ചെന്നൈ: തമിഴ്നാട് തിരുവണ്ണാമലൈയിൽ കഴിഞ്ഞ ഞായറാഴ്ച നടന്ന എടിഎം കൊള്ളയിലെ മുഖ്യ പ്രതി അറസ്റ്റിൽ. തമിഴ്നാട് പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം ഹരിയാനയിലെത്തിയാണ് കൊള്ളയുടെ മുഖ്യ ആസൂത്രകനെ അറസ്റ്റ് ചെയ്തത്. കേസിലെ പ്രതികളെന്ന് സംശയിക്കുന്ന മറ്റ് പത്ത് പേരെക്കൂടി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
/sathyam/media/post_attachments/mND5IO1pbeuj3kvvzfRs.jpg)
പൊലീസിനെ ഞെട്ടിച്ച എടിഎം കവർച്ചയാണ് കഴിഞ്ഞ ഞായറാഴ്ച തിരുവണ്ണാമലൈയിൽ നടന്നത്. അർദ്ധരാത്രി നഗരത്തിലേയും പരിസര പ്രദേശങ്ങളിലേയും നാല് എടിഎമ്മുകളിൽ ഒരേ സമയമായിരുന്നു കവർച്ച നടന്നത്. എടിഎം മെഷീനുകൾ സ്ഥാപിച്ച മുറികളിൽ കയറി ഷട്ടറിട്ടതിന് ശേഷം ഗ്യാസ് കട്ടർ ഉപയോഗിച്ച് മെഷീനുകൾ മുറിച്ച് സംഘം 72 ലക്ഷം രൂപ കൊള്ളയടിച്ചു.
ശേഷം സിസിടിവി ക്യാമറകളും ഹാർഡ് ഡിസ്കുകളും ഗ്യാസ് കട്ടർ ഉപയോഗിച്ചുതന്നെ തീയിട്ട് നശിപ്പിച്ചു. വിരലടയാളങ്ങൾ കണ്ടെത്താതിരിക്കാൻ എടിഎം മുറിക്കും തീയിട്ടു. പഴുതടച്ച് നടത്തിയ ആസൂത്രണത്തിന് ശേഷമായിരുന്നു കൊള്ള.
പക്ഷേ കൃത്യം ഒരാഴ്ചയ്ക്കകം എടിഎം കൊള്ളയുടെ ആസൂത്രകരേയും പങ്കാളികളേയും വിവിധ സംസ്ഥാനങ്ങളിൽ നിന്ന് തമിഴ്നാട് പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. ഹരിയാന സ്വദേശിയായ ആസിഫ് ജമാലാണ് കൊള്ളയുടെ സൂത്രധാരൻ. ഹരിയാനയിലെത്തിയ പൊലീസ് സംഘം നൂഹ് ജില്ലയിൽ നിന്നാണ് നിന്നാണ് ഇയാളെ പിടികൂടിയത്.