മുല്ലപ്പെരിയാർ ഡാം: റൂൾ കർവ് നിരപ്പ് നിലനിർത്താൻ ജലം തുറന്നു വിട്ടാലും മുന്നൊരുക്കം സുസജ്ജമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

New Update

publive-image

Advertisment

ഇടുക്കി: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ റൂൾ കർവ് നിരപ്പായ 138 അടിയിൽ ജല നിരപ്പ് പിടിച്ചു നിർത്താൻ മുല്ലപ്പെരിയാറിൽ നിന്ന് ജലമൊഴുക്കിയാലും സുരക്ഷിതമായിരിക്കാനുള്ള മുന്നൊരുക്കം ജില്ലയിൽ സ്വീകരിച്ചിട്ടുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. തേക്കടി പെരിയാർ ഹൗസിൽ ചേർന്ന അവലോകന യോഗത്തിനു ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

പഞ്ചായത്ത് ജാഗ്രതാ സമിതികൾ ബോധവൽക്കരണത്തിന് രംഗത്തുണ്ട്. എൻ ഡിആർ എഫ്, പോലീസ് ഫയർഫോഴ്സ് എന്നിവർ കൂടുതൽ ജാഗ്രതയോടെ നിലയുറപ്പിച്ചിട്ടുണ്ട്. സ്കൂളുകൾ ക്യാമ്പുകളായുളളത് പുഴയുടെ സമീപമുള്ളതാണെങ്കിൽ ആളുകളെ മാറ്റി ഒന്നാം തീയതി സ്കൂൾ തുറക്കേണ്ടതില്ല. കുട്ടികളുടെ സുരക്ഷയ്ക്കു കൂടി വേണ്ടിയാണിത്.

തമിഴ്നാട് ജലനിരപ്പ് ഉയരുന്നതിൻ്റെ കൃത്യമായ ജാഗ്രതാ നിർദ്ദേശം മുൻകൂട്ടി നൽകുന്നുണ്ട്. തുറക്കുന്നതിന് മുൻപ് അനുമതിയും തേടുന്നുണ്ട്. നമ്മുടെ നിലപാട് അംഗീകരിച്ച് തമിഴ്നാട് സഹകരിക്കുന്നുണ്ട്. വൈകിട്ട് ആറു മണിക്ക്1299 ക്യു സെക്സ് വെള്ളം തുറന്നുവിടുന്നത് നാലു മണിക്കാക്കണമെന്ന കേരളത്തിൻ്റെ ആവശ്യം അംഗീകരിച്ചാണ് നാലു മണിക്ക് തന്നെ കുടുതൽ ഷട്ടർ തുറന്നതെന്നും മന്ത്രി പറഞ്ഞു.

ഡീൻ കുര്യാക്കോസ് എം.പി, വാഴൂർ സോമൻ എം എൽ എ, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ലാലിച്ചൻ നിറനാക്കുന്നേൽ, അഴുത ബ്ലോക്ക് പ്രസിഡൻ്റ് പി.എം.നൗഷാദ്, ജില്ലാ പഞ്ചായത്ത് അംഗം ജോസുകുട്ടി കണ്ണമുണ്ടേൽ, വണ്ടിപ്പെരിയാർ, ഉപ്പുതറ, കുമളി, അയ്യപ്പൻകോവിൽ, കാഞ്ചിയാർ ഗ്രാമ പഞ്ചായത്തു പ്രസിഡൻ്റുമാർ, ജലസേചന ചീഫ് എൻജിനീയർ അലക്സ് വർഗീസ് ജില്ലാതല നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

NEWS
Advertisment