Advertisment

എറണാകുളം-അങ്കമാലി അതിരൂപതയില്‍ നാളെ എന്തു സംഭവിക്കും ? വിമതവിഭാഗം വൈദീകര്‍ പ്രതിഷേധ റാലി നടത്തി പുറത്തേക്കോ ? വിമത വിഭാഗം വൈദീകര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് വിശ്വാസികള്‍ ! അതിരൂപതയില്‍ വിമത വിഭാഗം പരസ്യമായി അച്ചടക്കം ലംഘിക്കുന്നത് ഇതാദ്യമല്ലെങ്കിലും വത്തിക്കാന്‍ ഭരണം നിയന്ത്രിക്കുമ്പോള്‍ അച്ചടക്കലംഘനം അനുവദിക്കില്ല. അനുസരണമില്ലായ്മ വലിയ കുറ്റം തന്നെ ! സിറോ മലബാര്‍ സഭയില്‍ പിളര്‍പ്പുണ്ടാക്കുന്ന വിമതരെ പുറത്താക്കുമോ ? വര്‍ഷങ്ങള്‍ നീണ്ട അച്ചടക്ക ലംഘനത്തിന് നാളെ തീര്‍പ്പ്

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയില്‍ നാളെ വിമത വിഭാഗം വൈദീകരുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി നടത്തുമെന്ന തീരുമാനവുമായി മുമ്പോട്ടു പോകുന്നതോടെ അതിരൂപതയില്‍ പിളര്‍പ്പ് ഉണ്ടാകുമെന്ന് ഉറപ്പാകുകയാണ്. സിനഡ് കുര്‍ബാനയെ അംഗീകരിക്കാത്ത വിമത വൈദീകര്‍ സഭയ്ക്ക് പുറത്താകുമോ എന്നതാണ് വിശ്വാസികള്‍ ഉറ്റു നോക്കുന്നത്. വിമത വിഭാഗം വൈദീകര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് വിശ്വാസികളുടെ നിലപാട്.

എറണാകുളം-അങ്കമാലി അതിരൂപതയില്‍ വിമത വിഭാഗം പരസ്യമായി അച്ചടക്കം ലംഘിക്കുന്നത് ഇതാദ്യമൊന്നുമല്ല. പലവട്ടം വൈദീകര്‍ തെരുവിലിറങ്ങി സിറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ കോലം കത്തിക്കുന്നതുള്‍പ്പെടെയുള്ള കടുത്ത പ്രതിഷേധങ്ങളും നേരത്തെ നടത്തിയിരുന്നു.

അള്‍ത്താരയിലടക്കം കയറി വൈദീകനെ കായികമായി കയ്യേറ്റം ചെയ്യുന്ന സ്ഥിതിയുണ്ടായി. അനുസരണ വ്രതമായി എടുത്ത വൈദീകര്‍ സഭാധ്യക്ഷന്റെ കല്‍പ്പന വായിക്കാതെ കത്തിച്ച സംഭവങ്ങളും നിരവധി.

എന്നാല്‍ അന്നൊക്കെ വത്തിക്കാന്‍ വിഷയത്തില്‍ ഇടപെട്ടിരുന്നില്ല. അന്ന് സിറോമലബാര്‍ സഭ സിനഡിനായിരുന്നു അച്ചടക്കം പാലിക്കേണ്ട ബാധ്യത. സിനഡ് പലപ്പോഴും മൃദു സമീപനം സ്വീകരിച്ചത് വിമതര്‍ക്ക് അഴിഞ്ഞാടാന്‍ അവസരമരുക്കി.

ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. ഭരണം വത്തിക്കാന്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ വഴിയാണ് നടത്തുന്നത്. അനുസരണമില്ലായ്മയും അച്ചടക്ക ലംഘനവും വത്തിക്കാന്‍ വച്ചുപൊറിപ്പിക്കില്ല.

അതുകൊണ്ടുതന്നെ തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന വൈദീകര്‍ക്കെതിരെ കടുത്ത നടപടി തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷ. എല്ലാവര്‍ക്കും മാതൃകയാവേണ്ട ബിഷപ്പ് വൈദീകരെ കൂടെ കൂട്ടി വിമത പ്രവര്‍ത്തനം നടത്തിയതിന് വത്തിക്കാന്‍ രാജി ചോദിച്ചു വാങ്ങിയത് എറണാകുളത്തെ വിമത വൈദീകര്‍ക്ക താക്കീത് തന്നെയാണ്.

സിറോമലബാര്‍ സഭയില്‍ ആരാധനാ ക്രമ ഏകീകരണത്തില്‍ മുഖം തിരിച്ചു നില്‍ക്കുന്നത് എറണാകുളം-അങ്കമാലി അതിരൂപത മാത്രമാണ്. അതില്‍ തന്നെ ഒരു ചെറുവിഭാഗമാണ് ഇത്ര പ്രതിഷേധം നടത്തുന്നത്. മറ്റുള്ളവരാകട്ടെ ഇവരെ ഭയന്ന് തീരുമാനമെടുക്കാന്‍ വൈകുകയാണ്.

സഭയിലെ ആരാധന രീതികളുമായി കലഹിക്കുന്നത് എറണാകുളം-അങ്കമാലി അതിരൂപതയില്‍ പണ്ടേ ഉള്ളതാണ്. പ്രതിഷേധക്കാര്‍ തങ്ങളുടെ സമ്മേളന നഗറിന് ഇട്ടിരിക്കുന്ന പേര് തന്നെ ആരാധനാ ക്രമ വിഷയത്തില്‍ കലഹിച്ച് രാജിവച്ച കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടിലിന്റെയാണ്. സഭയുടെ ആദ്യ മേജര്‍ ആര്‍ച്ച്ബിഷപ്പായിരുന്ന കര്‍ദിനാള്‍ പാറേക്കാട്ടില്‍ ആരാധനക്രമവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് കാലാവധി തീരുംമുമ്പ് രാജിവെച്ചത്.

വത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടല്ല അദ്ദേഹം രാജിവച്ചത് എന്നതു മാത്രമാണ് മാര്‍ ആന്റണി കരിയിലും അദ്ദേഹവും തമ്മിലുള്ള വ്യത്യാസം. അക്കാലത്ത് സിറോ മലബാര്‍ സഭ ഒരു സ്വയംഭരണാവകാശമുള്ള സഭ ആയിരുന്നുമില്ല.

ഇന്നിപ്പോള്‍ സഭ സ്വയംഭരണാവകാശമുള്ള സഭയാണ്. പക്ഷേ അതിരൂപതയുടെ കാര്യത്തില്‍ വത്തിക്കാനാണ് ഇപ്പോള്‍ തീരുമാനമെടുക്കുന്നത്. തെരുവിലെ പ്രതിഷേധത്തെ കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ വത്തിക്കാന് കഴിയുകയുമില്ല. അതുകൊണ്ട് അനിവാര്യമായ നടപടി ഒഴിവാക്കാനുമാകില്ല.

Advertisment