ജീവൻരക്ഷാ പരിശീലനം നൽകി പെരുമ്പാവൂരിലെ സേവാഭാരതി

author-image
nidheesh kumar
New Update

publive-image

Advertisment

സേവാഭാരതി പെരുമ്പാവൂർ യൂണിറ്റ് സംഘടിപ്പിച്ച ജീവൻരക്ഷാപരിശീലന ക്യാമ്പിന്റെ ഉദ്‌ഘാടനം കൊച്ചി അമൃത ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. ബീന രവികുമാർ ഉദ്‌ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: അപകടഘട്ടങ്ങളിലും അടിയന്തരസാഹചര്യങ്ങളിലും ജീവൻരക്ഷയ്ക്കായി സധൈര്യം മുന്നിട്ടിറങ്ങുന്ന പ്രവർത്തകരാണ് ഭാരതത്തിലെങ്ങും സേവാഭാരതിയ്ക്കുള്ളത്. അത്യാഹിതങ്ങളിൽ പകച്ചുനിൽക്കാത്ത യുവതയെ സൃഷ്ടിച്ചെടുക്കുന്നതിന്റെ ഭാഗമായി സേവാഭാരതി ഞായറാഴ്ച പെരുമ്പാവൂരിൽ സംഘടിപ്പിച്ച സൗജന്യ ജീവൻരക്ഷാ പരിശീലനക്യാമ്പിൽ ജില്ലയിലെ നൂറുകണക്കിന് യുവാക്കളാണ് പങ്കെടുത്തത്.

കൃത്രിമ ശ്വാസോച്ഛ്വാസം നൽകുന്നതെങ്ങനെയെന്നും (കാർഡിയോ പൾമണറി റെസ്യുസിറ്റേഷൻ, ചെസ്റ്റ് പ്രഷർ ആം ലിഫ്റ്റിംഗ്) മുറിവേറ്റവർക്കുള്ള പ്രാഥമിക ചികിത്സകൾ നൽകുന്ന രീതിയെക്കുറിച്ചും ഡോക്ടർമാർ വിശദമായി ക്ലാസുകൾ നൽകി. കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ ഡോക്ടർമാരാണ് സേവാഭാരതിയോട് സഹകരിച്ചത്.

ക്യാമ്പിന്റെ ഭാഗമായി പെരുമ്പാവൂർ മെട്രോപൊളിസ് ക്ലിനിയ്ക്കൽ ലബോറട്ടറി സൗജന്യമായി രക്തഗ്രൂപ്പുകൾ നിർണ്ണയിച്ചുനൽകി. ആസ്റ്റർ മെഡ്സിറ്റിയിലെ ഡോ. മേരി ആൻ ആണ് പരിശീലനത്തിനു നേതൃത്വം നൽകിയത്. വിജയകരമായി പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

പെരുമ്പാവൂർ ടൗൺ എൻ. എസ്. എസ്. കരയോഗം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കൊച്ചി അമൃത ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. ബീന രവികുമാർ ഉദ്ഘാടനം ചെയ്തു. സേവാഭാരതി പെരുമ്പാവൂർ സമിതി പ്രസിഡന്റ് വി.എൻ. അശോകൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡൻറ് ജയലക്ഷ്മി സത്യമോഹൻ സ്വാഗതം പറഞ്ഞു. സേവാഭാരതി ജില്ലാ പ്രസിഡന്റ് ഡോ. ബി. രാജീവ് ആശംസകളർപ്പിച്ചു.

ആർ.എസ്.എസ്. എറണാകുളം വിഭാഗ് സഹകാര്യവാഹ് ആർ. രാജേഷ് സേവാസന്ദേശം നൽകി. സുരേഷ് വാരിയർ നന്ദി പറഞ്ഞു. സേവാഭാരതി ജില്ലാസമിതി ആരോഗ്യവിഭാഗം അധ്യക്ഷൻ ബി. വിജയകുമാർ, പെരുമ്പാവൂർ സമിതി സെക്രട്ടറി ശ്രീകുമാരൻ തമ്പി, ശിവപ്രസാദ്, പ്രതിഭ വിനോദ് തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment