രാജ്യത്തിന്റെ സുഭിക്ഷത നിറഞ്ഞ പത്തായങ്ങളുള്ള കാര്‍ഷിക ഗ്രാമങ്ങളാണെന്നും നമ്മുടെ സര്‍വകലാശാലകള്‍ ഇന്ത്യയുടെ ആത്മാവിനെ കാര്‍ഷിക ഗ്രാമങ്ങളില്‍ തിരയാൻ തയാറാകണമെന്നും ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ

New Update

publive-image

Advertisment

കോതമംഗലം : രാജ്യത്തിന്റെ വികസനത്തിനും ചലനാത്മകതയ്ക്കും നിറഞ്ഞ പത്തായങ്ങളുള്ള കാര്‍ഷിക ഗ്രാമങ്ങള്‍ ഉണ്ടാകണമെന്നും നമ്മുടെ സര്‍വകലാശാലകള്‍ ഇന്ത്യയുടെ ആത്മാവിനെ കാര്‍ഷിക ഗ്രാമങ്ങളില്‍ തിരയാൻ ഉതകുന്ന വിധമുള്ള പദ്ധതികൾക്ക് രൂപം നൽകണമെന്നും ഇൻഫാം ദേശീയ ചെയർമാൻ ഫാ . തോമസ് മറ്റമുണ്ടയിൽ. ഗ്രാമങ്ങളില്‍ കുടികൊള്ളുന്ന ഇന്ത്യയുടെ ജീവനെ തൊട്ടറിയണമെങ്കില്‍ സര്‍വകലാശാലകളും ഗവണ്‍മെന്റ് ഡിപ്പാര്‍ട്ടുമെന്റുകളും തങ്ങളുടെ ഗവേഷണ മേഖലയെ ഗ്രാമഗ്രാമാന്തരങ്ങള്‍ തോറുമുള്ള കര്‍ഷകരുടെ കൃഷിയിടങ്ങളിലേക്ക് വ്യാപിപ്പിക്കണം- അദ്ദേഹം പറഞ്ഞു.

അതിന് പി.ആര്‍.എ. കള്‍ (പാര്‍ട്ടിസിപ്പേറ്ററി റൂറല്‍ അപ്രൈസലുകള്‍ അഥവാ പങ്കാളിത്ത അധിഷ്ഠിത ഗ്രാമീണ വിലയിരുത്തലുകളും), പി.റ്റി.ഡികള്‍ (പാര്‍ട്ടിസിപ്പേറ്ററി ടെക്‌നോളജി ഡവലപ്‌മെന്റ് അഥവാ പങ്കാളിത്ത അധിഷ്ഠിത സാങ്കേതിക വികസന പ്രക്രിയകളും) വഴി കര്‍ഷക ഗ്രാമങ്ങളിലെ ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിയാന്‍ സര്‍വകലാശാലകള്‍ക്കും സര്‍ക്കാരിനുമാവണം.

രാഷ്ട്രപിതാവിന്റെ നാമത്തിലുള്ള മഹാത്മാഗാന്ധി സര്‍വകലാശാല അവരുടെ ഗവേഷണത്തിന്റെ അതിര്‍വരമ്പുകള്‍ കലാലയ കാമ്പസുകളില്‍ നിന്ന് കേരളത്തിന്റെ കാര്‍ഷികമേഖലയുടെ ചക്രവാളങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയതിനെ അഭിനന്ദിക്കുകയാണെന്നും ഫാ : തോമസ് മറ്റമുണ്ടയിൽ പറഞ്ഞു.

publive-image


കോതമംഗലത്ത്  കര്‍ഷകരെ സംഘടിപ്പിച്ചുകൊണ്ട് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെയും സര്‍ക്കാരിന്റെ മറ്റ് വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ ഇന്‍ഫാം കോതമംഗലം കാര്‍ഷികജില്ലയുടെ നേതൃത്വത്തില്‍ നടത്തിയ ശില്പശാലയുടെ ഉത്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.  


കാലാവസ്ഥാ വ്യതിയാനങ്ങളും വ്യതിരക്തമായ കൃഷിരീതികളും മണ്ണിന്റെ അടിസ്ഥാന സ്വഭാവത്തില്‍ വരുത്തിയ മാറ്റങ്ങള്‍ മനസ്സിലാക്കി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതില്‍ കര്‍ഷകരെ സഹായിക്കുവാന്‍ സര്‍വകലാശാലകള്‍ക്ക് നിര്‍ണായകമായ പങ്കു വഹിക്കാൻ കഴിയുമെന്ന് ഇൻഫാം ചെയർമാൻ പറഞ്ഞു.

അതിരൂക്ഷമായ വരള്‍ച്ചയും ഉയര്‍ന്ന താപനിലയും മുമ്പത്തേക്കാള്‍ വളരെയധികമായി മണ്ണിന്റെ ഊഷ്മാവ് ഉയര്‍ത്തിയിരിക്കുന്നതിനാല്‍ മണ്ണിലെ മിത്ര സൂക്ഷ്മജീവികളുടെ അനിയന്ത്രിതമായ നാശം മൂലം വിളകളുടെ ഉല്‍പ്പാദനക്ഷമതയില്‍ വന്നുഭവിച്ച ഗണ്യമായ വ്യത്യാസം വിലയിരുത്താനും കര്‍ഷകര്‍ക്കു വിശദീകരിച്ചു നല്‍കാനും സര്‍വകലാശാലകളും അതിലെ വിദഗ്ധരും കര്‍ഷകര്‍ക്കൊപ്പമുണ്ടാകണം.

കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ധിത സംസ്‌കരണത്തിലൂടെ കൃഷി എന്ന തൊഴില്‍ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ കര്‍ഷകരെ സഹായിക്കുന്ന ഗവേഷണങ്ങളും പഠനങ്ങളും കൂടുതലായി നടത്തണം. ദേശീയ, അന്തര്‍ദേശീയ വിപണനത്തിലൂടെ ഉയര്‍ന്ന മൂല്യം കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ലഭ്യമാക്കുവാന്‍ സര്‍ക്കാരിന്റെ വാണിജ്യവിഭാഗം തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

publive-image


രാജ്യത്തിന്റെ വികസനവും, ചടുലതയും ചലനാത്മകതയും, വളര്‍ച്ചയും തിളക്കവും പ്രകടിപ്പിക്കുന്ന നഗരങ്ങള്‍ സജീവമായിരിക്കണമെങ്കില്‍ നിറഞ്ഞ പത്തായങ്ങളുള്ള കാര്‍ഷിക ഗ്രാമങ്ങള്‍ ഉണ്ടായേ പറ്റൂ. ഒഴിഞ്ഞ പത്തായങ്ങളുള്ള കാര്‍ഷിക ഗ്രാമങ്ങളാണ് നമുക്ക് കൈമുതലായിട്ടുള്ളതെങ്കില്‍ വേഗത കുറഞ്ഞ, ദരിദ്രമായ, വളര്‍ച്ച കുറഞ്ഞ, പ്രസരിപ്പു നഷ്ടപ്പെട്ട നഗരങ്ങളും, ഓജസു മങ്ങിയ ഒരു രാജ്യവുമാകും നമുക്കുണ്ടാകുക.


അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ജവാനും, രാജ്യത്ത് ക്രമസമാധാനം പാലിക്കുന്ന പോലീസും, കാടിന്റെ സംരക്ഷകരായ ഫോറസ്റ്റുകാരും, വാഹനമോടിക്കുന്ന ഡ്രൈവറും, വിമാനം പറത്തുന്ന വൈമാനികനും, കപ്പലോടിക്കുന്ന കപ്പിത്താനും, ആതുര ശുശ്രൂഷ ചെയ്യുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും, അക്ഷരജ്ഞാനം പകര്‍ന്നു നല്‍കുന്ന അധ്യാപകരും, കണ്ടുപിടിത്തങ്ങള്‍ നടത്തുന്ന ശാസ്ത്രജ്ഞരും, ഗവേഷകരും, നിയമങ്ങളുണ്ടാക്കുന്ന ജനപ്രതിനിധികളും അതു നടപ്പില്‍വരുത്തുന്ന ഉദ്യോഗസ്ഥരും അതിന്റെ നെല്ലും പതിരും തിരിക്കുന്ന ന്യായാധിപന്മാരും ഊര്‍ജസ്വലതയോടെ ജോലി ചെയ്യണമെങ്കില്‍ നിത്യേന അവര്‍ക്കുള്ള ആഹാരം ഉണ്ടാകണം.

അവര്‍ക്ക് സുഭിക്ഷതയോടെ ഭക്ഷണം വിളമ്പണമെങ്കില്‍ നിറഞ്ഞ പത്തായങ്ങള്‍ കൊണ്ട് നമ്മുടെ കാര്‍ഷിക ഗ്രാമങ്ങള്‍ സമ്പന്നമാകണമെന്നും ഫാ . തോമസ് മാറ്റമുണ്ടയിൽ പറഞ്ഞു. ഇൻഫാം സംസ്ഥാന പ്രസിഡൻ്റ് ജോസ് എടപ്പാട്ട് യോഗത്തിൽ അധ്യക്ഷത വഹിച്ചു.

publive-image

കോട്ടയം എംജി യൂണിവേഴ്സിറ്റി ഇന്നൊവേഷൻ ആൻറ് ഇൻകുബേഷൻ (ബിസിനസ്) ഡയറക്ടർ ഡോ. ഇ.കെ രാധാകൃഷ്ണൻ, പ്രൊഫ.ഡോ.കെ.ജെ കുര്യൻ, ഗ്ലോബൽ മില്ലറ്റ്സ് ഫൗണ്ടേഷൻ പ്രചാരകൻ എ.എം.മുഹമ്മദ്, ആതിര.എസ് കുമാർ, കരുണ കെ.സലിം, നീനു പോൾ, അനിൽ ജോസ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് എടുത്തു.

ഇൻഫാം ദേശീയ ചെയർമാൻ ഫാ.തോമസ് മറ്റമുണ്ടയിൽ, ദേശീയ സെക്രട്ടറി സണ്ണി അരഞ്ഞാണിയിൽ എന്നിവർക്ക് യോഗത്തിൽ സ്വീകരണം നൽകി.

ഇൻഫാം സംസ്ഥാന ഡയറക്ടർ ഫാ. ജോസ് മോനിപ്പിള്ളിൽ, കാർഷിക ജില്ല ഡയറക്ടർ ഫാ. ജേക്കബ് റാത്തപ്പിള്ളിൽ, പ്രസിഡൻ്റ് റോയി വള്ളമറ്റം, കോതമംഗലം മേഖല പ്രസിഡൻ്റ് സണ്ണി കുറുന്താനം, കത്തീഡ്രൽ പള്ളി വികാരി ഫാ. തോമസ് ചെറുപറമ്പിൽ ജോബിഷ് തരണി, ജോംസി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment