കൊച്ചി:ഫുട്‌ബോൾ ആരാധകരുടെ ഹൃദയതാളങ്ങൾക്ക് വേഗം കൂടാൻ ഇനി മണിക്കൂറുകൾ മാത്രം. ഐഎസ്എൽ ഒമ്പതാം പതിപ്പിന് ഇന്ന് കൊടി ഉയരുമ്പോൾ ആവേശത്തിന്റെ പുതിയ തലത്തിലേക്ക് എത്തും.
കലൂർ ജവാഹർലാൽ നെഹ്രു അന്താരാഷ്ട്ര സ്‌റ്റേഡിയത്തിൽ ഇന്ന് രാത്രി ഏഴരയ്ക്ക് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും. നിലവിലെ റണ്ണേഴ്സ് അപ്പായ ബ്ലാസ്റ്റേഴ്സിന് കിരീടമോഹമാണ്. കഴിഞ്ഞ സീസണിൽ നിന്ന് നില മെച്ചപ്പെടുത്തുകയാണ് ഇസ്റ്റ് ബംഗാളിന്റെ ലക്ഷ്യം.
കൊവിഡ് കാലത്തിന് ശേഷം രണ്ടുവർഷത്തെ ഇടവേളയ്ക്കശേഷമാണ് ഐ.എസ്.എൽ ഹോം ആൻഡ് എവേ അടിസ്ഥാനത്തിലേക്ക് തിരിച്ചെത്തുന്നത്. സെർബിയക്കാരനായ കോച്ച് ഇവാൻ വകോമാനോവിച്ചിന്‌റെ പരിശീലനത്തിൽ മികച്ച പ്രകടനമായിരുന്നു കഴിഞ്ഞ സീസണലിൽ ബ്ലാസ്റ്റേഴ്സ് കാഴ്ചവെച്ചത്.
എന്നാൽ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിസിനായി ബൂട്ടണിഞ്ഞ അൽവാരോ വാസ്‌ക്വസും ഹോർഗെ ഡയസും ടീമിലില്ല. കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന 16 പേരെ നിലനിർത്തിയപ്പോൾ 12 പേർ പുതുതായെത്തി.
14 യുവതാരങ്ങളാണ് ഇത്തവണ ബ്ലാസ്റ്റേഴ്സ് നിരയിലുള്ളത്. മലയാളി താരങ്ങളായ കെ.പി.രാഹുൽ മന്നേറ്റത്തിലും സഹൽ അബ്ദുൽ സമദ് മധ്യനിരയിലും ആദ്യ ഇലവനിലുണ്ടാകാനാണ് സാധ്യത.
മുൻ ഇന്ത്യൻ കോച്ച് സ്റ്റീഫൻ കോൺസ്റ്റന്റൈനിന്റെ കീഴിൽ പുതിയ പ്രതീക്ഷകളുമായാണ് ഈസ്റ്റ് ബംഗാൾ ഇത്തവണ ഇറങ്ങുന്നത്. കഴിഞ്ഞതവണത്തെ ടോപ് സ്‌കോറർ അന്റോണിയോ പെറോസെവിച്ച് ടീം വിട്ടെങ്കിലും പകരമെത്തിയ ബ്രസീലിയൻ താരം ക്ലെയ്ട്ടൺ സിൽവയെ ടീമിലെത്തിച്ചിട്ടുണ്ട്. ആദ്യ ആറുസ്ഥാനക്കാർക്ക് കലാശപ്പോരാട്ടത്തിന് യോഗ്യതതേടി പ്ലേ ഓഫിൽ മൽസരിക്കാം.
കഴിഞ്ഞ തവണ രണ്ടുഘട്ടമായാണ് മൽസരം നടന്നതെങ്കിൽ ഇക്കുറി നവംബറിലെത്തുന്ന ഫിഫ ലോകകപ്പിനിടെയിൽ പോലും ഇടവേളയില്ല. അഞ്ചുമാസം നീണ്ടുനിൽക്കുന്നതിനാൽ ഐഎസ്എല്ലിലെ ദൈർഘ്യമേറിയ സീണനാണ് ഇത്തവണത്തേത്.
ഇക്കുറി ആദ്യ രണ്ട് സ്ഥാനക്കാർ നേരിട്ട് സെമിയിലേയ്ക്ക്. അവശേഷിക്കുന്ന രണ്ട് സ്ഥാനങ്ങൾക്കായി മൂന്നുമുതൽ ആറുവരെ സ്ഥാനത്ത് ഫിനിഷ് ചെയ്തവർ മൽസരിക്കും. ആദ്യ എലിമിനേറ്ററിൽ മൂന്നാം സ്ഥാനക്കാരും ആറാംസ്ഥാക്കാരും നേർക്കുനേർ. രണ്ടാം എലിമിനേറ്ററിൽ നാലും അഞ്ചും സ്ഥാനക്കാർ മൽസരിക്കും.
എലിമിനേറ്ററിൽ ഒരുപാദമൽസരം മാത്രം. സെമിഫൈനൽ രണ്ടുപാദങ്ങളിലായി നടക്കും. ലോകകപ്പിനിടയിലും ഐഎസ്എൽ തുടരും. ഫൈനൽ നടക്കുന്ന ഡിസംബർ 18ന് മൽസരം ക്രമീകരിച്ചിട്ടില്ല.
കേരള ബ്ലാസ്‌റ്റേഴ്സ് ടീം:
ഗോൾകീപ്പർമാർ: പ്രഭ്സുഖൻ ഗിൽ, കരൺജിത് സിങ്, മുഹീത് ഷാബിർ ഖാൻ, സച്ചിൻ സുരേഷ്.
പ്രതിരോധനിര: വിക്ടർ മോംഗിൽ, മാർകോ ലെസ്‌കോവിച്ച്, ഹോർമിപാം റുയ്വ, സന്ദീപ് സിങ്, ബിജോയ് വർഗീസ്, നിഷു കുമാർ, ജെസെൽ കാർനെയ്‌റോ, ഹർമൻജോത് ഖബ്ര.
മധ്യനിര: ജീക്സൺ സിങ്, ഇവാൻ കലിയുസ്നി, ലാൽതംഗ ഖാൽറിങ്, ആയുഷ് അധികാരി, സൗരവ് മണ്ഡൽ, അഡ്രിയാൻ ലൂണ, സഹൽ അബ്ദുസമദ്, ബ്രൈസ് മിറാൻഡ, വിബിൻ മോഹനൻ, നിഹാൽ സുധീഷ്, ഗിവ്സൺ സിങ്.
മുന്നേറ്റ നിര: ദിമിട്രിയോസ് ഡയമന്റകോസ്, രാഹുൽ കെ.പി, അപ്പോസ്‌തോലോസ് ജിയാനോ, ബിദ്യാസാഗർ സിങ്, ശ്രീക്കുട്ടൻ എം.എസ്.