃതിപോലൊന്ന് താനനുഭവിച്ചതായി സരസമ്മ പറഞ്ഞു.
ഏതെങ്കിലുമൊരു പാവപ്പെട്ട പെൺകുട്ടിയുടെ വിവാഹത്തിന് താലിയോ പുടവയോ ആയി തന്റെ എളിയ സംഭാവന മാറുമെന്നതു തന്നെയാണ് മനസ്സിന്റെ നിർവൃതിയെന്നും ആ അമ്മ കൂട്ടിച്ചേർത്തു.