ഉടമ മരിച്ചു; വളര്‍ത്തുനായ മൃതദേഹത്തിന് കാവല്‍നിന്നത് ഒരുദിവസം

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

അടിമാലി:ഒറ്റയ്ക്ക് താമസിച്ചിരുന്ന റിട്ട. എ.എസ്.ഐ.യുടെ മൃതദേഹത്തിന് ഒരുദിവസം മുഴുവന്‍ വളര്‍ത്തുനായ കാവല്‍നിന്നു. അടിമാലി എസ്.എന്‍. പടിയില്‍ കൊന്നയ്ക്കല്‍ കെ.കെ. സോമനാ (67) ണ് വീട്ടില്‍ മരിച്ചത്. മരുമകന്‍ എത്തുന്നതുവരെയാണ് വളര്‍ത്തുനായ 'ഉണ്ണി' മൃതദേഹത്തിന് കാവല്‍നിന്നത്

ശനിയാഴ്ച വൈകീട്ട് മുതല്‍ സോമനെ ആരും കണ്ടിരുന്നില്ല. മരുമകന്‍ ഉമേഷ്, സോമന്റെ ഫോണിലേക്ക് വിളിച്ചു. എന്നാല്‍, എടുത്തില്ല. ഈ സമയം വളര്‍ത്തുനായ കുരയ്ക്കുന്നുണ്ടായിരുന്നു. വീടും തുറന്നായിരുന്നു.

ഞായറാഴ്ചയും ഫോണ്‍ എടുത്തില്ല. ഉച്ചയോടെ ഉമേഷ് എസ്.എന്‍. പടിയിലെ വീട്ടിലെത്തി. അപ്പോഴും മൃതദേഹത്തിന് സമീപം നായ ഉണ്ടായിരുന്നു. ഉമേഷ് നാട്ടുകാരേയും, പോലീസിനേയും വിവരം അറിയിച്ചു.

കൂടുതല്‍ ആളുകള്‍ എത്തിയതോടെ വളര്‍ത്തുനായ ആരേയും വീട്ടില്‍ കയറ്റാതായി. ഒടുവില്‍ നാട്ടുകാരും പോലീസും സ്ഥലത്തുനിന്നും മാറി. ഉമേഷ് തനിയെ എത്തിയപ്പോള്‍ വളര്‍ത്തുനായ ശാന്തമായി. പിന്നീട് ഉമേഷ് വളര്‍ത്തുനായയെ അവിടെനിന്ന് മാറ്റി. അഞ്ചുമണിയോടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

10 വര്‍ഷമായി സോമനോടൊപ്പം ഈ വളര്‍ത്തുനായയുണ്ട്. ഗീതയാണ് സോമന്റെ ഭാര്യ. മകള്‍: മോനിഷ.

Advertisment