/sathyam/media/post_attachments/lWa8XKBPGjA1GVRffi2J.jpg)
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയില്‍ വിമത വിഭാഗം അടുത്ത മാസം ഏഴിന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പ്രതിഷേധ റാലിക്കെതിരെ വിശ്വാസികള്‍ രംഗത്ത്. സഭയ്ക്കും മേജര്‍ ആര്‍ച്ച് ബിഷപ്പിനും എതിരെ അതിരൂപതയുടെ പേരില്‍ പ്രതിഷേധം നടത്തുന്നത് അംഗീകരിക്കില്ലെന്നാണ് വിശ്വാസികളുടെ നിലപാട്. റാലിയും സമ്മേളനവും തടയുമെന്നും വിശ്വാസികള്‍ പറയുന്നു.
നേരത്തെ ആരാധനാ ക്രമ വിഷയത്തില്‍ സിറോമലബാര്‍ സഭയുടെ എല്ലാ രൂപതകളും സിനഡ് കുര്‍ബാനയിലേക്ക് മാറിയിരുന്നു. എന്നാല്‍ എറണാകുളം-അങ്കമാലി അതിരൂപത അതിന് അനുകൂലമായില്ല. വത്തിക്കാനും സിറോ മലബാര്‍ സഭ സിനഡും അന്തിമ ശാസനം നല്‍കിയിട്ടും അതനുസരിക്കാന്‍ അതിരൂപതയും മാര്‍ ആന്റണി കരിയിലും തയ്യാറായില്ല.
ഇതോടെയാണ് വത്തിക്കാന്‍ കര്‍ശന നടപടിയിലേക്ക് കടന്നത്. മെത്രാപ്പോലീത്തന്‍ വികാരിയായിരുന്ന മാര്‍ ആന്റണി കരിയിലിന്റെ രാജി ചോദിച്ചു വാങ്ങി. രൂപതയിലെ എല്ലാ കാനോനിക സമിതിയും പിരിച്ചുവിട്ടു.
ഇത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം ഇപ്പോള്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്. എന്നാല്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂരിഭാഗം വിശ്വാസികളും വിമത വിഭാഗത്തിന്റെ നീക്കത്തിന് എതിരാണ്. അന്ന് പ്രതിഷേധിച്ചാല്‍ അതിനെ തെരുവില്‍ നേരിടുമെന്നാണ് വിശ്വാസികള്‍ പറയുന്നത്.
ആഗസ്റ്റ് ഏഴിന് കലൂര്‍ സ്റ്റേഡിയത്തിലാണ് വിമതരുടെ പരിപാടി. അതിനെ നേരിടാന്‍ എറണാകുളത്തിന് പുറമെ മറ്റ് രൂപതകളില്‍ നിന്നും വിശ്വാസികളെ അണിനിരത്താനാണ് വിവിധ സംഘടനകള്‍ തീരുമാനിച്ചിട്ടുള്ളത്.
അതിനിടെ സഭാ നേതൃത്വത്തിനെതിരെ പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായി മാര്‍പ്പാപ്പയുടെ അടക്കം കോലം കത്തിക്കുന്നതടക്കമുള്ള പ്രതിഷേധത്തിനാണ് വിമത വിഭാഗം നീക്കം നടത്തുന്നത്. വത്തിക്കാന്‍ പ്രതിനിധി, പൗരസ്ത്യ തിരുസംഘം അധ്യക്ഷന്‍ എന്നിവരുടെ കോലം കത്തിക്കുന്ന പ്രതിഷേധവും പദ്ധതിയിടുന്നുണ്ട്.