കൊച്ചി: ഉമാ തോമസിനിതെന്തുപറ്റി ? കഴിഞ്ഞ കുറെ ദിവസങ്ങളായി കോണ്‍ഗ്രസ് അണികള്‍ക്കിടയില്‍ വ്യാപകമായി ഉയരുന്ന ചോദ്യമാണിത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലൂടെ ഉമാ തോമസിന്‍റെ വിജയം എതിരാളികളെപ്പോലും അത്ഭുതപ്പെടുത്തിയും അതിശയിപ്പിച്ചുമായിരുന്നു.
കോണ്‍ഗ്രസിന്‍റെ ജനപ്രിയ എംഎല്‍എ ആയി മാറിക്കഴിഞ്ഞ ഉമാ തോമസ് കഴിഞ്ഞ ദിവസം കൊച്ചില്‍ ചേര്‍ന്ന അവശിഷ്ട 'എ' ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുത്തെന്ന വാര്‍ത്തയാണ് അണികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കുന്നത്. മനോരമയാണ് ഗ്രൂപ്പ് യോഗം റിപ്പോര്‍ട്ട് ചെയ്തത്.
15 വര്‍ഷത്തിലേറെയായി കോണ്‍ഗ്രസിലെ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുമാറി നിന്ന നേതാവായിരുന്നു പിടി തോമസ്. ഗ്രൂപ്പിനെ കൈയൊഴിഞ്ഞെന്ന ഒറ്റ കാരണത്താലാണ് പിടി തോമസിനെ കെപിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്കും പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്കും 'എ' ഗ്രൂപ്പ് പരിഗണിക്കാതിരുന്നത്.
അന്നും തനിക്ക് വ്യക്തിപരമായി ലഭിക്കുന്ന പദവികളേക്കാള്‍ വലുതാണ് പാര്‍ട്ടി എന്ന നിലപാടുകാരനായിരുന്നു പിടി തോമസ്. പാര്‍ട്ടിയേക്കാള്‍ വലിയ ഗ്രൂപ്പ് പ്രസ്ഥാനത്തിന്‍റെ നാശമെന്നായിരുന്നു പിടിയുടെ നയം.
ആ നയത്തിന്‍റെ പേരിലായിരുന്നു മരിക്കുമ്പോള്‍ വെറുമൊരു എംഎല്‍എ ആയി പിടിക്ക് മടങ്ങേണ്ടി വന്നത്.
പക്ഷേ പിടി ജനങ്ങള്‍ക്ക് ആരായിരുന്നുവെന്നതിന് തെളിവായിരുന്നു പിടിയ്ക്ക് ലഭിച്ച യാത്രയയപ്പ് ! പിന്നീട് തൃക്കാക്കരയില്‍ പിടിയുടെ പിന്‍ഗാമിയായി ഭാര്യ ഉമാ തോമസ് വന്നപ്പോള്‍ ഉമയ്ക്ക് ലഭിച്ച ഭൂരിപക്ഷത്തില്‍ കണ്ടതും പിടിയോടുള്ള ജനങ്ങളുടെ സ്നേഹമായിരുന്നു.
ആ പാരമ്പര്യവും നയവും മുറുകെ പിടിച്ച് എംഎല്‍എ ആയ ഉമാ തോമസിനെങ്ങനെ വീണ്ടും പാര്‍ട്ടിയിലെ ഒരു ഗ്രൂപ്പിന്‍റെ യോഗത്തില്‍ ഭാഗഭാക്കാകാന്‍ കഴിഞ്ഞെന്ന ചോദ്യമാണ് അണികളും മറ്റ് നേതാക്കളും ഉന്നയിക്കുന്നത്.
ഉമയെ ഗ്രൂപ്പിനതീതമായാണ് കോണ്‍ഗ്രസുകാര്‍ കാണുന്നത്. എറണാകുളത്തെ ജനം ഉമാ തോമസിനെ കാണുന്നത് പാര്‍ട്ടിക്കുപോലും അതീതയായിട്ടാണ്.
അങ്ങനൊരു നേതാവ്, ശക്തമായ നേതൃത്വമോ പിന്‍ബലമോ പോലുമില്ലാത്ത പ്രധാന നേതാക്കളെല്ലാം ഒഴിഞ്ഞുപോയ 'എ'യുടെ അവശിഷ്ട ഗ്രൂപ്പ് യോഗത്തില്‍ പങ്കെടുത്തതിനെതിരെയാണ് വിമര്‍ശനം.
ഉമാ തോമസ് ഗ്രൂപ്പ് പ്രവര്‍ത്തനം തുടര്‍ന്നാല്‍ പരസ്യമായി പ്രതികരിക്കാന്‍ തന്നെയാണ് എറണാകുളത്തെ കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം.