സിപിഎം നേതാവില്‍ നിന്നും കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ കൈവിട്ട് സിപിഐ ! കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെഎല്‍ ദാനിയേലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി സിപിഐ. സിപിഐ ഏലപ്പാറ മണ്ഡലം കമ്മറ്റിയംഗമായ ദാനിയേലിനെ എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും പുറത്താക്കി സിപിഐ ജില്ലാ നേതൃത്വം ! പഞ്ചായത്തിലെ ആനുകൂല്യങ്ങള്‍ വാങ്ങിക്കൊടുത്തതിന്റെ പേരില്‍ ദാനിയേല്‍ കമ്മീഷന്‍ പറ്റിയിരുന്നുവെന്നും ആക്ഷേപം

New Update

publive-image

കൊക്കയാര്‍ (ഇടുക്കി): കൈക്കൂലി കേസില്‍ അറസ്റ്റിലായ കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എല്‍ ദാനിയേലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി സിപിഐ. സിപിഐ ഏലപ്പാറ മണ്ഡലം കമ്മറ്റിയംഗമായിരുന്നു ദാനിയേല്‍.

Advertisment

പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും ദാനിയേലിനെ നീക്കിയതായാണ് സിപിഐ ഏലപ്പാറ മണ്ഡലം കമ്മറ്റി അറിയിച്ചത്. കഴിഞ്ഞ ദിവസം ഒരു കര്‍ഷകനില്‍ നിന്നും 10000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കെ എല്‍ ദാനിയേലിനെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്.

സിപിഎം ബ്രാഞ്ച് സെക്രട്ടറി കൂടിയായ കര്‍ഷകനില്‍ നിന്നുമാണ് പടുതാക്കുളത്തിന് കൃഷിഭവനില്‍ നല്‍കാന്‍ ശുപാര്‍ശ കത്തിനായി ദാനിയേല്‍ 10000 രൂപ വാങ്ങിയത്. പാട്ടത്തിനെടുത്ത സ്ഥലത്ത് പടുതാക്കുളം നിര്‍മ്മിക്കാനായി കൃഷിഭവനില്‍ നല്‍കാനായിരുന്നു കത്ത്.

കൈക്കൂലി ആവശ്യപ്പെട്ടതോടെ ബ്രാഞ്ച് സെക്രട്ടറി വിജിലന്‍സിനെ സമീപിക്കുകയും അവര്‍ പണം കൈമാറുകയുമായിരുന്നു. ഈ തുക ദാനിയേലിന് കൈമാറിയതിന് പിന്നാലെ വിജിലന്‍സ് എത്തി അറസ്റ്റു ചെയ്യുകയായിരുന്നു. മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

ഇതിനു പിന്നാലെയാണ് പാര്‍ട്ടി നടപടി ഉണ്ടായത്. നേരത്തെ സമാനമായ പല ആരോപണങ്ങളും ദാനിയേലിനെതിരെ ഉയര്‍ന്നിരുന്നു. പഞ്ചായത്തില്‍ നിന്നടക്കം വിവിധ ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് പലരില്‍ നിന്നും ഇയാള്‍ പണം വാങ്ങിയിരുന്നു.

കഴിഞ്ഞ പ്രളയത്തിലും ഉരുള്‍പൊട്ടലിലും നാശനഷ്ടമുണ്ടായവരോടും നഷ്ടപരിഹാരത്തിനായി ഇയാള്‍ കൈക്കൂലി ചോദിച്ചിരുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. കെഎല്‍ ദാനിയേല്‍ മാത്രമല്ല പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവര്‍ രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ ആവശ്യം.

Advertisment