വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു; ഗള്‍ഫ് നാടുകളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്ര കഠിനമെന്ന് യാത്രക്കാര്‍; ജീവിതച്ചെലവ് വര്‍ധിക്കുന്നതോടൊപ്പം, ടിക്കറ്റ് കുതിച്ചുയരുന്നത് പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നു

author-image
സണ്ണി മണര്‍കാട്ട്
Updated On
New Update

publive-image

ള്‍ഫ് നാടുകളില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വര്‍ധിക്കുന്നത് പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിച്ചിരിക്കുകയാണ്. ഈ കാലയളവില്‍ എമിറേറ്റ്‌സിന്റെ ടിക്കറ്റ് നിരക്ക് 6,405 ദിര്‍ഹം (ഏകദേശം 1.35 ലക്ഷം) രൂപയാണ്. എയര്‍ ഇന്ത്യയുടെ ടിക്കറ്റ് നിരക്കും ചില ദിവസങ്ങളില്‍ ഏകദേശം ഒരു ലക്ഷം രൂപയോളം വരും. 820 യുഎസ് ഡോളറാണ് (ഏകദേശം 63000 രൂപ) കുവൈറ്റില്‍ നിന്ന് കൊച്ചിയിലേക്കുള്ള ടിക്കറ്റ് നിരക്ക്.

Advertisment

വിമാന ടിക്കറ്റ് നിരക്കിലെ കുതിച്ചുചാട്ടം ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യാനിരിക്കുന്നവര്‍ക്ക് വന്‍ തിരിച്ചടിയായി മാറിയിരിക്കുകയാണ്. കൊവിഡ് മഹാമാരി മൂലം കഴിഞ്ഞ രണ്ട് വര്‍ഷമായി നിയന്ത്രണങ്ങളുടെ നടുവിലായിരുന്നതിനാല്‍ പലര്‍ക്കും യാത്ര ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.

രണ്ട് വർഷത്തിനിടെ ഇതാദ്യമായാണ് ആളുകൾക്ക് നിയന്ത്രണങ്ങളുടെ ആശങ്കകളില്ലാതെ വീടുകളിലേക്ക് മടങ്ങാൻ കഴിയുന്നത്. കൊവിഡ് കേസുകളുടെ എണ്ണത്തിലെ കുറവും യാത്രാ നിയന്ത്രണങ്ങളിലെ ഇളവുകളും ടിക്കറ്റുകളുടെ ആവശ്യം വർദ്ധിപ്പിച്ചിട്ടുണ്ട്. ഇത് വരും മാസങ്ങളിൽ ഇനിയും വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നിലവിൽ 1,500 ദിർഹത്തിനും 1,600 ദിർഹത്തിനും ഇടയിലുള്ള ശരാശരി വിമാനക്കൂലി ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഏകദേശം 3,000 ദിർഹമായി ഉയരുമെന്നാണ് റിപ്പോര്‍ട്ട്. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന പ്രവാസികള്‍ക്ക് ഭീമമായ തുകയാണ് ടിക്കറ്റ് ഇനത്തില്‍ ചെലവാകുന്നത്.

വര്‍ഷങ്ങള്‍ കൂടി നാട്ടിലേക്ക് യാത്ര ചെയ്യാന്‍ തയ്യാറായിരിക്കുമ്പോഴാണ് ടിക്കറ്റ് നിരക്കിലെ ഈ തീവെട്ടിക്കൊള്ള സംഭവിച്ചിരിക്കുന്നതെന്നും, മുമ്പെങ്ങും കണ്ടിട്ടില്ലാത്ത തരത്തിലുള്ള വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നും പ്രവാസികള്‍ പറയുന്നു.

ഏവിയേഷന്‍ ഫ്യുവല്‍ നിരക്കിലെ വര്‍ധനവും, സര്‍ക്കാരില്‍ നിന്ന് സബ്‌സിഡിയില്ലാത്തതും ടിക്കറ്റ് നിരക്കിന് കാരണമാണെന്ന് ബന്ധപ്പെട്ട മേഖലകളിലുള്ളവര്‍ പറയുന്നു. ജീവിതച്ചെലവുകള്‍ വര്‍ധിക്കുന്നതോടൊപ്പം, വിമാന ടിക്കറ്റ് കുതിച്ചുയരുന്നതും ഗള്‍ഫ് നാടുകളില്‍ പ്രവാസികള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുകയാണ്.

ആരോഗ്യമേഖലകളിലടക്കം നിരവധി പ്രവാസികളാണ് ഗള്‍ഫ് നാടുകളില്‍ നിന്ന് കൊഴിഞ്ഞുപോയിരിക്കുന്നത്. തങ്ങളുടെ സംഘടനകളിലെ മെമ്പര്‍ഷിപ്പില്‍ 20 ശതമാനത്തോളം കുറവ് സംഭവിച്ചതായി പ്രമുഖ പ്രവാസി സംഘടനകളും ചൂണ്ടിക്കാട്ടുന്നു.

വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍ ഉണ്ടാകാത്തത് പ്രവാസികളില്‍ അമര്‍ഷമുണ്ടാക്കുന്നുണ്ട്. പ്രവാസി സ്‌നേഹം വാക്കുകളില്‍ മാത്രം പോരെന്നും, ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ ആവശ്യമായ ഇടപെടല്‍ ഉണ്ടാകണമെന്നും സര്‍ക്കാരുകളോട് പ്രവാസികള്‍ ആവശ്യപ്പെടുന്നു.

വിമാന ടിക്കറ്റ് നിരക്കിലെ ഭീമമായ വര്‍ധനവ് അതിജീവിക്കാന്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ സംഘടിപ്പിക്കാന്‍ ചില പ്രവാസി സംഘടനകള്‍ ശ്രമിക്കുന്നുണ്ട്.

Advertisment