കോളറ തുടർച്ചയായ വയറിളക്കവും ചർദ്ദിയുമാണ് രോഗലക്ഷണങ്ങൾ. ഇവ അനുഭവപ്പെട്ടാൽ വേഗം ചികിത്സ തേടണം.മഞ്ഞപ്പിത്തം, വയറിളക്കം പോലെയുള്ള ജലജന്യ രോഗങ്ങൾക്കെതിരെയും ജാഗ്രത പാലിക്കണം.ശുദ്ധജലത്തോടൊപ്പം മലിനജലം കലരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.വളരെയധികം ശ്രദ്ധിച്ചില്ലെങ്കിൽ ജലജന്യ രോഗങ്ങളായ വയറിളക്കരോഗങ്ങൾ, കോളറ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് പടർന്നുപിടിക്കാൻ സാധ്യതയുണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ശുദ്ധജലം മാത്രം കുടിക്കുക.
- കൈകഴുകിയ ശേഷം ഭക്ഷണം കഴിക്കുക.
വയറിളക്ക രോഗങ്ങൾ ശരീരത്തിലെ ജലാംശവും പോഷകാംശവും ധാതുലവണങ്ങളും നഷ്ടപ്പെടുത്തുന്നതിനാൽ നിർജ്ജലീകരണം സംഭവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 90 ശതമാനം വയറിളക്ക രോഗങ്ങളും വീട്ടിൽ നൽകുന്ന പാനീയ ചികിത്സ കൊണ്ട് ഭേദമാക്കാൻ കഴിയും. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, ഉപ്പും പഞ്ചസാരയും ചേർത്ത നാരങ്ങ വെള്ളം, ഉപ്പിട്ട മോരും വെള്ളം തുടങ്ങിയ ഗൃഹ പാനീയങ്ങൾ പാനീയ ചികിത്സയ്ക്ക് ഉപയോഗിക്കാവുന്നതാണ്.
- ഒ.ആർ.എസ് ലായനി
ജലാംശ ലവണാംശ നഷ്ടം പരിഹരിക്കാൻ ഡോക്ടറുടെയോ ആരോഗ്യ പ്രവർത്തകരുടേയോ നിർദ്ദേശാനുസരണം കൃത്യമായ അളവിലും ഇടവേളകളിലും ഒ.ആർ.എസ് ലായനി കൊടുക്കേണ്ടതാണ്. രോഗിക്ക് ഛർദ്ദി ഉണ്ടെങ്കിൽ കുറേശ്ശെയായി ഒ.ആർ.എസ് ലായനി നൽകണം. അതോടൊപ്പം എളുപ്പം ദഹിക്കുന്ന ആഹാരങ്ങളായ കഞ്ഞി, പുഴുങ്ങിയ ഏത്തപ്പഴം എന്നിവയും നൽകുക.
പ്രതിരോധ മാർഗങ്ങൾ
- കുടിവെള്ള സ്രോതസ്സുകൾ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക
- വ്യക്തി ശുചിത്വത്തിനും ഗാർഹിക ആവശ്യങ്ങൾക്കും ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിക്കുക
- തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനുപയോഗിക്കുക
- പഴങ്ങളും പച്ചക്കറികളും പലപ്രാവശ്യം കഴുകിയ ശേഷം ഉപയോഗിക്കുക
- തണുത്തതും പഴകിയതുമായതും തുറന്നുവച്ചതുമായ ഭക്ഷണ പദാർത്ഥങ്ങളും കേടുവന്ന പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കാതിരിക്കുക.