/sathyam/media/post_attachments/0CaNWEeXYp32se88LfFi.jpg)
കൊച്ചി: എണറാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി സ്ഥാനത്തു നിന്നും മാര്‍ ആന്റണി കരിയില്‍ രാജിവച്ചു. രാജി കത്ത് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ്പ് ലിയോ പോള്‍ഡോ ഗിറേലിക്ക് കൈമാറി. രാജി വച്ചില്ലെങ്കില്‍ പുറത്താക്കുമെന്ന് വത്തിക്കാന്റെ മുന്നറിയിപ്പ് കണക്കിലെടുത്താണ് മാര്‍ കരിയില്‍ രാജിവച്ചത്.
ഇതോടെ എറണാകുളം-അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലേക്ക് മാറും. അതിരൂപതയിലെ വൈദീക കൗണ്‍സില്‍, പാസ്റ്ററല്‍ കൗണ്‍സില്‍, അതിരൂപതാ കൂരിയ എന്നിവയും പിരിച്ചുവിട്ടു.
നേരത്തെ ആരാധനാ ക്രമം ഏകീകരണം നടപ്പാക്കാന്‍ തയ്യാറാകാതെ വന്നതോടെയാണ് അതിരൂപതയുടെ മെത്രാപ്പോലീത്തന്‍ വികാരിയായ മാര്‍ കരിയിലിനെ നീക്കാന്‍ വത്തിക്കാന്‍ തീരുമാനിച്ചത്. ഇന്നു രാവിലെ വത്തിക്കാന്‍ സ്ഥാനപതി നേരിട്ട് എറണാകുളം-അങ്കമാലി അതിരൂപതയിലെത്തി.
പാശ്ചാത്യസഭകള്‍ക്കുള്ള കാനോന്‍ നിയമത്തില്‍ വിദഗ്ദ്ധനായ കോതമംഗലം ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലിനൊപ്പമാണ് നൂണ്‍ഷ്യോ എത്തിയത്. രൂപതാ വികാരി ജനറാള്‍ അദ്ദേഹത്തെ സ്വീകരിച്ചിരുന്നു. തുടര്‍ നടപടികള്‍ അടുത്തയാഴ്ച ചേരുന്ന സിറോ മലബാര്‍ സഭാ സിനഡ് ചര്‍ച്ച ചെയ്യും.
രൂപതയുടെ ഭരണ ചുമതല മാര്‍ റാഫേല്‍ തട്ടിലിന് കൈമാറുമെന്നാണ് സൂചന. നിലവില്‍ ഷംഷാബാദ് രൂപതാധ്യക്ഷനാണ് മാര്‍ റാഫേല്‍ തട്ടില്‍.