Advertisment

മാണി സി കാപ്പന്റേത് 'ബണ്ടി ചോർ' മോഡൽ തട്ടിപ്പ് ? ഒരു തട്ടിപ്പ് മറയ്ക്കാൻ 4 വഞ്ചനയും ഒരു ചതിയും ? വിമാനത്താവള കമ്പനിയിൽ ഓഹരി കൊടുക്കാമെന്നു പറഞ്ഞു 2 കോടി തട്ടിച്ചെടുത്തു. കേസാകുമെന്നായപ്പോൾ 3.25 കോടി തിരിച്ചുകൊടുക്കാമെന്നുപറഞ്ഞു 4 ചെക്കുകളും ഈടായി വസ്തുവും നൽകി. ചെക്ക് ബാങ്ക് കണ്ടപാടെ മടങ്ങി ! ഈട് നൽകിയ വസ്തു നേരത്തെ ബാങ്കിൽ പണയം വച്ച് വായ്പ എടുത്ത് തിരിച്ചടയ്ക്കാതെ ജപ്തി നേരിട്ടത്. ഹൈക്കോടതിയിലെത്തിയ കേസിലെ കൗതുകങ്ങൾ ബണ്ടി ചോറുമാരെപ്പോലും നാണിപ്പിക്കുന്നത് !

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: കണ്ണൂര്‍ വിമാനത്താവള കമ്പനിയില്‍ ഓഹരി വാങ്ങി നല്‍കാമെന്നു പറഞ്ഞു മുംബൈ വ്യവസായി ദിനേശ് മേനോനില്‍ നിന്നും കോടികള്‍ തട്ടിയ കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പനെതിരെയുള്ളത് ഗുരുതര കണ്ടെത്തലുകളെന്ന് ഹൈക്കോടതി നിരീക്ഷണം.

തട്ടിപ്പ്, വഞ്ചന കേസുകളില്‍ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ചാര്‍ജ് ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കാപ്പന്‍ കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കേസ് ഗൗരവതരമാണെന്നും കീഴ് കോടതി നടപടി തുടരുമെന്നും വിലയിരുത്തലുകളുള്ളത്.


ഒരു തട്ടിപ്പ് മറയ്ക്കാന്‍ നാല് വഞ്ചനയും ഒരു ചതിയും കാണിച്ചതായാണ് മാണി സി കാപ്പനെതിരായ കണ്ടെത്തല്‍. 2010 - ലാണ് എയര്‍പോര്‍ട്ട് കമ്പനിയില്‍ ഓഹരി വാഗ്ദാനം നല്‍കി ആ കമ്പനിയുമായി യാതൊരു ബന്ധവും ചുമതലയുമില്ലാത്ത കാപ്പന്‍ 'ബണ്ടി ചോര്‍' മോഡലില്‍ മുംബൈ വ്യവസായിയെ പറ‍ഞ്ഞു വിശ്വസിപ്പിച്ച് പണം കടം വാങ്ങിയത്.


2 കോടിയായിരുന്നു തുക. അന്ന് കാപ്പന്‍ എംഎല്‍എ ആയിരുന്നില്ല. രാഷ്ട്രീയ നേതാവു മാത്രമായിരുന്നു. കെ.എം മാണിക്കെതിരെ മല്‍സരിച്ച സ്ഥാനാര്‍ത്ഥി എന്നതായിരുന്നു പരിചയം.

പണം നല്‍കിയ ദിനേശ് മേനോന്‍ ഓഹരിയുടെ കാര്യം ചോദിക്കുമ്പോള്‍ 'അവരോട് പറഞ്ഞു... ഇവരോട് പറഞ്ഞു...' എന്നു പറഞ്ഞ് കാപ്പന്‍ ഒഴിഞ്ഞു മാറി. ഒടുവില്‍ ദിനേശ് മേനോന്‍ എയര്‍പോര്‍ട്ടില്‍ അന്വേഷിച്ചപ്പോഴാണ് അത്തരത്തില്‍ ഓഹരി നല്‍കാനെന്ന പേരില്‍ ഒരപേക്ഷ പോലും അവിടെയെങ്ങും കാണാനില്ലെന്ന് മറുപടി ലഭിച്ചത്.

ഇതോടെ പണം മടക്കി നല്‍കണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടു. പല തവണ ഒഴിഞ്ഞു മാറിയപ്പോള്‍ ഇടനിലക്കാര്‍ മുഖേന ബന്ധപ്പെട്ട് 2013 നവംബര്‍ 19 -ന് ഇരുവരും തമ്മില്‍ ഒരു കരാറുണ്ടാക്കി. അത് പ്രകാരം 2 കോടിക്കു പകരമായി അതുവരെ ദിനേശ് മേനോനുണ്ടായ നഷ്ടംകൂടി കണക്കാക്കി 3.25 കോടി മടക്കി നല്‍കണമെന്ന് പറഞ്ഞ് ഒരു കരാറുണ്ടാക്കി. കരാര്‍ പ്രകാരം പണം മടക്കി നല്‍കാന്‍ 4 ചെക്ക് ലീഫുകളും ഈടായി ഒരു വസ്തുവും നല്‍കി.

രണ്ടു വര്‍ഷം കരാര്‍ പുതിക്കിയതല്ലാതെ പണം നല്‍കിയില്ല. കരാര്‍ പുതുക്കിയത് നിയമനടപടികളില്‍ നിന്നൊഴിവാകാനുള്ള പ്രതിയുടെ തന്ത്രമായിരുന്നെന്ന് കീഴ് കോടതി രജിസ്റ്റര്‍ ചെയ്ത കേസില്‍ നിരീക്ഷണമുണ്ട്.


എന്നിട്ടും പണം കിട്ടാതായപ്പോള്‍ ദിനേശ് മേനോന്‍ ചെക്ക് നല്‍കിയത് അതേപടി മടങ്ങി. ഇതു സംബന്ധിച്ച വഞ്ചനാ കേസ് മുംബൈ ബോറിവലി കോടതിയില്‍ വേറേ നടന്നു വരികയാണ്.


publive-image

അതുകൊണ്ടും ചതി തീര്‍ന്നില്ല. പിന്നീട് 2016 -ല്‍ കെ.എം മാണിക്കെതിരെ മല്‍സരിക്കാന്‍ കാപ്പന്‍ നല്‍കിയ നാമനിര്‍ദേശ പത്രികയിലെ സത്യവാങ്മൂലത്തിലാണ് ദിനേശ് മേനോന് ഈടായി നല്‍കിയ ഭൂമി കോട്ടയത്ത് കാര്‍ഷിക സഹകരണ ബാങ്കില്‍ പണയം വച്ച് വായ്പ എടുത്ത് അതും തിരിച്ചടയ്ക്കാതെ ജപ്തി നടപടി നേരിടുന്നതാണെന്ന് ബോധ്യമായത്.

ഇതോടെ കോടതിയെ സമീപിക്കാന്‍ ദിനേശ് മേനോന്‍ തീരുമാനിക്കുകയായിരുന്നു. അതിനിടെയാണ് കെ.എം മാണിയുടെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കാപ്പന്‍ മല്‍സരിച്ച് എംഎല്‍എ ആകുന്നത്. ഇതോടെയാണ് കേസ് റദ്ദാക്കാന്‍ ഹൈക്കോടതിയെ സമീപിക്കുന്നത്.


അതിനിടെ 2021 -ലെ തെരഞ്ഞെടുപ്പ് ചിലവ് സംബന്ധിച്ച് കാപ്പന്‍ ഇലക്ഷന്‍ കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അന്ന് എതിര്‍ സ്ഥാനാര്‍ത്ഥികളിലൊരാളായിരുന്ന സി.വി ജോണ്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പലചരക്കു കടയിലെ പറ്റുബുക്ക് പോലായിരുന്നു ഇലക്ഷന്‍ കണക്കത്രെ !


ആ കേസിലും തിരിച്ചടിയാണ് കാപ്പന്‍ നേരിട്ടത്. ഈ കേസ് റദ്ദാക്കുന്നതിനും കാപ്പന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സുപ്രീം കോടതി ആ ഹര്‍ജി തള്ളി. ഹൈക്കോടതി കേസ് ഫയലി‍ല്‍ സ്വീകരിക്കുകയും ചെയ്തു.

മാണി സി കാപ്പന്‍ നാലു തവണ പാലായില്‍ മല്‍സരിച്ചതില്‍ രണ്ടു തവണയും സ്വന്തം വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് നല്‍കിയ സത്യവാങ്മൂലവും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്.

ഒരു തവണ പ്രീഡിഗ്രിയാണ് യോഗ്യതയെന്ന് പറഞ്ഞെങ്കില്‍ പിന്നീടത് ഡിഗ്രിയായി. നിയമ സംവിധാനങ്ങളെ ഗൗരവത്തോടെ കാണുന്നയാളല്ല എംഎല്‍എ എന്ന ആരോപണമാണ് ഇത്തരം സംഭവങ്ങളില്‍ പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

Advertisment