അഞ്ച് സ്ത്രീകളുടെ ഭർത്താവായ യുവാവ് ആറാം വിവാഹത്തിനായി 19കാരിയെ തട്ടിക്കൊണ്ട് പോയി; പരാതിയുമായി യുവതിയുടെ മാതാപിതാക്കൾ രംഗത്ത്

New Update

publive-image

ലഖ്നൗ: അഞ്ച് യുവതികളെ വിവാഹം ചെയ്ത യുവാവ് ആറാം വിവാഹത്തിനായി 19കാരിയെ തട്ടിക്കൊണ്ട് പോയതായി പരാതി. റഷിദ് എന്ന യുവവിനെതിരെയാണ് പരാതി. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലാണ് യുവതിയെ തട്ടിക്കൊണ്ട് പോയി യുവാവ് ബലമായി വിവാഹം ചെയ്തത്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.

Advertisment

യുവതിയെ മതംമാറ്റി ഇസ്ലാമിക ആചാരപ്രകാരം വിവാഹം കഴിച്ചെന്ന ആരോപണം ശക്തമായതോടെ ഹിന്ദു സംഘടനകൾ വിഷയത്തിൽ ഇടപെടുകയും പോലീസ് സ്റ്റേഷനിൽ പ്രതിഷേധവുമായി എത്തുകയും ചെയ്തു. റാഷിദിന്റെ ഭാര്യമാരിൽ ഒരാൾ മുസ്ലീം മതവിശ്വാസിയും മറ്റുള്ളവർ ഹിന്ദുവുമാണ്.

അമ്മാവൻ്റെ വീട്ടിലെത്തിയ യുവതിയെ നാല് ദിവസം മുൻപ് കാണാതായതോടെയാണ് സംഭവം പുറത്തറിയുന്നത്. മകൾ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ പോലീസിനെ സമീപിച്ചു. കുടുംബം പോലീസിനെ സമീപിച്ചതറിഞ്ഞ റാഷിദ് 19കാരിയുടെ സഹോദരിയെ തട്ടിക്കൊണ്ട് പോകുമെന്ന് ഭീഷണിയുയർത്തിയതായി മാതാപിതാക്കൾ ആരോപിക്കുന്നുണ്ട്. പോലീസിൽ നൽകിയ പരാതി പിൻവലിക്കണമെന്നാണ് ഇയാളുടെ ആവശ്യം.

19കാരിയായ യുവതി ഇപ്പോഴും പ്രതിക്കൊപ്പമാണ് താമസം. ജൂൺ 22നകം പെൺകുട്ടിയെ മാതാപിതാക്കളുടെ സമീപം എത്തിച്ചില്ലെങ്കിൽ ഗ്രാമത്തിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രദേശത്തെ ഹിന്ദു സംഘടനകൾ വ്യക്തമാക്കി. സ്വാമി യശ്വർ സിംഗ് ഉൾപ്പെടെയുള്ള ഹിന്ദു സംഘടന പ്രവർത്തകരും പ്രാദേശിക ബജ്‌റംഗ്ദൾ പ്രവർത്തകരും പോലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധിച്ചു.

യുവാവിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിഷയം അന്വേഷണത്തിലാണെന്നും പോലീസ് വക്താവ് പറഞ്ഞു. പ്രതിയായ റാഷിദിന്റെ പേരിൽ ചപ്രൗലി പോലീസ് സ്റ്റേഷനിൽ നിരവധി കേസുകളുണ്ട്.

Advertisment