Advertisment

അനന്ത്‌നാഗ് ഏറ്റുമുട്ടല്‍ അഞ്ചാം ദിനത്തില്‍; തീവ്രവാദികളുമായി ഏറ്റുമുട്ടല്‍ തുടരുന്നു

കഴിഞ്ഞ നാല് ദിവസമായി തുടരുന്ന ഏറ്റുമുട്ടലില്‍, ഭീകരരെ കണ്ടെത്താനും പിടികൂടുന്നതിനുമായി ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉള്‍പ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചിട്ടുണ്ട്.

New Update
anantnag military

ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ അഞ്ചാം ദിവസത്തിലേക്ക് കടന്നു. മേഖലയിലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി വടക്കന്‍ ആര്‍മി കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി സ്ഥലെത്തെത്തി. വെടിവെയ്പ്പ് നടന്ന സ്ഥലം സന്ദര്‍ശിച്ച അദ്ദേഹം മേഖലയിലെ സാഹചര്യം വിലയിരുത്തി. നിരീക്ഷണത്തിനും വെടിവെപ്പിനുമായി ഹൈടെക് ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഗ്രൗണ്ട് കമാന്‍ഡര്‍മാര്‍ അദ്ദേഹത്തിന് വിശദീകരിച്ചു നല്‍കി.  സേനയുടെ കൃത്യതയാര്‍ന്ന വെടിവെയ്പ്പ്, ഓപ്പറേഷനില്‍ കാര്യമായ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്. 

Advertisment

കഴിഞ്ഞ നാല് ദിവസമായി തുടരുന്ന ഏറ്റുമുട്ടലില്‍, ഭീകരരെ കണ്ടെത്താനും പിടികൂടുന്നതിനുമായി ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉള്‍പ്പെടെയുള്ള നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചിട്ടുണ്ട്. ഇന്നലെ അനന്ത്നാഗില്‍ മഴപെയ്തതിനെ തുടര്‍ന്ന് ഓപ്പറേഷന്‍ ഞായറാഴ്ചത്തേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ ആക്രമണം പുനരാരംഭിച്ചപ്പോള്‍, സുരക്ഷാ സേന വനത്തിലേക്ക് നിരവധി മോര്‍ട്ടാര്‍ ഷെല്ലുകള്‍ പ്രയോഗിച്ചതായി ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. പ്രദേശത്ത് രാത്രി മുഴുവന്‍ ഇടവിട്ടിടവിട്ട് വെടിവെയ്പ്പ് തുടര്‍ന്നു.  ഭീകരര്‍ വെടിയുണ്ടകള്‍ ശേഖരിച്ച് വെക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അതിനാല്‍ തുടര്‍ച്ചയായി വെടിയുതിര്‍ക്കുന്നില്ലെന്നും വൃത്തങ്ങള്‍ അറിയിച്ചു.

തെക്കന്‍ കശ്മീരിലെ കൊക്കര്‍നാഗ് മേഖലയിലെ ഗാഡോളിലെ നിബിഡ വനമേഖലയിലാണ് ഇപ്പോള്‍ ഓപ്പറേഷന്‍ നടക്കുന്നത്. ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉള്‍പ്പെടെയുളളവ ഇതിനായി ഉപയോഗിക്കുന്നുണ്ട്. ഈ ഹൈടെക് ഉപകരണങ്ങള്‍ മലയോര മേഖലയിലൂടെ സഞ്ചരിക്കുന്നതിനും വനത്തിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ഭീകരരുടെ സ്ഥലങ്ങള്‍ കൃത്യമായി കണ്ടെത്തുന്നതിനും സഹായകമാണ്. 

ശനിയാഴ്ച്ച സുരക്ഷാസേന വനത്തിലേക്ക് നിരവധി മോര്‍ട്ടാര്‍ ഷെല്ലുകള്‍ പ്രയോഗിച്ചു. ഗുഹ പോലെയുള്ള ഒളിത്താവളങ്ങളാല്‍ ചുറ്റപ്പെട്ട ഈ വനപ്രദേശം സൈന്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. എന്നിരുന്നാലും ഡ്രോണുകളുടെ ഉപയോഗം ഈ ഒളിത്താവളങ്ങള്‍ കൃത്യമായി കണ്ടെത്താനും ആക്രമണങ്ങള്‍ നടത്താനും സേനയെ സഹായിക്കുന്നുണ്ട്. വെള്ളിയാഴ്ച്ച ലഭിച്ച ഡ്രോണ്‍ വീഡിയോയില്‍, സുരക്ഷാ സേനയുടെ ഷെല്ലുകളാല്‍ ഒളിസങ്കേതം തകര്‍ന്നതിനെത്തുടര്‍ന്ന് ഒരു തീവ്രവാദി ഒളിക്കാന്‍ ശ്രമിക്കുന്നതായി കണ്ടിരുന്നു. 

ബുധനാഴ്ച ആരംഭിച്ച ഓപ്പറേഷനില്‍, 19 രാഷ്ട്രീയ റൈഫിള്‍സിന്റെ കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ മന്‍പ്രീത് സിംഗ്, മേജര്‍ ആശിഷ് ധോഞ്ചക്, ജമ്മു കശ്മീര്‍ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂണ്‍ ഭട്ട്, ഒരു സൈനികന്‍ എന്നിവരുള്‍പ്പെടെ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. രണ്ടോ മൂന്നോ ഭീകരര്‍ വനമേഖലയില്‍ ഉണ്ടെന്നാണ് സംശയിക്കുന്നത്. ഇവരെ തുരത്താന്‍ സുരക്ഷാ സേന പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിക്കുകയാണ്. 

 

anantnag attack
Advertisment